ഗീതാ മാഹാത്മ്യം
(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆
ഒന്നാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆🔆
ലക്ഷ്മിദേവി ഭഗവാൻ വിഷ്ണു വിനോടാരാഞ്ഞു , " പ്രിയ ഭഗവാനേ ഭഗവദ് ഗീതയുടെ മഹത്വവുമായി ബന്ധപ്പെട്ട് അങ്ങ് സുശർമൻ എന്ന ഒരു മഹാ ഭക്തന്റെ നാമത്തെക്കുറിച്ച് വിവരിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി, അദ്ദേഹം ഏത് വർണ്ണത്തിൽപ്പെട്ടവനാണ് ?, അങ്ങയോടുള്ള ഭക്തിയാൽ അദ്ദേഹം ഏത് സ്ഥാനമാണ് പ്രാപ്തമാക്കിയതെന്നും കാരുണ്യ പൂർവ്വം പറഞ്ഞാലും." ഭഗവാൻ വിഷ്ണു മറുപടി പറഞ്ഞു, " പ്രിയ ലക്ഷ്മീദേവി, സുശർമൻ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിൽ പോലും അവന്റെ കുടുംബാംഗങ്ങളെല്ലാം തന്നെ വേദജ്ഞാനമില്ലാത്തവരായിരുന്നു. സുശർമൻ ക്രൂരസ്വഭാവിയായിരുന്നു.മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തി. അവൻ ഒരിക്കലും ദാനം നൽകിയില്ല, അഥിതികളെ സ്വീകരിച്ചില്ല, എന്റെ നാമങ്ങൾ ഉച്ചരിച്ചതുമില്ല. സത്യം പറയുകയാണെങ്കിൽ അവന് സദ്ഗുണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അങ്ങനെ സുശർമൻ ഇലകൾ വിറ്റുകൊണ്ട് ജീവിതം തള്ളി നീക്കി, മാത്രമല്ല അങ്ങനെ ലഭിക്കുന്ന ധനം അവൻ മദ്യത്തിനും മാംസം ഭക്ഷിക്കുന്നതിനുമായി ഉപയോഗിച്ചു.
ഒരിക്കൽ ആ വിഡ്ഢിയായ മനുഷ്യൻ ഒരു സാധുവിന്റെ പൂന്തോട്ടത്തിൽ നിന്നും ഇലകൾ ശേഖരിക്കുവാൻ പോയപ്പോൾ ഒരു ക്രുദ്ധനായ പാമ്പിന്റെ കടിയേറ്റു. അങ്ങനെ സുശർമൻ മരിക്കുകയും, ചെയ്ത പാപങ്ങളുടെ ഫലമായി വിവിധ നരകങ്ങളിൽ കാലങ്ങളോളം ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തു. അവസാനം അവൻ ഒരു കാളയായി ജനിച്ചു, ആ കാളയെ ഒരു മുടന്തനായ വ്യക്തി വാങ്ങുകയും ഭാരം ചുമക്കാനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഏഴോ എട്ടോ വർഷങ്ങൾ ഈ കാള അതി കഠിനമായി പണിയെടുത്തു, അങ്ങനെ ഒരു ദിവസം അവൻ ഭാരം താങ്ങാൻ കഴിയാതെ ബോധ രഹിതനായി നിലംപതിച്ചു.
ഇതിൽ സഹതാപം തോന്നിയ കുറേ ആളുകൾ അവന്റെ ചുറ്റും നിന്നുകൊണ്ട് ആ കാളയുടെമേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞു.
ആ കൂട്ടത്തിൽ ഒരു വേശ്യ സ്ത്രീ കൂടി ഉണ്ടായിരുന്നു, അവൾക്ക് താൻ ചെയ്ത പുണ്യകർമ്മങ്ങളെ കുറിച്ച് യാതൊരുവിധ ധാരണയും ഉണ്ടായിരുന്നില്ലെങ്കിലും, താൻ ഏതെങ്കിലും വിധത്തിൽ പുണ്യ കർമ്മം ചെയ്തിട്ടുണ്ടെങ്കിൽ അത് ആ കാളയ്ക്ക് സമർപ്പിക്കുവാൻ തയ്യാറായി. അങ്ങനെ ആ കാള ചത്തു.
മൃത്യുവിന്റെ ദേവൻ യമരാജൻ അവനെ അറിയിച്ചു " ഒരു വേശ്യയുടെ അനുഗ്രഹം കാരണം നിന്റെ സർവ്വ പാപങ്ങളും ഇല്ലാതായിരിക്കുന്നു." അതിനു ശേഷം സുശർമൻ ഒരു ഉയർന്ന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു, അദ്ദേഹത്തിന് തന്റെ പൂർവ ജന്മങ്ങൾ ഓർക്കാമായിരുന്നു. ആളുന്ന ഔൽസുക്യം മൂലം, ആ അനുഗ്രഹീതനായ ബ്രാഹ്മണൻ ആ വേശ്യ സ്ത്രീയെ അന്വേഷിച്ചിറങ്ങി. അദ്ദേഹം ആ സ്ത്രീയെ കണ്ടെത്തി, സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ചോദിച്ചു, "എന്റെ എല്ലാ പാപങ്ങളും ഇല്ലാതാക്കും വിധം എന്ത് പുണ്യകർമ്മമാണ് നിങ്ങൾ അനുഷ്ഠിച്ചത്, ദയവായി വിശദീകരിച്ചാലും."
വേശ്യ മറുപടി പറഞ്ഞു, "എന്റെ ഗൃഹത്തിൽ ഒരു കൂട്ടിൽ തത്തയെ വളർത്തുന്നുണ്ട്, എല്ലാ ദിവസവും ഈ തത്ത എന്തോ സ്തുതിക്കുന്നത് കേൾക്കാം, അവ കേൾക്കുമ്പോൾ എന്റെ ഹൃദയത്തിൽ ആശ്ചര്യകരമാം വിധം പരിശുദ്ധീകരണം നടക്കുന്നതായി തോന്നി. അതിനാൽ ഈ സ്തുതികൾ ശ്രവിച്ചതിന്റെ ഫലമായി ഞാൻ എന്തൊക്കെയോ പുണ്യം നേടിയതായി ഞാൻ വിശ്വസിക്കുന്നു, അവയാണ് ഞാൻ എന്റെ അനുഗ്രഹം വഴി നിങ്ങൾക്ക് നൽകിയത്.
നമുക്ക് ആ പക്ഷിയോട് തന്നെ ചോദിച്ചു സത്യം മനസ്സിലാക്കാം."
തത്തയോട് ഇത് ചോദിച്ചപ്പോൾ തന്റെ പൂർവ ജന്മത്തെ കുറിച്ച് ഓർമയുണ്ടായിരുന്ന തത്ത ആ കഥ പറയുവാൻ തുടങ്ങി. അവൻ പറഞ്ഞു, "കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു അഭിമാനിയും അസൂയാലുവുമായ ഒരു ബ്രാഹ്മണൻ ആയിരുന്നു, എന്റെ നിന്ദ്യ മനോഭാവം കാരണം മറ്റുള്ള പണ്ഡിതന്മാരെ ഞാൻ നിന്ദിച്ചിരുന്നു. ഈ കാരണത്താൽ എന്റെ മരണ ശേഷം ഞാൻ നരകത്തിൽ പതിക്കുകയും കാലങ്ങളോളം ശിക്ഷ അനുഭവിക്കുകയും ചെയ്തു. അങ്ങനെ നിങ്ങൾ ഇപ്പോൾ കാണുന്ന തത്തയുടെ ശരീരം എനിക്ക് ലഭിച്ചു. അതുമാത്രമല്ല എന്റെ പൂർവ്വജന്മ പാപകർമ്മങ്ങളുടെ ഫലമായി, എന്റെ മാതാവും പിതാവും ഞാൻ മുട്ടയിൽ ഇരിക്കുമ്പോൾ തന്നെ മരണപ്പെട്ടു, ഭാഗ്യവശാൽ ചില സാധുക്കൾ ഞാൻ ചൂടുള്ള മണലിൽ സുരക്ഷിതമല്ലാതെ കിടക്കുന്നത് കാണുകയുണ്ടായി, അവർ എന്നെ രക്ഷിക്കുകയും അവരുടെ ആശ്രമത്തിൽ കൊണ്ടുപോയി അവിടെയുള്ള കൂട്ടിൽ പാർപ്പിക്കുകയും ചെയ്തു. കൂടുതൽ ഭാഗ്യം നൽകികൊണ്ട് ആ ഋഷിമാർ അവരുടെ പുത്രന്മാരെ ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം നിത്യവും പഠിപ്പിച്ചു. അവർ ആ ശ്ലോകങ്ങൾ ആവർത്തിക്കുന്നത് നിത്യവും കേൾക്കുന്നതിനാൽ എനിക്കും അവ ഹൃദിസ്ഥമാക്കാൻ കഴിഞ്ഞു. കുറച്ചു കഴിഞ്ഞ് എന്നെ ഒരു കള്ളൻ അപഹരിക്കുകയും ഈ നല്ല സ്ത്രീക്ക് വിൽക്കുകയും ചെയ്തു."
ഈ കഥ കേട്ട് വിസ്മയിച്ച സുശർമൻ, ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം പഠിക്കുകയും, പിന്നീടദ്ദേഹം ഒരു മുക്താത്മാവായി മാറുകയും ചെയ്തു.
ഭഗവാൻ വിഷ്ണു ഉപസംഹരിച്ചു, " നിത്യവും ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം പാരായണം ചെയ്തതു വഴി ആ തത്തയും, വേശ്യയും , സുശർമനും, പൂർണ്ണമായി പരിശുദ്ധരാവുകയും ആത്മീയ ലോകമാകുന്ന വൈകുണ്ഡം പ്രാപിക്കുകയും ചെയ്തു".
ശേഷം മഹാദേവൻ പാർവ്വതീ ദേവിയോടു പറഞ്ഞു, ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം ശ്രവിക്കുകയോ, പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്ന ഏതൊരാളും ജനന മരണങ്ങളുടെ സമുദ്രത്തിൽ നിന്നും എളുപ്പത്തിൽ രക്ഷ നേടിക്കൊണ്ട് ശ്രീ കൃഷ്ണ ഭഗവാന്റെ ദിവ്യ സേവനത്തിൽ ഏർപ്പെടുന്നു."
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment