Home

Sunday, October 18, 2020

ശ്രീമദ് ഭഗവദ് ഗീത പതിനാലാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭഗവദ് ഗീത പതിനാലാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



സിംഹള ദ്വീപ് എന്ന സ്ഥലം ഭരിച്ചിരുന്ന രാജാവായിരുന്നു വിക്രം വേദാൾ. ഒരിക്കൽ അദ്ദേഹം വേട്ടയ്ക്ക് പോകുവാൻ തീരുമാനിച്ചു. അദ്ദേഹം തന്റെ പുത്രനെയും പ്രിയപ്പെട്ട രണ്ട് നായ്ക്കളെയും കൂടെ കൂട്ടുകയും ചെയ്തു. ശേഷം അവർ വനത്തിലേക്ക് ദ്രുതഗതിയിൽ നീങ്ങി. വനത്തിന്റെ അരികിൽ എത്തിയപ്പോൾ അദ്ദേഹം ഒരു കാട്ടു മുയലിനെ കണ്ടെത്തി. അതിനാൽ ഉടനെ അദ്ദേഹം തന്റെ ഒരു നായയെ വിട്ടയക്കുകയും, ആ നായ മുയലിനെ പിന്തുടർന്നു കൊണ്ട് ഓടുകയും ചെയ്തു. രാജാവും പുത്രനും അവരെ പിന്തുടർന്നു.

കുറേ സമയത്തെ ഓട്ടത്തിനു ശേഷം, അവർ ഒരു സുന്ദരമായ പർണ്ണശാലയിൽ എത്തിച്ചേർന്നു. വളരെ പ്രശാന്തമായ അന്തരീക്ഷമായിരുന്നു അവിടത്തേത്. മാനുകൾ സംതൃപ്തിയോടെ ഫലവൃക്ഷങ്ങളുടെ തണലിൽ മേയുന്നുണ്ടായിരുന്നു. ധിക്കാരികളായ കുരങ്ങന്മാർ ചില്ലകൾ തോറും ചാടി ഫലങ്ങൾ ഭക്ഷിക്കുന്നുണ്ടായിരുന്നു, പുല്ലുകളിൽ ആനക്കുട്ടികൾ കടുവക്കുട്ടികളോടു ചേർന്ന് ക്രീഢകളിലേർപ്പെടുന്നുണ്ടായിരുന്നു. തങ്ങളുടെ ആജന്മ ശത്രുക്കളാണെന്ന ശ്രദ്ധയില്ലാതെ പാമ്പുകൾ മയിലുകളുടെ അടുത്തുകൂടി ഇഴയുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ കാഴ്ചകളുടെ മധ്യേ ആ പർണ്ണശാലയിൽ വസിക്കുന്ന ബ്രാഹ്മണൻ തന്റെ പാദങ്ങൾ കഴുകി. അദ്ദേഹം പാദങ്ങൾ കഴുകിയ സ്ഥലം നനഞ്ഞു ചെളിയുള്ളതായി മാറി. അതേസമയം ആശ്ചര്യകരമായ ഒരു സംഭവം നടക്കുകയും ചെയ്തു.

ഓടിക്കൊണ്ടിരുന്ന മുയലും പിന്തുടർന്നിരുന്ന നായയും ആ നനഞ്ഞ ചെളിയിൽ വഴുതി വീഴുകയും, ഉടനെ തന്നെ അവർക്ക് ദിവ്യ ശരീരങ്ങൾ ലഭിക്കുകയും ചെയ്തു. അതേസമയം ഒരു തിളങ്ങുന്ന ആകാശ രഥം ഇറങ്ങിവരികയും, ഉടനെ തന്നെ അവരെ സ്വർഗീയ മണ്ഡലങ്ങളിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ രാജാവ് ആശ്ചര്യഭരിതനായി ഇതു ദർശിച്ചു കൊണ്ട് ഹൃദ്യമായി ചിരിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണനെ സമീപിച്ചു.

മന്ദഹസിച്ചു കൊണ്ട് രാജൻ ചോദിച്ചു, "പ്രിയ ബ്രാഹ്മണാ ഞാൻ മുൻപെങ്ങും ഇത്രയും അവിശ്വസനീയമായ സംഭവം കണ്ടിട്ടില്ല. ഇതേക്കുറിച്ച് അങ്ങേയ്ക്ക് എന്തൊക്കെയോ അറിയാം എന്ന് കരുതുന്നു. ദയവായി എന്നെ ബോധദീപ്തനാക്കിയാലും."

"അതെ, ഇതെല്ലാം വളരെ ആശ്ചര്യകരമാണ്". ബ്രാഹ്മണൻ മറുപടി പറഞ്ഞു. "എന്തുകൊണ്ടാണ് മുയലും നായയും നമ്മുടെ കൺമുൻപിൽ നിന്നും സ്വർഗ്ഗത്തിലേക്ക് എത്തിച്ചേർന്നത് എന്ന് ഞാൻ അങ്ങേയ്ക്ക് വിശദീകരിച്ചു നൽകാം." ബ്രാഹ്മണൻ തുടർന്നു. "വനത്തിൽ വത്സൻ എന്ന നാമധേയത്തോടു കൂടിയ ഒരു സാധു വസിച്ചിരുന്നു. അദ്ദേഹം നിത്യവും എനിക്ക് ഭഗവദ് ഗീതയുടെ പതിനാലാം അദ്ധ്യായം പാരായണം ചെയ്യുവാൻ ശിക്ഷണം നൽകി. ഞാൻ നേരത്തെ എന്റെ പാദങ്ങൾ കഴുകുമ്പോൾ അനശ്വരമായ ആ പദങ്ങളാണ് ഉച്ചരിച്ചിരുന്നത്. അങ്ങനെ അതിന്റെ ശക്തി ഈ ജലത്തിൽ പ്രവേശിക്കുകയും, തൽഫലമായി മുയലും നായയും തങ്ങളുടെ ഭൗതീകരൂപങ്ങളിൽ നിന്നും മോചിതരായി. ഇതിൽ ആശ്ചര്യം കൊള്ളേണ്ട ആവശ്യമില്ല. ഇനി ഞാൻ ചിരിച്ചതിനുള്ള കാരണം പറയാം."

"മഹാരാഷ്ട്രയിലെ പ്രതൂധക് എന്ന പട്ടണത്തിൽ കേശവൻ എന്ന നാമത്തോടു കൂടിയ ഒരു ബ്രാഹ്മണൻ ജീവിച്ചിരുന്നു. ബ്രാഹ്മണനെന്ന് പറയപ്പെട്ടിരുന്നുവെങ്കിലും അയാൾ ക്രൂരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ വിലോഭനയ്ക്ക് യാതൊരുവിധ സ്വയം നിയന്ത്രണവുമുണ്ടായിരുന്നില്ല. മാത്രമല്ല കുറേ പുരുഷന്മാരുടെ സംഗം ആസ്വദിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഈ കാരണത്താൽ അവളുടെ ഭർത്താവ് ഭ്രാന്ത ചിത്തനായി ക്രോധത്താൽ അവളെ ക്രൂരമായി വധിച്ചു. അവരുടെ പാപകർമ്മങ്ങളാൽ കേശവൻ മുയലായും വിലോഭന നായയായും ജനിച്ചു."

ഈ ആശ്ചര്യകരമായ വിവരണം കേട്ട് വിക്രം വേദാൾ രാജൻ വളരെയധികം പ്രചോദിതനാവുകയും, ദിവസേന ഭഗവദ് ഗീതയുടെ പതിനാലാം അദ്ധ്യായം പാരായണം ചെയ്യുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ അദ്ദേഹം ശരീരം വെടിയുന്ന സമയം ആദ്ധ്യാത്മിക ശരീരം സ്വീകരിച്ച് വൈകുണ്ഡ ലോകങ്ങളിലേക്ക് തിരിച്ചുപോവുകയും, അവിടെ അദ്ദേഹം ശ്രീകൃഷ്ണ ഭഗവാന്റെ നിത്യ സേവനത്തിൽ മുഴുകുകയും ചെയ്തു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

No comments:

Post a Comment