Home

Sunday, October 18, 2020

മാനസീകമായ വിഗ്രഹാരാധന


 മാനസീകമായ വിഗ്രഹാരാധന


🍁🍁🍁🍁🍁🍁🍁🍁


പണ്ട് പ്രതിഷ്ഠനാ പുരം എന്ന നഗരത്തിൽ ഒരു ബ്രാഹ്മണൻ പാർത്തിരുന്നു ദരിദ്രനായിരുന്നെങ്കിലും അതിൽ നിരാശയില്ലാത്തവനും നിഷ്ക്കളങ്കനുമായിരുന്നു അവൻ. ഒരുനാൾ ബ്രാഹ്മണരുടെ ഒരു സഭയിൽ, ക്ഷേത്രത്തിലെ വിഗ്രഹാരാധന എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചു നടന്ന ഒരു സംവാദം അവൻ കേൾക്കുകയുണ്ടായി. വിഗ്രഹത്തെ മനസ്സിനുള്ളിലും ആരാധിക്കാമെന്നും ആ സംവാദത്തിൽ അയാൾ ശ്രവിച്ചു. ആ സംഭവത്തിനുശേഷം ബ്രാഹ്മണൻ ഗോദാവരി നദിയിൽ സ്നാനം ചെയ്ത് മനസ്സിനുള്ളിൽ വിഗ്രഹാരാധന ചെയ്തു തുടങ്ങി. അദ്ദേഹം ആദ്യം മനസ്സിനുള്ളിലെ സങ്കൽപ ക്ഷേത്രം ധ്യാനത്തിൽ കഴുകി ശുദ്ധിയാക്കി. അനന്തരം ഭാവനയിൽത്തന്നെ ആരാധനയ്ക്കുള്ള ജലം പുണ്യനദികളിൽ നിന്ന് സ്വർണ കുംഭങ്ങളിലും വെള്ളിക്കുടങ്ങളിലും നിറച്ചു കൊണ്ടുവന്നു. ആരാധനയ്ക്കാശ്യമായ വിലപ്പെട്ട അനുസാരികൾ ശേഖരിച്ച്, വിഗ്രഹത്തെ സ്നാനം ചെയ്യിക്കുന്നതു മുതൽ ആരതി ഉഴിയുന്നതു വരെയുള്ള പൂജകൾ വിധിപ്രകാരം നിർവഹിച്ചു. അങ്ങനെ നിത്യവും സങ്കൽപ പൂജയിലൂടെ അവൻ അടിക്കടി വർദ്ധിച്ച ആനന്ദം അനുഭവിച്ചു കൊണ്ടിരുന്നു. വർഷങ്ങൾ കടന്നുപോയി. ഒരുനാൾ അവൻ വിഗ്രഹത്തിനു നിവേദിക്കുന്നതിനു വേണ്ടി മനസ്സിൽ ഹൃദ്യമായ പായസം നെയ്യുപയോഗിച്ച് പാചകം ചെയ്തു. അവനാ ആ പായസം മനസ്സുകൊണ്ട് സ്വർണത്തളികയിൽ കൃഷ്ണനു സമർപ്പിച്ചു. പെട്ടെന്ന് പായസത്തിനു ചൂടു കൂടുതലാണെന്നു തോന്നിയ അവനത് വിരൽ കൊണ്ടൊന്നു തൊട്ടു നോക്കി. പെട്ടെന്ന് പായസത്തിന്റെ ചൂടുകൊണ്ട് വിരൽ പൊള്ളിയതായി തോന്നുകയും ബ്രാഹ്മണൻ വേദനിച്ചു നിലവിളിക്കാൻ തുടങ്ങുകയും ചെയ്തു. ആ സമയം വൈകുണ്ഠത്തിലിരുന്ന് അതു കാണുകയായിരുന്ന വിഷ്ണുഭഗവാൻ മന്ദഹസിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ പത്നിയും ഭാഗ്യദേവതയുമായ ലക്ഷ്മീദേവി ഭഗവാന്റെ പുഞ്ചിരിയുടെ കാരണമന്വേഷിച്ചു. വിഷ്ണുഭഗവാൻ അപ്പോൾ തന്റെ സഹായികളെ വിളിച്ച് ആ ബ്രാഹ്മണനെ വൈകുണ്ഠത്തിലേക്ക് കൂട്ടിക്കൊണ്ടു വരാൻ ആജ്ഞാപിച്ചു. അപ്രകാരം ആ ബ്രാഹ്മണന് സാമീപ്യ മുക്തി അഥവാ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ സമീപത്ത് ശാശ്വതമായി ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.

( ശ്രീമദ് ഭാഗവതം, 7. 5. 23. 24/ ഭാവാർത്ഥം

No comments:

Post a Comment