ഗീതാ മാഹാത്മ്യം
(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆
ശ്രീമദ് ഭഗവദ്ഗീത രണ്ടാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆🔆
മഹാദേവൻ പറഞ്ഞു, "എന്റെ പ്രിയ പാർവതീ, നീ ഭഗവദ് ഗീത ഒന്നാം അദ്ധ്യായത്തിന്റെ മാഹാത്മ്യം ആസ്വദിച്ചതിനാൽ ഇനി ഞാൻ രണ്ടാം അദ്ധ്യായത്തിന്റെ മഹാത്മ്യത്തിലേക്ക് കടക്കാം."
ദക്ഷിണ ഭാരതത്തിൽ പന്ധർപൂർ എന്ന പട്ടണത്തിൽ ദേവശ്യാമൻ എന്ന ഒരു ജ്ഞാനിയായ ബ്രാഹ്മണൻ ജീവിച്ചിരുന്നു. അഗ്നിഹോത്രാധികളിൽ അദ്ദേഹത്തിന് സമന്മാരായി വളരെ കുറച്ച് ബ്രാഹ്മണർ മാത്രമേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല അദ്ദേഹം അതിഥികളെ സൽക്കരിക്കുന്നതിൽ വളരെയധികം ശ്രദ്ധാലുവായിരുന്നു, അതിനാൽ അദ്ദേഹം ദേവന്മാരുടെ പ്രീതി നേടിയിരുന്നു. ഇതൊക്കെയുണ്ടായിട്ടു പോലും അദ്ദേഹത്തിന് തന്റെ ഹൃദയത്തിനുള്ളിൽ സംതൃപ്തി അനുഭവിക്കാൻ കഴിഞ്ഞില്ല, കാരണം തന്റെ ജ്ഞാനം അപൂർണമാണെന്ന് അദ്ദേഹം കരുതി.
എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്ന ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധം സ്ഥാപിക്കുവാൻ ദേവശ്യാമൻ അതിയായി ആഗ്രഹിച്ചു. അങ്ങനെ ഈ ലക്ഷ്യത്താൽ ഇതേ വിഷയത്തെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ ലഭിക്കുവാനായി അദ്ദേഹം എത്രയോ യോഗികളെയും സാധുക്കളെയും സേവിച്ചു. അവസാനം എത്രയോ വർഷങ്ങൾക്കുശേഷം, തന്നെ യഥാർത്ഥ പാതയിലേക്ക് നയിക്കുവാൻ സാധിക്കുന്ന ഒരു വ്യക്തിയെ ഭാഗ്യവശാൽ അദ്ദേഹത്തിന് കണ്ടുമുട്ടുവാൻ സാധിച്ചു. അത് ഈ വിധത്തിൽ സംഭവിച്ചു.
ഒരിക്കൽ ദേവശ്യാമൻ, ഒരു യോഗി സമാധിയിൽ സ്ഥിതിചെയ്യുന്നത് കാണുകയുണ്ടായി. അദ്ദേഹം പൂർണ ശാന്തിയോടെ സമാധിസ്ഥനായി ഇരിക്കുന്നത് ദർശിച്ച ദേവശ്യാമൻ വിനയപൂർവം ആ യോഗിയുടെ പാദങ്ങളിൽ വീണുകൊണ്ട് തനിക്ക് ഉപദേശങ്ങൾ നൽകുവാനായി യാചിച്ചു.
ആ യോഗി കാരുണ്യപൂർവം മന്ദസ്മിതം തൂകിക്കൊണ്ട് സോപുർ എന്ന ഗ്രാമത്തിലേക്ക് പോകുവാനായി നിർദേശം നൽകി. അവിടെ വച്ച് ഭഗവത്സാക്ഷാത്കാരം ലഭിച്ച മിത്രവാനെന്ന ആട്ടിടയനിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന ഉപദേശവും നൽകി. അദ്ദേഹം അങ്ങേയറ്റത്തെ കൃതജ്ഞതയാൽ ആ യോഗിയുടെ പാദങ്ങളിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് അവിടേക്ക് തിരിച്ചു.
അങ്ങനെ ദേവശ്യാമൻ സോപുരിൽ എത്തിയപ്പോൾ അവിടെ വടക്കുഭാഗത്ത് ഒരു സുന്ദരമായ വനം കാണുകയുണ്ടായി. അവിടെ വച്ചു നദിയുടെ തീരത്തായുള്ള കല്ലുകളിലിരിക്കുന്ന മിത്രവാനെ കണ്ടു. മന്ദമാരുതൻ വനപുഷ്പങ്ങളുടെ സുഗന്ധം എല്ലാഭാഗങ്ങളിലും എത്തിക്കുന്നതോടൊപ്പം, നദിയിലെ ഓളങ്ങൾ നിരന്തരം മനോഹരങ്ങളായ നാദങ്ങളുണ്ടാക്കിക്കൊണ്ട് മാടപ്രാവുകളുടെ ശബ്ദങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കുന്ന സുന്ദരമായ ദൃശ്യം അവിടെ കാണുവാൻ സാധിച്ചു. ഇതിന്റെയൊക്കെ ഇടയിൽ മിത്രവാന്റെ ആടുകൾ ക്രൂരമൃഗങ്ങൾ ക്കിടയിലും ഒട്ടും സംഭ്രമം കൂടാതെ അവിടെയും ഇവിടെയും അലഞ്ഞു നടക്കുന്നുണ്ടായിരുന്നു.
ഈ കാഴ്ച്ച കണ്ട ദേവശ്യാമന്റെ മനസ്സ് പൂർണ ശാന്തമായി, ഈ അവസ്ഥ യിൽ അദ്ദേഹം വിനയപൂർവം മിത്രവാനെ സമീപിച്ചുക്കൊണ്ട് സ്വയം പരിചയപ്പെടുത്തി. ഭഗവാൻ കൃഷ്ണനിലുള്ള ഭക്തി പ്രാപ്തമാക്കുന്നതിനെക്കുറിച്ചുള്ള ദേവശ്യാമന്റെ ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട മിത്രവാൻ മറുപടി നൽകി. "മാസങ്ങൾക്കു മുൻപ് വനത്തിൽവച്ച് ഞാൻ എന്റെ ആടുകളെ മേയ്ക്കുന്നതിനിടയിൽ, വിശന്നു വലഞ്ഞ ഒരു കടുവ ഞങ്ങളെ ആക്രമിച്ചു. ഭയത്താൽ ഞങ്ങൾ പല ഭാഗത്തായി ചിതറിപ്പോയി. ഞാൻ ദൂരെ സുരക്ഷിതമായ ഒരു സ്ഥലത്തുനിന്നും നോക്കിയപ്പോൾ ഒരു ആടിനെ ആ കടുവ കൊല്ലുവാൻ പോവുകയായിരുന്നു. ആ നിമിഷം ഒരു വിചിത്രവും അത്ഭുതകരവുമായ ഒരു സംഭവം നടന്നു. രോഷാകുലനായ ആ കടുവ ഉടൻതന്നെ തീർത്തും ശാന്തനായി മാറി. ആ ആടിനെപ്പോലും ആശ്ചര്യപ്പെടുത്തിക്കൊണ്ട് കടുവ അവന്റെ പിടി വിട്ടു."
"ആ ആട് പറഞ്ഞു " ഹേ കടുവേ നീ ക്രൂര വിനോദം നടത്തുകയാണോ? നീ എന്തുകൊണ്ടാണ് എന്റെ മാംസം സംതൃപ്തിയോടെ ഭക്ഷിക്കാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല."
"ഇതിനു മറുപടി യായി കടുവ പറഞ്ഞു " എനിക്ക് സ്വയമേവ മനസിലാക്കുവാൻ സാധിക്കുന്നില്ല. എന്നിൽ വലിയ രീതിയിൽ ശാന്തിയും സംതൃപ്തിയും ഉണ്ടായിരിക്കുന്നു. ഇപ്പോൾ എല്ലാ വിശപ്പും ദാഹവും എന്നിൽ നിന്ന് ദൂരെ പോയിരിക്കുന്നു."
"തൊട്ടടുത്ത മരത്തിലെ ശിഖരത്തിൽ ഇരുന്നിരുന്ന ഒരു കുരങ്ങനെ ചൂണ്ടിക്കാണിച്ചുകൊണ്ട് കടുവ ആടിനോട് പറഞ്ഞു "പ്രിയനേ നമുക്ക് ആ കുരങ്ങന്റെ അടുക്കൽ പോകാം. കാഴ്ചയിൽ അവന് എന്തൊക്കെയോ അറിയാമെന്ന് തോന്നുന്നു. "അവർ രണ്ടുപേരും ആ കുരങ്ങനെ സമീപിച്ചുകൊണ്ട് ചോദിച്ചു. " കുരങ്ങൻ മൃദുവായി ചിരിച്ചുക്കൊണ്ട് ബഹുമാനപുരസ്സരം അവർക്ക് ഒരു പുരാതനമായ കഥ പറഞ്ഞു കൊടുത്തു.
"ഈ വനത്തിന്റെ ഉൾപ്രദേശത്തിൽ ഒരു പ്രൗഢഗംഭീരമായ ക്ഷേത്രമുണ്ട്. അവിടെ ബ്രഹ്മദേവൻ ശിവലിംഗം സ്ഥാപിച്ചുകൊണ്ട് പൂജിച്ചിരുന്നു. ഈ ശിവലിംഗത്തെ നിത്യവും ഒരു സാധു വനപുഷ്പ്പങ്ങളാലും ശുദ്ധമായ നദീജലത്താലും പൂജിച്ചിരുന്നു. ആ സാധുവായിരുന്നു സുകർമൻ. അദ്ദേഹം ഈ സേവനം വർഷങ്ങളോളം തുടർന്നു."
"ഒരിക്കൽ മറ്റൊരു സാധു ആ ക്ഷേത്രം സന്ദർശിച്ചു. ഒരു നല്ല ആതിഥേയൻ എന്ന നിലയിൽ സുകർമൻ അദ്ദേഹത്തിന് പഴങ്ങളും ജലവും ഭക്ഷിക്കുവാൻ നൽകി. സുകർമന്റെ ഈ സേവനത്തിൽ സംപ്രീതനായ ആ സാധു അദ്ദേഹത്തിന് ഭഗവാൻ കൃഷ്ണനെക്കുറിച്ചുള്ള ജ്ഞാനം നൽകി. കൂടെ അവിടെയുള്ള ശിലാഫലകത്തിൽ ഭഗവദ് ഗീത രണ്ടാം അദ്ധ്യായം മുദ്രണം ചെയ്യുകയും ചെയ്തു. ദിവസവും ഈ ശ്ലോകങ്ങൾ ഭക്തിയോടെ പാരായണം ചെയ്യണമെന്ന് സുകർമന് നിർദ്ദേശം നൽകിയശേഷം ആ സാധു യാത്ര തിരിച്ചു. ശേഷം സുകർമൻ തന്റെ ജീവിതകാലം മുഴുവൻ ഇത് പരിശീലിക്കുകയും അതുവഴി അദ്ദേഹത്തിന് ശ്രീകൃഷ്ണ ഭഗവാന്റെ പൂർണ്ണകാരുണ്യം ലഭിച്ചു. അദ്ദേഹം വിശപ്പിൽ നിന്നും, ദാഹത്തിൽ നിന്നും, ഉത്കണ്ഠയിൽ നിന്നും മുക്തനായി."
"ഈ അത്ഭുതകരമായ പ്രവൃത്തികൾ നടന്ന സ്ഥലമായതിനാലും, ഈ കല്ലുകളിൽ ഈ ശ്ലോകങ്ങൾ മുദ്രണം ചെയ്യപ്പെട്ടതിനാലും, ഇവിടം സന്ദർശിക്കുന്ന ഏതൊരുവ്യക്തിയും വിശപ്പിൽ നിന്നും ദാഹത്തിൽ നിന്നും എല്ലാത്തരം ഉത്കണ്ഠകളിൽ നിന്നും രക്ഷനേടുന്നു, എന്ന് കുരങ്ങൻ പറഞ്ഞു.
മിത്രവാൻ തുടർന്നു, "പ്രിയ ദേവശ്യാമാ ആ മനോഹര കഥാശ്രവണത്തിനു ശേഷം ഞാൻ ആ ആടിനെയും കടുവയെയും കൊണ്ട് ഭഗവദ് ഗീത മുദ്രണം ചെയ്ത ആ ക്ഷേത്രം സന്ദർശിച്ചു. അങ്ങനെ ഞാൻ ഭഗവദ് ഗീത രണ്ടാം അദ്ധ്യായത്തിലെ മനോഹരങ്ങളായ ശ്ലോകങ്ങൾ തുടർച്ചയായി പാരായണം ചെയ്തു. അതുവഴി ഞങ്ങൾക്ക് ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തി ലഭിച്ചു. പ്രിയ സുഹൃത്തേ , നിനക്കും വിശ്വാസപൂർവ്വം ഭഗവദ് ഗീതയുടെ രണ്ടാം അദ്ധ്യായം പാരായണം ചെയ്തുകൊണ്ട് ഇതേ നേട്ടം കൈവരിക്കാം."
മഹാദേവൻ ഉപസംഹരിച്ചു, "പ്രിയ ദേവീ, അങ്ങനെ ദേവശ്യാമൻ മിത്രവാന്റെ ഉപദേശങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതിനു ശേഷം പന്ധർപൂരിലെ തന്റെ ഗൃഹത്തിലേക്ക് മടങ്ങിയെത്തി. അവിടെ അദ്ദേഹം നിത്യേന രണ്ടാം അദ്ധ്യായം പാരായണം ചെയ്യുന്നത് തുടർന്നു. അദ്ദേഹം ശ്രവിക്കാൻ താല്പര്യമുള്ളവർക്കു വേണ്ടിയും പാരായണം ചെയ്യുമായിരുന്നു."
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment