ഗീതാ മാഹാത്മ്യം
(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
💐💐💐💐💐💐💐💐💐
ശ്രീമദ് ഭഗവദ് ഗീത പതിനെട്ടാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
💐💐💐💐💐💐💐💐💐
പാർവതീ ദേവി പറഞ്ഞു, "പ്രിയ നാഥാ, അങ്ങയിൽ നിന്നും ഭഗവദ് ഗീതയുടെ പതിനെട്ടാമത്തെയും അവസാനത്തേതുമായ അദ്ധ്യായത്തിന്റെ മനോഹരമായ മഹിമകൾ ശ്രവിക്കുവാൻ അങ്ങേയറ്റം ഉത്സുകയാണ് ഞാൻ."
മഹാദേവൻ മറുപടി പറഞ്ഞു, "എന്റെ പ്രിയ പത്നീ, ദയവായി എന്നിൽ നിന്നും ഭഗവദ് ഈഗീതയുടെ പതിനെട്ടാം അദ്ധ്യായത്തിന്റെ മഹിമകൾ ശ്രവിച്ചാലും. അത് ഒരു ആത്മാർത്ഥതയുള്ള ഭക്തന് നിത്യമായ ആനന്ദം പ്രദാനം ചെയ്യുന്നു. ഹൃദയത്തിലെ എല്ലാ ഭൗതിക ആഗ്രഹങ്ങളും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. അതാണ് ദേവന്മാരിൽ ഇന്ദ്രനും, യോഗികളിൽ സനകനും സനന്ദനനും പ്രചോദനം നൽകിയ ശ്രീകൃഷ്ണ ഭഗവാന്റെ വാക്കുകളുടെ സത്ത.
ഒരിക്കൽ സ്വർഗ്ഗത്തിലെ രാജാവായിരുന്ന ഇന്ദ്രൻ തന്റെ ഭാര്യ സചിയോടൊപ്പം സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. ദേവന്മാർ അദ്ദേഹത്തിന് വിവിധങ്ങളായ സേവനങ്ങളർപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു അസാധാരണമായ സംഭവം നടന്നത്. ഒരു സുന്ദരനായ വ്യക്തി ആഗതനാവുകയും, അദ്ദേഹത്തെ പിന്തുടർന്നു കൊണ്ട് വിഷ്ണുദൂതന്മാർ വരികയും, അദ്ദേഹം കൊട്ടാരത്തിൽ പ്രവേശിച്ച ഉടനെ തന്നെ ഇന്ദ്രന്റെ സിംഹാസനത്തിൽ കയറി ഇരിക്കുകയും ചെയ്തു. ഇതു കണ്ട ഇന്ദ്രൻ ഉടനെ തന്നെ ബോധരഹിതനായി നിലം പതിച്ചു. കുറച്ചുസമയത്തിനു ശേഷം കണ്ണുതുറന്നു നോക്കിയപ്പോൾ പുതുതായി വന്ന ആ വ്യക്തി തന്റെ സിംഹാസനം ഏറ്റെടുത്തതായി കണ്ടു. ദേവന്മാർ ഇന്ദ്രന്റെ ശിരസ്സിൽ നിന്നും വീണ കിരീടം പുതുതായി വന്ന വ്യക്തിയുടെ ശിരസ്സിൽ ധരിപ്പിച്ചു. ദേവന്മാരും മറ്റ് ശ്രേഷ്ഠരായ സ്വർഗ്ഗവാസികളും ചുറ്റും കൂടി നിന്നു കൊണ്ട് ധാരാളം വാക്കുകളാൽ അദ്ദേഹത്തെ സ്തുതിച്ചു. വൈദിക മന്ത്രങ്ങളാൽ ഋഷിവര്യന്മാർ പലതരത്തിലുള്ള ചടങ്ങുകൾ അനുഷ്ഠിച്ചു. അവർ തങ്ങളുടെ അനുഗ്രഹങ്ങൾ പുതുതായി സ്ഥാനമേറ്റ ഇന്ദ്രനുമേൽ ചൊരിഞ്ഞു. ശേഷം കലാകാരന്മാരായ ഗന്ധർവ്വന്മാരും അപ്സരസ്സുകളും മനോഹരമായ ഗാനങ്ങൾ ആലപിച്ചു. ചിരിതൂകി നിൽക്കുന്ന പുതിയ ഇന്ദ്രന്റെ സന്തോഷത്തിനായി അവർ മനോഹരമായ നൃത്തം വച്ചു.
സ്ഥാനഭ്രഷ്ടനായ ഇന്ദ്രൻ സ്വയം എഴുന്നേറ്റ ശേഷം, വലിയ നടുക്കത്തോടു കൂടി അവിടെ നിന്നും വിട്ടു പോയി. അദ്ദേഹം താൻ കണ്ടതിനെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു. "നൂറ് അശ്വമേധ യാഗം നടത്തിയാലാണ് സാധാരണ ഗതിയിൽ ഒരു പുതിയ ഇന്ദ്രന് ആ സ്ഥാനം ലഭിക്കുന്നത്. എന്നാൽ ഈ വ്യക്തി അതൊന്നും നടത്തിയിട്ടില്ല. എന്നിട്ടുപോലും ഇദ്ദേഹം സ്വർഗ്ഗത്തിലെ രാജാവിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു." ഇങ്ങനെ ചിന്തിച്ചു കൊണ്ട് അദ്ദേഹം വീണ്ടും ആലോചിച്ചു. "ഈ വ്യക്തി മഹത്തായ സ്ഥലങ്ങളിൽ ദാനമോ ബഹുജനങ്ങൾക്ക് അന്നദാനമോ നൽകിയിട്ടില്ല, അദ്ദേഹം ഇതുവരെ ജനങ്ങൾക്കുവേണ്ടി കിണർ കുഴിക്കുകയോ, തടാകങ്ങൾ നിർമ്മിക്കുകയോ, വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് ഇദ്ദേഹത്തിന് ആ സ്ഥാനം കയ്യേൽക്കുവാനുള്ള അവകാശം ലഭിക്കുന്നത്. ഇത് ഒരിക്കലും ശരിയല്ല."
വളരെയധികം അസ്വസ്ഥമായ മനസ്സോടെ ആ സ്ഥാനഭ്രഷ്ടനായ ഇന്ദ്രൻ ക്ഷീര സമുദ്രത്തിലേക്ക് യാത്ര തിരിക്കുകയും, ഭഗവാൻ വിഷ്ണുവിന്റെ ദർശനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം ഭഗവാൻ വിഷ്ണു അദ്ദേഹത്തെ കേൾക്കുവാൻ തയ്യാറായി.
"എന്റെ പ്രിയ വിഷ്ണു ഭഗവാനെ", അദ്ദേഹം യാചിച്ചു, "അങ്ങ് എല്ലാം അറിയുന്നവനാണ്. മാത്രമല്ല അങ്ങ് അങ്ങയുടെ ഭക്തന്മാരിൽ കരുണാമയനുമാണ്. അതിനാൽ ദയവായി എന്നെ ദുഃഖത്തിൽ നിന്നും മോചിപ്പിച്ചാലും. ഒരു പുതിയ വ്യക്തി എന്റെ സിംഹാസനം കയ്യേറിയിരിക്കുന്നു. എങ്കിലും സ്വർഗ്ഗത്തിലെ രാജാവാകുവാനുള്ള യോഗ്യതയ്ക്ക് ആവശ്യമായ യാതൊന്നും അദ്ദേഹം നിറവേറ്റിയിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ദയവായി എനിക്ക് എല്ലാം വിശദീകരിച്ചു നൽകിയാലും. കാരണം ഞാൻ അങ്ങേയറ്റം അസ്വസ്ഥനാണ്."
ഭഗവാൻ വിഷ്ണു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു, "എന്റെ പ്രിയപ്പെട്ട ഇന്ദ്രാ, അങ്ങ് ഈ കാര്യത്തിൽ ആശ്ചര്യപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്ഥാനം സ്വീകരിച്ച ആ ഭക്തൻ അദ്ദേഹത്തിന്റെ ജീവിത കാലത്തിൽ ഭഗവദ് ഗീതയുടെ പതിനെട്ടാം അധ്യായത്തിന്റെ അഞ്ച് ശ്ലോകങ്ങളാണ് പാരായണം ചെയ്തിരുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന് എല്ലാവിധ യജ്ഞങ്ങളും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും നടത്തിയതിന്റെ ഫലം ലഭിച്ചു. അദ്ദേഹം ദേവലോകത്തിലെ രാജാവായി കുറേ വർഷങ്ങൾ വാഴുക മാത്രമല്ല, അടുത്ത ജന്മം ശാശ്വതമായ എന്റെ ആദ്ധ്യാത്മിക ലോകത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഭഗവദ് ഗീതയുടെ പതിനെട്ടാം അധ്യായം നിത്യേന പാരായണം ചെയ്യുന്നത് വഴി താങ്കൾക്കും ഈ ദിവ്യമായ പ്രാപ്യസ്ഥാനം ലഭിക്കുന്നതാണ്."
ഈ മനോഹരമായ ഉപദേശങ്ങൾ ലഭിച്ച ശേഷം ഇന്ദ്രന്റെ എല്ലാ വ്യാകുലതകളും മാറുകയും, അദ്ദേഹം പൂർണ്ണ സന്തോഷവാനാവുകയും ചെയ്തു. പൂർണ്ണമായ ദൃഢനിശ്ചയത്തോടെ അദ്ദേഹം ഭഗവാന്റെ സമീപത്തു നിന്നും മടങ്ങുകയും ഒരു ബ്രാഹ്മണനായി രൂപം ധരിച്ച് , ഗോദാവരി നദീ തീരത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു. ആ സ്ഥലത്തിനു സമീപത്തായി ഒരു സാധു ആസനസ്ഥനായി കൊണ്ട് ഭഗവദ് ഗീതയുടെ പതിനെട്ടാം അദ്ധ്യായം പാരായണം ചെയ്തു കൊണ്ടിരുന്നു. ഈ ശ്ലോകങ്ങൾ ദിവസവും പാരായണം ചെയ്യുന്നത് വഴി അദ്ദേഹം സകല വൈദിക ശാസ്ത്ര ജ്ഞാനത്തിന്റെയും ലക്ഷ്യം മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ അദ്ദേഹം ആന്തരികമായും സ്വയം സംതൃപ്തനായിരുന്നു. ഈ സാധുവിനെ ദർശിച്ച മാത്രയിൽ ഇന്ദ്രൻ അദ്ദേഹത്തിന്റെ പാദത്തിൽ വീഴുകയും വിനയാന്വിതനായി ശ്ലോകങ്ങൾ പഠിപ്പിച്ചു തരുവാൻ അപേക്ഷിക്കുകയും ചെയ്തു. കാരുണ്യവാനായ ആ സാധു അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് വേണ്ട രീതിയിലുള്ള ശിക്ഷണം നൽകി.
ഇന്ദ്രൻ ഈ ദിവ്യ ശ്ലോകങ്ങൾ പാരായണം ചെയ്തു കൊണ്ട് തന്റെ ജീവിതം പരിപൂർണ്ണമാക്കുകയും, ദിവ്യമായ വിഷ്ണുലോകം പ്രാപിക്കുകയും ചെയ്തു. ആ ശാശ്വത ധാമത്തിൽ ഭഗവദ് സേവനത്തിലൂടെ അദ്ദേഹത്തിന് വിവിധങ്ങളായ ആനന്ദം ലഭിച്ചു. അവയുമായി സ്വർഗ്ഗത്തിലെ സുഖഭോഗങ്ങൾ താരതമ്യം ചെയ്യുമ്പോൾ കാറ്റിൽ പാറി പറക്കുന്ന ഉണക്ക പുല്ലിന് സമമായിരുന്നതായി തോന്നി.
മഹാദേവൻ തുടർന്നു, "എന്റെ പ്രിയ പാർവതീ, ഭഗവദ് ഗീതയുടെ പതിനെട്ടാം അദ്ധ്യായം വിശേഷാൽ ശക്തിയേറിയതാണ്. അതിനാൽ ആ ശ്ലോകങ്ങൾ ശ്രദ്ധയോടെ ജപിച്ചുകൊണ്ട് മഹാന്മാരായ ഋഷിവര്യന്മാർ എളുപ്പത്തിൽ ജീവിതത്തിന്റെ പരിപൂർണ്ണതയായ ശ്രീകൃഷ്ണ ഭഗവാന്റെ പാദകമലങ്ങൾ പ്രാപ്തമാക്കുന്നു. അതു മാത്രമല്ല ഏതൊരു വ്യക്തിയാണോ ഞാൻ നിനക്കു പറഞ്ഞു നൽകിയ ഈ കഥകൾ ശ്രദ്ധയോടെ പഠിക്കുന്നത്, അവർ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാകുന്നു. ഈ കഥകൾ ദൃഢ വിശ്വാസ പൂർവ്വം സ്മരിക്കുന്ന വ്യക്തി, യഥാസമയം സ്വർഗ്ഗത്തിൽ എല്ലാ സുഖങ്ങളും അനുഭവിച്ച ശേഷം വൈകുണ്ഠ ലോകം പ്രാപിക്കുന്നു.
ഇങ്ങനെ മഹാദേവൻ തന്റെ പത്നി പാർവതീ ദേവിക്ക് പറഞ്ഞു കൊടുത്ത ഗീതാമാഹാത്മ്യം ഈ വിധം ഉപസംഹരിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment