ഗീതാ മാഹാത്മ്യം
(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆
ശ്രീമദ് ഭഗവദ് ഗീത പതിമൂന്നാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆🔆
മഹാദേവൻ പറഞ്ഞു, "പ്രിയ പാർവതീ ദേവി, ഭഗവദ് ഗീതയുടെ പതിമൂന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട മഹിമയാർന്ന ഒരു കഥ ദയവായി ശ്രവിച്ചാലും. അത് തീർച്ചയായും നിന്റെ ഹൃദയത്തിന് ആനന്ദം പ്രദാനം ചെയ്യുന്നതാണ്.
ദക്ഷിണ ദേശത്തിലെ തുങ്കഭദ്ര നദീ തീരത്തെ ഒരു വശ്യ മനോഹരമായ പട്ടണമാണ് ഹരിഹർപൂർ. ഹരിഹരൻ എന്നറിയപ്പെടുന്ന മഹാദേവന്റെ നാമത്താലാണ് ഈ പട്ടണത്തിന് നാമകരണം ചെയ്തിരിക്കുന്നത്. അദ്ദേഹം അവിടെ വിഗ്രഹ രൂപത്തിൽ വസിച്ചുകൊണ്ട് തന്നെ സന്ദർശിക്കുന്ന എല്ലാവർക്കും അനുഗ്രഹം ചൊരിയുന്നു.
ആ പട്ടണത്തിൽ ഹരി ദീക്ഷിത് എന്നു പേരായ ഒരു പണ്ഡിത ബ്രാഹ്മണൻ വസിച്ചിരുന്നു. അദ്ദേഹം തന്റെ ലളിതവും നിഷ്‌ഠയേറിയതുമായ ജീവിത ക്രമത്താൽ അറിയപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു. എന്നാൽ ഇതിനു വിപരീതമായ ഒരു ഭാര്യയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവിടെയുള്ള ജനങ്ങൾ അവളെ ദുരാചാര എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. മോശമായ പെരുമാറ്റം ഉള്ളവൾ എന്നത്രേ ഇതിനർത്ഥം. അവൾ സ്വന്തം ഭർത്താവിനോട് മോശമായ രീതിയിൽ പെരുമാറുകയും പരുഷമായി കഠിനമായ പദങ്ങൾ അദ്ദേഹത്തിനെതിരെ ഉപയോഗിക്കുകയും ചെയ്തിരുന്നു. തന്റെ ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് നേരെയും അവൾ ഇതേ സ്വഭാവം തന്നെ സ്വീകരിച്ചു. ദുരാചാര മദ്യപാനത്തിലും തന്റെ കാമുകന്മാരുമായി സംഗമിക്കുന്നതിനുമായി അവളുടെ സമയം ചിലവഴിച്ചു കൊണ്ടിരുന്നു. എന്നാൽ അവൾ ഒരിക്കലും സംതൃപ്തയായിരുന്നില്ല. ആ പട്ടണത്തിലെ ജനസംഖ്യ വർദ്ധിക്കുന്നതിനാൽ, അവൾ വനത്തിനുള്ളിൽ കാമുകന്മാരുമായി രഹസ്യമായി സമ്മേളിക്കുവാനുള്ള സ്ഥലം നിർമ്മിച്ചു.
ഒരു രാത്രി, ആളിക്കത്തുന്ന ആഗ്രഹത്താൽ ദുരാചാര തന്റെ ഏതെങ്കിലുമൊരു കാമുകനെ കാണാമെന്ന ആഗ്രഹത്തോടുകൂടി വനത്തിലെ സമ്മേളന സ്ഥലത്ത് എത്തിച്ചേർന്നു. ആരെയും കാണുവാൻ കഴിയാതെ അവൾ നിരാശയോടെ വനത്തിലെ വഴികളിൽ അന്വേഷിച്ചു നടന്നു, ഏതെങ്കിലും ഒരു വ്യക്തിയെ കണ്ടെത്തി മദ്യപാനം നടത്തി തന്റെ കാമത്തെ തൃപ്തിപ്പെടുത്താം എന്ന ഉദ്ദേശത്തോടുകൂടി. ഏറെനേരം അലഞ്ഞു നടന്നതിനു ശേഷം അവൾ മാനസികമായും ശാരീരികമായും ക്ഷീണിതയായി. അവൾക്ക് തന്റെ ആഗ്രഹ പൂർത്തീകരണം നടത്തുവാൻ സാധിക്കാത്തതിനാ അവളുടെ ഹൃദയവും ശിരസ്സും , വേദനയാലും നിരാശയാലും നിറഞ്ഞു. ആ ദുർബലമായ അവസ്ഥയിൽ അവൾ മണ്ണിൽ ഇരുന്നുകൊണ്ട് കരഞ്ഞു.
