(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ശ്രീമദ് ഭഗവദ് ഗീത പതിനൊന്നാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
മഹാദേവൻ തുടർന്നു, "പ്രിയ പാർവതീ, ഇനി ഞാൻ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട ഒരു ഉൽകൃഷ്ടമായ കഥ പറയാം. ഈ അദ്ധ്യായത്തെ കീർത്തിച്ചുകൊണ്ട് അസംഖ്യം കഥകളുണ്ടെങ്കിലും വിശേഷാൽ ഈ കഥ കേൾക്കുന്നത് കൂടുതൽ സന്തോഷം പകരുന്നു."
ഒരിക്കൽ പ്രണീത നദീ തീരത്ത് മേഘങ്കര എന്ന പട്ടണത്തിൽ സുനന്ദൻ എന്ന നാമത്തോടു കൂടിയ ഒരു ശുദ്ധ ബ്രാഹ്മണൻ വസിച്ചിരുന്നു. ഈ പട്ടണത്തിലെ ക്ഷേത്രത്തിലാണ് പ്രശസ്തമായ ജഗദീശ്വര മൂർത്തിയെ ആരാധിച്ചുപോന്നത്. കൂപ്പുകൈകളോടെ ആ ബ്രാഹ്മണൻ എല്ലാ ദിവസവും ക്ഷേത്രം സന്ദർശിച്ചു. അദ്ദേഹം ക്ഷേത്രത്തിലെ ഭഗവദ് വിഗ്രഹത്തിനു മുൻപിലിരുന്നു കൊണ്ട് ഭഗവാന്റെ വിശ്വരൂപത്തിൽ ധ്യാനനിരതനായി ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പാരായണം നടത്തുന്നതിൽ വ്യാപൃതനായി. ഈ വിധത്തിൽ അദ്ദേഹം ഭഗവാന്റെ സ്മരണയിൽ പൂർണ്ണ സംതൃപ്തനായി നിലകൊണ്ടു. ഒരു ദിവസം സുനന്ദനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഗോദാവരീ നദീ തീരത്തെ എല്ലാ പുണ്യ സ്ഥലങ്ങളും സന്ദർശിക്കുവാൻ തീരുമാനിച്ചു. അവർ ഓരോ തീർത്ഥ സ്ഥലങ്ങളിലും കുളിച്ചുകൊണ്ട് അവിടെയുള്ള മൂർത്തികളുടെ ദർശനം സ്വീകരിച്ചു. എന്നാൽ വിവാഹ തീർത്ഥം എന്ന പട്ടണം എത്തുന്നതുവരെ എല്ലാം ശുഭകരമായി തന്നെ നടക്കുന്നുകൊണ്ടിരുന്നു. വിവാഹതീർത്ഥത്തിൽ ഉച്ചകഴിഞ്ഞ് വൈകിയെത്തിയ അവർ താമസിക്കുവാനായി ഒരു സ്ഥലം അന്വേഷിച്ചു, തൽഫലമായി അവർക്ക് ഒരു അതിഥി മന്ദിരം ലഭിക്കുകയും, രാത്രി അവിടെ തങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ സൂര്യൻ ഉദിച്ച ശേഷം ഉറക്കമുണർന്ന സുനന്ദനെ ആശ്ചര്യപ്പെടുത്തികൊണ്ട് അദ്ദേഹം ഒരു കാര്യം മനസ്സിലാക്കി, തന്റെ സഹയാത്രീകരായ എല്ലാവരെയും കാണാതായിരിക്കുന്നു എന്ന്. കുറേ സമയം അവരെ കുറിച്ച് അന്വേഷിച്ച ശേഷം അദ്ദേഹം ആ പട്ടണത്തിലെ മുഖ്യനെ കാണുകയും ഈ സംഭവത്തെക്കുറിച്ച് ആരായുകയും ചെയ്തു. ഗ്രാമമുഖ്യൻ ഉടനെ സുനന്ദന്റെ പാദത്തിൽ വീണു കൊണ്ട് പറഞ്ഞു, "ഓ മഹാത്മാവേ എനിക്ക് ഉചിതമായ ഒരു വിശദീകരണം നൽകുവാൻ സാധിക്കുന്നില്ല, പക്ഷെ എനിക്ക് ഒരു കാര്യം പറയുവാൻ സാധിക്കും, അങ്ങയേക്കാൾ മഹാനായ ഒരു ഭക്തൻ ഇല്ല എന്ന്. ദയവായി കുറച്ചു ദിവസത്തേക്ക് കൂടി ഇവിടെ താമസിച്ചു കൊണ്ട് ഈ പട്ടണത്തിൽ അനുഗ്രഹം ചൊരിഞ്ഞാലും. ഈ കാരുണ്യം നൽകുവാനായി ഞാനങ്ങയോട് യാചിക്കുകയാണ്."
കരുണാർദ്രമായ മനസ്സിന്റെ ഉടമയായ സുനന്ദൻ ഗ്രാമമുഖ്യന്റെ വിനയപൂർവ്വമായ അഭ്യർത്ഥന മാനിച്ചു. ഒപ്പം തന്റെ കാണാതായ സുഹൃത്തുക്കളെ കൂടി കണ്ടെത്താമെന്നും പ്രതീക്ഷിച്ചു. ഗ്രാമമുഖ്യൻ ഉടനെ അദ്ദേഹത്തിന് താമസിക്കുവാനായി സുഖപ്രദമായ ഒരു സ്ഥലം ക്രമീകരിക്കുകയും അദ്ദേഹത്തിന് രാത്രിയും പകലും ഭക്ഷണം പാകം ചെയ്യുവാനും സേവിക്കുവാനുമായി പാചകരെയും സേവകരെയും ഏർപ്പാടാക്കുകയും ചെയ്തു.
ദിവസങ്ങൾ മുൻപോട്ടു നീങ്ങി. എന്നാൽ എട്ടാം ദിവസം കണ്ണീരൊഴുക്കി കൊണ്ട് ഒരു ഗ്രാമവാസി സുനന്ദനെ സമീപിച്ചു. അദ്ദേഹം വിലപിച്ചു കൊണ്ട് സുനന്ദനോട് പറഞ്ഞു. "ഓ ശുദ്ധബ്രാഹ്മണാ കഴിഞ്ഞ രാത്രി ഒരു ദുഷ്ടനായ നരഭോജി രാക്ഷസൻ എന്റെ മകനെ ഭക്ഷിച്ചു. ദയവായി എന്നെ സഹായിക്കൂ ദയവായി എന്നെ സഹായിക്കൂ." അദ്ദേഹത്തിന്റെ തോളിൽ ആശ്വസിപ്പിക്കുവാനായി തന്റെ കൈകൾ വച്ച സുനന്ദൻ മറുപടി പറഞ്ഞു. "പ്രിയ സുഹൃത്തേ എന്താണ് സംഭവിച്ചത് എന്ന് എന്നോട് വിവരിച്ചാലും".
ആ ഗ്രാമവാസി തുടർന്നു പറഞ്ഞു, "ഈ പട്ടണത്തിൽ മനുഷ്യ മാംസം ഭക്ഷിക്കുന്ന ഭീമാകാരനും ഭയാനകനുമായ ഒരു രാക്ഷസൻ താമസിക്കുന്നുണ്ട്. ഞങ്ങൾ അവനുമായി ഒരു കരാറിൽ ഏർപ്പെടുന്നതുവരെ അവൻ ഞങ്ങൾക്കിടയിൽ നിന്നും ആളുകളെ തട്ടിയെടുത്ത് ഭക്ഷിക്കുന്നത് ഒരു പതിവായിരുന്നു. അങ്ങനെ അവന് ആവശ്യമുള്ള ഭക്ഷണം ഞങ്ങൾ നൽകുകയാണെങ്കിൽ ഞങ്ങൾക്ക് സംരക്ഷണം നൽകാം എന്ന് ആ രാക്ഷസൻ സമ്മതിച്ചു. അതിനാൽ ഞങ്ങൾ വേഗേന ഒരു അതിഥി മന്ദിരം പണിതു. ഈ പട്ടണത്തിൽ വരുന്ന എല്ലാ യാത്രികരെയും അവിടേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി. അവർ ഉറങ്ങുമ്പോൾ ആ രാക്ഷസൻ ഭക്ഷിക്കുകയും ചെയ്യും." ഗ്രാമവാസി തുടർന്നു പറഞ്ഞു, "എന്നാൽ ആശ്ചര്യകരമായ ഒരു സംഭവം നടന്നു. നിങ്ങളുടെ സംഘം അവിടെ താമസിച്ചപ്പോൾ താങ്കളെ ഒഴിച്ച് എല്ലാവരെയും അവൻ ഭക്ഷിച്ചു. ഞാൻ ഇങ്ങനെ സംഭവിക്കുവാനുള്ള കാരണം വിശദീകരിക്കാം, കഴിഞ്ഞ രാത്രി അവിടെ താമസിക്കുവാനായി ഒരു യുവാവായ സന്ദർശകനെ അവിടേക്ക് ഞാൻ പറഞ്ഞയച്ചു. എന്നാൽ ആ കുട്ടി എന്റെ മകന്റെ സുഹൃത്താണെന്ന് ഞാൻ മനസ്സിലാക്കിയില്ല. ഇതറിഞ്ഞ എന്റെ മകൻ തന്റെ സുഹൃത്തിനെ രക്ഷിക്കുവാനായി ഉടനെ അവിടേക്ക് തിരിച്ചു. എന്റെ മകൻ മടങ്ങി എത്താത്തതിനാൽ ഏറ്റവും മോശമായ സംഭവം നടക്കുമെന്ന ഭയത്തോടെ ഞാൻ വേഗത്തിൽ അവിടെ എത്തുകയും രാക്ഷസനെ നേർക്കുനേർ കണ്ടു കൊണ്ട് ചോദിക്കുകയും ചെയ്തു." "നീ ആ കുട്ടികളെ ഭക്ഷിച്ചുവോ."
"അതേ അവർ വളരെ സ്വാദിഷ്ടമായിരുന്നു." അവൻ ഭീകരമായി പല്ലിളിച്ചുകൊണ്ട് മറുപടി നൽകി.
"പക്ഷേ അതിൽ ഒരാൾ എന്റെ മകൻ ആയിരുന്നു." ഞാൻ വിലപിച്ചു കൊണ്ട് പറഞ്ഞു.
"ഇരുട്ടായതിനാൽ ഞാൻ എങ്ങനെ അറിയുവാനനാണ്" എന്ന് അവൻ മറുപടി പറഞ്ഞു.
ഞാൻ അവനോടു നൈരാശ്യത്താൽ യാചിച്ചു, "എന്റെ മകന്റെ ജീവൻ തിരിച്ചു നൽകുവാൻ എന്തെങ്കിലും വഴിയുണ്ടോ." രാക്ഷസൻ മറുപടി പറഞ്ഞു "നിങ്ങൾ ഈ ചോദ്യം ചോദിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിക്കുന്നു. വാസ്തവത്തിൽ ഇതെല്ലാം ഭഗവാന്റെ ഇച്ഛയാണെന്ന് ഞാൻ കരുതുന്നു. ഇനി ഞാൻ സംസാരിക്കുന്നത് ശ്രദ്ധയോടെ കേൾക്കുക കഴിഞ്ഞ ആഴ്ച ഈ അതിഥി മന്ദിരത്തിൽ ശുദ്ധ ഹൃദയനായ ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു. ഞാൻ ഉടനെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഭക്ഷണമാക്കിയെങ്കിലും അദ്ദേഹത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നു. കാരണം അദ്ദേഹം ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പാരായണം ചെയ്യാറുണ്ടായിരുന്നു. ആ ബ്രാഹ്മണൻ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം ഏഴു തവണ പാരായണം ചെയ്തു കൊണ്ട് എന്റെ ശിരസ്സിൽ ജലം തളിക്കുകയാണെങ്കിൽ ഞാൻ ഉറപ്പായും ശപിക്കപ്പെട്ട ഈ രാക്ഷസ ശരീരത്തിൽ നിന്നും മോചിതനാകും. അങ്ങനെ നിങ്ങളുടെ മകന്റെ ജീവൻ തിരിച്ചു കിട്ടുകയും ചെയ്യും."
"എന്റെ ഹൃദയത്തിൽ പ്രതീക്ഷകൾ നിറഞ്ഞു. ഉടനെ അങ്ങയെ കാണുവാനായി ഇവിടേക്ക് കുതിച്ചു. അവിടെ നിന്നും മടങ്ങുന്നതിനു മുൻപ് ആ രാക്ഷസന്റെ ശാപത്തെക്കുറിച്ചറിയുവാനുള്ള ഔത്സുക്യം കാരണം ഞാൻ അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിച്ചു. അവന്റെ കഥ ഇവ്വിധമാണ്."
കുറേ കാലങ്ങൾക്ക് മുൻപ്, ഈ പട്ടണത്തിനു സമീപത്തായി ഒരു കർഷകൻ വസിച്ചിരുന്നു. വന്യജീവികളിൽ നിന്നും തന്റെ വിളകൾ സംരക്ഷിക്കുന്നതിനായി പലപ്പോഴായി എല്ലാ രാത്രികളിലും വയൽ കാക്കുവാനായി ഉറക്കമൊഴിച്ചു നിൽക്കുമായിരുന്നു അദ്ദേഹം. ഒരു പ്രഭാതത്തിൽ ഒരു യാത്രികൻ ആ കർഷകന്റെ കൃഷി സ്ഥലത്തിന് സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അതുവഴി വിശപ്പോടെ വന്ന ഒരു വലിയ കഴുകൻ ആകാശത്തു നിന്നും കീഴോട്ടു പറന്നുകൊണ്ട് അശരണനായ ആ യാത്രികനെ മാന്തുവാനും അക്രമിക്കുവാനും തുടങ്ങി. അയാൾ സഹായത്തിനായി നിലവിളിച്ചു. അവിടെനിന്നും കുറച്ചകലെ നിന്നിരുന്ന ഒരു യോഗി വേഗത്തിൽ ഓടി വന്നു കൊണ്ട് പ്രതിരോധിക്കുവാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് അയാളെ രക്ഷിക്കുവാനായില്ല.
ക്രോധത്താൽ ജ്വലിച്ച ആ യോഗി ആ കർഷകന്റെ നേരെ നടന്നു കൊണ്ട് ഈ രീതിയിൽ ശപിച്ചു, "ഏതൊരുവനാണോ അഗ്നി, സർപ്പങ്ങൾ , കള്ളന്മാർ, ആയുധങ്ങൾ എന്നിവയാൽ അപകടത്തിൽപ്പെടുന്ന ഒരാളെ രക്ഷിക്കുവാൻ സാധിക്കാത്തത്. അവൻ മരണത്തിന്റെ ദേവനായ യമരാജനാൽ ശിക്ഷിക്കപ്പെടുന്നു. തീർച്ചയായും അവൻ കുറേ കാലങ്ങൾ നരകത്തിലേക്ക് പോവുകയും, ശേഷം ഒരു ചെന്നായയായി പിറക്കുകയും ചെയ്യും. നേരെമറിച്ച് ആരാണോ ആവശ്യമായവർക്ക് സഹായം നൽകുന്നത് അവൻ ഭഗവാൻ വിഷ്ണുവിനെ നിശ്ചയമായും പ്രീതിപ്പെടുത്തുന്നു. ആരാണോ ഒരു ഗോവിന് വന്യജീവികളിൽ നിന്നോ, ക്രൂര മനുഷ്യരിൽ നിന്നോ, ദുഷ്ടനായ രാജാവിൽ നിന്നോ സംരക്ഷണം നൽകുന്നത്, അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ ധാമം പ്രാപിക്കും എന്ന് നിസംശയം പറയാം. എന്നാൽ നീ, ദുഷ്ടനായ കൃഷിക്കാരാ, ഇപ്പോൾ ഞാൻ ഇവ സംസാരിക്കുമ്പോൾ പോലും ക്രൂരനായ കഴുകനാൽ ഭക്ഷിക്കപെടുന്ന ആ യാത്രികനെ രക്ഷിക്കുവാനുള്ള ഒരു ശ്രമം പോലും നീ നടത്തിയില്ല. അതിനാൽ നീ ഒരു മാംസഭോജിയായ രാക്ഷസനായി പിറക്കട്ടെ എന്ന് ഞാൻ ശപിക്കുന്നു. കാരണം അതാണ് നീ അർഹിക്കുന്നത്."
ആ നിർഭാഗ്യവാനായ കർഷകൻ യോഗിയോട് മാപ്പപേക്ഷിച്ചു കൊണ്ടു പറഞ്ഞു. "സൗമ്യനായ സാധുവര്യാ, ദയവായി എന്നിൽ കാരുണ്യമുണ്ടായാലും. ഞാൻ എന്നും രാത്രി ഉണർന്നിരുന്നുകൊണ്ട് വയലിൽ കാവൽ നിൽക്കുകയായിരുന്നതിനാൽ തികച്ചും ക്ഷീണിതനായിരുന്നു. അതിനാലാണ് എനിക്ക് അദ്ദേഹത്തെ രക്ഷിക്കുവാൻ സാധിക്കാതിരുന്നത്. അല്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ അങ്ങനെ ചെയ്യുമായിരുന്നു."
ആ യോഗി മൃദുഹൃദയനായി, കർഷകനോട് ദയ തോന്നിയ അദ്ദേഹം ഇങ്ങനെ അനുഗ്രഹിച്ചു. "ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം ദിവസവും പാരായണം ചെയ്യുന്ന ഒരു വ്യക്തി നിന്റെ ശിരസ്സിൽ ജലം തളിച്ചാൽ നിനക്ക് ഈ ശാപത്തിൽ നിന്നും മോചനം നേടാം." ഇതായിരുന്നു ആ രാക്ഷസന്റെ കഥ.
ആ ഗ്രാമവാസി തുടർന്നു, "അതിനാൽ സുനന്ദാ, അങ്ങ് ഞങ്ങൾക്കായി മഹത്തായ ഒരു സേവനം നടത്തേണ്ട സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. ദയവായി ഞങ്ങളെ സഹായിച്ചാലും."
മറിച്ചൊന്നും പറയാതെ ഇരുവരും ആ രാക്ഷസന്റെ വാസസ്ഥലത്തേക്ക് തിരിച്ചു. അവരെ കണ്ടപ്പോൾ ആ രാക്ഷസൻ അങ്ങേയറ്റം സംപ്രീതനായി. സുനന്ദൻ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പാരായണം ചെയ്ത ശേഷം രാക്ഷസന്റെ ശിരസ്സിൽ ജലം തളിച്ചു. ഉടനെ തന്നെ അവന്റെ വിരൂപമായ ശരീരം മാറുകയും, ചതുർഭുജനായ ഭഗവാൻ വിഷ്ണുവിന് സമാനമായ ഒരു ശരീരം ലഭിക്കുകയും ചെയ്തു. ശേഷം ആ രാക്ഷസൻ ഭക്ഷിച്ച എല്ലാ മനുഷ്യരും പ്രത്യക്ഷരായി. അവരുടെ രൂപവും ഇതേ രീതിയിൽ മാറിയിരുന്നു. പുഷ്പങ്ങളാലുള്ള ദിവ്യമായ ഒരു വിമാനം പ്രത്യക്ഷമായപ്പോൾ ആ മഹത്തുക്കളുടെ സംഘം അതിനടുത്തേക്ക് നീങ്ങി കൊണ്ട് ആദ്ധ്യാത്മിക ലോകത്തിലേക്ക് മടങ്ങുവാൻ തയ്യാറായി.
"നിൽക്കൂ നിൽക്കൂ" ഗ്രാമവാസി നിലവിളിച്ചു, എവിടെ എന്റെ മകൻ?
മുൻപ് രാക്ഷസനായിരുന്ന വ്യക്തി പുഞ്ചിരിച്ചുകൊണ്ട് ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയെ വിളിച്ചുവരുത്തിയ ശേഷം മറുപടി പറഞ്ഞു.
" ഇതാ നിങ്ങളുടെ മകൻ."
തന്റെ പിതാവിന് ആദ്ധ്യാത്മിക ജ്ഞാനം നൽകി ബോധദീപ്തമാക്കുക എന്ന ഉദ്ദേശത്തോടെ ആ മകൻ ഇങ്ങനെ അഭിസംബോധന ചെയ്തു. "ഞാൻ കുറേ കാലങ്ങൾ അങ്ങയുടെ മകനായിരുന്നു. എന്നാൽ ഇപ്പോൾ ശുദ്ധ ഭക്തനായ സുനന്ദന്റെ അനുഗ്രഹത്താൽ ഞാൻ ഈ ജനന-മരണ ചക്രത്തിൽ നിന്നും കാരുണ്യപൂർവ്വം മോചിപ്പിക്കപ്പെട്ടിരിക്കുന്നു, മാത്രമല്ല ഞാൻ എന്റെ യഥാർത്ഥ ഗ്രഹമായ ആദ്ധ്യാത്മിക ലോകത്തിലേക്ക് മടങ്ങുകയാണ്. അതിനാൽ ഞാൻ അങ്ങയോട് വിനയത്തോടെ അഭ്യർത്ഥിക്കുകയാണ്. അങ്ങ് സുനന്ദന്റെ പാദപത്മങ്ങൾ സേവിച്ചുകൊണ്ട് അദ്ദേഹത്തിൽനിന്നും ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പഠിക്കുക. ഈവിധം അങ്ങേയ്ക്ക് ജീവിതത്തിൻറെ പരമ ലക്ഷ്യം പ്രാപ്തമാക്കാവുന്നതാണ് എന്നതിൽ സംശയമില്ല."
മഹാദേവൻ പറഞ്ഞു, "പ്രിയ പാർവതീ, അങ്ങനെ ആ ബാലൻ, മുക്താത്മാക്കളുടെ സംഗത്തിൽ ചേരുകയും വൈകുണ്ഠത്തിലേക്ക് മടങ്ങുകയും ചെയ്തു. അതിനുശേഷം സുനന്ദൻ ആ കുട്ടിയുടെ പിതാവിനെ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം അഭ്യസിപ്പിച്ചു. അൽപ കാലങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വൈകുണ്ഠ ലോകം പ്രാപിക്കുകയും ചെയ്തു."
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment