Home

Saturday, October 3, 2020

ശ്രീമതി രാധാറാണിയുടെ ഭൂമിയിലെ ആവിർഭാവം


 ശ്രീമതി രാധാറാണിയുടെ ഭൂമിയിലെ ആവിർഭാവം

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆



ശ്രീമതി രാധാ റാണിയുടെ ഭൂമിയിലെ ആവിർഭാവത്തെ കുറിച്ച് പല കല്പങ്ങളിൽ നടന്ന പല വിവരണങ്ങൾ ഉണ്ട് .അതിൽ ചിലത് നമുക്ക് ഇവിടെ കാണാം


വിവരണം 1

🔆🔆🔆🔆🔆🔆🔆🔆



(ശ്രീല രൂപ ഗോസ്വാമിയാൽ വിരചിതമായ ലളിത മാധവത്തിൽ വർണിച്ചിരിക്കുന്നത് )

ഒരിക്കൽ വിന്ധ്യാ പർവ്വതം ഹിമാലയ പർവ്വതത്തെ കണ്ടു അസൂയപ്പെടുകയുണ്ടായി. പാർവ്വതീ ദേവിയെ തൻറെ പുത്രിയായി ലഭിച്ച കാരണത്താൽ ഹിമാലയത്തിന് മഹാദേവനെ മരുമകനായി ലഭിച്ചു . ആയതിനാൽ മഹാദേവനെ പരാജയപ്പെടുത്താൻ കഴിവുള്ള ഒരു വ്യക്തിയെ തൻറെ മരുമകനായി ലഭിക്കണമെന്ന് ആഗ്രഹിച്ച വിന്ധ്യ പർവ്വതം ബ്രഹ്മദേവനെ പ്രീതിപ്പെടുത്തുവാൻ ആയി കഠിനമായ തപോവ്രതങ്ങൾ അനുഷ്ഠിച്ചു.

വിന്ധ്യാപർവതത്തിൻറെ ഉഗ്രതപസ്സിൽ സംപ്രീതനായ ബ്രഹ്മദേവൻ ഉദ്ദിഷ്ട വരത്തിൻറെ പ്രാപ്തിക്കായി അനുഗ്രഹിച്ചു. ശിവഭഗവാനെ പരാജയപ്പെടുത്തുന്നവനെ പാണിഗ്രഹണം ചെയ്യുന്ന ഒരു പുത്രിയെ തനിക്ക് വേണമെന്ന് വിന്ധ്യ പർവ്വതം പറഞ്ഞു. ബ്രഹ്മദേവൻ അധികം ആലോചിക്കാതെ തഥാസ്തു എന്ന് അനുഗ്രഹിച്ചു. കുറച്ചുനേരം കഴിഞ്ഞ് താൻ കൊടുത്ത വരം അസാധ്യമാണെന്ന് മനസ്സിലാക്കിയതോടെ ബ്രഹ്മദേവൻ കുഴങ്ങിപ്പോയി. അധികം താമസിയാതെ ഭഗവാൻ ശ്രീകൃഷ്ണൻ ഭൂലോകത്തിൽ അവതരിക്കാൻ പോകുന്നുവെന്ന് മനസ്സിലോർത്ത ബ്രഹ്മദേവൻ, ഭഗവാന്റെ പ്രാണപ്രിയയായ രാധാറാണി വിന്ധ്യപർവ്വതത്തിന് പുത്രിയായി അവതരിച്ചാൽ തൻറെ വരം അസത്യമാവില്ല എന്ന് മനസ്സിലാക്കി , രാധാ റാണിയെ പ്രീതിപ്പെടുത്തുവാൻ കഠിനമായ തപസ്സ് അനുഷ്ഠിച്ചു. ബ്രഹ്മദേവന്റെ തപസ്സിൽ പ്രസന്നയായ രാധാറാണി അദ്ദേഹത്തിൻറെ പ്രാർത്ഥന സ്വീകരിച്ചു.

എന്നാൽ അപ്പോഴേക്കും രാധാറാണിയും ചന്ദ്രാവലിയും വൃഷഭാനു മഹാരാജാവിന്റേയും അദ്ദേഹത്തിൻറെ സഹോദരനായ ചന്ദ്രഭാനുവിന്റേയും പത്നിമാരുടെ ഗർഭത്തിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു . ആയതിനാൽ രാധാറാണി ഇരുവരെയും വിന്ധ്യാപർവത പത്നിയുടെ ഗർഭത്തിലേക്ക് മാറ്റുവാൻ യോഗമായക്ക് കല്പന കൊടുത്തു. അതനുസരിച്ച് വിന്ധ്യപർവ്വതത്തിന് അഴകാർന്ന രണ്ടു പെൺകുട്ടികൾ പിറന്നു.

ഇതിനു മുൻപുതന്നെ മധുരയിൽ അവതരിച്ച കൃഷ്ണൻ ഗോകുലത്തിലേക്കും യശോദയുടെ പുത്രിയായി അവതരിച്ച യോഗമായ മധുര യിലേക്കും മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു . ദേവകിയുടെ എട്ടാമത്തെ കുട്ടിയെ വധിക്കാൻ വന്ന കംസന്റെ കയ്യിൽ നിന്നും വഴുതി ആകാശത്തിലേക്ക് ഉയർന്ന് യോഗമായ ഇപ്രകാരം അരുളിച്ചെയ്തു

"ദുഷ്ടനായ ഏ കംസാ!!! മുൻജന്മത്തിൽ കാലനേമിയായിരുന്ന നിന്നെ ചക്രായുധത്താൽ വധിച്ച ഭഗവാൻ, എല്ലാ ജീവജാലങ്ങൾക്കും ആനന്ദമേകിക്കൊണ്ട് ഇന്ന് ഭൂമിയിൽ അവതരിച്ചിരിക്കുന്നു.
ദേവി തുടർന്നു:

"നീ ഒരു സത്യം കൂടി അറിഞ്ഞു കൊള്ളുക.എന്നെക്കാൾ ശക്തിയാർന്ന അഷ്ട മഹാ ശക്തികൾ; രാധ, ചന്ദ്രാവലി , ലളിത ,വിശാഖ, പത്മ, ശൈഭ്യ, ശ്യാമള , ഭദ്ര തുടങ്ങിയവർ അതിശീഘ്രം അവതരിക്കുന്നതായിരിക്കും.അതിൽ ആദ്യത്തെ രണ്ടുപേർ അതീവ ഭാഗ്യശാലികളായിരിക്കും. ഇവരെ ആര് വിവാഹം ചെയ്യുന്നുവോ അവർ മഹാദേവനേയും തോൽപ്പിക്കാൻ കഴിവുള്ളവരാകും." ഇപ്രകാരം അരുളിച്ചെയ്ത് യോഗമായ അപ്രത്യക്ഷയായി .
ഇത് കേട്ട് കോപാന്ധനായ കംസൻ, പൂതന എന്ന അസുര സ്ത്രീയെ വിളിച്ച് നവജാതരായ എല്ലാ ആൺകുട്ടികളെയും വധിക്കുവാനും എല്ലാ പെൺകുട്ടികളെയും തട്ടിക്കൊണ്ടു വരുവാനും ആജ്ഞാപിച്ചു .

വിന്ധ്യ പർവ്വതം തൻറെ പുത്രിമാർക്ക് നാമകരണ ചടങ്ങുകൾ അതിഗംഭീരമായി ആഘോഷിച്ചു കൊണ്ടിരിക്കുന്ന വേളയിൽ, അവിടെ വരുവാനിടയായ പൂതന രണ്ട് പെൺകുഞ്ഞുങ്ങളെയും തട്ടിയെടുത്തു ആകാശ മാർഗ്ഗേന പറന്നുയർന്നു.ഇത് കണ്ട ബ്രാഹ്മണർ, മന്ത്രങ്ങൾ ഉച്ചരിക്കവേ ശക്തി ക്ഷയിച്ച പൂതനക്ക് രണ്ട് കുട്ടികളെയും വഹിക്കുവാൻ സാധിക്കാതെയാകുകയും, ആയതിനാൽ ഒരു കുട്ടിയെ വിദർഭ രാജ്യത്തിലെ നദിയിലേക്ക് വലിച്ചെറിയുകയും, ആ കുട്ടിയെ വിദർഭ രാജൻ എടുത്തു വളർത്തുകയും ചെയ്തു. ഇവൾ പിന്നീട്‌ ചന്ദ്രാവലി എന്നറിയപ്പെട്ടു.ശേഷിച്ച കുട്ടിയേയും വഹിക്കാൻ സാധിക്കാതെ വന്നതിനാൽ പൂതന ആ കുട്ടിയേയും വ്രജ ഭൂമിയിലേക്ക് എറിഞ്ഞു കളഞ്ഞു .കുട്ടിയെ കണ്ടെടുത്ത പൂർണ്ണമാസി മുഖാര എന്ന ഗോപസ്ത്രീയെ ഏൽപ്പിക്കുകയും ഇവൾ നിങ്ങളുടെ മരുമകൻ വൃഷഭാനുവിന്റെ പുത്രിയാണ് എന്ന് പറഞ്ഞിട്ട് അവിടെ നിന്നും പോകുകയും ചെയ്തു. അന്നുമുതൽ ശ്രീമതി രാധാറാണി വൃഷഭാനു പുത്രിയായി വളർന്നുവന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment