Home

Monday, October 5, 2020

ഭഗവദ് ഗീത നാലാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഗവദ് ഗീത നാലാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


മഹാദേവൻ പറഞ്ഞു, "എന്റെ പ്രിയ ദേവീ, ഞാൻ ഭഗവദ് ഗീത നാലാം അദ്ധ്യായത്തിന്റെ മഹാത്മ്യത്തെ കുറിച്ച് വിശദീകരിക്കാം". 


ഗംഗാ നദീ തീരത്ത് കാശിയിലെ ഒരു ക്ഷേത്രത്തിൽ ഭരതൻ എന്ന നാമധേയത്തോടു കൂടിയ ഒരു മഹാനായ സാധു വസിച്ചിരുന്നു. ഹൃദയംഗമമായ ഭാവത്തോടുകൂടി അദ്ദേഹം നിത്യേന ഭഗവദ് ഗീത നാലാം അദ്ധ്യായം പാരായണം ചെയ്തിരുന്നു. അങ്ങനെ ഭരത മുനി തപോദാൻ എന്ന സ്ഥലത്ത് തീർത്ഥാടനത്തിനു പോവുകയും അവിടെ വച്ച് അദ്ദേഹം,ശ്രീ കൃഷ്ണ ഭഗവാനെ അർച്ചാ വിഗ്രഹ രൂപത്തിൽ  ദർശനം സ്വീകരിക്കുകയും ചെയ്തു. ആ പട്ടണത്തിൽ നിന്നും തിരിച്ചുപോകുന്ന സമയത്ത്, ഉഷ്ണം കാരണം ഭരതൻ തണലിൽ വിശ്രമിക്കുവാനായി രണ്ട് കൂവളത്തിന്റെ മരങ്ങൾക്കു സമീപം നിലയുറപ്പിച്ചു. ഒരു മരത്തിന്റെ വേരിൽ തലവച്ചും അടുത്ത മരത്തിന്റെ വേരിൽ കാലു വച്ചുകൊണ്ടും ആ സാധു വിശ്രമിച്ചു.

അദ്ദേഹം അവിടെ നിന്നു മടങ്ങിയതിനു ശേഷം ആ രണ്ടു മരങ്ങൾ ഉണങ്ങുകയും മരണം വരിക്കുകയും ചെയ്തു. ഇത് അഞ്ചോ ആറോ ദിവസത്തിനുള്ളിൽ തന്നെ സംഭവിച്ചു. ആ മരങ്ങളിൽ കുടികൊണ്ടിരുന്ന രണ്ട് ആത്മാക്കളും പിന്നീട് ഒരു ധാർമ്മികനായ ബ്രാഹ്മണന്റെ പുത്രിമാരായി ജനിച്ചു. ഈ കുട്ടികൾക്ക് ഏഴ് വയസ്സ് തികഞ്ഞപ്പോൾ ആ ബ്രാഹ്മണൻ അവരെയും കൂട്ടിക്കൊണ്ട് കാശിയിൽ തീർത്ഥാടനത്തിന് പുറപ്പെട്ടു. അവർ ആ പുണ്യഭൂമി സന്ദർശിക്കുകയും അവിടെവച്ച് ഭാഗ്യവതികളായ ആ പെൺകുട്ടികൾക്ക് ഭരത മുനിയെ കണ്ടുമുട്ടുവാൻ അവസരം ലഭിക്കുകയും ചെയ്തു. അദ്ദേഹത്തെ കണ്ടയുടനെ തങ്ങളുടെ പൂർവ്വ ജന്മങ്ങളെ കുറിച്ച് വ്യക്തമായ സ്മരണ ലഭിച്ച ആ പെൺകുട്ടികൾ അദ്ദേഹത്തിന്റെ പാദത്തിൽ വീണു നമസ്കരിച്ചു, ശേഷം പറഞ്ഞു. " അല്ലയോ മുനിശ്രേഷ്ഠാ, അങ്ങ് ഞങ്ങൾക്ക് മോചനം നൽകി. അങ്ങയുടെ കാരുണ്യത്താലാണ് ഞങ്ങൾ ആ വൃക്ഷ ജീവിതത്തിൽ അവസ്ഥയിൽ നിന്നും മോചിപ്പിക്കപ്പെട്ടത്".


ആ വിവേകശാലിയായ സാധു ആശ്ചര്യത്താൽ കണ്ണുകൾ മിഴിച്ചുകൊണ്ട് ആകാംക്ഷയോടെ അവരിൽ നിന്നും ആരാഞ്ഞു. "പ്രിയ പുത്രിമാരെ , നിങ്ങൾ സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് യാതൊന്നും എനിക്ക് അറിഞ്ഞുകൂടാ, ദയവായി എല്ലാം എനിക്ക് വിശദീകരിച്ചു തന്നാലും".

തങ്ങളുടെ പൂർവ്വ ജന്മങ്ങൾ ഓർക്കുവാൻ സാധിക്കുന്ന പെൺകുട്ടികൾ വിശദീകരിക്കുവാൻ തുടങ്ങി. ഒരു പെൺകുട്ടി പറഞ്ഞു, " അല്ലയോ മഹാത്മാവേ , ഗോദാവരി നദീ തീരത്ത് ചിന്നപാപ എന്ന സ്ഥലത്ത് കഠിനമായ തപസ്യകൾ അനുഷ്ഠിച്ചിരുന്ന ഒരു മഹാനായ ഋഷി വസിച്ചിരുന്നു. അദ്ദേഹം വേനൽ കാലത്ത് അഗ്നികുണ്ഡത്തിനു നടുവിൽ നിന്നു കൊണ്ടും, ശൈത്യ കാലത്ത് വിറങ്ങലിക്കുന്ന നദീ ജലത്തിൽ നിന്നു കൊണ്ടും വിവിധ തപസ്യകളിൽ ഏർപ്പെട്ടു. ഈ വിധത്തിൽ പൂർണ ഇന്ദ്രിയ നിയന്ത്രണം സാധ്യമായ അദ്ദേഹത്തിന് ഭഗവാന്റെ അനുഗ്രഹം ലഭിച്ചു. ദേവന്മാരിൽ ഏറ്റവും ബഹുമാന്യനായ ബ്രഹ്മദേവൻ പോലും ഭഗവാൻ ശ്രീ കൃഷ്ണനെക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കുവാനായി അദ്ദേഹത്തെ സമീപിച്ചിരുന്നു. അത്രത്തോളം പരിശുദ്ധനായി മാറിയിരുന്നു ആ മുനിവര്യൻ". 

"ആ ഋഷിവര്യന്റെ കീർത്തി വളർന്നുകൊണ്ടേയിരുന്നു. അത് സ്വർഗ്ഗത്തിന്റെ അധിപതിയായ ഇന്ദ്രന്റെ കാതുകളിൽ വരെ എത്തി. എന്നാൽ ആ ഋഷിവര്യന്റെ മഹത്വം തനിക്കൊരു ഭീഷണി ആണെന്ന് ഇന്ദ്രൻ കരുതി, തന്റെ സ്വർഗത്തിലെ രാജാവെന്ന പദവി അദ്ദേഹം പിടിച്ചടക്കുമെന്ന് ഇന്ദ്രൻ ഭയന്നു. തന്റെ ആധിപത്യം സംരക്ഷിക്കുവാനായി ഇന്ദ്രൻ ഞങ്ങളെ സഹായത്തിനായി വിളിച്ചു വരുത്തി. അങ്ങനെ ഞങ്ങൾ സ്വർഗത്തിലെ നർത്തകിമാരായി ജനിച്ചു. ഇന്ദ്രൻ ആജ്ഞാപിച്ചു "ആ ഋഷിവര്യൻ തപസ്സു ചെയ്യുന്ന സ്ഥലത്തു പോയി നിങ്ങളുടെ നൃത്തത്താൽ അദ്ദേഹത്തിന്റെ തപസ്സിന് ഭംഗം വരുത്തൂ, എങ്കിൽ അദ്ദേഹത്തിന്റെ ശക്തി നഷ്ടപ്പെടും". ഇന്ദ്രന്റെ നിർദേശം അനുസരിച്ചുകൊണ്ട് ഞങ്ങൾ ഗോദാവരി നദീ തീരത്ത്  പോവുകയും  , അദ്ദേഹത്തിന്റെ മുൻപിൽ നിന്നും സുഗന്ധം പൂശിയ ശരീരങ്ങളോടെ  നടന്നു നീങ്ങവേ  കാല്പനികമായ മധുരമായ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഞങ്ങൾ നൃത്തം ചെയ്തും കാൽചിലമ്പിനാൽ ശബ്ദമുണ്ടാക്കിയും അദ്ദേഹത്തിന്റെ തപസ്സിന് ഭംഗം വരുത്തുവാൻ ശ്രമിച്ചു. എന്നാൽ ആ ശക്തനായ ഋഷിവര്യൻ പ്രലോഭിപ്പിക്കപ്പെട്ടില്ല. പകരം അത്യന്തം ക്രോധം പ്രകടിപ്പിച്ച അദ്ദേഹം, ഗംഗാ ജലത്തിൽ സ്പർശിച്ചുകൊണ്ട് ഗംഗാ തീരത്ത് നഗ്നരായ കൂവള മരങ്ങളായി മാറട്ടെ എന്ന് ഞങ്ങളെ ശപിച്ചു. ഞങ്ങൾ ഉടനെ ദുഃഖാർത്തരായി മാറുകയും ആ ഋഷിവര്യന്റെ പാദത്തിൽ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്തു". 

"ഞങ്ങൾ ഇന്ദ്രന്റെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹത്തിന് വിശദീകരണം നൽകി. ഇതു കേട്ട കാരുണ്യവാനായ സാധു ഞങ്ങൾക്ക് മാപ്പ് നൽകി. പക്ഷെ ആ ശാപം ഒരിക്കലും പിൻവലിക്കുവാൻ സാധിക്കില്ല, എന്നാൽ ഞങ്ങൾക്ക് നമ്മളുടെ പൂർവ്വജന്മങ്ങൾ ഓർക്കാൻ കഴിയുമെന്നും ഭരത ഋഷി ഞങ്ങളുടെ അടുക്കൽ എത്തിച്ചേർന്നാൽ വൃക്ഷ രൂപത്തിൽ നിന്നും മോചനം ലഭിക്കുമെന്നും അനുഗ്രഹിച്ചു. അതിനാൽ അങ്ങ് പിൻപോട്ട് ചിന്തിച്ചു നോക്കൂ , അങ്ങ് രണ്ട് കൂവള മരങ്ങളുടെ തണലിൽ വിശ്രമിച്ചതും അവിടം സന്ദർശിച്ചതുമൊക്കെ. ഞങ്ങളായിരുന്നു ആ രണ്ടു മരങ്ങൾ. അങ്ങ് അവിടെ വച്ച് ഭഗവദ് ഗീതയിലെ നാലാം അദ്ധ്യായത്തിലെ ശ്ലോകങ്ങൾ ജപിച്ചു. ആ ദിവ്യമായ പാരായണത്തിന്റെ ബലത്തിൽ ഞങ്ങൾ ശാപമോക്ഷം നേടുകയും കൃഷ്ണ ഭക്തന്മാരുടെ കുടുംബത്തിൽ ജനിക്കുവാനുള്ള ഭാഗ്യം സാധിക്കുകയും ചെയ്തു. അതു മാത്രമല്ല ഈ ഭൗതിക ലോകം ആസ്വദിക്കുവാനുള്ള എല്ലാ താല്പര്യവും ഞങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു".


മഹാദേവൻ ഉപസംഹരിച്ചു "ഭരത ഋഷി യോട് തങ്ങളുടെ കഥ പറഞ്ഞ ശേഷം അവരെല്ലാവരും സന്തോഷപൂർവം അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് പോയി. ആ പെൺകുട്ടികൾ ഭഗവദ് ഗീതയുടെ നാലാം അദ്ധ്യായം പാരായണം ചെയ്യുന്നത് തുടരുകയും എല്ലാ പരിപൂർണതയും കൈവരിക്കുകയും ചെയ്തു".


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

No comments:

Post a Comment