അതിനടുത്തു തന്നെ ഒരു വിശന്നു വലഞ്ഞ കടുവ വിശ്രമിക്കുന്നുണ്ടായിരുന്നു. ആ രോദനം കേട്ടയുടൻ, കടുവ ദുരാചാര ഇരിക്കുന്ന സ്ഥലത്തേക്ക് അതിവേഗം സമീപിച്ചു. ദുരാചാര തന്റെ സമീപത്തേക്ക് വരുന്ന കാലടികൾ കേൾക്കുകയും, അത് തന്റെ കാമുകന്മാരിൽ ഒരാൾ ആണെന്ന് കരുതി ആലിംഗനം ചെയ്യുവാനായി തയ്യാറായി എഴുന്നേറ്റു നിൽക്കുമ്പോൾ ഭയപ്പെടുത്തി കൊണ്ട് ഇരുട്ടിന്റെ മറനീക്കി ആ ഭയാനകനായ കടുവ പ്രത്യക്ഷമായത്. കടുവയുടെ ക്രൂരമായ കണ്ണുകളും, മൂർച്ചയേറിയ പല്ലുകളും മാരകമായ നഖങ്ങളും കണ്ടു ഭയത്താൽ അവൾ വിറച്ചു.
ആ മൃഗം ചാടി വീഴുന്നതിന്ന് മുൻപേ അവൾ നിലവിളിച്ചു കൊണ്ടു ചോദിച്ചു. "ഓ കടുവേ, എന്നെ പിച്ചി ചീന്തുന്നതിനു മുൻപ് നീ ആരാണെന്നും, നീ എന്തുകൊണ്ടാണ് ഇവിടെ എന്നതും കൂടി ദയവായി പറഞ്ഞാലും."
ആ കടുവ അവളുടെ ഈ അഭ്യർത്ഥന കേട്ട് ഉടനെ മറുപടി പറഞ്ഞു. "എന്റെ ഭാഗ്യത്താൽ എനിക്ക് എന്റെ പൂർവ്വജന്മം ഓർക്കുവാൻ സാധിക്കുന്നു. മാത്രമല്ല എനിക്ക് കർമ്മത്തിന്റെ നിയമങ്ങളെയും മനസ്സിലാക്കുവാൻ സാധിക്കുന്നു. അതിനാൽ ഞാൻ സന്ന്യാസികൾ, ചാരിത്രവതികളായ സ്ത്രീകൾ എന്നിവരെ ഭക്ഷിക്കാറില്ല. പക്ഷേ നീ വളരെ ദുഷിച്ച സ്ത്രീ ആയതിനാൽ നിന്നെ തീർച്ചയായും എന്റെ ഭക്ഷണമാക്കുന്നതായിരിക്കും. എങ്കിലും നീ അഭ്യർത്ഥിച്ചതിനാൽ ഞാൻ എന്റെ കഥ പറയാം."
"ഞാൻ പൂർവ്വ ജന്മത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിൽ പോലും, എനിക്ക് ഒരു നല്ല ഗുണവും ഉണ്ടായിരുന്നില്ല. അനിയന്ത്രിതമായ രീതിയിൽ ജീവിച്ച ഞാൻ കൃപണനും അത്യാഗ്രഹിയുമായിരുന്നു.. ഞാൻ പണത്തിനു മാത്രമായി നദീ തടത്തിൽ ഇരുന്നു കൊണ്ട് യജ്ഞങ്ങളും മറ്റ് ധാർമ്മിക അനുഷ്ഠാനങ്ങളും നടത്തിപ്പോന്നു. ഞാൻ എന്റെ സുഖത്തിൽ മാത്രം തൽപ്പരനായിരുന്നു. മാത്രമല്ല അർഹരായ ഒരു വ്യക്തിക്കും ഞാൻ ദാനം നൽകിയതുമില്ല."
"കാലത്തിന്റെ ഗതിയിൽ വാർദ്ധക്യം എന്നെയും ബാധിച്ചു. എന്റെ കാഴ്ച ശക്തി കുറഞ്ഞു, എന്റെ പല്ലുകൾ പൊഴിയുവാൻ തുടങ്ങി, എന്റെ മുടിയിൽ നര ബാധിച്ചു. എങ്കിലും ഞാൻ അനാവശ്യമായി ധനം സമാഹരിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. ഒരു ദിവസം ഞാൻ ബ്രാഹ്മണർ എന്ന് പറയപ്പെടുന്ന ചിലരുടെ ഗൃഹത്തിൽ സന്ദർശിക്കുകയുണ്ടായി. വളരെ ക്രൂരന്മാരായ അവർ അവരുടെ നായകളെ എന്റെ നേർക്ക് അയച്ചു. ആ ക്രൂരന്മാരായ നായകളിൽ ഒന്ന് എന്റെ കാലിൽ മാരകമായി കടിച്ചു. അതുകാരണം ഞാൻ ചലിക്കുവാൻ സാധിക്കാത്ത വിധം നിലം പതിച്ചു. ഒരു സഹായവും ലഭിക്കാതെ ഞാൻ മരണപ്പെടുകയും ചെയ്തു. എന്റെ പാപ പ്രവർത്തനങ്ങൾ കാരണം എനിക്ക് ഈ കടുവയുടെ ശരീരം ലഭിച്ചു. ഇതാണ് എന്റെ കഥ. ഹേ ദുഷിച്ച സ്ത്രീ, ഇനി ഞാൻ നിന്നെ ഭക്ഷണമാക്കാം." ശേഷം കടുവ അവളെ ഭക്ഷിച്ചു.
യമ ദൂതന്മാർ ദുരാചാരയുടെ ആത്മാവിനെ വലിച്ചിഴച്ചുകൊണ്ട് ഭയാനകമായ നരകത്തിൽ തള്ളി. അവളെ ദുർഗന്ധമേറിയ ചതുപ്പിൽ തള്ളിയിട്ടു. അവിടെ അവൾ ദശലക്ഷക്കണക്കിനു വർഷങ്ങൾ യാതനകൾ അനുഭവിച്ച ശേഷം, രൗരവം എന്ന നരകത്തിൽ തള്ളപ്പെട്ടു. അവിടെ അവൾ അസഹനീയമായ വേദനകൾ യുഗങ്ങളോളം അനുഭവിച്ചു. ശേഷം അവൾ ഭൂമിയിൽ ഒരു നായമാംസം ഭക്ഷിക്കുന്ന ചണ്ഡാള സ്ത്രീയായി ജനിക്കുകയും, അപ്പോഴും തന്റെ പാപ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയും ചെയ്തു.
നിർഭാഗ്യവശാൽ അവൾക്ക് കുഷ്ഠവും ക്ഷയരോഗവും പിടിപെട്ടു. എന്നാൽ ചില പുണ്യകർമ്മങ്ങൾ കാരണം അവൾക്ക് ഹരിഹർപൂർ എന്ന പുണ്യസ്ഥലം സന്ദർശിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അവിടെ മഹാദേവന്റെ പത്നിയായ പാർവതീ ദേവിയുടെ ക്ഷേത്രത്തിനു സമീപം, മഹാനായ സാധു വാസുദേവൻ പവിത്രമായ മന്ത്രങ്ങൾ പാരായണം ചെയ്യുന്നത് അവൾ ശ്രവിക്കുകയുണ്ടായി. അദ്ദേഹം ഭഗവദ് ഗീതയുടെ പതിമൂന്നാം അധ്യായം തുടരെ പാരായണം ചെയ്തു കൊണ്ടിരുന്നു. തുടരെ തുടരെ അതു കേൾക്കുന്നതുവഴി അവൾ എല്ലാ പാപങ്ങളിൽ നിന്നും മോചിതയായി ദിവ്യമായ ചതുർഭുജ രൂപം ലഭിച്ചശേഷം വൈകുണ്ഠത്തിലേക്ക് മടങ്ങി. ഈ രീതിയിൽ അവർ തന്റെ ജീവിതം പരിപൂർണ്ണമാക്കി. ജയ ശ്രീകൃഷ്ണ !
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment