ധേനുകാസുര വധം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
തങ്ങളുടെ ബാല്യകാലത്ത് (പൗഗണ്ഡലീല) ഒരു ദിവസം ബലരാമനും കൃഷ്ണനും പശുക്കളെ തെളിച്ചുകൊണ്ട് ഒരു തെളിഞ്ഞ തടാകത്താൽ അലംകൃതമായതും അത്യാകർഷകവുമായ കാനന പ്രദേശത്തെത്തി. അവിടെ കൂട്ടുകാരൊത്ത് അവൻ കാനനലീലകൾ ആരംഭിച്ചു. ക്ഷീണം ഭാവിച്ച്,ബലരാമൻ ഒരു ഗോപബാലന്റെ മടിയിൽ തല വെച്ച് കിടന്നു. അപ്പോൾ കൃഷ്ണൻ വന്ന് ജ്യേഷ്ഠന്റെ കാലു തിരുമ്മി ക്ഷീണമകറ്റിക്കൊടുക്കാൻ ശ്രമിച്ചു. അതുകഴിഞ്ഞപ്പോൾ കൃഷ്ണനും മറ്റൊരു സുഹൃത്തിന്റെ മടിയിൽ തലവെച്ച് വിശ്രമിച്ചു. മറ്റൊരു ഗോപബാലൻ കൃഷ്ണന്റെ പാദങ്ങൾ തടവി .ഇങ്ങനെ കൃഷ്ണനും ബലരാമനും സുഹൃത്തുക്കളും വിവിധതരം കളികളാസ്വദിച്ചു. ഇങ്ങനെ കളിക്കുന്നതിനിടയിൽ ശ്രീദാമനും സുബലനും സ്തോകകൃഷ്ണനും മറ്റു ഗോപബാലന്മാരും, ദുഷ്ടനും ആരാലും നിയന്ത്രിക്കാൻ കഴിയാത്തവനുമായ ധേനുകൻ എന്ന അസുരനെക്കുറിച്ച് കൃഷ്ണബലരാമന്മാരോടു പറഞ്ഞു. ഗോവർദ്ധന പർവതത്തിനരികിലുള്ള താലവനത്തിൽ കഴുതയുടെ രൂപം ധരിച്ചാണവൻ വസിച്ചിരുന്നത്. ആ വനത്തിൽ മധുരമുള്ള പലതരം പഴങ്ങളുണ്ട്. പക്ഷേ ഈ അസുരനെപ്പേടിച്ച് ആരും ആ പഴങ്ങളാസ്വദിക്കുവാൻ മുതിരുകയില്ല. അതിനാൽ അവനെയും കൂട്ടുകാരെയും ,ആരെങ്കിലും കൊന്നേ പറ്റൂ. ഇക്കാര്യം മനസ്സിലായ ഉടൻ തന്നെ കൃഷണബലരാമന്മാർ തങ്ങളുടെ കൂട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ ആ കാട്ടിലേയ്ക്ക് പുറപ്പെട്ടു.താലവനത്തിലെത്തിയതും ബലരാമഭഗവാൻ പനമരങ്ങളെ കുലുക്കി പഴങ്ങൾ വീഴ്ത്താൻ തുടങ്ങി, അപ്പോഴേക്കും ബലരാമനെ ആക്രമിക്കാൻ ധേനുകാസുരൻ പാഞ്ഞടുത്തു. ബലരാമൻ അവന്റെ പിൻകാലുകളിൽ ഒറ്റകൈക്കെക്കൊണ്ടു പിടിച്ച് വട്ടം കറക്കി. വൃക്ഷങ്ങളുടെ മുകളിലേയ്ക്ക് ഒരേറ് കൊടുത്തു അതോടെ അവന്റെ ജീവനും പോയി. ധേനുകാസുരന്റെ മിത്രങ്ങൾ കോപിഷ്ടരായി ആക്രമിക്കാൻ ഓടിയടുത്തു.കൃഷ്ണനും ബലരാമനും ഒന്നൊന്നായി അവയെയെല്ലാം പിടിച്ചെടുത്ത് ചുഴറ്റിയെറിഞ്ഞു കൊന്നു. അങ്ങനെ ആ ശല്യങ്ങളെല്ലാം ഒടുങ്ങി. കൃഷ്ണബലരാമന്മാർ ഗോകുലത്തിൽ മടങ്ങിയെത്തിയപ്പോൾ യശോദയും രോഹിണിയും അവരെ മടിയിലിരുത്തി മുഖങ്ങളിൽ ചുംബനങ്ങളർപ്പിച്ച്, രുചികരമായി തയ്യാറാക്കിയ ഭക്ഷണം കൊടുത്ത് ഉറങ്ങാൻ കിടത്തി.
(ശ്രീമദ് ഭാഗവതം /അദ്ധ്യായം 15 ന്റെ ചുരുക്കം)
🔆🔆🔆🔆🔆🔆🔆🔆
ധേനുകാസുരൻ നമ്മുടെ ഉള്ളിൽ കുടി കൊണ്ടിരിക്കുന്ന സ്ഥൂലമായ ഭൗതിക ജ്ഞാനത്തെയും, ആത്മീയ ജ്ഞാനത്തെ കുറിച്ചുള്ള ഒരുവന്റെ അജ്ഞതയേയും സൂചിപ്പിക്കുന്നുവെന്ന് ഭക്തി വിനോദ ഠാക്കൂർ തൻറെ ചൈതന്യ ശിക്ഷാ മൃതത്തിൻറെ ഭാവാർത്ഥത്തിൽ വിശദീകരിക്കുന്നു..
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment