ഏതസ്മിൻ സംസാരാധ്വനി നാനാക്ലേശോപസർഗ്ഗബാധിത
ആപന്നവിപന്നോ യത്ര യസ്തമു ഹ വാവേതരസ്തത്ര വിസൃജ്യ
ജാതം ജാതമുപാദായ ശോചൻ മുഹ്യൻ ബിഭ്യൻ വിവദൻ ക്രന്ദൻ
സംഹൃഷ്യൻ ഗായൻ നഹ്യമാനഃ സാധുവർജ്ജിതോ നൈവാ-
വർത്തതേദ്യാ/പി യത ആരബ്ധ ഏഷ നരലോകസാർത്ഥോ യമധ്വനഃ പാരമുപദിശന്തി.
വിവർത്തനം
ഭൗതികലോകത്തിൻ്റെ പാത ദുരിതപൂർണവും ബദ്ധാത്മാവിന് നാനാവിധ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവയുമാണ്. ചിലപ്പോൾ അവന് നഷ്ടപ്പെടുന്നു, ചിലപ്പോൾ അവൻ നേടുന്നു. രണ്ടായാലും ഈ പാത അപകടം നിറഞ്ഞതാണ്. ചിലവേളകളിൽ ബദ്ധാത്മാവ്, മൃത്യുവിലൂടെയോ മറ്റേതെങ്കിലും പരിതസ്ഥിതികളിലൂടെയോ അവൻ്റെ പിതാവിൽ നിന്ന് വേർപെടുന്നു. പിതാവിനെ ഉപേക്ഷിക്കുന്ന അവൻ ക്രമേണ സന്താനങ്ങളോടും മറ്റു ബന്ധുക്കളോടും ആകർഷണത്തിലാകുന്നു. ഇവ്വിധത്തിൽ ബദ്ധാത്മാവ് ചിലപ്പോൾ വ്യാമോഹിതനും ഭയചകിതനുമാകുന്നു. ചില സന്ദർഭങ്ങളിൽ അവൻ ഭയം മൂലം ഉച്ചത്തിൽ കരയുന്നു. ചില സന്ദർഭങ്ങളിൽ അവൻ കുടുംബം സംരക്ഷിച്ച് സന്തോഷവാനായിരിക്കുകയും, ചിലപ്പോൾ സന്തോഷാതിരേകത്താൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. സ്മരണാതീതകാലം മുതൽ ഈ വിധത്തിൽ അവൻ ബന്ധനത്തിലാവുകയും പരമദിവ്യോത്തമപുരുഷനായ ഭഗവാനുമായുള്ള അവൻ്റെ ബന്ധം വിസ്മരിക്കുകയും ചെയ്യുന്നു. ഈ വിധത്തിൽ ഭൗതികാസ്തിത്വത്തിന്റെ പാതയിലൂടെ യാത്ര ചെയ്യുന്ന അവൻ ആ പാതയിൽ ഒട്ടും തന്നെ സന്തോഷവാനല്ല. ആത്മസാക്ഷാത്കാരം സിദ്ധിച്ചിട്ടുള്ളവർ അപകടകരമായ ഈ ഭൗതികാസ്തിത്വത്തിൽ നിന്ന് പുറത്തു കടക്കാൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ശരണം പ്രാപിക്കുന്നു. ഭക്തിയുതസേവനത്തിന്റെ പാത സ്വീകരിക്കാതെ ഒരുവനും ഭൗതികാസ്തിത്വത്തിൻ്റെ കുരുക്കുകളിൽ നിന്ന് പുറത്തു കടക്കാൻ കഴിയില്ല. ഒരുവനും ഭൗതികജീവിതത്തിൽ സന്തോഷവാനായിരിക്കാൻ സാധ്യമല്ലെന്ന് ചുരുക്കം. ഒരുവൻ കൃഷ്ണാവബോധം സ്വീകരിക്കണം.
ഭാവാർത്ഥം
ഭൗതികജീവിത രീതി കൃത്യമായി വിശകലനം ചെയ്യുന്ന വിവേകിയായ ഒരു വ്യക്തിക്ക് ഇവിടെ ഈ ലോകത്തിൽ അൽപം പോലും സന്തോഷമില്ലെന്ന് മനസിലാക്കാൻ സാധിക്കും. എങ്ങനെയായാലും, സ്മരണാതീതകാലം മുതൽ ഈ അപകടപാത തുടരുന്നതിനാലും, വിശുദ്ധ വ്യക്തികളുടെ സംസർഗമില്ലാത്തതിനാലും വ്യാമോഹിതനായ ബദ്ധാത്മാവ് ഈ ഭൗതികലോകം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ഭൗതികശക്തി ചില സമയത്ത് സന്തോഷമെന്നുപറയപ്പെടുന്നത് ആസ്വദിക്കാൻ അവന് ഒരവസരം നൽകും, പക്ഷേ ആത്യന്തികമായി ബദ്ധാത്മാവ് ഭൗതികപ്രകൃതിയാൽ ശിക്ഷിക്കപ്പെടുന്നു. ആയതിനാൽ ഇങ്ങനെ പറയപ്പെട്ടിരിക്കുന്നുഃ ദണ്ഡ്യ ജനേ രാജ യേന നദീതേ ചുവായ (ച.ച മധ്യ 20.118). ഭൗതിക ജീവിതമെന്നാൽ തുടർച്ചയായ അസന്തുഷ്ടി എന്നാണർത്ഥമെങ്കിലും ചില സമയങ്ങളിൽ ഇടയ്ക്കുണ്ടാകുന്ന സന്തോഷങ്ങൾ നാം സ്വീകരിക്കുന്നു. ചിലസമയത്ത് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ ജലത്തിൽ മുക്കിയിട്ടിട്ട് ഇടയ്ക്ക് പുറത്തേക്ക് വലിച്ചെടുക്കുന്നു. വാസ്തവത്തിൽ അതും ശിക്ഷയിൽ ഉദ്ദേശിക്കപ്പെട്ടിട്ടുളളതാണെങ്കിലും ജലത്തിൽ നിന്ന് പുറത്തെടുക്കുന്ന സമയം അവന് ആശ്വാസം ലഭിക്കുന്നു. ബദ്ധാത്മാവിന്റെ സ്ഥിതി ഇതാണ്. അതിനാൽ ഒരുവന് വിശുദ്ധ വ്യക്തികളുടെയും ഭക്തന്മാരുടെയും സംഗം ഉണ്ടായിരിക്കണമെന്ന് എല്ലാ ശാസ്ത്രങ്ങളും ഉപദേശിക്കുന്നു.
‘സാധു-സംഗ’, ‘സാധു സംഗ’—-സർവ-ശാസ്ത്രേ കയ
ലവ-മാത്ര സാധു-സംഗേ സർവ-സിദ്ധി ഹയ (ച.ച.മധ്യ.22.54)
ഭക്തന്മാരോടുളള ഹ്രസ്വമായ സംഗം കൊണ്ടുപോലും ബദ്ധാത്മാവിന് ഈ ദുരിതപൂർണമായ ഭൗതികാവസ്ഥ തരണം ചെയ്യാൻ കഴിയും. അതുകൊണ്ട് ഈ കൃഷ്ണാവബോധ പ്രസ്ഥാനം എല്ലാവർക്കും വിശുദ്ധ വ്യക്തികളുമായി സമ്പർക്കത്തിന് അവസരമൊരുക്കാൻ ശ്രമിക്കുന്നു. ആയതിനാൽ പതിതരായ ബദ്ധാത്മാക്കൾക്ക് അവസരം നൽകുന്നതിന് കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ എല്ലാ അംഗങ്ങളും നിർബന്ധമായും വിശുദ്ധവ്യക്തികളായിരിക്കണം.
ശ്രീമദ് ഭാഗവതം 5.14.38