Home

Sunday, October 18, 2020

King Nṛga / നൃഗരാജമോക്ഷം



 നൃഗരാജമോക്ഷം


🍁🍁🍁🍁🍁🍁🍁🍁


ഒരിക്കൽ സാംബനും യദുവംശജരായ മറ്റു കുട്ടികളും കാട്ടിൽ കളിയാടാൻ ചെന്നു. കുറേനേരം കളിച്ചപ്പോൾ കടുത്ത ദാഹമുണ്ടാവുകയും അവർ ജലം തേടിപ്പോവുകയും ചെയ്തു. വെള്ളമില്ലാത്ത ഒരു പൊട്ടക്കിണറ്റിനുള്ളിൽ അവരൊരു വിചിത്രജീവിയെക്കണ്ടു: ഒരു മലപോലെതോന്നിച്ച ഒരു വലിയ പല്ലിയായിരുന്നു അത്. പാവം തോന്നിയിട്ട് അവരതിനെ പുറത്തെടുക്കാൻ ശ്രമിച്ചു. തോലും നൂലും കൊണ്ടുള്ള കയറുകളാൽ പലവട്ടം കെട്ടി വലിച്ചിട്ടും അവർക്കതിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.അവർ കൃഷ്ണഭഗവാനോടു ചെന്ന് വിവരം പറഞ്ഞു. ഭഗവാൻ കിണറ്റിനരികിലേയ്ക്ക് അവരോടൊപ്പം വരികയും ഇടതു കൈനീട്ടി ആ പല്ലിയെ നിഷ്പ്രയാസം പുറത്തെടുക്കുകയും ചെയ്തു. കൃഷ്ണഭഗവാന്റെ കരസ്പർശമേറ്റ നിമിഷം ആ ജീവി ഒരു ദേവനായി രൂപാന്തരപ്പെട്ടു. “ആരാണ് നീ എന്തിനാണിങ്ങനെ ഒരു നികൃഷ്ടരൂപം കൈക്കൊണ്ടത്?” എന്നു കൃഷ്ണൻ ആരാഞ്ഞു.
ആ ദിവ്യരൂപം ഇപ്രകാരം മറുപടിപറഞ്ഞു: “ഇക്ഷ്വാകുവിന്റെ പുത്രനായ നൃഗരാജാവായിരുന്നു ഞാൻ. ദാനശീലത്തിനു പേരുകേട്ടവനായിരുന്നു ഞാൻ. അനേകം ബ്രാഹ്മണർക്ക് എണ്ണമറ്റ പശുക്കളെ ഞാൻ ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഒരിക്കൽ ഒരുത്തമബ്രാഹ്മണന്റെ പശു അലഞ്ഞുതിരിഞ്ഞ് എന്റെ പശുക്കളുടെ കൂട്ടത്തിലെത്തി. ഇതറിയാതെ ഞാനതിനെ മറ്റൊരു ബ്രാഹ്മണനു ദാനം ചെയ്തു. ഈ ബ്രാഹ്മണൻ പശുവിനെയും കൊണ്ടുപോകുന്നതു കണ്ട യഥാർത്ഥ ഉടമ അതിനെ അവകാശപ്പെടുകയും മറ്റേ ബ്രാഹ്മണനോടു തർക്കത്തിനു പുറപ്പെടുകയും ചെയ്തു. അല്പനേരം വഴക്കിട്ട ശേഷം അവരിരുവരും എന്റെ മുന്നിലെത്തി. ഈയൊരു പശുവിനു പകരം ഒരു ലക്ഷം പശുക്കളെ വീതം സ്വീകരിക്കാൻ ഞാൻ അവരിരുവരോടും കേണപേക്ഷിച്ചു. അറിയാതെ ചെയ്തുപോയ അപരാധത്തിനു മാപ്പപേക്ഷിക്കുകയും ചെയ്തു. പക്ഷേ രണ്ടു ബ്രാഹ്മണന്മാരും എന്റെ നിർദ്ദേശം കൈക്കൊണ്ടില്ല. കലഹം രമ്യതയിലെത്താതെ പിരിഞ്ഞു.
“വൈകാതെ ഞാൻ മരണമടയുകയും യമരാജന്റെ സഭയിലേക്ക് കാല ദൂതന്മാരെന്നെ കൊണ്ടുപോവുകയും ചെയ്തു. പാപങ്ങളുടെ ഫലം അനുഭവിക്കണോ അതോ പുണ്യഫലങ്ങൾ ആസ്വദിക്കണോ ഏതാണ് ആദ്യം വേണ്ടതെന്ന് യമനെന്നോടു ചോദിച്ചു. പാപഫലങ്ങൾ ആദ്യമനുഭവിക്കാമെന്നു തീർച്ചപ്പെടുത്തിയ ഞാൻ ഒരു ഗൗളിയുടെ രൂപം കൈക്കൊണ്ടു."
നൃഗരാജാവ് കഥ പറഞ്ഞുതീർത്ത് കൃഷ്ണഭഗവാന് സ്തുതികളർപ്പിച്ച് ഒരു ദിവ്യവിമാനത്തിൽക്കയറി സ്വർഗ്ഗത്തിലേയ്ക്ക് യാത്രയായി. തന്റെ സഹചരന്മാർക്കും പൊതുജനങ്ങൾക്കും ബ്രാഹ്മണസ്വത്ത് അപഹരിക്കുന്നതിന്റെ ആപത്ത് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തിട്ട്, കൃഷ്ണൻ കൊട്ടാരത്തിലേയ്ക്ക് മടങ്ങി.

( ശ്രീമദ് ഭാഗവതം 10.64.)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment