ശ്രീകൃഷ്ണൻ വധിച്ച നരകാസുരന് ദ്വിവിദനെന്നു പേരുള്ള ഒരു ആൾക്കുരങ്ങ് സുഹൃത്തായിട്ടുണ്ടായിരുന്നു. തന്റെ മിത്രത്തിന്റെ കൊലയ്ക്ക് പകരം വീട്ടാനായി അവൻ ഗോപന്മാരുടെ ഗൃഹങ്ങൾ തീവച്ചു നശിപ്പിക്കുകയും, ആനർത്തമെന്ന ഭഗവാന്റെ രാജ്യത്തെ തകർക്കുകയും, തന്റെ ബലിഷ്ഠമായ കരങ്ങൾ കൊണ്ട് സമുദജലത്തെ ഇളക്കിമറിച്ച് തീരപ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. പിന്നീടവൻ മാമുനിമാരുടെ ആശ്രമങ്ങളിൽ കയറിച്ചെന്ന് അവിടത്തെ വന്മരങ്ങൾ പിഴുതിടുകയും, യാഗാഗ്നിയിൽ മലമൂത്രവിസർജ്ജനം നടത്തുകയും ചെയ്തു. സ്ത്രീപുരുഷന്മാരെ തട്ടിക്കൊണ്ടുപോവുകയും, ഗുഹകളിൽ തള്ളിയിട്ട് വലിയ പാറകല്ലുകൾ കൊണ്ട് ഗുഹാദ്വാരങ്ങൾ അടയ്ക്കുകയും ചെയ്യുക അവന്റെ വിനോദമായിരുന്നു. ഇങ്ങനെ രാജ്യം മുഴുവനും നാശം വിതയ്ക്കുകയും അനവധി പ്രഭുകുടുംബങ്ങളിലെ യുവതികളെ മാനഭംഗപ്പെടുത്തുകയും ചെയ്തിട്ട്, അവൻ രൈവതക പർവ്വതത്തിലെത്തി. അവിടെ ഒരു കൂട്ടം സുന്ദരികളായ യുവതികളുമൊത്ത് ബലരാമൻ രമിക്കുന്നത് അവൻ കണ്ടു. വാരുണീമദ്യം പാനം ചെയ്ത് ഉന്മത്തനായി കാണപ്പെട്ട ബലരാമനെ അവഗണിച്ചുകൊണ്ട് അയാൾ തന്റെ ഗുഹ്യഭാഗം ഭഗവാന്റെ മുന്നിൽ വച്ചു തന്നെ സ്ത്രീകളെക്കാട്ടി. തുടർന്നും പുരികങ്ങൾ കൊണ്ട് ഗോഷ്ടികൾ കാട്ടി അവരെ അപമാനിക്കുകയും മലമൂത്രവിസജർജനം നടത്തുകയും ചെയ്തു.
ദ്വിവിദന്റെ അതിരു വിട്ടു ചെയ്തികൾ കണ്ടു കുപിതനായ ബലരാമൻ ഒരു കല്ലെടുത്ത് അവനെ എറിഞ്ഞു. അതുകൊള്ളാതെ ഒഴിഞ്ഞുമാറിയ ദ്വിവിദൻ ബലരാമനെ കളിയാക്കുകയും സ്ത്രീകളുടെ വസ്ത്രങ്ങൾ പിടിച്ചുവലിക്കുകയും ചെയ്തു. ഈ ധിക്കാരം കണ്ട് അവനെ കൊല്ലാൻ തന്നെ ബലരാമൻ നിശ്ചയിച്ച് ഗദയും കലപ്പയും കയ്യിലെടുത്തു. ശക്തിമാനായ ദ്വിവിദൻ ഒരു സാലവൃക്ഷം പിഴുതെടുത്ത് ഭഗവാന്റെ തലയ്ക്കടിച്ചു. ഒരു കൂസലുമില്ലാതെ നിന്ന് ഹലായുധൻ ആ മരത്തെ കഷണങ്ങളാക്കി.ദ്വിവിദൻ മറ്റൊരു മരവും പിന്നീടൊന്നും വീതം എല്ലാ മരങ്ങളും പിഴുത് കാടിനെ വൃക്ഷരഹിതമാക്കി മാറ്റിയെങ്കിലും അവയെല്ലാം ഭഗവാൻ ബലരാമൻ കണ്ടം തുണ്ടമാക്കി. അപ്പോൾ വിഡ്ഢിയായ ആ വാനരൻ കല്ലുകളെറിഞ്ഞ് ആക്രമിക്കാൻ തുടങ്ങി, അവയെയും ബലരാമൻ തവിടുപൊടിയാക്കി, ദ്വിവിദൻ നേരിട്ടാക്രമിക്കാൻ വരികയും മുഷ്ടിക്കൊണ്ട് നെഞ്ചത്തടിച്ച് ഭഗവാനെ കോപിഷ്ടനാക്കുകയും ചെയ്തു. ഗദയും കലപ്പയും മാറ്റിവെച്ച് ബലരാമൻ ദ്വിവിദന്റെ തോളിലും കഴുത്തിലും ഇടിക്കുകയും അവൻ രക്തം ചർദ്ദിച്ച് നിലത്തു വീണു മരിക്കുകയും ചെയ്തു.ദ്വിവിദനെ കൊന്നിട്ട്, ദേവന്മാരും മുനികളും ആകാശത്തു നിന്ന് പുഷ്പവൃഷ്ടി ചൊരിയുകയും സ്തുതികളും പ്രണാമങ്ങളും പ്രാർത്ഥനകളും അർപ്പിക്കുകയും ചെയ്യവേ ബലദേവൻ ദ്വാരകയിലേക്കു മടങ്ങി.
( ശ്രീമദ് ഭാഗവതം /അദ്ധായം 67 ന്റ ചുരുക്കം)
ദ്വിവിദൻ നമ്മുടെ ഉള്ളിൽ കുടി കൊണ്ടിരിക്കുന്ന സാധുക്കളെ നിന്ദിക്കുന്ന പ്രവണതയെ സൂചിപ്പിക്കുന്നുവെന്ന് ഭക്തി വിനോദ ഠാക്കൂർ തൻറെ ചൈതന്യ ശിക്ഷാ മൃതത്തിൻറെ ഭാവാർത്ഥത്തിൽ വിശദീകരിക്കുന്നു.
( ശ്രീമദ് ഭാഗവതം /അദ്ധായം 67 ന്റ ചുരുക്കം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment