(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഭഗവദ് ഗീത ആറാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
കുറേ കാലങ്ങൾക്ക് മുൻപ് ഗോദാവരി നദീ തീരത്തെ പൈതൻ എന്ന നഗരത്തിൽ ജനശ്രുതി എന്ന കീർത്തിമാനായ രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം ദേവന്മാരിൽ ഭക്തിയുള്ളവനും പ്രജാതൽപ്പരനുമായിരുന്നു. എല്ലാ ദിവസവും അദ്ദേഹം പ്രൗഢഗംഭീരമായ അഗ്നി യജ്ഞങ്ങൾ നടത്തി, അവയിൽ നിന്നും ഉത്ഭവിക്കുന്ന പുക സ്വർഗ്ഗലോകങ്ങൾ വരെ എത്തിയിരുന്നു.
ഒരു മഹത്തായ മഴ മേഘം വിളനിലങ്ങൾക്ക് ജീവൻ പ്രധാനം ചെയ്യുന്ന വെള്ളം നൽകുന്നതു പോലെ ജനശ്രുതി രാജൻ തടാകങ്ങളും, കിണറുകളും നിർമിച്ചുകൊണ്ട് തന്റെ പ്രജകൾക്ക് എല്ലാ തരത്തിലുള്ള പാരിതോഷികങ്ങളും നൽകി.
അദ്ദേഹത്തിന്റെ സ്ഥിരമായുള്ള യജ്ഞങ്ങൾ കാരണം, വിളകൾ സമൃദ്ധമാവുകയും, മഴ രാത്രി മാത്രം പെയ്യുകയും, എലിയെപ്പോലുള്ള അനാവശ്യ ജീവികൾ അപ്രത്യക്ഷമാവുകയും ചെയ്തു. ജനശ്രുതിയുടെ ശുദ്ധമായ ധർമ്മാചരണത്താൽ പ്രജകൾ, തങ്ങൾക്ക് ഇത്തരമൊരു രാജാവിനെ ലഭിച്ചത് ഒരു അനുഗ്രഹമായി തന്നെ കരുതിപ്പോന്നു.
ദേവന്മാരും ജനശ്രുതി രാജാവിൽ സംപ്രീതനായിരുന്നു. അതിനാൽ അവർ അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശിക്കുവാൻ തീരുമാനിച്ചു. അദ്ദേഹത്തിന് നേരിട്ട് അനുഗ്രഹങ്ങൾ നൽകാം എന്ന ഉദ്ദേശത്തോടെ അവർ വെളുത്ത ഹംസങ്ങളുടെ രൂപം സ്വീകരിച്ചുകൊണ്ട് ജനശ്രുതന്റെ രാജ്യത്തിനു മുകളിലൂടെ പറന്നു. എന്നാൽ പിന്നീട് അസാധാരണമായ ഒരു സംഭവം നടന്നു.
ഒരു ഹംസം മറ്റു രണ്ടു ഹംസങ്ങളോടു കൂടി അവരുടെ കൂട്ടത്തിൽ നിന്നും വേറിട്ടു പറക്കുവാൻ തുടങ്ങി. ഇതു കണ്ട മറ്റുള്ള ഹംസങ്ങൾ ചോദിച്ചു, "പ്രിയ സഹോദരന്മാരെ നിങ്ങൾ എവിടെയാണ് പോകുന്നത്? നമ്മുടെ നേരെ താഴെയുള്ള കൊട്ടാരത്തിൽ നിൽക്കുന്ന ജനശ്രുതി രാജാവിനെ നിങ്ങൾ കണ്ടില്ലേ? സ്വന്തം ഇച്ഛയാൽ തന്നെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മാത്രം ശക്തനാണ് അദ്ദേഹം".
വേർപെട്ടുപോയ ഹംസങ്ങളുടെ നേതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു, "പ്രിയ സഹോദരന്മാരേ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ജനശ്രുതി രാജാവ് റൈക്വ മഹാമുനിയേക്കാൾ ശക്തനാണോ? ഈ മറുപടി കേട്ട മറ്റുള്ള ഹംസങ്ങൾ ആകെ കുഴങ്ങി. പക്ഷെ താഴെയുണ്ടായിരുന്ന രാജാവിന് പക്ഷികളുടെ ഭാഷ മനസ്സിലാക്കുവാൻ കഴിവുള്ളതിനാൽ, അതു ശ്രവിച്ചതിനു ശേഷം തന്റെ കൊട്ടാരത്തിന്റെ മുകളിലെ നിലയിൽ നിന്നും താഴെയിറങ്ങി താൻ കേട്ട കാര്യങ്ങളെക്കുറിച്ചു ശ്രദ്ധയോടെ ആലോചിക്കുവാൻ തുടങ്ങി. അദ്ദേഹം മഹാ എന്ന തന്റെ തേരാളിയെ വിളിക്കുവാൻ തീരുമാനിച്ചു.
രാജാവ് നിർദേശിച്ചു, "പ്രിയ മഹാ, എന്റെ ഭാഗ്യത്താൽ, റൈക്വ എന്ന മഹാ മുനിയെ കുറിച്ച് കേൾക്കുകയുണ്ടായി. എനിക്ക് അദ്ദേഹം എവിടെയാണ് വസിക്കുന്നത് എന്ന് അറിയില്ല. അതിനാൽ നീ അത് കണ്ടുപിടിക്കണം".
"എല്ലാ ദിക്കിലും അന്വേഷിക്കുക, അദ്ദേഹത്തെ കണ്ടെത്തിയത്തിനു ശേഷം മാത്രം മടങ്ങുക". വളരെ പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുത്തതിൽ സന്തോഷിച്ചുകൊണ്ട്, രാജാവിനെ പ്രണമിച്ച ഉടൻ തന്നെ മഹാ പുറപ്പെട്ടു.
ആദ്യം, അദ്ദേഹം കാശിപുരിയിലും, പിന്നീട് ഗയയിലേക്കും യാത്ര ചെയ്തു. പല പുണ്യ സ്ഥലങ്ങളും അന്വേഷിച്ച ശേഷം പുണ്യ നദിയായ യമുനാ തീരത്ത് സ്ഥിതിചെയ്യുന്ന അർദ്ധചന്ദ്രന്റെ ആകൃതിയിലുള്ള മഥുരയിൽ എത്തിച്ചേർന്നു. പരമദിവ്യോത്തമ പുരുഷനായ ശ്രീ കൃഷ്ണ ഭഗവാന്റെ വാസസ്ഥാനമാണ് മഥുര. എല്ലാ മഹാന്മാരായ ദേവന്മാരും, മുനിമാരും, ഭക്തന്മാരും മഥുര സന്ദർശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്തു കൊണ്ട് പല വിധത്തിൽ ശ്രീ കൃഷ്ണ ഭഗവാനെ പ്രീതിപ്പെടുത്തുന്നു. മഥുരയുടെ ചുറ്റുമുള്ള ഭാഗം തുളസിച്ചെടികളാലും, കല്പവൃക്ഷങ്ങൾ കൊണ്ടും, ശ്രീ കൃഷ്ണ ഭഗവാൻ ഗോക്കളോടും, ഗോപന്മാരോടും, ഗോപികമാരോടും കൂടി ആനന്ദ ലീലകളിൽ ഏർപ്പെട്ട പന്ത്രണ്ട് വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. മഥുരയുടെ മുഴുവൻ ഭൂഭാഗവും കൃഷ്ണൻ തന്റെ ഭക്തന്മാരെ ഇന്ദ്രന്റെ സർവ സംഹാരിയായ മഴയിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിച്ച ഗോവർദ്ധന പർവതത്തിന്റെ ശ്രേഷ്ഠതയാൽ കൂടുതൽ മഹത്വവൽക്കരിക്കപ്പെട്ടിരിക്കുന്നു.
അതിയായ ആനന്ദത്തോടെ മഥുരയിൽ അന്വേഷണം നടത്തിയ മഹാ, വടക്കും പടിഞ്ഞാറുമുള്ള പ്രവിശ്യകളിൽ റൈക്വ മുനിയെ തേടി നടന്നു. അവസാനം സുന്ദരവും തിളക്കമേറിയതുമായ കാശ്മീർ നഗരത്തിൽ എത്തിച്ചേർന്നു. അവിടെയുള്ള ഉപാസനാ മൂർത്തിയായ മഹാദേവനെ പ്രീതിപ്പെടുത്താൻ എല്ലാ തരത്തിലുമുള്ള ആഘോഷങ്ങളും നടക്കുന്നുണ്ടായിരുന്നു. അവിടെയുള്ള മഹാദേവൻ മണികേശ്വരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. മറ്റു രാജ്യങ്ങളിലെ രാജാക്കന്മാരെ തോൽപ്പിച്ച ശേഷം മടങ്ങിയെത്തിയ കാശ്മീരിലെ രാജാവ് ആർഭാടപൂർവ്വം മഹാദേവനെ ആരാധിച്ചു. ആ രാജാവ് വലിയ ശിവ ഭക്തൻ ആയിരുന്നു. അതിനാൽ അദ്ദേഹവും മണികേശ്വരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി അഗ്നി യജ്ഞങ്ങൾ ആ നഗരത്തിൽ നടത്തപ്പെട്ടു. ഇതുകാരണം അവയിൽ നിന്നുള്ള പുക മേഘങ്ങൾ ആ നഗരത്തിനു മുകളിൽ അലങ്കാരമായി മാറി. സാധാരണ ജനങ്ങൾ പോലും ദേവന്മാരോളം സുന്ദരന്മാരായി കാണപ്പെടുന്ന അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്.
ഈ കാഴ്ചകൾ എല്ലാം അതീവ ആനന്ദത്തോടെ വീക്ഷിച്ച മഹാ, ഒരു അതിമനോഹരമായ ക്ഷേത്രത്തിന്റെ കവാടത്തിൽ എത്തിച്ചേർന്നു. അപ്പോൾ അദ്ദേഹത്തിന്റെ നേത്രങ്ങൾ റൈക്വ മഹാ മുനിയുടെ അസാധാരണമായ സവിശേഷതകൾക്കുമേൽ ശ്രദ്ധ പതിച്ചു. അദ്ദേഹം ഒരു വൃക്ഷത്തിനു കീഴിൽ ഉപവിഷ്ടനായിരിക്കുന്നത് മഹാ കാണുകയുണ്ടായി. മുനിയുടെ തേജസ്സുറ്റ ശരീരം ദർശിച്ച മാത്രയിൽ തന്നെ ഇതു താൻ അന്വേഷിച്ചു നടക്കുന്ന ആ മഹാത്മാവാണെന്ന് അദ്ദേഹത്തിന്റെ ഉള്ളിൽ അനുഭവപ്പെട്ടു.
റൈക്വ മുനിയുടെ പാദത്തിൽ വീണ ശേഷം യാചിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. "മഹാ മുനേ, അങ്ങയുടെ നാമവും വാസസ്ഥാനവും ദയവായി പറഞ്ഞാലും, അങ്ങ് മഹത് വ്യക്തിയാണെന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. അങ്ങ് ഇവിടെ വസിക്കുന്നതിന്റെ ഉദ്ദേശ്യം ദയവായി പറഞ്ഞാലും".
മഹായുടെ ഉത്സാഹഭരിതമായ വാക്കുകൾക്കു മുൻപിൽ നിർവികാരനായി കാണപ്പെട്ട റൈക്വ മുനി ധ്യാനനിരതനായി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം മറുപടി പറഞ്ഞു. "ഞാൻ റൈക്വ എന്ന നാമത്തിൽ അറിയപ്പെടുന്നു. ഞാൻ പൂർണ സംതൃപ്തനാണ്, എനിക്ക് യാതൊന്നും ആവശ്യം ഇല്ല".
അദ്ദേഹത്തിന്റെ ഉത്കൃഷ്ടമായ വാക്കുകൾ കേട്ട മഹായുടെ ഹൃദയം പുളകം കൊണ്ടു. തന്റെ രാജാവ് ഈ ദൗത്യം പൂർത്തിയാക്കിയതിൽ സംപ്രീതനാകുമെന്നു മനസ്സിലാക്കിയ അദ്ദേഹം ഉടനെ മടങ്ങി.
കുറേയേറെ ദൂരമുള്ള യാത്രയ്ക്കു ശേഷം പൈതനിൽ മടങ്ങിയെത്തിയ മഹാ, ജനശ്രുതി രാജാവിനെ പ്രണമിച്ച ശേഷം എല്ലാ കാര്യങ്ങളും വിവരിച്ചു നൽകി.
"വളരെ നന്നായി", രാജൻ പറഞ്ഞു "എന്റെ ഏറ്റവും വേഗമേറിയ രഥം തയ്യാറാകൂ, അവ നിറയെ അമൂല്യ രത്നങ്ങൾ നിറയ്ക്കൂ. നാളെ സൂര്യോദയത്തിൽ തന്നെ നമ്മൾ പുറപ്പെടുന്നു".
ആ ദിവസം രാവിലെ തന്നെ അവർ മുഴുവൻ വേഗതയിൽ കാശ്മീരിലേക്ക് യാത്രയായി, അവസാനം അവിടെ എത്തിയ അവർ നഗരത്തിൽ പ്രവേശിച്ചു. മഹാ ഉടനെ തന്നെ രാജാവിനെ റൈക്വ മുനിയുടെ വാസസ്ഥാനത്തേക്ക് കൂട്ടി കൊണ്ടു പോയി. പ്രശസ്തനായ ആ മുനിയെ കണ്ട് ആഹ്ലാദഭരിതനായ രാജാവ്, അദ്ദേഹത്തിന്റെ പാദത്തിൽ വീണു കൊണ്ട് പട്ടു വസ്ത്രങ്ങളും രത്നങ്ങളും സമ്മാനമായി നൽകി.
എന്നാൽ മഹാമുനി, കോപകുലനായിക്കൊണ്ട് പറഞ്ഞു, "ഹേ വിഡ്ഡീ ഈ ഉപയോഗ ശൂന്യ വസ്തുക്കൾ കൊണ്ട് എനിക്ക് എന്ത് പ്രയോജനമാണ് ഉള്ളത്. ഇപ്പോൾ തന്നെ ഇവ എടുത്തുകൊണ്ടു പോകൂ".
രാജാവ് തന്റെ തെറ്റ് മനസ്സിലാക്കി, മുനിയുടെ പാദത്തിൽ വീണ്ടും വീണുകൊണ്ടു മാപ്പപേക്ഷിച്ചു. രാജാവ് അപേക്ഷിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ ആത്മസത്തയെ കുറിച്ച് യാതൊന്നും അറിയാത്ത വെറുമൊരു ഭൗതിക വാദിയായ വിഡ്ഢിയാണ്. പക്ഷെ അങ്ങ് അനാസക്തനും ഭഗവാനോടുള്ള ഭക്തിയിൽ പൂർണത കൈവരിച്ചതുമായ വ്യക്തിയാണ്. അതിനാൽ ദയവായി എനിക്ക് ഉപദേശങ്ങൾ തന്നാലും, അതുവഴി ഞാൻ ഉൽകൃഷ്ട തലത്തിലേക്ക് ഉയർത്തപ്പെടും".
രാജാവിന്റെ വിനയാന്വിതമായ സമർപ്പണത്തിൽ സംപ്രീതനായ റൈക്വ മുനി, ഒരു മന്ദഹാസത്തോടെ വിവരിച്ചു. "ഞാൻ ശ്രീ കൃഷ്ണ ഭഗവാൻ ഉപദേശിച്ച ഭഗവദ് ഗീതയുടെ ആറാം അദ്ധ്യായത്തിലെ മനോഹരമായ ശ്ലോകങ്ങൾ ദിവസവും പാരായണം ചെയ്യാറുണ്ട്. ഞാൻ നിനക്ക് ഈ ശ്ലോകങ്ങൾ പഠിപ്പിച്ചു തരാം, അതുവഴി നീ ജീവിതത്തിന്റെ പരിപൂർണത നേടും".
ആ ദിനം മുതൽ ജനശ്രുതി രാജാവ് വിശ്വാസത്തോടെ ആ ശ്ലോകങ്ങൾ പാരായണം ചെയ്യുവാൻ തുടങ്ങി, നിശ്ചിത കാലത്തിനു ശേഷം ഒരു ദിവ്യ വിമാനം വരികയും അദ്ദേഹത്തെ വൈകുണ്ഡത്തിലേക്ക് സ്വീകരിക്കുകയും ചെയ്തു.
കുറച്ചു കാലങ്ങൾക്കു ശേഷം റൈക്വ മഹാമുനിയെ കൂടി വൈകുണ്ഡത്തിലേക്ക് സ്വീകരിച്ചു, അവിടെ അദ്ദേഹം പരമദിവ്യോത്തമ പുരുഷനായ ശ്രീ കൃഷ്ണ ഭഗവാന്റെ ശാശ്വത സേവനം തുടർന്നു കൊണ്ടേയിരുന്നു.
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment