Home

Sunday, October 4, 2020

ശിക്ഷാഷ്ടകം


ശിക്ഷാഷ്ടകം

 രചന - ചൈതന്യമഹാപ്രഭു 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ശ്ളോകം 1

🔆🔆🔆🔆🔆🔆🔆

ചേതോ-ദർപണ-മാർജനം ഭവ-മഹാ-ദാവാഗ്നി-നിർവാപണം

ശ്രേയഃ-കൈരവ-ചന്ദ്രികാ-വിതരണം വിദ്യാ-വധൂ-ജീവനം 

ആനന്ദ-അംബുധി-വർധനം പ്രതി-പദം പൂർണാമൃതാസ്വാദനം

സർവാത്മസ്നപനം പരം വിജയതേ ശ്രീകൃഷ്ണ സങ്കീർത്തനം


വിവർത്തനം

🔆🔆🔆🔆🔆🔆🔆


ജനന മരണ പുനരാവർത്തന ബദ്ധ ജീവിതാഗ്നിയെ നശിപ്പിക്കുന്നതും, വർഷങ്ങളായി ഹൃദയത്തിലടിഞ്ഞുകൂടിയ സർവ മാലിന്യങ്ങളെയും നിർമ്മാർജനം ചെയ്യുന്നതുമായ ശ്രീകൃഷ്ണ സങ്കീർത്തനം വിജയിക്കട്ടെ. ആശിർവാദ സുധാംശുവിന്റെ നിലാവ് പരത്തുകയാൽ, സങ്കീർത്തന  പ്രസ്ഥാനം സമസ്ത മാനവ രാശിയുടെയും പരമവും, പ്രഥമവുമായ അനുഗ്രഹമാകുന്നു.  അത് സർവ അതീന്ദ്രിയ ജ്ഞാനത്തിന്റെയും  ജീവനാകുന്നു. അത് അതീന്ദ്രിയ പരമാനന്ദ സാഗരത്തെ വർദ്ധിപ്പിക്കുന്നുവെന്നു മാത്രമല്ല, ഏത് അമൃതമധുരമായ രസമാണോ ആസ്വദിക്കാൻ നാം ഉത്സുകരായിരിക്കുന്നത്, ആ പീയുഷ പാനം സങ്കീർത്തനം സാധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു.


ശ്ളോകം 2

🔆🔆🔆🔆🔆🔆🔆

നാംനാമകാരി ബഹുധാ നിജ-സർവ-ശക്തിഃ

തത്രാർപിതാ നിയമിതഃ സ്മരണേന കാലഃ 

ഏതാദൃശീ തവ കൃപാ ഭഗവൻ‍-മമാപി

ദുർദൈവം-ഈദൃശം-ഇഹാജനി ന-അനുരാഗഃ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ എന്റെ പ്രിയ ഭഗവാനേ, ഭഗവദ്നാമത്താൽ മാത്രം ജീവ സത്തകൾക്ക് സർവവിധ അനുഗ്രഹാശിസ്സുകളും പ്രാപ്തമാകുന്നു. ആയതിനാൽ അങ്ങേയ്ക്ക് ‘കൃഷ്ണ'നെന്നും ‘ഗോവിന്ദ'നെന്നും അനേക സഹസ്ര നാമങ്ങളുണ്ട്. ഈ അതീന്ദ്രിയ നാമങ്ങളിലൊക്കെ അങ്ങയുടെ സർവ അതീന്ദ്രിയ ശക്തികളും അങ്ങ് നിക്ഷേപിച്ചിരിക്കുന്നു.  ഈ നാമജപങ്ങൾക്കൊന്നും അതികഠിനവും, ദൃഢവുമായ യാതൊരു നിയമ നിബന്ധനകളുമില്ല. എന്റെ ഭഗവാനേ, കരുണാസിന്ധുവാകയാൽ ദിവ്യ ഭഗവദ്നാമജപത്താൽ അനായാസേന ഞങ്ങൾക്ക് അങ്ങയെ പ്രാപിക്കുവാൻ സാധ്യമാക്കിത്തീർത്തിരിക്കുന്നു. എന്നിരുന്നാലും, അതിൽ ആകർഷണം തോന്നാത്ത വിധം നിർഭാഗ്യവാനാണ് ഞാൻ. ഹാ! കഷ്ടം! 


ശ്ളോകം 3

🔆🔆🔆🔆🔆🔆🔆


തൃണാദപി സുനീചേന തരോരപി സഹിഷ്ണുനാ ।

അമാനിനാ മാനദേന കീർത്തനീയഃ സദാ ഹരിഃ



വിവർത്തനം

🔆🔆🔆🔆🔆🔆🔆


വീഥിയിലെ തൃണത്തേക്കാൾ എളിയവനായി ചിന്തിച്ചുകൊണ്ട്, വൃക്ഷത്തേക്കാൾ സഹനശക്തിയോടെ സർവ മിഥ്യാവബോധവും വെടിഞ്ഞ്, മറ്റുള്ളവർക്ക് എല്ലാ ആദരങ്ങളും സമർപ്പിക്കാൻ തയ്യാറായി, വിനീതമായ മാനസിക അവസ്ഥയോടെ ഒരാൾ ഭഗവാന്റെ ദിവ്യനാമം ജപിക്കണം. 


ശ്ളോകം 4

🔆🔆🔆🔆🔆🔆🔆

ന-ധനം ന-ജനം ന-സുന്ദരീം

കവിതാം വാ ജഗദീശ കാമയേ ।

മമ ജന്മനി ജന്മനി ഈശ്വരേ

ഭവതാദ് ഭക്തിഃ അഹൈതുകീ ത്വയി ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ സർവശക്തനായ ഭഗവാനേ, എനിക്ക് ധനം സംഭരിക്കുന്നതിലോ, സുന്ദരികളായ സ്ത്രീകളിലോ, അനുയായികളിലോ യാതൊരു താത്പര്യവുമില്ല. ജന്മജന്മാന്തരങ്ങളിൽ അങ്ങയുടെ അഹൈതുകമായ ഭക്തിയുതസേവനം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.


ശ്ളോകം 5

🔆🔆🔆🔆🔆🔆🔆

അയി നന്ദ-തനൂജ കിംകരം

പതിതം മാം വിഷമേ-ഭവ-അംബുധൗ।

കൃപയാ തവ പാദ-പങ്കജ-

സ്ഥിത ധൂളി-സദൃശം വിചിന്തയ ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ നന്ദസൂനോ, ശ്രീകൃഷ്ണാ! അങ്ങയുടെ ശാശ്വത സേവകനായ ഞാൻ എങ്ങനെയോ ജനന മരണ ആവർത്തന ചക്രമാകുന്ന ഈ സാഗരത്തിൽ നിപതിച്ചു. ആകയാൽ ദയവായി ഈ ഭയാനകമായ മൃത്യുസാഗരത്തിൽനിന്ന് എന്നെ കരകയറ്റി, അങ്ങയുടെ പാദാംബുജത്തിലെ ഒരു അണുവായി സ്വീകരിക്കേണമേ.


ശ്ളോകം 6

🔆🔆🔆🔆🔆🔆🔆


നയനം ഗളദ്-അശ്രു-ധാരയാ

വദനം ഗദ്ഗദ-രുദ്ധയാ ഗിരാ ।

പുളകൈർനിചിതം വപുഃ കദാ

തവ നാമ-ഗ്രഹണേ ഭവിഷ്യതി ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

 അല്ലയോ എന്റെ പ്രിയ ഭഗവാനേ! അങ്ങയുടെ ദിവ്യനാമം ജപിക്കുമ്പോൾ എപ്പോഴാണ് എന്റെ നേത്രങ്ങൾ നിരന്തര പ്രേമാശ്രു പ്രവാഹത്താൽ അലങ്കരിക്കപ്പെടുന്നത്? എപ്പോഴാണ് എന്റെ കണ്ഠം ഇടറുന്നത്? അങ്ങയുടെ ദിവ്യനാമം ഉച്ചരിക്കുമ്പോൾ എന്റെ ശരീരം രോമാഞ്ചപുളകിതമാകുന്നത് എപ്പോഴാണ്?


ശ്ളോകം 7

🔆🔆🔆🔆🔆🔆🔆

യുഗായിതം നിമേഷേണ ചക്ഷുഷാ പ്രാവൃഷായിതം ।

ശൂന്യായിതം ജഗത് സർവം ഗോവിന്ദ-വിരഹേണ മേ ॥ 



വിവർത്തനം

🔆🔆🔆🔆🔆🔆🔆

അല്ലയോ ഗോവിന്ദാ! അങ്ങയുമായുള്ള വേർപാടിൽ അനുനിമിഷവും എനിക്ക് ഓരോ യുഗമായിട്ടാണ് അനുഭവപ്പെടുന്നത്. എന്റെ നേത്രങ്ങളിൽനിന്നും പെരുമഴപോലെ കണ്ണുനീർ പ്രവഹിക്കുന്നുവെന്നു മാത്രമല്ല, അങ്ങയുടെ അഭാവം നിമിത്തം ഈ പ്രപഞ്ചം തന്നെ ശൂന്യമായി അനുഭവപ്പെടുന്നു.


ശ്ളോകം 8

🔆🔆🔆🔆🔆🔆🔆


ആശ്ലിഷ്യ വാ പാദ-രതാം പിനഷ്ടു

മാം-അദർശനാനൻ‍ മർമ-ഹതാം കരോതു വാ ।

യഥാ തഥാ വാ വിദധാതു ലമ്പടഃ

മത്-പ്രാണ-നാഥസ്തു സ ഏവ ന-അപരഃ ॥ 


വിവർത്തനം

🔆🔆🔆🔆🔆🔆🔆

കൃഷ്ണനെയല്ലാതെ മറ്റാരെയും എന്റെ പ്രഭുവായി ഞാനറിയുന്നില്ല. എത്ര ക്ഷുബ്ധമായി എന്നെ അദ്ദേഹം ആശ്ലേഷിച്ചാലും, എന്റെ മുന്നിൽ പ്രത്യക്ഷനാകാതെ എന്റെ ഹൃദയത്തെ ഛിന്നഭിന്നമാക്കിയാലും, എന്റെ മനസ്സിൽ ഭഗവാൻ അതേപടി യാതൊരു ചാഞ്ചല്യവുമില്ലാതെ അപ്പോഴും നിലനിൽക്കും. എന്തും ഏതും ചെയ്യാൻ തക്ക സർവ സ്വതന്ത്രനായ അദ്ദേഹം തന്നെയാണ് എന്റെ നിരുപാധികമായ നിത്യ ആരാധ്യ പുരുഷനും 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


No comments:

Post a Comment