Home

Sunday, October 11, 2020

ശ്രീമദ് ഭഗവദ് ഗീത ഒൻപതാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭഗവദ് ഗീത ഒൻപതാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆


മഹാദേവൻ തുടർന്നു," പ്രിയ പാർവ്വതീ ദേവീ, ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായത്തിന്റെ മാഹാത്മ്യം ശ്രവിച്ചാലും."


"നർമദാ നദിയുടെ തീരത്തെ മഹിഷ്‌മതി എന്ന പട്ടണത്തിൽ മാധവൻ എന്ന നാമത്തോടു കൂടിയ ഒരു ബ്രാഹ്മണൻ വസിച്ചിരുന്നു. അദ്ദേഹം വളരെ നിഷ്ഠയുള്ള ഒരു ബ്രാഹ്മണനായിരുന്നു, കൂടാതെ പാണ്ഡിത്യവും യാഗങ്ങൾ നടത്തുന്നതിൽ നൈപുണ്യവുമുള്ള വ്യക്തിയായിരുന്നു, അതിനാൽ തന്നെ അയാളുടെ ധനികരായ ആശ്രിതരിൽ നിന്നും ധാരാളം ഉപഹാരങ്ങൾ ദാനമായി ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച ധാരാളം ധനത്താൽ ചിലവേറിയ ഒരു അഗ്നിഹോത്രം നടത്തുവാൻ അയാൾ തീരുമാനിച്ചു. ഈ യജ്ഞം ആരംഭിക്കുന്നത് ഒരു ആടിനെ ബലി നൽകിക്കൊണ്ടാണ്. യാഗാഗ്നിയിൽ ആർപ്പിക്കുന്നതിനു മുൻപേ ആ മൃഗത്തെ നന്നായി വൃത്തിയാക്കുവാൻ തന്റെ അനുയായികൾക്ക് അയാൾ ഉപദേശവും നൽകി.


എന്നാൽ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു മനുഷ്യനെ പോലെ ഉച്ചത്തിൽ അട്ടഹസിച്ച ശേഷം ആ ആട്, യാഗം നിർവ്വഹിക്കുവാൻ പോകുന്ന മാധവനോടായി പറഞ്ഞു. "ഹേ വിഡ്ഡീ, നീ പാണ്ഡിത്യമുള്ള വ്യക്തിയാണെന്ന് കരുതിയിരുന്നു. പക്ഷെ ജനന മരണമാകുന്ന ചക്രത്തിൽ ബന്ധിക്കുന്ന ഇത്തരം യാഗങ്ങൾ കൊണ്ട് യഥാർത്ഥമായി എന്ത് ഗുണമാണ് നിനക്കു ലഭിക്കുന്നത്."


ഈ വാക്കുകൾ ഒരു ആടിൽ നിന്നും കേൾക്കേണ്ടി വന്ന അവിടെ കൂടിയ ആളുകളെല്ലാം ആശ്ചര്യഭരിതരായി.മാധവൻ വിനയത്തോടെ മറുപടി പറഞ്ഞു. "നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ആശ്ചര്യം ജനിപ്പിക്കുന്നവയാണ്, ദയവായി അങ്ങയുടെ പൂർവ്വജന്മം ഞങ്ങൾക്ക് വിശദീകരിച്ചു നൽകിയാലും? എന്തായിരുന്നു അങ്ങയുടെ ധർമ്മം? എന്ത് പ്രവൃത്തിയുടെ ഫലമായാണ് ഈ ആടായി മാറിയത്."


ആ ആട് മറുപടി പറഞ്ഞു. "നിങ്ങളെ പോലെ തന്നെ ഞാനും പുണ്യാത്മാക്കളുടെ കുടുംബത്തിലായിരുന്നു ജനിച്ചത്. മാത്രമല്ല ഒരു നല്ല ജീവിതത്തിനായി നിഷ്കർഷിച്ചിട്ടുള്ള എല്ലാ വൈദിക ആചാരങ്ങളും ഞാൻ കർത്തവ്യബോധത്തോടെ നിർവ്വഹിച്ചുപോന്നിരുന്നു. എന്നാൽ എന്റെ മകന് മാരകമായ അസുഖം ബാധിക്കുകയും, അവന്റെ രോഗമുക്തിക്കായി എന്റെ ഭാര്യ ഒരു ആടിനെ ദുർഗാ ദേവിക്ക് ബലി അർപ്പിക്കുവാൻ എന്നെ പ്രേരിപ്പിച്ചു". 


ഞങ്ങൾ ആ ആടിനെ ബലിയർപ്പിക്കുവാൻ പോകവേ ആ മൃഗം എന്നെ ശപിച്ചു. "ക്രൂരനും പാപിയും അധമനുമായ നിന്റെ ഈ ദുഷിച്ച പ്രവൃത്തിയാൽ നിന്റെ കുട്ടികൾ അച്ഛനില്ലാത്തവരാകട്ടെ. അതിനാൽ, നീയും എന്നെ പോലെ ഒരു ആടായി മാറട്ടെ എന്ന് ഞാൻ ശപിക്കുന്നു. ഹേ മാധവാ അങ്ങനെയാണ് ഞാൻ ഒരു ആടായി മാറിയത്." ഒരു ആടിൽ നിന്നും ഇത്തരമൊരു കഥ ശ്രവിക്കേണ്ടി വന്ന ആ ബ്രാഹ്മണൻ ആശ്ചര്യഭരിതനായി. ആ ആട് തുടർന്നു പറഞ്ഞു  "നിങ്ങൾക്ക് ഇത് വിസ്മയകരമായി തോന്നിയെങ്കിൽ ഈ കഥ കൂടി കേട്ടു നോക്കൂ".


"പരിപാവനമായ കുരുക്ഷേത്ര ഭൂമിയിൽ ചന്ദ്രശർമ്മൻ എന്ന ഒരു രാജാവ് ജീവിച്ചിരുന്നു. അദ്ദേഹം സൂര്യഗ്രഹണം എന്ന ശുഭ മുഹൂർത്തത്തിൽ സൂര്യവംശത്തിൽ ഭൂജാതനായി. ആ രാജാവ് ഒരു യോഗ്യനായ ബ്രാഹ്മണന് എല്ലാ തരത്തിലുമുള്ള ദാനങ്ങളും നൽകുവാൻ തീരുമാനിച്ചു. ആദ്യം അദ്ദേഹം ഒരു പവിത്രമായ തടാകത്തിൽ കുളിച്ചു. ശേഷം അദ്ദേഹം ശുദ്ധമായ ശ്വേത വർണമാർന്ന വസ്ത്രം ധരിക്കുകയും ദേഹമാസകലം ചന്ദനം പൂശുകയും ചെയ്തു. അദ്ദേഹം തന്റെ പുരോഹിതന്റെ കൂടെ ബഹുമാന്യനായ ഒരു ബ്രാഹ്മണനെ സമീപിച്ചു. അദ്ദേഹം ബ്രാഹ്മണന് സമർപ്പിച്ച ഉപഹാരങ്ങളിൽ ഒന്ന് ഒരു സേവകനായിരുന്നു. ആ സേവകന്റെ ശരീരം പൂർണമായും കറുപ്പായിരുന്നു. ആ സേവകൻ ബ്രാഹ്മണന്റെ അടുക്കൽ പോയപ്പോൾ വളരെ വിചിത്രമായ ഒരു സംഭവം നടന്നു. ആ ഭൃത്യന്റെ നെഞ്ചിൽ നിന്നും പട്ടിമാംസം ഭക്ഷിക്കുന്ന ചണ്ഡാളനും ഭാര്യയും പുറത്തുവന്നു. ഈ രൂപങ്ങൾ ഉടനെ ബ്രാഹ്മണന്റെ ശരീരത്തിൽ പ്രവേശിച്ചു. ആ ബ്രാഹ്മണൻ തന്റെ ഇന്ദ്രിയങ്ങളും മനസ്സും പൂർണമായി നിയന്ത്രിച്ചുകൊണ്ട് ഭഗവാൻ ഗോവിന്ദന്റെ പാദാരവിന്ദങ്ങളിൽ ധ്യാനിച്ചുകൊണ്ട് ശാന്തമായി ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായം പാരായണം ചെയ്തു."


"ആ മാത്രയിൽ തന്നെ വിഷ്ണു ദൂതന്മാർ സംഭവ സ്ഥലത്ത് എത്തുകയും, ആ രണ്ടു പാപികളായ ചണ്ഡാളന്മാരെയും ബ്രാഹ്മണന്റെ ശരീരത്തിൽ നിന്നും വലിച്ചു പുറത്തിട്ടുകൊണ്ട് ദൂരസ്ഥലത്തേക്ക് ഓടിച്ചു. അപ്പോഴും മനസ്സിളകാതെയിരുന്ന ബ്രാഹ്മണൻ പാരായണം തുടർന്നു കൊണ്ടേയിരുന്നു."


"ഇതേസമയം ഇതൊക്കെ കണ്ട് നിശ്ചലനായ രാജാവ് ആകാംക്ഷയോടെ  ചോദിച്ചു. "ഓ ബ്രാഹ്മണ ശ്രേഷ്ഠാ ആരായിരുന്നു ആ രണ്ടുപേർ? എന്ത് മന്ത്രമാണ് നിങ്ങൾ ജപിക്കുന്നത്? അങ്ങ് ധ്യാനിക്കുന്നത് എന്താണെന്ന് ദയവായി എന്നോട് പറഞ്ഞാലും. കാരണം ഇത്രയും അസാധാരണമായ ഒരു കാര്യം മുൻപെങ്ങും ഞാൻ കണ്ടിട്ടില്ല."


ബ്രാഹ്മണൻ മറുപടി പറഞ്ഞു "ഓ രാജാവേ, ആ ചണ്ഡാളൻ പാപത്തിന്റെ മൂർത്തീഭാവവും, അവന്റെ ദുഷിച്ച ഭാര്യ അപരാധത്തിന്റെ മൂർത്തീഭാവവുമായിരുന്നു.  അതിനാൽ സംരക്ഷണത്തിനായി ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായത്തിലെ ദിവ്യമായ പദങ്ങൾ ഞാൻ പാരായണം ചെയ്തു. ആ പരിശുദ്ധമായ വാക്കുകൾ ഭഗവാൻ ഗോവിന്ദന്റെ ദിവ്യമായ വായിൽ നിന്നും വന്നതാകയാൽ, ഏറ്റവും വലിയ അപകടത്തിൽ നിന്നു പോലും ഒരുവന് സംരക്ഷണം നൽകുന്നു. ഞാൻ അദ്ദേഹത്തിന്റെ പാദപത്മങ്ങളിൽ ധ്യാനിച്ചുകൊണ്ട് ഈ ശ്ലോകങ്ങൾ സ്മരിക്കുന്നതു വഴി ഭയരഹിതനായി മാറി."


"ഈ അറിവ് ലഭിച്ച രാജാവ് വളരെയധികം പ്രചോദിതനാവുകയും, അദ്ദേഹം ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായം ഹൃദിസ്ഥമാക്കിക്കൊണ്ട് ഭഗവാൻ ഗോവിന്ദന്റെ പാദാരവിന്ദങ്ങൾ സ്മരിക്കുകയും ചെയ്യുക വഴി തന്റെ ജീവിതത്തിന്റെ പരിപൂർണത നേടി." അങ്ങനെ ആ ആട് തന്റെ സംസാരം ഉപസംഹരിച്ചു.


 ആ രാജാവിന്റെ നല്ല ഉദാഹരണം കണ്ടു മനസ്സിലാക്കി ആചരിക്കുവാൻ തയ്യാറായ മാധവനും ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായം പഠിക്കുകയും ജീവിതം പരിപൂർണതയിൽ എത്തിക്കുകയും ചെയ്തു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

No comments:

Post a Comment