ശ്രീ ജഗന്നാഥ അഷ്ടകം
ശ്ളോകം 1
കദാചിത് കാളിന്ദീ തട വിപിന സംഗീതക രവോ
മുദാഭീരി നാരീ വദന കമലാസ്വാദ മധുപഃ
രമാശംഭുബ്രഹ്മാമരപതി ഗണേശാർച്ചിത പദോ
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
ആനന്ദാതിരേകവേളകളിൽ ജഗന്നാഥ സ്വാമി യമുനാതീരവാടികയിൽ തന്റെ പക്കലുള്ള ഓടക്കുഴലിൽ ഉച്ചസ്ഥായിയിലുള്ള സംഗീതം പൊഴിക്കുന്നു. വിടർന്ന വലിയ താമരപ്പൂവിൽനിന്നും തേൻ നുകരുന്ന വണ്ടിനെപ്പോലെ വ്രജത്തിലുള്ള ഗോപാലക ഗൃഹങ്ങളിലെ സുന്ദര തരുണീ മണികളുടെ മുഖകമലങ്ങളിൽ ചുംബിക്കുന്നു. ലക്ഷ്മി, ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, ഗണേശൻ തുടങ്ങിയ ദേവ ദേവതകൾ പോലും പാദപൂജ ചെയ്യുന്ന ആ ജഗന്നാഥസ്വാമി എനിക്കു ദർശനീയനാകട്ടെ.
ശ്ളോകം 2
ഭുജേ സവ്യേ വേണും ശിരസി ശിഖി പുച്ഛം കടിതടേ
ദുകൂലം നേത്രാന്തേ സഹചരകടാക്ഷം വിദധതേ
സദാ ശ്രീമദ് വൃന്ദാവന വസതി ലീലാപരിചയോ
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
ഇടതുകയ്യിൽ ഓടക്കുഴലും ശിരസ്സിൽ മയിൽപീലിയും അരയിൽ മഞ്ഞപ്പട്ടും ചാർത്തിയ ജഗന്നാഥ സ്വാമി, കൺകോണുകളിൽ തന്റെ ഭക്തരെ കടാക്ഷിക്കുന്നു. ദിവ്യധാമമായ വൃന്ദാവനവാസവേളയിലുടനീളം അദ്ദേഹം സ്വന്തം ദിവ്യത്വം മറ്റുള്ളവർക്ക് വെളിവാക്കിയിട്ടുണ്ട്. അങ്ങിനെയുള്ള ജഗന്നാഥസ്വാമി എനിക്കു ദർശനീയനാകട്ടെ.
ശ്ളോകം 3
മഹാംബോധേസ് തീരേ കനകരുചിരേ നീലശിഖരേ
വസൻ പ്രാസാദാന്തഃ സഹജ ബലഭദ്രേന ബലിനാ
സുഭദ്രാ മധ്യസ്ഥ സകല സുരസേവാവസരദോ
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
ദിവ്യസാഗരതീരത്തുള്ള സ്വർണ്ണമയമായ നീലാചല പർവ്വതത്തിലെ അത്യുജ്വലമായ കൊട്ടാരത്തിൽ ഭഗവാൻ ജഗന്നാഥ സ്വാമി ബലിഷ്ഠഗാത്രനായ സഹോദരൻ ബലരാമനോടും സഹോദരി സുഭദ്രയോടും കൂടി ഇരുന്നരുളുന്നു. ദേവതാഗണങ്ങളായ അമൃതാത്മാക്കൾക്ക് സേവിക്കുവാനും ആരാധിക്കുവാനും അവസരമൊരുക്കുന്ന ആ ജഗന്നാഥസ്വാമി എനിക്കു ദർശനീയനാകട്ടെ.
ശ്ളോകം 4
കൃപാപാരാവാരഃ സജല ജലദ ശ്രേണി രുചിരോ
രമാവാണീ രാമാഃ സ്ഫുരദ് അമലപംഘേരുഹമുഖഃ
സുരേന്ദ്രൈർ ആരാധ്യ ശ്രുതിഗണ ശിഖാഗീതചരിതോ
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
കരുണാസാഗരനും ഘനശ്യാമമേഘ സുന്ദരനുമായ ഭഗവാൻ ജഗന്നാഥ സ്വാമി ലക്ഷ്മിദേവിക്കും സരസ്വതിദേവിക്കും അനുഗ്രഹത്തിന്റെ കലവറയാണ്. അനഘകേദാരമായ അദ്ദേഹത്തിന്റെ തിരുമുഖം നിഷ്കളങ്കമായ വിടർന്ന താമരപൂവിന് സദൃശമാണ്. ഉപനിഷത്തുക്കൾ കീർത്തിക്കുകയും ദേവതകളും മഹർഷിമാരും സദാ ആരാധിക്കുകയും ചെയ്യുന്ന ആ ജഗന്നാഥ സ്വാമി എനിക്കു ദർശനീയനാകട്ടെ.
ശ്ളോകം 5
രഥാരൂഡോ ഗച്ഛൻ പഥിമിലിതഭൂദേവപടലൈഃ
സ്തുതിപ്രാദുർഭാവം പ്രതിപദം ഉപാകർണ്യ സദയഃ
ദയാസിന്ദുർബന്ദൂഃ സകല ജഗതാം സിന്ധുസുതയാ
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
ജഗന്നാഥ് സ്വാമിയുടെ രഥയാത്ര വേളകളിൽ ബ്രാഹ്മണഭക്തന്മാർ അദ്ദേഹത്തിന്റെ ആനന്ദത്തിനായി തിരുനാമങ്ങൾപ്രകീർത്തിക്കുകയും ഭഗവദ്ഗീതങ്ങൾ അത്യുച്ചത്തിൽ ആലപിക്കുകയും ചെയ്യുന്നു. സർവലോകമഹേശ്വരനും സർവചരാചരങ്ങളുടെ യഥാർത്ഥ സുഹൃത്തും കരുണാവാരിധിയുമായ അദ്ദേഹം അവരിൽ പ്രസാദിക്കുന്നു. അങ്ങിനെയുള്ള ശ്രീ ജഗന്നാഥസ്വാമി അമൃതമഥനവേളയിൽ പിറന്നവളും തന്റെ വാമാംഗിയുമായ ലക്ഷ്മിദേവിക്കൊപ്പം എനിക്കു ദർശനീയനാകട്ടെ.
ശ്ളോകം 6
പരംബ്രഹ്മാപീഠ കുവലയ ദളോത്ഫുല്ല നയനോ
നിവാസീ നീലാദ്രൗ നിഹിത ചരണോ അനന്ത ശിരസി
രസാനന്ദോ രാധാ സരസവപുർ ആലിംഗന സുഖോ
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
വിടർന്ന താമരപ്പൂവിതൾപോലെ മനോഹരമിഴികളോടുകൂടി ബ്രഹ്മശിരസ്സിന് അലങ്കാരമായിരിക്കുന്ന ഭഗവാൻ ജഗന്നാഥ് സ്വാമി അദ്ദേഹത്തിന്റെ പാദപത്മങ്ങൾ അനന്തന്റെ ശിലസ്സിലൂന്നി നീലാചലത്തിലെ ദിവ്യധാമത്തിൽ വാണരുളുന്നു. പ്രാണപ്രേയസിയായ ശ്രീമതി രാധാറാണിയുടെ ശീതളതടാകം പോലെയുള്ള പൂവുടൽ ആനന്ദാതിരേകത്താൽ പുണരുന്ന ജഗന്നാഥസ്വാമി എനിക്കു ദർശനീയനാകട്ടെ.
ശ്ളോകം 7
ന വൈ യാചേ രാജ്യം ന ച കനകമാണിക്യവിഭവം
ന യാചേഹം രമാം സകല ജനാകാമ്യാം വരവധും
സദാകാലേ കാലേ പ്രമദപതിനാ ഗീതചരിതോ
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
കേവലം സാധാരണജനത്തെ പോലെ സുന്ദരിയായ ഭാര്യ, ധനം, സ്വർണ്ണം, മാണിക്യരാജ്യാധികാരം എന്നിവയ്ക്ക് വേണ്ടി ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുകയില്ല. ആരുടെ അപദാനങ്ങളാണ് പരമശിവൻ സദാ കീർത്തിക്കുന്നത് അങ്ങിനെയുള്ള ശ്രീ ജഗന്നാഥ് സ്വാമി എനിക്കു ദർശനീയനാകട്ടെ
ശ്ളോകം 8
ഹരത്വം സംസാരം ധ്രുതതരം അസാരം സുരപതേ
ഹരത്വം പാപാനാം വിതതിം അപരാം യാദവപതേ
അഹോ ദിനേ£ നാഥേ നിഹിതചരണോ നിശ്ചിതം ഇദം
ജഗന്നാഥ സ്വാമി നയനപഥഗാമി ഭവതു മേ.
വിവർത്തനം
ഉപയോഗരഹിതമായ ഈ ഭൗതിക ഗാത്രത്തിൽ നിന്ന് മോചിതനാക്കി സമുദ്രം പോലെ വിശാലമായ എന്റെ പാപസഞ്ചയങ്ങൾ അവിടുന്നു നശിപ്പിച്ചു കളയേണമേ. ദേവാധിദേവനായ ഭഗവാനേ,ഈ വിശ്വത്തിന്റെ അഭയകേന്ദ്രമായ അങ്ങയുടെ ചരണകമലങ്ങളിൽ നമസ്കരിക്കുന്നവരെ പാദസ്പർശത്താൽ അനുഗൃഹീതമാക്കുന്ന ആ ജഗന്നാഥസ്വാമി എനിക്കു ദർശനീയനാകട്ടെ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment