ഗീതാ മാഹാത്മ്യം
(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁🍁
ശ്രീമദ് ഭഗവദ് ഗീത പന്ത്രണ്ടാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🍁🍁🍁🍁🍁🍁🍁🍁
മഹാദേവൻ പറഞ്ഞു, "പ്രിയ പാർവ്വതീ, ഭഗവദ് ഗീതയുടെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ മഹിമകൾ ദയവായി ശ്രവിച്ചാലും. ദക്ഷിണ ദിക്കിലെ പ്രധാന തീർത്ഥ സ്ഥലമായ കോൽഹാപ്പൂർ എന്ന പട്ടണത്തിൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിൽ ഭഗവാൻ നാരായണന്റെ ദിവ്യരാജ്ഞിയായ മഹാലക്ഷ്മിയാണ് കുടികൊണ്ടിരുന്നത്. എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചു നൽകുന്ന ലക്ഷ്മീ ദേവിയെ ദേവന്മാർ എപ്പോഴും സേവിച്ചുകൊണ്ടിരുന്നു."
ഒരു ദിവസം സുന്ദരനായ ഒരു യുവ രാജകുമാരൻ കൊൽഹാപ്പൂരിൽ എത്തി. വീതിയേറിയ ചുമലുകളും, ശക്തിയേറിയ കൈകളുമുള്ള കാഞ്ചന വർണ്ണമാർന്ന ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം ക്ഷീണം തീർക്കുവാൻ വേണ്ടി മണികാന്ത തീർത്ഥത്തിൽ കുളിക്കുകയും പിതൃക്കളെ ആരാധിക്കുകയും ചെയ്തു. ശേഷം അദ്ദേഹം മഹാലക്ഷ്മീ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്തു. ദേവിയുടെ പാദത്തിൽ വീണു നമസ്കരിച്ചു കൊണ്ടു പ്രാർത്ഥിച്ചു. "ഓ ദേവീ, അങ്ങാണ് സൃഷ്ടിയുടെ മാതാവ്, അങ്ങ് കാരുണ്യപൂർവം എല്ലാ ജീവജാലങ്ങൾക്കും ആശ്രയം നൽകുന്നു. ആരാണ് അങ്ങയെ ആരാധിക്കാതിരിക്കുക? ഭഗവാൻ അച്യുതന്റെ ദിവ്യശക്തിയും, എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചു നൽകുന്നവരുമായ ദേവിക്ക് എല്ലാ മഹത്വങ്ങളും!. മഹത്തായ സംരക്ഷകയാണ് അവിടുന്ന്. അങ്ങ് അംബിക, ബ്രാഹ്മി, വന്നാരി, മഹേശ്വരി, നരസിംഹി, ഇന്ദ്രി, കുമാരി, ചണ്ഡിക, ലക്ഷ്മി, സാവിത്രി, രോഹിണി എന്നിങ്ങനെ നിരവധി ആശ്ചര്യകരമായ രൂപങ്ങളിൽ പ്രകടമാകുന്നു. കാരുണ്യവതിയായ അങ്ങേയ്ക്ക് എല്ലാ മഹത്വങ്ങളും.ദയവായി എന്നെ അനുഗ്രഹിച്ചാലും."
രാജകുമാരന്റെ വിനയപൂർവ്വമായതും ഹൃദയംഗമായതുമായ പ്രാർത്ഥനകളിൽ സംപ്രീതയായ മഹാലക്ഷ്മി മറുപടി പറഞ്ഞു. "ഞാൻ നിന്നിൽ പൂർണ സംപ്രീതയായിരിക്കുന്നു. അതിനാൽ എന്ത് അനുഗ്രഹം വേണമെങ്കിലും ചോദിച്ചുകൊള്ളുക."
രാജകുമാരൻ മറുപടി പറഞ്ഞു, "ഓ സൃഷ്ടിയുടെ മാതാവേ. ഞാൻ അശ്വമേധ യജ്ഞം പൂർത്തീകരിക്കുന്നതിനു മുൻപേ മരണപ്പെട്ട ബൃഹദൃത രാജാവിന്റെ മകനാണ്. മകൻ എന്ന നിലയിൽ അദ്ദേഹത്തിനായി ഈ യജ്ഞം പൂർത്തീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ആ യാഗാശ്വം മോഷ്ടിക്കപ്പെട്ടിരുന്നു. ആ അശ്വത്തിനെ കണ്ടെത്തുവാൻ എല്ലാ ദിക്കിലും ആളുകളെ അയച്ചുവെങ്കിലും അത് പ്രയോജനം കണ്ടില്ല. അതിനാൽ എന്റെ മുഖ്യ പുരോഹിതന്റെ നിർദേശത്താലാണ് ഞാൻ അങ്ങയെ സമീപിച്ചിരിക്കുന്നത്. ഓ ദേവീ, അങ്ങേയ്ക്ക് മാത്രമേ എന്നെ സഹായിക്കുവാൻ സാധിക്കുകയുള്ളൂ. ദയവായി എന്നിൽ കാരുണ്യം ചൊരിഞ്ഞാലും. എനിക്ക് അങ്ങല്ലാതെ മറ്റൊരു ആശ്രയമില്ല."
മഹാലക്ഷ്മി മറുപടി പറഞ്ഞു. "ഓ കർത്തവ്യബോധമുള്ള രാജകുമാരാ, നിന്റെ നീതിയുക്തമായ ആഗ്രഹം സിദ്ധ സമാധി എന്ന ശുദ്ധ ബ്രാഹ്മണനാൽ നിറവേറ്റുവാൻ സാധിക്കുന്നതാണ്. എന്റെ ക്ഷേത്ര കവാടത്തിലാണ് അദ്ദേഹം വസിക്കുന്നത്, അദ്ദേഹത്തെ സമീപിക്കുക." രാജകുമാരൻ കൃതജ്ഞതയോടെ അവിടെ നിന്ന് നേരെ സിദ്ധ സമാധിയുടെ ഗൃഹത്തിലേക്ക് പുറപ്പെട്ടു. ആ മഹാത്മാവിന്റെ പാദങ്ങളിൽ വീണുകൊണ്ട്, തന്റെ ഹൃദയം തുറന്നു സംസാരിച്ചു, അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ചു.
എല്ലാം ശ്രവിച്ച സിദ്ധ സമാധി പറഞ്ഞു "അല്ലയോ രാജകുമാരാ , അങ്ങ് മാതാ ലക്ഷ്മിദേവിയാൽ ഇവിടെ അയക്കപ്പെട്ടവനാണ്. അതിനാൽ അമ്മയുടെ ആജ്ഞ ഞാൻ നിറവേറ്റുന്നതാണ്."
സിദ്ധ സമാധി ചില മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് എല്ലാ ഉപദേവതകളേയും അവിടേയ്ക്ക് ആവാഹിച്ചു. സർവ്വ ഉപദേവതകളും സിദ്ധ സമാധിയുടെ നിർദ്ദേശങ്ങൾ പാലിക്കാനായി പ്രതീക്ഷിച്ചു നിൽക്കുന്ന കാഴ്ച രാജകുമാരൻ കണ്ടു . സിദ്ധ സമാധി അവരോട് പറഞ്ഞു , "അല്ലയോ ദേവന്മാരെ , യാഗത്തിനായി ഒരുക്കി നിർത്തിയിരുന്ന രാജകുമാരന്റെ അശ്വം ഇന്ദ്രദേവനാൽ അപഹരിക്കപ്പെട്ടിരിക്കുന്നു . ദയവുണ്ടായി ആ യാഗാശ്വത്തെ ഇപ്പോൾ തിരികെ ഏൽപ്പിച്ചാലും." ക്ഷണ നേരത്തിൽ ദേവന്മാർ യാഗാശ്വത്തെ അവരുടെ മുന്നിൽ കൊണ്ടുവന്ന് നിർത്തുകയും , സിദ്ധ സമാധി അവരെയെല്ലാം തിരിച്ചയയ്ക്കുകയും ചെയ്തു .
ആശ്ചര്യകരമായ ഈ സംഭവം ദർശിച്ച് രാജകുമാരൻ സിദ്ധ സമാധിയുടെ പാദങ്ങളിൽ വീണു നമസ്കരിച്ച് , ഇപ്രകാരം ആരാഞ്ഞു . "ആരെങ്കിലും പ്രാപ്തമാക്കിയതായി കേട്ടറിവ് കൂടിയില്ലാത്ത ഇത്തരം ശക്തികളെല്ലാം അങ്ങ് നേടിയെടുത്തതെങ്ങനെയാണ് ? അല്ലയോ ദ്വിജശ്രേഷ്ഠാ ! ദയവുണ്ടായി എന്റെ ഈ അഭ്യർത്ഥന ശ്രവിച്ചാലും .എന്റെ അച്ഛൻ ബൃഹദൃതി ഈ അശ്വമേധയാഗത്തിൻറെ ആരംഭത്തിൽത്തന്നെ അപ്രതീക്ഷിതമായി നാടുനീങ്ങി. അതിനാൽ ഞാൻ അദ്ദേഹത്തിൻറെ ഭൗതികശരീരം എണ്ണത്തോണിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അങ്ങ് ഇച്ഛിക്കുകയാണെങ്കിൽ, ദയവായി അദ്ദേഹത്തിന് പുനർജീവൻ നൽകിയാലും."
സിദ്ധ സമാധി മന്ദഹസിച്ചു കൊണ്ട് സമ്മതം മൂളുകയും , അദ്ദേഹത്തോടൊപ്പം രാജാവിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. അവിടെ രാജാവിന്റെ ശരീരം ശുദ്ധമായ തിളച്ച എണ്ണയിൽ സൂക്ഷിച്ചു വച്ചിരുന്നു. ആ ബ്രാഹ്മണൻ, ദിവ്യ മന്ത്രങ്ങൾ ഉരുവിട്ട ശേഷം രാജാവിന്റെ ശിരസ്സിൽ ജലം തളിച്ചു.
ഉടനെ തന്നെ രാജാവ് ഉണർന്നെഴുന്നേറ്റു, എണ്ണയൊലിച്ചു കൊണ്ട് ആശ്ചര്യത്തോടു കൂടിയ മുഖഭാവത്തോടെ രാജാവ് ബ്രാഹ്മണനോടു ചോദിച്ചു. "ഓ മഹാനായ ഭക്താ അങ്ങ് ആരാണ്?"
രാജകുമാരൻ നടന്ന സംഭവങ്ങളെല്ലാം രാജാവിന് വിശദീകരിച്ചു നൽകി. മരണത്തിൽ നിന്നും രക്ഷിതനായ രാജാവ് കൃതജ്ഞതാപൂർണ്ണനും സന്തോഷവാനുമായിരുന്നു. അദ്ദേഹം തുടരെ ആ ശുദ്ധ ബ്രാഹ്മണന്റെ പാദത്തിൽ വീണു നമസ്കരിച്ചു.
രാജാവ് ചോദിച്ചു "അങ്ങേയ്ക്ക് എങ്ങനെയാണ് ഇത്രയും ശക്തി അനുഗ്രഹമായി ലഭിച്ചത്?"
സിദ്ധ സമാധി മറുപടി പറഞ്ഞു, "എല്ലാ ദിവസവും ഞാൻ ഭഗവദ് ഗീതയുടെ പന്ത്രണ്ടാം അദ്ധ്യായം പാരായണം ചെയ്യുന്നതിനാലാണിത്."
സിദ്ധ സമാധി എന്ന ആ മഹാഭക്തന്റെ കാരുണ്യത്താൽ രാജാവും മകനും ഭഗവദ് ഗീതയുടെ പന്ത്രണ്ടാം അദ്ധ്യായം പഠിക്കുകയും, അതുവഴി അവർ തങ്ങളുടെ ജീവിതം പരിപൂർണമാക്കി ആദ്ധ്യാത്മിക ലോകത്തിലേക്ക് മടങ്ങുകയും, അവിടെ ശ്രീ കൃഷ്ണ ഭഗവാന്റെ ശാശ്വത സേവനത്തിൽ മുഴുകുകയും ചെയ്തു.
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment