Home

Saturday, October 3, 2020

ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നതെങ്ങിനെ?


 ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നതെങ്ങിനെ?




എല്ലായ്പ്പോഴും കുടുംബവിചാരങ്ങളാൽ ഭരിക്കപ്പെടുന്ന ഒരുവന് എങ്ങനെ ഭഗവാനെപ്പറ്റിയും അദ്ദേഹത്തിന്റെ നാമ - രൂപ - കീർത്തി- യോഗ്യതകളെപ്പറ്റിയും ചിന്തിക്കുവാൻ സാധിക്കുമെന്ന് ഒരുവൻ ചോദിച്ചേക്കാം . ഭൗതിക ലോകത്തിലെ ഓരോരുത്തരും , എങ്ങനെ തന്റെ കുടുംബം പുലർത്താം , എങ്ങനെ തന്റെ സ്വത്തുക്കൾ സംരക്ഷിക്കാം , എങ്ങനെ തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള ബന്ധം ചുവടു പിഴയ്ക്കാതെ നിലനിർത്താം തുടങ്ങിയ വിചാരങ്ങളിൽ മുഴുകിക്കഴിയുന്നവരായിരിക്കും. അയാൾ അങ്ങനെ , അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുമായി സദാ ഭയത്തിലും ദുഃഖത്തിലുമായിരിക്കും . ഈ ചോദ്യത്തിനുള്ള ഉചിതമായ ഉത്തരമായി ഇവിടെ ബ്രഹ്മദേവൻ പറയുന്നത് സ്വീകരിക്കാവുന്നതാണ് : ഒരു പരിശുദ്ധ ഭക്തൻ ഒരിക്കലും താൻ തന്നെയാണ് തന്റെ ഭവനത്തിന്റെ ഉടമയെന്ന് വിചാരിക്കുകയില്ല . അയാൾ എല്ലാം ഭഗവാന്റെ പരമമായ നിയന്ത്രണത്തിന് അടിയറവയ്ക്കും , അതുമൂലം അയാൾക്ക് കുടുംബം പുലർത്തുന്നതിനെപ്പറ്റിയോ , കുടുംബത്തെ സംരക്ഷിക്കുന്നതിനെപ്പറ്റിയോ ഭയപ്പെടേണ്ടിവരുന്നില്ല . ഈ കീഴടങ്ങൽ നിമിത്തം അയാൾക്ക് സ്വത്തിനോട് ആകർഷണമുണ്ടാകില്ല ; അഥവാ ഉണ്ടായാൽത്തന്നെ , അത് ഇന്ദ്രിയാസ്വാദനത്തിനു വേണ്ടിയായിരിക്കും . ഒരു പരിശുദ്ധ ഭക്തനും സാധാരണ ഒരുവനെപ്പോലെ ധനസമ്പാദനത്തിൽ ആകൃഷ്ടനായെന്നു വരാം. എന്നാൽ , ഭക്തൻ ധനം സമ്പാദിക്കുന്നത് ഭഗവദ് സേവനത്തിനു വേണ്ടിയും , സാധാരണ മനുഷ്യൻ സമ്പാദിക്കുന്നത് സ്വന്തം ഇന്ദ്രിയാസ്വാദനത്തിനു വേണ്ടിയുമായിരിക്കും . അതാണ് വ്യത്യാസം . സാധാരണ ലൗകിക നെപ്പോലെ , ആർത്തി മൂലമാവില്ല ഭക്തൻ സ്വത്ത് സമ്പാദിക്കുന്നത് . പരിശുദ്ധ ഭക്തൻ എല്ലാം ഭഗവാന്റെ സേവനത്തിനു വേണ്ടി എന്ന നിലയിൽ സ്വീകരിക്കുന്നതാകയാൽ സ്വത്ത് സമ്പാദനത്തിന്റെ വിഷപ്പല്ല് പറിച്ചുമാറ്റപ്പെട്ടിരിക്കും . ഒരു സർപ്പത്തിന്റെ വിഷപ്പല്ല് പറിച്ചുമാറ്റപ്പെട്ടശേഷം അതൊരു മനുഷ്യനെ ദംശിച്ചാൽ ദുരന്തഫലം ഉണ്ടാവില്ല . അതേപോലെ , ഭഗവാനു വേണ്ടിയുള്ള സ്വത്ത് സമ്പാദനത്തിൽ വിഷപ്പല് പിഴുതുകളയപ്പെടുന്നതിനാൽ മാരകഫലം ഉണ്ടാവില്ല . ഒരു പരിശുദ്ധ ഭക്തൻ സാധാരണ മനുഷ്യ നെപ്പോലെയാണ് തുടരുന്നതെങ്കിൽപ്പോലും , ഭൗതികമായ ലൗകിക കാര്യങ്ങളൊന്നും അവനെ ഒരിക്കലും കുടുക്കിൽപ്പെടുത്തുകയില്ല .

(ശ്രീമദ് ഭാഗവതം 3.9.6/ ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

No comments:

Post a Comment