Home

Wednesday, October 7, 2020

ശ്രീമദ് ഭഗവദ് ഗീത എട്ടാം അദ്ധ്യായത്തിന്റെ മാഹാത്മ്യം



 ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭഗവദ് ഗീത എട്ടാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆


മഹാദേവൻ പറഞ്ഞു, "എന്റെ പ്രിയ പാർവ്വതീ, ഭഗവദ് ഗീതയുടെ ദിവ്യശക്തി അപരിമേയമാണ്. ഭഗവദ് ഗീതയുടെ എട്ടാം അദ്ധ്യായത്തിന്റെ മഹത്വം ഞാൻ വർണിക്കുന്നത് ദയവായി ശ്രവിക്കൂ. അത് നിന്റെ ഹൃദയത്തിൽ ആനന്ദം പ്രദാനം ചെയ്യുന്നതായിരിക്കും".


"ഒരിക്കൽ ഭവശർമ്മൻ എന്ന നാമത്തിൽ പതീതനായ ഒരു ബ്രാഹ്മണൻ ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹം ഭാരതത്തിന്റെ തെക്കു ഭാഗത്ത് അമർധകപൂർ എന്ന പട്ടണത്തിലായിരുന്നു വസിച്ചിരുന്നത്. അദ്ദേഹം വിവാഹിതനായിരുന്നെങ്കിൽ പോലും മോഷണം, വേട്ടയാടൽ, മാംസം ഭക്ഷിക്കൽ, മദ്യപാനം തുടങ്ങിയ പാപ കർമ്മങ്ങളിൽ തന്റെ കൂടുതൽ സമയവും ചിലവഴിച്ചു.


ഭവശർമ്മ കുറേയേറെ വിരുന്നുകളിൽ പങ്കെടുത്തുകൊണ്ടേയിരുന്നു. അങ്ങനെ അതിലൊരു വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കെ അയാൾ അമിതമായ മദ്യപാനം കാരണം രോഗബാധിതനായി. തൽഫലമായി ആ പാപിയായ വ്യക്തിക്ക് വിട്ടുമാറാത്ത അതിസാരം പിടിപെടുകയും, കുറേ ദിവസത്തെ ദുരിതാനുഭവങ്ങൾക്കു ശേഷം മരണപ്പെടുകയും ചെയ്തു. അയാൾ പിന്നീട് ഒരു ഈന്തപ്പനയായി പുനർജനിച്ചു.


കുറച്ചു കാലങ്ങൾക്കു ശേഷം, രണ്ടു ബ്രഹ്മരക്ഷസ്സുകൾ ആ മരത്തിനു കീഴിൽ വിശ്രമിക്കുവാൻ തീരുമാനിച്ചു, ഞാൻ അവരുടെ ചരിത്രം കൂടി നിനക്കു വിശദീകരിച്ചു നൽകാം, ശ്രദ്ധയോടെ കേൾക്കുക


എല്ലാ വൈദിക ശാസ്ത്രങ്ങളും സ്വായത്തമാക്കിയ ഒരു ബ്രാഹ്മണനായിരുന്നു കുശിബാൽ, എങ്കിലും അയാൾ അത്യാഗ്രഹിയായിരുന്നു, മാത്രമല്ല അയാളുടെ ഭാര്യ കുമതി ദുഷിച്ച മനസ്സിനുടമയുമായിരുന്നു. അവർ ദിവസേന ആവശ്യത്തിലധികം ദാനം സ്വീകരിച്ചിരുന്നു, എന്നാൽ അവയുടെ പങ്ക് മറ്റുള്ളവർക്കു നൽകുവാൻ തയ്യാറായതുമില്ല. അനന്തരഫലമായി അവർ മരണ ശേഷം ബ്രഹ്മരക്ഷസ്സുകളായി മാറി. ആ പ്രേത രൂപത്തിൽ അവർ വിശപ്പിനാലും ദാഹത്താലും ഭൂമിയിൽ അലഞ്ഞു നടന്നു. അങ്ങനെ ഒരു ദിവസം അവർ ഒരു ഈന്തപ്പനയുടെ താഴെ വിശ്രമിക്കുവാൻ തീരുമാനിച്ചു.


ഈ ദുരിത പൂർണമായ ജീവിതത്തിൽ ക്ഷമ നശിച്ച ഭാര്യ, ഭർത്താവിനോട് യാചിച്ചു കൊണ്ടു പറഞ്ഞു. "നമുക്ക് എങ്ങനെയാണ്  ഈ നികൃഷ്ടമായ ജീവിതത്തിൽ നിന്നും മോചിതരാകുവാൻ സാധിക്കുക? എനിക്ക് ഇതിൽ കൂടുതൽ സഹിക്കുവാൻ സാധിക്കില്ല!" 


പൂർവ കാലത്ത് താൻ പഠിച്ചിരുന്ന ശിക്ഷണങ്ങൾ ഓർത്തെടുത്ത ഭർത്താവ് മറുപടി പറഞ്ഞു. ബ്രഹ്മത്തെയും, ആത്മാവിനെക്കുറിച്ചും, ശരിയായ കർമ്മങ്ങളെ കുറിച്ചുമുള്ള ജ്ഞാനത്തിൽ കൂടി മാത്രമേ നമുക്ക് ഈ പാപഭരിതമായ അവസ്ഥയിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ.


ഭാര്യ പിന്നീട് ചോദിച്ചു "കിം തദ്ബ്രഹ്മ കിമദ്ധ്യാത്മം കിം കർമ പുരുഷോത്തമ" അതിനർത്ഥം ഓ പ്രഭുവേ, എന്താണ് ബ്രഹ്മം? ആത്മാവെന്നാലെന്ത്? എന്തൊക്കെയാണ് യഥോചിതമായ കർമ്മങ്ങൾ? അറിയാതെയാണെങ്കിൽ പോലും ഭഗവദ് ഗീതയിലെ എട്ടാം അദ്ധ്യായത്തിലെ ഒന്നാമത്തെ ശ്ലോകത്തിന്റെ പകുതി ഭാഗമാണ് ഭാര്യ ഉരുവിട്ടിരുന്നത്. ശേഷം വിസ്മയകരമായ ഒരു കാര്യം സംഭവിച്ചു. അവരെ ആശ്ചര്യം കൊള്ളിച്ചുകൊണ്ട് ആ ഈന്തപ്പന അപ്രത്യക്ഷമാവുകയും ആ സ്ഥാനത്ത് ഒരു ബ്രാഹ്മണനെ കാണുവാൻ സാധിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നു വച്ചാൽ, ആ വാക്കുകളുടെ അസാധാരണ ശക്തിയാൽ ഭവശർമ്മൻ ഈന്തപ്പനയുടെ രൂപത്തിൽ നിന്നും മോചിതനായി വീണ്ടും ബ്രാഹ്മണനായി മാറി, എല്ലാ പാപങ്ങളിൽ നിന്നും മുക്തനായി.


പൊടുന്നനെ ആകാശത്തിൽ മനോഹരമായ ഒരു പുഷ്പക വിമാനം പ്രത്യക്ഷമായി. അത് താഴെയെത്തിയപ്പോൾ പതിയും പത്നിയും തങ്ങളുടെ ബ്രഹ്മ രക്ഷസ്സുകളുടെ ശരീരത്തിൽ നിന്നും മോചിതരായി, അവരെയും വിസ്മയിപ്പിച്ചുകൊണ്ട് ദിവ്യ ശരീരങ്ങൾ പൂകിയ ആ ദമ്പതികൾ തങ്ങളെയും കാത്തിരിക്കുന്ന ദിവ്യവിമാനത്തിൽ വൈകുണ്ഡ ലോകങ്ങളിലേക്ക് യാത്രയായി.


ഇതു കണ്ട് അമ്പരന്ന ഭവശർമ്മൻ എന്ന ആ ബ്രാഹ്മണന് ഹൃദയത്തിൽ പരിവർത്തനം സംഭവിക്കുകയും, അദ്ദേഹം കർത്തവ്യബോധത്തോടെ ആ ദിവ്യമായ വാക്കുകൾ എഴുതുന്നതിൽ ഏർപ്പെടുകയും ചെയ്തു- "കിം തദ്ബ്രഹ്മ കിമദ്ധ്യാത്മം കിം കർമ പുരുഷോത്തമ". അതിനു ശേഷം ഗംഗാ നദീ തീരത്തുള്ള കാശിപുരിയിലേക്ക് യാത്രയായ അദ്ദേഹം, ഭഗവാന്റെ സംതൃപ്തിക്കായി കഠിന തപശ്ചര്യകളോടുകൂടി ഈ പകുതി ശ്ലോകങ്ങൾ തുടരെ പാരായണം ചെയ്യുവാൻ തുടങ്ങി.


ഭവശർമ്മന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിൽ സംപ്രീതനായ ഭഗവാൻ വിഷ്ണു, അദ്ദേഹത്തിന് ആത്മീയ ലോകങ്ങളിലേക്ക് പ്രവേശനം നൽകി. മാത്രമല്ല അതേ അനുഗ്രഹം അദ്ദേഹത്തിന്റെ പിതൃക്കൾക്കും നൽകി."


മഹാദേവൻ ഉപസംഹരിച്ചു, "പ്രിയ പാർവ്വതീ, ഇങ്ങനെ ഭഗവദ് ഗീതയുടെ എട്ടാം അദ്ധ്യായത്തിന്റെ മഹാത്മ്യങ്ങളുടെ ഒരു സൂചന മാത്രമാണ് ഞാൻ നിനക്കു വിശദീകരിച്ചു നൽകിയത്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

No comments:

Post a Comment