Home

Monday, October 5, 2020

ഭഗവദ് ഗീത അഞ്ചാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം


(പദ്മ പുരാണത്തിൽ  നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഭഗവദ് ഗീത അഞ്ചാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



മഹാദേവൻ തുടർന്നു, "ഓ പാർവ്വതീ ദേവീ ഭഗവദ് ഗീതയുടെ അഞ്ചാം അദ്ധ്യായത്തിന്റെ മഹാത്മ്യങ്ങളെക്കുറിച്ച് ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കൂ."


കാലങ്ങൾക്ക് മുൻപ് പിങ്കള എന്ന നാമധേയത്തോടുകൂടിയ ഒരു ബ്രാഹ്മണൻ ജീവിച്ചിരുന്നു. അദ്ദേഹം മാദ്ര എന്ന രാജ്യത്തായിരുന്നു വസിച്ചിരുന്നത്. ബാല്യകാലത്ത് വേദങ്ങൾ പഠിക്കുവാനും ധർമ്മാനുഷ്ഠാനങ്ങൾ പാലിക്കുവാനുമുള്ള ശിക്ഷണങ്ങൾ ലഭിച്ചുവെങ്കിലും അദ്ദേഹത്തിന് അത്തരം കാര്യങ്ങളിൽ യാതൊരുവിധ താല്പര്യവും ഉണ്ടായിരുന്നില്ല. യൗവ്വനത്തിൽ എത്തിയപ്പോൾ അത്തരം പരിശ്രമങ്ങൾ എല്ലാം നിരാകരിച്ചു കൊണ്ട് അദ്ദേഹം സംഗീതം, നൃത്തം, സംഗീതോപകരണങ്ങൾ തുടങ്ങിയവയിൽ ഔൽസുക്യത്തോടെ മുഴുകുവാൻ തുടങ്ങി.


പരിശീലനത്തിലൂടെ അദ്ദേഹം വിദഗ്ദ്ധനായ ഒരു നർത്തകനും, സംഗീതജ്ഞനുമായി മാറി, അതുവഴി രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. രാജാവ് അദ്ദേഹത്തെ കൊട്ടാരത്തിൽ വസിക്കുവാനായി ക്ഷണിച്ചു, അങ്ങനെ അദ്ദേഹം അവിടെ വാസം ആരംഭിച്ചു. കൊട്ടാരത്തിൽ വിവിധങ്ങളായ ആസ്വാദനം ലഭ്യമായിരുന്നു. വൈകാതെ പിങ്കള അധഃപതിച്ച ഒരു വ്യക്തിയായി മാറി. അദ്ദേഹം സ്ഥിരമായി മദ്യപിക്കുകയും, മാംസാഹാരങ്ങൾ കഴിക്കുകയും മറ്റുള്ളവരുടെ ഭാര്യമാരോട് മോശമായി പെരുമാറാൻ തുടങ്ങുകയും ചെയ്തു. രാജാവുമായി അടുത്ത ബന്ധം പുലർത്തുന്നതിനാൽ, അഹങ്കാരിയായ പിങ്കള മറ്റുള്ളവരെ നിയന്ത്രണമില്ലാതെ വിമർശിക്കുവാൻ തുടങ്ങി. ഈ വിധത്തിൽ അദ്ദേഹത്തിന്റെ പാപങ്ങൾ കൂടിക്കൊണ്ടേയിരുന്നു. 


പിങ്കളന്റെ ഭാര്യ ആയിരുന്നു അരുണ, അവൾ അദ്ദേഹത്തെക്കാൾ ഒട്ടും തന്നെ ഭേദമല്ലായിരുന്നു. അവൾ ഒരു അധമ കുടുംബത്തിൽ നിന്നും വന്നവളായിരുന്നു, മാത്രമല്ല അന്യ പുരുഷന്മാരുമായി രഹസ്യ ബന്ധങ്ങളിലും ഏർപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം പിങ്കളൻ അരുണയുടെ രഹസ്യ ജീവിതം കണ്ടെത്തി, ഇതറിഞ്ഞ അരുണ അദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ നിശബ്ദനാക്കുവാൻ തീരുമാനിച്ചു. അങ്ങനെ അയാൾ ഉറങ്ങുമ്പോൾ ഒരു മൂർച്ചയേറിയ മഴുകൊണ്ട് അവൾ അയാളുടെ തല അറുത്തു മാറ്റി. ഇരുട്ടിന്റെ മറവിൽ അവൾ അദ്ദേഹത്തിന്റെ ശരീരം പൂന്തോട്ടത്തിൽ കുഴിച്ചു മൂടി. ശേഷം അരുണ എല്ലാ തരത്തിലുള്ള പാപ കർമ്മങ്ങളിലും ഏർപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ അസുഖ ബാധിതയായി അവസാനം അവളും മരണപ്പെട്ടു.


അവളുടെ പാപ കർമ്മങ്ങൾ കാരണം കുറേ കാലങ്ങൾ നരകത്തിൽ യാതനകൾ അനുഭവിക്കുകയും പിന്നീടൊരു പെൺ തത്തയായി പിറക്കുകയും ചെയ്തു. ഇതേ സമയം പിങ്കളനും നരകത്തിൽ കുറേക്കാലം യാതനകളനുഭവിച്ച് ഒരു കഴുകനായി പിറന്നു. തന്റെ ഭക്ഷണം ലഭിക്കുവാനായി കഴുകൻ വായുവിൽ വട്ടമിട്ടു പറന്നുകൊണ്ട് താഴെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതേ സമയം അരുണ ഓരോ മരത്തിൽ നിന്നും മറ്റൊന്നിലേക്കായി പറന്നു കൊണ്ട് ഇര തേടി. ഒരിക്കൽ ഭക്ഷണം തേടുമ്പോൾ, കഴുകൻ പിങ്കള, തത്തയായ അരുണയെ കണ്ടെത്തി.


 അതേ സമയം തന്നെ പിങ്കളന് തന്റെ പൂർവ്വ ജന്മ സ്‌മൃതി ലഭിക്കുകയും ചെയ്തു. ഉടനെ തന്നെ പറന്നുചെന്ന് ആ പെൺ തത്തയെ അതിയായ ദേഷ്യത്തോടു കൂടി തന്റെ കൊക്കു കൊണ്ടും നഖത്താലും അതിഭയങ്കരമായി കൊത്തി വീഴ്ത്തി. അവൾ മരിച്ചപ്പോൾ അവളുടെ തല ഒരു മനുഷ്യന്റെ തലയോട്ടിയിൽ വീണു.


അതേ സമയം ഈ കാഴ്ച്ച കണ്ടുകൊണ്ടിരുന്ന ഒരു വേട്ടക്കാരൻ അദ്ദേഹത്തിന്റെ വില്ലിൽ നിന്നും ഒരു അമ്പ് എയ്തുകൊണ്ട് ആ കഴുകനെ കൊല്ലുകയും ചെയ്തു. ആ കഴുകന്റെ തലയും അതേ തലയോട്ടിയിൽ തന്നെ വീണു.


മരണത്തിന്റെ ദേവൻ യമരാജൻ തന്റെ ദൂതന്മാരായ യമ കിങ്കരന്മാരെ അയച്ച് പിങ്കളനെയും അരുണയെയും തന്റെ സമക്ഷം ഹാജരാക്കുവാൻ പറഞ്ഞു. അവിടെ വച്ച് അദ്ദേഹം ആ ദമ്പതിമാരെ അറിയിച്ചു, നിങ്ങൾ എല്ലാ പാപ കർമ്മങ്ങളിൽ നിന്നും മോചിതരായിരിക്കുന്നു. ഇനി നിങ്ങൾ വൈകുണ്ഡത്തിൽ പ്രവേശിക്കുവാൻ അർഹരാണ്. തങ്ങൾ ചെയ്ത ഒരു നല്ല പ്രവൃത്തിയും ഓർമ്മ ഇല്ലാതിരുന്ന ആ ദമ്പതിമാർ ഈ അനുഗ്രഹത്തിൽ ആശ്ചര്യം പൂണ്ട്, ഇതിന്റെ കാരണം അറിയുവാനായി അപേക്ഷിച്ചു.


യമരാജൻ മറുപടി പറഞ്ഞു, "ഒരിക്കൽ വടൻ എന്ന നാമത്തോടുകൂടിയ ഒരു ശുദ്ധ ഭക്തൻ ഗംഗാ തീരത്ത് വസിച്ചിരുന്നു. അദ്ദേഹം നിത്യേന ഭഗവദ് ഗീതയുടെ അഞ്ചാം അദ്ധ്യായം പാരായണം ചെയ്തു കൊണ്ട് തന്റെ ജീവിതം പരിപൂർണതയിൽ എത്തിച്ചു. തന്റെ പരിശുദ്ധ ശരീരം ഉപേക്ഷിച്ച് പൂക്കൾ കൊണ്ട് നിർമിച്ച വിമാനത്തിൽ അദ്ദേഹം വൈകുണ്ഡത്തിലേക്ക് മടങ്ങി."


യമരാജൻ തുടർന്നു, "നിങ്ങൾ രണ്ടുപേർക്കും ആ ഭക്തന്റെ തലയോട്ടിയിൽ സ്പർശിക്കുവാൻ ഉള്ള ഭാഗ്യം ലഭിച്ചു. ഭഗവദ് ഗീതയിലെ അഞ്ചാം അദ്ധ്യായത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തിയുടെ ശക്തിയിൽ നിങ്ങൾ രണ്ടുപേരും വൈകുണ്ഡത്തിൽ പോകുവാൻ യോഗ്യരായിതീർന്നു". 


മഹാദേവൻ ഉപസംഹരിച്ചു, "പ്രിയ പാർവ്വതീ, യമരാജന്റെ വിശദീകരണം കേട്ട പിങ്കളനും അരുണയും അവർക്കായി എത്തിച്ചേർന്ന രഥത്തിൽ ആത്മീയ ലോകത്തിലേക്ക് മടങ്ങി. ഇവയാണ് ഭഗവദ് ഗീതയുടെ അഞ്ചാം അദ്ധ്യായത്തിന്റെ മഹാത്മ്യങ്ങൾ."


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

No comments:

Post a Comment