(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆
ഭഗവദ് ഗീത മൂന്നാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆🔆
ജനസ്ഥാൻ എന്ന പട്ടണത്തിൽ ജഡ എന്ന ബ്രാഹ്മണൻ ജീവിച്ചിരുന്നു. അദ്ദേഹം കൗശിക വംശത്തിലാണ് ജനിച്ചത്. ജഡൻ ശാസ്ത്രങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള ധാർമിക കർമ്മങ്ങൾ ഉപേക്ഷിക്കുകയും പകരം വേട്ടയാടൽ, ചൂതാട്ടം, മദ്യപാനം തുടങ്ങിയവയിൽ തന്റെ ജീവിതം ചെലവഴിച്ചു.
ഈ രീതിയിൽ തന്റെ ധനം പാഴാക്കിയ ശേഷം അദ്ദേഹം വാണിജ്യ ആവശ്യങ്ങൾക്കായി ഉത്തരദിക്കിലുള്ള രാജ്യങ്ങളിലേക്ക് ഉടൻ യാത്ര ചെയ്തു. അവിടെ നിന്നും വേണ്ടത്ര ധനം സമ്പാദിച്ചതിനുശേഷം അദ്ദേഹം തന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം, കുറെ ദൂരം പിന്നിട്ടപ്പോൾ അദ്ദേഹം ഒരു വിജനമായ സ്ഥലത്ത് എത്തിച്ചേർന്നു. അങ്ങനെ അന്ന് ഇരുട്ടുവാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഒരു മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കുവാനായി ഇരിപ്പുറപ്പിച്ചു. എങ്കിലും അദ്ദേഹത്തെ കൊള്ളക്കാർ കാണുകയും, അദ്ദേഹത്തിന്റെ കയ്യിലെ സമ്പത്ത് കൊള്ളയടിക്കുകയും, നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ജഡൻ പാപഭരിതമായ ജീവിതം നയിച്ചതിനാൽ മരണത്തിന്റെ ദൂതന്മാർ ( യമകിങ്കരന്മാർ )ശിക്ഷിച്ചതിനെ തുടർന്ന് പ്രേതമായി മാറുകയും ചെയ്തു.
അച്ഛനിൽ നിന്നും വ്യത്യസ്തമായി ജഡന്റെ മകൻ ധാർമികനും പുണ്യാത്മാവുമായിരുന്നു. അദ്ദേഹം പൗരാണികമായ ധർമശാസ്ത്രങ്ങൾ പഠിക്കുകയും, പരിശീലിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ മടങ്ങിവരവ് വൈകുന്നത് മനസ്സിലാക്കിയ മകൻ അദ്ദേഹത്തെ തിരയുവാനായി യാത്ര തിരിക്കുവാൻ തീരുമാനിച്ചു. അങ്ങനെ കുറേ ദിവസങ്ങൾക്കു ശേഷം അച്ഛന്റെ സഞ്ചാരപാത മനസിലാക്കിയ അദ്ദേഹം അതുവഴി കണ്ടുമുട്ടിയവരുമായി തന്റെ അച്ഛനെക്കുറിച്ച് അന്വേഷിച്ചു.
അവസാനം അദ്ദേഹം ജഡന്റെ മരണത്തെ കുറിച്ച് അറിയാവുന്ന ഒരു യാത്രികനെ കണ്ടുമുട്ടി. അദ്ദേഹം സംഭവങ്ങൾ ജഡന്റെ മകന് വിവരിച്ചു നൽകി ഇതുകേട്ടതും കർത്തവ്യ ബോധമുള്ള ആ മകൻ അച്ഛന്റെ ആത്മാവിന്റെ സൗഖ്യത്തിനായി പിണ്ഡ തർപ്പണം ചെയ്യുവാനായി കാശിയിലേക്ക് യാത്ര തിരിച്ചു. എന്നാൽ യാദൃശ്ചികമായി ഒമ്പതാം ദിവസം തന്റെ അച്ഛൻ യമ കിങ്കരന്മാരെ കണ്ടുമുട്ടിയ അതേ വൃക്ഷ ചുവട്ടിൽ വിശ്രമിക്കുവാനായി അദ്ദേഹം തീരുമാനിച്ചു.
വിശ്രമിക്കുന്നതിനു മുൻപ് താൻ നിത്യവും ചെയ്യാറുള്ളതുപോലെ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയും ഭഗവദ് ഗീതയിലെ മൂന്നാം അദ്ധ്യായം പാരായണം ചെയ്യുകയും ചെയ്തു. അദ്ദേഹം തന്റെ പാരായണം പൂർത്തിയാക്കിയ ഉടനെ തന്നെ അസാധാരണമായ ഒരു ശബ്ദം മുകളിൽ നിന്നും കേൾക്കുവാൻ സാധിച്ചു. മുകളിൽ നോക്കിയപ്പോൾ ആശ്ചര്യകരമായ ഒരു കാഴ്ച അദ്ദേഹത്തിന് കാണുവാൻ സാധിച്ചു. അത് അദ്ദേഹത്തിന്റെ അച്ഛൻ ജഡൻ ആയിരുന്നു. അദ്ദേഹത്തിന്റെ കൺമുൻപിൽ നിന്നു തന്നെ തന്റെ അച്ഛന്റെ രൂപം ഭഗവാൻ വിഷ്ണുവിനോട് സാദൃശ്യമുള്ള രൂപമായി മാറി. അദ്ദേഹത്തിന്റെ ശരീരത്തിൽ അസാധാരണമായ സൗന്ദര്യം കാണുവാൻ സാധിച്ചു. അദ്ദേഹത്തിന്റെ ശരീര ശോഭ എല്ലാ ദിക്കും പ്രകാശിപ്പിച്ചു. ജഡൻ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊണ്ട്, അത്ഭുതസ്തബ്ധനായ തന്റെ മകന് ഈ സംഭവങ്ങളുടെയൊക്കെ അർത്ഥം വിശദീകരിച്ചു നൽകി.
"എന്റെ പ്രിയപ്പെട്ട മകനേ, നീ ഭഗവദ് ഗീതയുടെ മൂന്നാം അദ്ധ്യായം പാരായണം ചെയ്തതിനാൽ എന്റെ പൂർവ്വ കർമ്മ ഫലമായി കൈക്കൊണ്ട പ്രേതാവസ്ഥയിൽ നിന്നും ഞാൻ മോചിതനായി. നീ വളരെ ധർമ്മിഷ്ഠനായ പുത്രനാണ്, അതിനാൽ ഞാൻ നിന്നിൽ വളരെ സംപ്രീതനായിരിക്കുന്നു. നിന്റെ കർത്തവ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിനാൽ ഇനി നിനക്ക് വീട്ടിലേക്ക് മടങ്ങാം. പക്ഷെ പോകുന്നതിനു മുൻപേ ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്. എന്റെ അനുജനും നിരവധി പാപകർമ്മങ്ങൾ ചെയ്തതിന്റെ ഫലമായി നരകത്തിൽ യാതനകൾ അനുഭവിക്കുകയാണ്. അതിനാൽ ദയവായി അദ്ദേഹത്തെയും മറ്റു ശരീരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൂർവികരെയും മോചിപ്പിച്ചാലും. നിനക്ക് അറിയാവുന്നത് പോലെ തന്നെ ഭഗവദ്ഗീതയിലെ മൂന്നാം അദ്ധ്യായം പാരായണം ചെയ്യുകയാണെങ്കിൽ ഇത് സാധ്യമാകുന്നതാണ്. ഈ അതീന്ദ്രിയ പ്രവർത്തനം വഴി എനിക്ക് ഇപ്പോൾ ലഭിച്ചതുപോലുള്ള ദിവ്യശരീരം നമ്മുടെ പിതൃക്കൾക്കും ലഭിക്കും. അവർ ആത്മീയ ലോകത്തിലേക്ക് ഉയർന്ന് പിന്നീടൊരിക്കലും മടങ്ങേണ്ടിവരില്ല".
ഇതു കേട്ട നിസ്വാർത്ഥനായ ആ മകൻ പറഞ്ഞു, "അങ്ങനെയെങ്കിൽ സൃഷ്ടിയിലെ എല്ലാ പതീതാത്മാക്കളും മുക്തരാകുന്നതുവരെ ഞാൻ എന്റെ പാരായണം തുടരും". തന്റെ ശ്രേഷ്ഠനായ മകന്റെ പ്രതിബദ്ധതയിൽ സംപ്രീതനായ പിതാവ് പറഞ്ഞു. "അങ്ങനെ തന്നെ ഭവിക്കട്ടെ", ശേഷം തിളക്കമേറിയ രഥത്തിൽ ആകാശയാത്ര ചെയ്തുകൊണ്ട് വൈകുണ്ഡത്തിലേക്ക് മടങ്ങി.
നരകത്തിൽ കുടുങ്ങിയിരിക്കുന്ന എല്ലാ പതിതാത്മാക്കളെയും മുക്തരാക്കുവാനുള്ള അതിയായ ആഗ്രഹത്തോടെ മകൻ ജനസ്ഥാനിലേക്ക് മടങ്ങിയെത്തി. അദ്ദേഹം തന്റെ ശ്രീ കൃഷ്ണ ഭഗവാന്റെ അർച്ചാ മൂർത്തിയിൽ ധ്യാന നിരതനായി തികഞ്ഞ ഏകാഗ്രതയോടെ ഭഗവദ് ഗീതയുടെ മൂന്നാം അദ്ധ്യായം പാരായണം ചെയ്തു.
അദ്ദേഹം ഇത് കുറേ ദിവസത്തേക്കു തുടർന്നു കൊണ്ടിരുന്നു. ഈ വിധം അദ്ദേഹം ക്ഷീര സാഗരത്തിൽ അനന്ത ശേഷന്റെ മുകളിൽശാന്തസുന്ദരമായി ശയിക്കുന്ന ഭഗവാൻ വിഷ്ണുവിന്റെ ശ്രദ്ധ നേടിയെടുത്തു.
ഭഗവാൻ അദ്ദേഹത്തിന്റെ ദൂതന്മാരെ വിളിച്ച ശേഷം നിർദേശിച്ചു "നിങ്ങൾ യമ ലോകത്തേക്കു പോകൂ, മരണത്തിന്റെ ദേവന് ഈ സന്ദേശവുമായി പോകൂ"
"പ്രിയ യമരാജൻ, എന്റെ വിശ്വസ്തനായ സേവകാ, താങ്കൾക്ക് സുഖമാണെന്ന് ഞാൻ കരുതുന്നു. താങ്കൾ എനിക്കായി ചെയ്യേണ്ടതായിട്ടുള്ള ഒരു കാര്യമുണ്ട്. നരകത്തിൽ യാതനകൾ അനുഭവിക്കുന്ന എല്ലാ ആത്മാക്കളെയും ദയവായി സ്വതന്ത്രരാക്കുക. നന്ദി"
യമരാജൻ കർത്തവ്യബോധത്തോടെ ഭഗവാന്റെ നിർദേശം അനുസരിച്ച ശേഷം ഈ അവസരം ഭഗവാനെ നേരിൽ കാണുവാനായി ഉപയോഗിച്ചു. ശ്വേത ദ്വീപിൽ(ക്ഷീര സാഗരം) എത്തിയ യമരാജൻ ഭഗവാന്റെ സാന്നിധ്യത്തിൽ പ്രവേശിച്ചു. തന്റെ മുൻപിലുള്ള വിസ്മയകരമായ കാഴ്ച്ചയിൽ അദ്ദേഹം ആശ്ചര്യപ്പെട്ടു. ക്ഷീര സാഗരത്തിൽ വെളുത്ത ശരീരത്തോടു കൂടിയുള്ള അനന്ത ശേഷന്റെ മുകളിൽ ശയിക്കുന്ന ഭഗവാൻ വിഷ്ണുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന രൂപം ദശലക്ഷം സൂര്യന്മാരെക്കാൾ ശോഭയുള്ളതായി കണ്ടു.
ഭാഗ്യദേവത പ്രേമപൂർവം ഭഗവാന്റെ പാദാരവിന്ദങ്ങൾ തഴുകി. ദേവന്മാരും, മുനിമാരും, സ്വർഗ്ഗവാസികളും ഹൃദയംഗമമായി അദ്ദേഹത്തെ സ്തുതിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു. പരമേശ്വരനായ ഭഗവാന്റെ ദർശനം ലഭിച്ച യമരാജൻ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു, "എന്റെ പ്രിയ ഭഗവാനേ, അങ്ങ് ഈ താൽകാലിക ലോകങ്ങളുടെ സൃഷ്ടിയുടെയും സംഹാരത്തിന്റെയും കാരണം മാത്രമല്ല, അങ്ങ് എല്ലാ ജീവികളുടെ ഹൃദയത്തിൽ വസിച്ചുകൊണ്ട് അവർക്ക് വഴികാട്ടുന്നു. അങ്ങ് യഥാർത്ഥത്തിൽ എല്ലാവരുടെയും അഭ്യുദയകാംക്ഷിയായ സുഹൃത്താണ്, ലക്ഷ്യവും മാർഗദർശിയും അങ്ങാണ്. അങ്ങ് അനന്തവും കാലത്തിന്റെ നിയന്ത്രകനുമാകുന്നു. അങ്ങയുടെ മഹത്വങ്ങൾക്ക് അതിരില്ല, കാരുണ്യപൂർവം എന്നെ അനുഗ്രഹിക്കേണമേ ഭഗവാനേ".
ശേഷം യമരാജൻ തുടർന്നു. "പ്രിയ ഭഗവാനേ, ഞാൻ അങ്ങയുടെ നിർദേശപ്രകാരം നരകത്തിലുള്ള എല്ലാവരെയും മോചിപ്പിച്ചിരിക്കുന്നു. ഇനി ഞാൻ നിർവഹിക്കേണ്ടത് എന്താണെന്ന് പറഞ്ഞാലും".
ഭഗവാൻ വിഷ്ണു, കാരുണ്യപൂർവം മന്ദഹസിച്ചുകൊണ്ട് ഇടിമുഴക്കത്തോളം ആഴമേറിയതും അതേ സമയം മധുവോളം മാധുര്യവുമുള്ളതുമായ തന്റെ ശബ്ദത്താൽ മറുപടി നൽകി. "പ്രിയ നീതിയുടെ ദേവാ, ഞാൻ താങ്കളിൽ സംപ്രീതനായിരിക്കുന്നു. അങ്ങ് സ്വന്തം വാസസ്ഥലത്തേക്ക് തിരിച്ചു പോയി അങ്ങയുടെ സേവനം തുടരുക. താങ്കൾ എല്ലാ ആത്മാക്കളെയും നരകത്തിൽനിന്നും മോചിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും, നിർഭാഗ്യവശാൽ ശിക്ഷിക്കപ്പെടേണ്ട പുതിയ ആത്മാക്കൾ എപ്പോഴും താങ്കളുടെ അരികിൽ എത്തിച്ചേരുന്നതായിരിക്കും, അതുവഴി അവരുടെ പാപകർമ്മങ്ങൾ ഇല്ലാതാകുന്നു. എന്റെ പൂർണ അനുഗ്രഹങ്ങളോടെ യാത്രതിരിച്ചാലും". ഭഗവാന്റെ ദിവ്യദർശനം അപ്രത്യക്ഷമാവുകയും, യമരാജൻ തന്റെ കർത്തവ്യങ്ങൾ തുടർന്നും നിർഹിക്കുവാൻ തുടങ്ങി.
അതിനിടയിൽ ഭഗവദ് ഗീതയുടെ മൂന്നാം അദ്ധ്യായം പാരായണം ചെയ്യുകയായിരുന്ന ജടന്റെ മകനെ വിഷ്ണു ദൂതന്മാർ വൈകുണ്ഡത്തിലേക്ക് സ്വീകരിച്ചു. അവിടെ അദ്ദേഹം ഈ ദിവസം വരെ ഭഗവാന്റെ ശാശ്വത സേവനത്തിൽ വ്യാപൃതനായിരിക്കുന്നു.
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment