ശ്രീ ബലരാമ ചരിതം
🔆🔆🔆🔆🔆🔆🔆🔆
ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ”ബലരാമൻ” . ഇദ്ദേഹത്തിന് ബലരാമൻ എന്ന പേരിനു പുറമേ ബലഭദ്രൻ ,ബലദേവൻ എന്നും പേരുകളുണ്ട്. അനന്തശേഷന്റെ അവതാരമാണ് ബലരാമൻ
ശ്രീ ബലരാമന്റെ ജനനം
ലോകത്ത് ദുഷ്ടരാജാക്കന്മാർ പെരുകിയപ്പോൾ ഭൂമിദേവിക്ക് പൊറുതിമുട്ടി. ദേവി ഒരു പശുവിന്റെ വേഷത്തിൽ പാലാഴിയിൽ പള്ളികൊള്ളുന്ന വിശ്വരക്ഷകനായ വിഷ്ണു ഭഗവാനെ കണ്ടു സങ്കടമുണർത്തിച്ചു. ഭഗവാൻ ദേവിയെ സമാധാനിപ്പിച്ചു. താനും അനന്തശേഷനും വസുദേവരുടെ പുത്രന്മാരായി ശ്രീകൃഷ്ണൻ ബലരാമന്, എന്നീ പേരുകളിൽ ഭൂമിയിൽ അവതരിച്ച് ദുഷ്ടനിഗ്രഹം ചെയ്ത് ലോകത്തെ കാത്തു കൊള്ളാമെന്ന് അദ്ദേഹം ഭൂമിദേവിക്ക് ഉറപ്പു നല്കി.
മഥുരയിലെ യാദവരാജാവായ ശൂരസേനന്റെ പുത്രനാണ് വസുദേവൻ.അദ്ദേഹം മറ്റൊരു യാദവരാജാവായ ഉഗ്രസേനന്റെ സഹോദരൻ ദേവകന്റെ പുത്രിയായ ദേവകിയെ വിവാഹം ചെയ്തു. വസുദേവരും, ദേവകിയുമായുള്ള വിവാഹഘോഷയാത്രയിൽ വസുദേവർക്കു ദേവകിയിൽ ജനിയ്ക്കുന്ന എട്ടാമത്തെ ശിശു കംസനെ വധിയ്ക്കുമെന്ന് അശരീരിയുണ്ടായി. മധുരയിലെ ഉഗ്രസേന മഹാരാജാവിന്റെ പുത്രനും കാലനേമി എന്ന മഹാസുരന്റെ അവതാരവുമായ ഒരു രാജാവാണ് ”കംസൻ” യാദൃശ്ചികമായി ദേവകിയുടെയും,വസുദേവരുടെയും വിവാഹഘോഷയാത്രയിൽ താൻ കേട്ട അശരീരി കംസനെ വല്ലാതെ ദു:ഖിപ്പിച്ചു കൊണ്ടിരുന്നു. നാളുകൾ ചിലതുകടന്നു. മാനസികമായും, ശാരീരികമായും ദുഖം കൊണ്ടു തളർന്ന കംസനു ഒരുതരം പരിഭ്രാന്തി തോന്നി. താമസം വിന പരിഭ്രാന്തി പ്രതികാരമായി മാറി. അയാളുടെ ഉള്ളില് അഗ്നി ജ്വലിയ്ക്കാൻ തുടങ്ങി. ഒടുങ്ങാത്ത പക മാത്രം കൈമുതലായി ശേഷിച്ച കംസൻ വസുദേവരെയും, ദേവകിയെയും കാരാഗൃഹത്തിലടച്ചു. അവര്ക്കു ജനിച്ച ആറു സന്താനങ്ങളെയും ദുഷ്ടനായ കംസൻ നിലത്തടിച്ചു കൊന്നു. ദേവകി ഏഴാമതും ഗർഭിണിയായി. അത് ഭഗവാൻ വിഷ്ണുവിന്റെ നിർദ്ദേശമനുസരിച്ച് അനന്തന്റെ അവതാരമായിരുന്നു. ശിശു കംസനാൽവധിയ്ക്കപ്പെടാതിരിക്കുവാൻ വേണ്ടി വിഷ്ണുവിന്റെ ഉപദേശ പ്രകാരം മായാദേവി ദേവകിയുടെ ദിവ്യഗർഭത്തെ ആവാഹിച്ചെടുത്ത് വസുദേവരുടെ രണ്ടാം ഭാര്യയായ രോഹിണിയുടെ ഉദരത്തിലാക്കി. അങ്ങനെ ദേവകിക്ക് ഗർഭം അലസിപ്പോയ വാർത്ത നാടെങ്ങും പരന്നു. രോഹിണി യഥാസമയം പ്രസവിച്ച ആ ദിവ്യശിശുവാണ് ”സംഘർഷണൻ” അഥവാ ”ബലരാമൻ”
വൃന്ദാവനത്തിലെ ബാലലീലകൾ ക്ക് ശേഷം കൃഷ്ണ ബലരാമൻമാർ മധുരയിൽ പോവുകയും കുവലയ പീഠം, കംസവധം മുതലായ മുതലായവ നിർവഹിക്കുകയും ചെയ്തു അതിനുശേഷം ഉഗ്രസേന രാജാവിനെ മധുരയുടെ രാജാവായി വീണ്ടും വാഴിച്ചതിനുശേഷം രാജകുമാരന്മാർ നേടുന്ന ഗുരുകുല വിദ്യാഭ്യാസത്തിനായി സാന്ദീപനി മുനിയുടെ ആശ്രമത്തിൽ ചേർന്നു. കംസന്റെ വധത്തിന് പ്രതികാരം ചെയ്യാനായി സൈന്യവുമായി പുറപ്പെട്ടു വന്ന ജരാസന്ധനിൽ നിന്നും മധുര വാസികളെ സംരക്ഷിക്കുന്നതിനായി, കൃഷ്ണ ബലരാമൻമാർ സമുദ്രത്തിന് മധ്യേ ദ്വാരക എന്ന അതിമനോഹരവും അത്ഭുതകരവുമായ ദ്വീപ് സൃഷ്ടിച്ചു. കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിൽ പ്രവാസികളെ എല്ലാം മധുരയിൽ നിന്ന് ദ്വാരകയിലേക്ക് മാറ്റി.
ബലരാമൻ രേവതിയെ വിവാഹം ചെയ്യുന്നു.
കൃതയുഗത്തിൽ (സത്യ യുഗം) രേവതൻ എന്ന രാജാവ് , കടൽത്തീരത്തുള്ള ദ്വാരവതി എന്ന രാജ്യത്തെ ആണ്ടു വന്നിരുന്നു. രേവ തൻറെ 100 പുത്രന്മാരിൽ മുതിർന്ന സന്താനമായ കാകുത്മിയുടെ പുത്രിയായിരുന്നു , സർവ്വഗുണ സമ്പന്നയും, സൗഭാഗ്യവതിയും, അതീവ മനോഹരിയുമായ രേവതി.
തൻറെ പുത്രിയുടെ അഭൗമമായ ഗുണങ്ങൾക്കും, അഴകിനും അനുയോജ്യമായ ഗുണങ്ങളുള്ള ഒരു വരനെ ഭൂമിയിലും, ഉന്നത ഗ്രഹങ്ങളിലും കണ്ടെത്താൻ കഴിയാത്തതിനാൽ കാകുത്മി അതീവ ദുഃഖിതനായി. അതിനാൽ തന്റെ പുത്രിക്ക് അനുയോജ്യനായ വരനാരെന്ന് അറിയുവാനായി, അദ്ദേഹം തന്റെ പുത്രിയോടൊപ്പം ബ്രഹ്മ ലോകത്തിലേക്ക് ഗമിച്ചു. ആ സമയത്തിൽ ബ്രഹ്മദേവൻ ധ്യാനത്തിൽ അമർന്നിരുന്നതിനാൽ, അവിടെ ഇരുപതു നിമിഷങ്ങളോളം അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കേണ്ടതായി വന്നു. ബ്രഹ്മ ലോകത്തിലെ 20 നിമിഷമെന്നാൽ അത് ഭൂലോകത്തിൽ അനവധി യുഗങ്ങൾക്ക് സമമാണ്. തൽസമയം , ഭൂലോകത്തിൽ വൈവസ്വത മന്വന്തരത്തിന്റെ ഇരുപത്തിയെട്ടാമത്ത് മഹായുഗത്തിൽ ദ്വാപരയുഗം നടന്നുകൊണ്ടിരുന്നു. ധ്യാനം കഴിഞ്ഞുവന്ന ബ്രഹ്മദേവനോട് കാകുത്മി തൻറെ ആഗമനോദ്ദേശം അറിയിച്ചു. ഇത് ശ്രവിച്ച ബ്രഹ്മദേവൻ, താൻ ധ്യാനത്തിൽ അമർന്ന ഈ സമയത്തിനുള്ളിൽ ഭൂലോകത്തിൽ അനവധി യുഗങ്ങൾ കഴിഞ്ഞുപോയെന്നും, തൽസമയം ദ്വാപരയുഗമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അരുളിച്ചെയ്തു. ഇതറിഞ്ഞ് ആശങ്കയിലാണ്ട കാകുത്മിയെ സമാധാനിപ്പിച്ചു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. " ഈ സമയം ദ്വാരകയെ ആണ്ട് കൊണ്ടിരിക്കുന്നത്, പരമദിവ്യോത്തമ പുരുഷനായ കൃഷ്ണനും, അദ്ദേഹത്തിൻറെ സഹോദരനായ ബലരാമനുമാണ് അങ്ങയുടെ പുത്രിക്ക് ഏറ്റവും അനുയോജ്യമായ ഗുണങ്ങളോടുകൂടിയ ഒരേ ഒരാൾ ആദിശേഷനായ ആ ബലരാമൻ മാത്രമാണ്. അതിനാൽ അങ്ങയുടെ ഗുണശീലയായ ഈ പുത്രിയെ ഭഗവാൻ ബലരാമന് സമർപ്പിക്കുക."
ബ്രഹ്മദേവന്റെ വാക്കുകൾ ശിരസാവഹിച്ച് കാകുത്മി തൻറെ പുത്രി രേവതി യോടൊപ്പം ഭൂലോകത്തിൽ തിരിച്ചുവന്നു.അപ്പോൾ മനുഷ്യ സമുദായമാകെ ദ്വാപരയുഗത്തിനനുയോജ്യമായി, വലുപ്പത്തിൽ വളരെ ചെറുതായിരിക്കുന്നു എന്നത് കാകുത്മി ദർശിച്ചു.അവരെ അപേക്ഷിച്ച് നോക്കുമ്പോൾ കാകുത്മിയും രേവതിയും രാക്ഷസ സമാനമായ വലുപ്പം ഉള്ളവരായിരുന്നു. അവർ ദ്വാരകയിൽ എത്തി ബലരാമനെ സന്ധിച്ച്, നടന്ന സംഭവങ്ങളെല്ലാം ഉണർത്തിച്ചു കൊണ്ട്, തൻറെ പുത്രിയെ പത്നിയായി സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു.ഭഗവാൻ ബലരാമൻ തൻറെ കലപ്പ ഉപയോഗിച്ച് രേവതിയുടെ ശിരസ്സിൽ സ്പർശിച്ചു താഴേക്കു വലിച്ച് അവളുടെ രാക്ഷസീയമായ വലിപ്പം കുറച്ച് കാലത്തിനനുസരിച്ചുള്ളതാക്കി മാറ്റി. അതിനുശേഷം അതീവ ഗംഭീരമായി രേവതിയും ബലരാമനും തമ്മിലുള്ള വിവാഹം നടന്നു.
ബലരാമൻ യമുനയുടെ അഹങ്കാരത്തെ ശമിപ്പിക്കുന്നു.
ഒരിക്കൽ ബലരാമൻ നീരാടുന്നതിനായി യമുനാ നദിയെ അരികിലേക്ക് വിളിച്ചു എന്നാൽ അത് അനുസരിക്കാതിരുന്ന യമുനാ നദിയെ തൻറെ കലപ്പ കൊണ്ട് ചീറ്റി നൂറുകണക്കിന് കൈവഴികളായി പിരിച്ചു .ഭയന്നുപോയ യമുനാ നദി ഭഗവാന് ശരണാഗതി അടഞ്ഞു.
രുക്മിയുടെ വധം
🔆🔆🔆🔆🔆🔆🔆🔆
കൃഷ്ണ പുത്രനായ പ്രദ്യുമ്നന്റേയും രുക്മിണീ സോദരനായ രുക്മിയുടെ പുത്രിയുടേയും വിവാഹവേളയിൽ ദുഷ്ടരായ രാജാക്കന്മാരാൽ പ്രേരിതനായി രുഗ്മി, ബലരാമനെ ചൂതുകളിക്കായി ക്ഷണിച്ചു. ചൂതുകളിയിൽ കാപട്യം കാണിക്കുന്നതിൽ സമർഥനായ രുഗ്മി, ബലരാമന്റെ വിജയത്തെ നിഷേധിച്ചു .അതോടൊപ്പം വളരെ നിന്ദ്യമായ രീതിയിൽ അദ്ദേഹത്തെ അപഹസിച്ചു. എന്നാൽ ആ സമയത്ത് ആകാശത്തിൽ നിന്നും "ബലരാമൻ ആണ് യഥാർത്ഥ വിജയി" എന്നൊരു അശരീരി ഉണ്ടായി. എന്നാൽ ഇതിനെയും നിരാകരിച്ച രുഗ്മി വീണ്ടും അദ്ദേഹത്തെ പരിഹസിച്ചു. അതുവരെയും തൻറെ കോപത്തെ വളരെ ശ്രമപ്പെട്ട് അടക്കിയിരിക്കുന്ന ബലരാമൻ കോപാന്ധനായി തന്റെ ഗദയാൽ രുഗ്മിയെ വധിച്ചു. ചൂതുകളി യുടെ വേളയിൽ രുക്മിയുടെയുടെ പക്ഷം ചേർന്ന് തന്നെ പരിഹസിച്ചവരെയെല്ലാം അദ്ദേഹം കണക്കിന് പ്രഹരിച്ചു.ഭയന്ന രാജാക്കൻമാരെല്ലാം അവിടം വിട്ട് പലായനം ചെയ്തു.
ബലരാമൻ സാംബനെ ബന്ധ വിമുക്തനാക്കുന്നു
സ്വയംവര വേദിയിൽ നിന്ന് ദുര്യോധന പുത്രിയായ ലക്ഷ്മണയെ അപഹരിച്ചു കൊണ്ടുവന്ന കൃഷ്ണ സുതനായ സാംബനെ പിടികൂടിയ കൗരവന്മാർ അവനെ ബന്ധനസ്ഥനാക്കി. ഇതറിഞ്ഞ് ഉഗ്രസേന രാജാവ് ബലരാമനോട് സാംബനെ വിടുവിച്ചു കൊണ്ടുവരുവാൻ ആയി ആജ്ഞാപിച്ചു. ഭഗവാൻ ബലരാമൻ തൻറെ ആഗമനോദ്ദേശ്യം കൗരവന്മാരന്മാരെ അറിയിച്ചപ്പോൾ അഹങ്കാരികളായ അവർ അദ്ദേഹത്തിൻറെ വാക്കുകളെ വളരെ നിസ്സാരവൽകരിക്കുകയും സാംബനെ ബന്ധ വിമുക്തനാക്കുവാൻ സാധ്യമല്ല എന്ന് ദാർഷ്ട്യത്തോടെ പറയുകയും ചെയ്തു .എന്ന് മാത്രമല്ല കഠിനമായ വാക്കുകളാൽ അപമാനിക്കുകയും ചെയ്തു. ക്രുദ്ധനായ ബലരാമൻ തൻറെ കലപ്പയാൽ ഹസ്തിനപുരിയാകമാനം വലിച്ച് യമുനാനദിൽ ആഴ്ത്തുവാനായി തുടങ്ങി. ഭയന്നുപോയ കൗരവാദികൾ ബലരാമനെ ശരണം പ്രാപിച്ച് തങ്ങളുടെ മോശമായ പെരുമാറ്റത്തിനായി ക്ഷമ യാചിച്ചു . ഒപ്പം സാംബന്റേയും ലക്ഷ്മണയുടെയും വിവാഹം അതിഗംഭീരമായി നടത്തുകയും ചെയ്തു.
ബലരാമന്റെ അസുരവധം
🔆🔆🔆🔆🔆🔆🔆🔆
കൃഷ്ണനും ബലരാമനും പല അസുരൻമാരെ വധിച്ചു. ഓരോ അസുരനും നമ്മുടെ ഉള്ളിൽ വസിക്കുന്ന ആസുരീക ഗുണങ്ങളേയും അനർത്ഥങ്ങളേയും സൂചിപ്പിക്കുന്നു. കൃഷ്ണബലരാമന്മാരുടെ അസുരവധം കേൾക്കുമ്പോൾ പടിപടിയായി നമ്മുടെ ഉള്ളിലുള്ള ആസുരീക ഗുണങ്ങൾ മാഞ്ഞു പോകുന്നു. ധേനുകാസുരൻ,പ്രലംബാസുരൻ, ദ്വിവിധ വാനരൻ മുതലായവരെ ബലരാമൻ വധിച്ച് അത്ഭുതകരമായ തന്റെ ലീലകൾ നടത്തി.
ധേനുകാസുരൻ നമ്മുടെ ഉള്ളിൽ കുടി കൊണ്ടിരിക്കുന്ന സ്ഥൂലമായ ഭൗതിക ജ്ഞാനത്തെയും, ആത്മീയ ജ്ഞാനത്തെ കുറിച്ചുള്ള ഒരുവന്റെ അജ്ഞതയേയും, പ്രലംബാസുരൻ കാമതൃഷ്ണകളെയും, പദവിയും പ്രശസ്തിയും നേടുവാനുള്ള ഇച്ഛയേയും,ദ്വിവിദൻ സാധുക്കളെ നിന്ദിക്കുന്ന പ്രവണതയെയും സൂചിപ്പിക്കുന്നു.ബലരാമന്റെ ഈ ലീലകൾ തുടർന്നു കേൾക്കുന്നതോടൊപ്പം ഈ ആസുരീക ഗുണങ്ങൾ ഇല്ലാതാക്കാനും നാം ശ്രമിക്കണമെന്ന് ഭക്തി വിനോദ ഠാക്കൂർ തൻറെ ചൈതന്യ ശിക്ഷാ മൃതത്തിൻറെ ഭാവാർത്ഥത്തിൽ വിശദീകരിക്കുന്നു.
ഭഗവാൻ ബലരാമന്റെ തീരോഭാവം
യദുവംശത്തിന്റെ അവസാനഘട്ടത്തിൽ യാദവന്മാരെല്ലാം മദ്യപിച്ചു ലക്കു കെട്ട് തമ്മിലടിച്ചു മരിയ്ക്കുമ്പോൾ ബലരാമൻ ഒരു വൃക്ഷചുവട്ടില് ധ്യാനനിമഗ്നനായിരുന്നു. അദ്ദേഹത്തിന്റെ വായിൽകൂടി ഒരു വെളുത്ത സര്പ്പം ഇഴഞ്ഞിറങ്ങി സമുദ്രത്തിലൂടെ പാതാളലോകത്തേയ്ക്കു പോയി അവിടെ അദ്ദേഹത്തെ പാതാളത്തെ പ്രമുഖനാഗങ്ങള് ചേർന്നു മംഗളത്തോടെ സ്വീകരിച്ചു
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment