Home

Sunday, October 18, 2020

ക്രോധത്തെ നിയന്ത്രിക്കുന്ന വിധം


 

ക്രോധത്തെ നിയന്ത്രിക്കുന്ന വിധം


🍁🍁🍁🍁🍁🍁🍁🍁🍁🍁


സംയച്ഛ രോഷം ഭദ്രം തേ പ്രതീപം ശ്രേയസാം പരം
ശ്രുതേന ഭൂയസാ രാജന്നഗദേന യഥാ£മയം

വിവർത്തനം

🍁🍁🍁🍁🍁


എന്റെ പ്രിയപ്പെട്ട രാജൻ, ഞാൻ നിന്നോട് പറഞ്ഞതൊക്കെ രോഗത്തിനു മുകളിലുളള വൈദ്യചികിത്സ എന്നപോലെ പരിഗണിക്കുക. കോപം നിയന്ത്രിക്കുക, കാരണം, ആത്മസാക്ഷാത്കാരത്തിന്റെ പാതയിലെ അഗ്ര ഗണ്യനായ ശത്രു കോപമാണ്. ഞാൻ നിനക്ക് സമസ്ത സൗഭാഗ്യങ്ങളും നേരുന്നു. ദയവായി എന്റെ നിർദേശങ്ങൾ പിന്തുടരുക.

ഭാവാർത്ഥം

🍁🍁🍁🍁🍁🍁🍁


ധ്രുവമഹാരാജാവ് ഒരു മുക്താത്മാവായിരുന്നതിനാൽ വാസ്തവത്തിൽ അവൻ ആരോടും കോപിക്കുമായിരുന്നില്ല. പക്ഷേ ഒരു ഭണാധികാരികൂടി ആയിരുന്നതിനാൽ രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് ചില സന്ദർഭങ്ങളിൽ കോപിക്കേണ്ടത് അവന്റെ ധർമവുമായിരുന്നു. അവന്റെ സഹോദരൻ ഉത്തമൻ ഒരു തെറ്റും ചെയ്യാഞ്ഞിട്ടും യക്ഷന്മാരിൽ ഒരുവനാൽ വധിക്കപ്പെട്ടു. ഒരു രാജാവെന്ന നിലയിൽ ആ കുറ്റവാളിയെ വധിക്കേണ്ടത്, ജീവനു പകരം ജീവൻ എന്ന തത്ത്വമനുസരിച്ച് ധ്രുവമഹാരാജാവിന്റെ ധർമമായിരുന്നു. ആ വെല്ലുവിളി ഉയർന്നപ്പോൾ അവൻ പ്രചണ്ഡമായി യുദ്ധം ചെയ്യുകയും യക്ഷന്മാരെ മതിയാംവണ്ണം ശിക്ഷിക്കുകയും ചെയ്തു. പക്ഷേ കോപം അങ്ങനെയാണ്, അത് വർധിച്ചു തുടങ്ങിയാൽ അളവില്ലാതെ അധികരിക്കും. ധ്രുവമഹാരാജാവിന്റെ രാജകോപം അതിരു കടക്കാതിരിക്കാൻ, തന്റെ പൗത്രനെ ദയാലുവായ മനു തടഞ്ഞു. ധ്രുവമഹാരാജാവിന് തന്റെ പിതാമഹന്റെ ലക്ഷ്യം മനസിലാക്കാൻ കഴിയുകയും അവൻ പെട്ടെന്ന് യുദ്ധം നിർത്തുകയും ചെയ്തു. ശ്രുതേന ഭൂയസാ, 'നിരന്തര ശ്രവണത്താൽ' എന്ന വാക്കുകൾ ഈ ശ്ലോകത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഭക്തിയുതസേവനത്തെപ്പറ്റി നിരന്തരം ശ്രവിക്കുന്ന ഒരുവന്, ഭക്തിയുതസേവന പ്രക്രിയയ്ക്ക് ദ്രോഹകരമായ കോപത്തിന്റെ ശക്തിയെ ചെറുക്കാൻ കഴിയും. ഭഗവാന്റെ ലീലകളുടെ നിരന്തര ശ്രവണം എല്ലാ ഭൗതിക രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണെന്ന് ശ്രീല പരീക്ഷിത് മഹാരാജാവ് പറഞ്ഞിട്ടുണ്ട്. ആയതിനാൽ എല്ലാവരും നിരന്തരം പരമദിവ്യോത്തമപുരുഷൻ ഭഗവാനെക്കുറിച്ച് ശ്രവിക്കണം. ശ്രവണത്തിലൂടെ ഒരുവന് സദാ സമതുലിതാവസ്ഥയിൽ തുടരാൻ കഴിയുന്നതിനാൽ അവന്റെ ആദ്ധ്യാത്മികജീവിതം ഒരിക്കലും പ്രതിബന്ധത്തിലാവുകയില്ല.

ധ്രുവമഹാരാജാവ് അക്രമികളോട് കോപിഷ്ടനായത് തികച്ചും ഉചിതമായിരുന്നു. നാരദമുനിയുടെ ഉപദേശം സ്വീകരിച്ച് ഭക്തനായിത്തീർന്ന ഒരു സർപത്തിന്റെ കഥ ഇതുമായി ബന്ധപ്പെടുത്തി പറയാം. നാരദൻ തന്റെ ശിഷ്യനായ സർപത്തിന്, മേലിൽ ആരെയും ദംശിക്കരുതെന്ന് നിർദേശം നൽകി. സാധാരണയായി മറ്റു ജീവസത്തകളെ ക്രൂരമായി ദംശിക്കുന്നതാണ് സർപങ്ങളുടെ സ്വഭാവം. ആത്മീയ ഗുരുവിന്റെ വിലക്കുണ്ടായതിനാൽ ഭക്തനായ സർപത്തിന് അങ്ങനെ ചെയ്യാൻ കഴിയാതായി. ദൗർഭാഗ്യവശാൽ ജനങ്ങൾ, പ്രത്യേകിച്ചും കുട്ടികൾ സർപത്തിന്റെ ഈ അക്രമരാഹിത്യം മുതലെടുത്ത് അവന്റെ മേൽ കല്ലെറിയാൻ തുടങ്ങി. ഭക്തനായതിനാൽ അവന് ആരെയും കടിക്കാതെ കല്ലേറ് സഹിച്ച് കഴിയേണ്ടി വന്നു. കുറെക്കാലം കഴിഞ്ഞ് ഒരുനാൾ ആത്മീയഗുരുവായ നാരദനെ കണ്ടുമുട്ടിയ അവൻ അദ്ദേഹത്തോട് പരാതിപ്പെട്ടു, “ഞാൻ, നിരപരാധികളായ ജീവികളെ കടിച്ചിരുന്ന എന്റെ ദുസ്വഭാവം പാടേ ഉപേക്ഷിച്ചു, പക്ഷേ അവരെന്നെ കല്ലെറിഞ്ഞ് ദ്രോഹിക്കുന്നു.” അതു കേട്ട നാരദമുനി അവനെ ഇങ്ങനെ ഉപദേശിച്ചു, “കടിക്കരുത്, പക്ഷേ കടിക്കാനെന്നു തോന്നിക്കുന്ന വിധത്തിൽ ഫണം വിടർത്താൻ മറക്കരുത്, അങ്ങനെ ചെയ്താൽ അവർ അകന്നു പൊയ്ക്കൊള്ളും." അതുപോലെ ഒരു ഭക്തൻ എപ്പോഴും അക്രമരഹിതനായിരിക്കും; അവൻ എല്ലാവിധ സത്ഗുണങ്ങളാലും സവിശേഷതകളാലും യോഗ്യനായിരിക്കും, പക്ഷേ സാധാരണ ലോകത്തിൽ മറ്റുളളവരാൽ അനാവശ്യമായി ദ്രോഹിക്കപ്പെട്ടാൽ അവൻ കോപിക്കാൻ മറക്കരുത്, കുറഞ്ഞ പക്ഷം അക്രമികളെ അകറ്റിവിടാൻ തൽകാലത്തേക്കെങ്കിലും.

( ശ്രീമദ് ഭാഗവതം 4.11.31 )

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment