(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆🔆
ശ്രീമദ് ഭഗവദ് ഗീത പത്താം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆🔆
മഹാദേവൻ പറഞ്ഞു "പ്രിയ പാർവതീ ദയവായി ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായത്തിന്റെ മാഹാത്മ്യം ശ്രവിച്ചാലും .നീ തീർച്ചയായും ആശ്ചര്യപ്പെടുന്നതായിരിക്കും."
"ഞാൻ നിരന്തരം ഭഗവാൻ കൃഷ്ണനിലുള്ള സ്മരണയിൽ മുഴുകിയിരിക്കുന്ന വ്യക്തിയാണെന്ന് നിനക്ക് നന്നായി അറിയാമല്ലോ. ഇതുപോലെ ആരൊക്കെ ഭഗവാനെ സ്മരിക്കുന്നുവോ അവർ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് . എന്റെ ജീവനു തുല്യരാണ്. അത്തരത്തിലൊരു ഭക്തനായിരുന്നു ധീരബുദ്ധി. ഭഗവാനെ സ്തുതിക്കുന്നതിൽ വളരെയധികം സ്ഥിരചിത്തനായിരുന്നു അദ്ദേഹം.അതിനാൽ തന്നെ അദ്ദേഹം എന്റെ മനം കവർന്നു. ഞാൻ ധീരബുദ്ധിയെ പിന്തുടർന്നുകൊണ്ട്, ഒരു സേവകനെ പോലെ അദ്ദേഹത്തിന് സംരക്ഷണവും, എല്ലാ തരത്തിലുള്ള ആവശ്യങ്ങളും നിറവേറ്റി നൽകുകയും ചെയ്തു."
ഇതൊക്കെ കണ്ടു നിൽക്കുകയായിരുന്ന എന്റെ ശാശ്വത സേവകൻ ഭ്രിംഗിരിദ്ധി, ജിജ്ഞാസാപൂർവ്വം എന്നോടു ചോദിച്ചു. "പ്രിയ പ്രഭു അങ്ങ് അങ്ങേയറ്റം സന്തോഷത്തോടെ സേവിക്കുന്ന ഈ ഭക്തന്റെ ചരിത്രവും പ്രത്യേക ഗുണങ്ങളും എനിക്ക് ദയവായി വിവരിച്ചു നൽകിയാലും.
" ഈ ചോദ്യത്തിനു മറുപടിയായി ഞാൻ പറഞ്ഞു "കുറച്ചു കാലങ്ങൾക്ക് മുൻപ് സായാഹ്ന സമയത്ത് കൈലാസത്തിലെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു ഞാൻ, ചന്ദ്രൻ നിറഞ്ഞ ശോഭയോടെ തിളങ്ങുന്നുണ്ടായിരുന്നു. വളരെ പ്രശാന്തമായിരുന്ന ആ അന്തരീക്ഷത്തിൽ പൊടുന്നനെ എവിടെ നിന്നെന്നില്ലാതെ ഒരു ശക്തമായ കൊടുങ്കാറ്റ് ഉടലെടുത്തു. വൃക്ഷങ്ങളെ ഭയാനകമാം വിധം ഉലച്ചു കൊണ്ട് ഒരു ഭീമാകാരമായ നിഴൽ തലയ്ക്കുമീതെ നീങ്ങി . ആകാശം മുഴുവൻ ഇരുട്ടിലാഴ്ത്തി. പൊടിപടലങ്ങളും ഇലകളും എൻറെ പാദങ്ങൾക്കു ചുറ്റും ചുഴികളായി കറങ്ങി കൊണ്ടിരുന്നു. മുകളിൽ നോക്കിയപ്പോൾ ഒരു ഹംസത്തെ പോലെ തോന്നിക്കുന്ന ഒരു പക്ഷി താഴേക്കിറങ്ങി വരുന്നുണ്ടായിരുന്നു. അതിന്റെ ചിറകുകളുടെ ചലനം അന്തരീക്ഷത്തിൽ കോലാഹലം സൃഷ്ടിച്ചു.
കറുത്ത വർണ്ണത്തോടു കൂടിയ ആ പക്ഷി തന്റെ ചുണ്ടിലുണ്ടായിരുന്ന മനോഹരമായ ഇളം ചുവപ്പു നിറമുള്ള താമര എനിക്ക് സമർപ്പിക്കുകയും ചെയ്തു. പിന്നീട് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പക്ഷി സംസാരിക്കുവാൻ തുടങ്ങി."
പക്ഷി പറഞ്ഞു, "അല്ലയോ മഹാദേവാ അങ്ങ് വൈഷ്ണവരിൽ വച്ച് ഏറ്റവും ഉത്തമനാണ്. അനന്തമായ മഹിമകൾക്കുടമയാണങ്ങ് . കൂടാതെ അങ്ങ് , എല്ലാ ജീവജാലങ്ങൾക്കും കാരുണ്യവാനായ ഒരു സുഹൃത്ത് കൂടിയാണ് . പ്രത്യേകിച്ച് ശുദ്ധ ഭക്തന്മാരിൽ കാരുണ്യവാനുമാണ് അങ്ങ്. ദേവന്മാരുടെ ആചാര്യനായ ബൃഹസ്പതി മധുരമാർന്ന സ്തുതികളാൽ എന്നും അങ്ങയെ വാഴ്ത്തുന്നു. ആയിരം തലകളുള്ള ദിവ്യസർപ്പമായ അനന്തശേഷനു പോലും അങ്ങയുടെ മഹിമകൾ പൂർണമായും വാഴ്ത്തുവാൻ സാധിക്കാതിരിക്കുമ്പോൾ, എന്നെപ്പോലെ പരിമിതമായ ബുദ്ധിയോടു കൂടിയ ഒരു അപ്രധാനിയായ പക്ഷിയെ കുറിച്ചെന്തു പറയാൻ!
" ഹംസത്തിന്റെ വിനയാന്വിതമായ വാക്കുകളിൽ സംപ്രീതനായ ഞാൻ ചോദിച്ചു. "നീ ആരാണ് ? നീ എവിടെ നിന്നും വരുന്നു ? കാഴ്ചയിൽ ഭീമാകാരമായ ഹംസത്തെ പോലെ തോന്നിക്കുന്നുവെങ്കിലും, നിൻറെ തൂവലുകൾ എല്ലാം കാക്കയെ പോലെ നീല കലർന്ന കറുപ്പ് നിറമുള്ളതായി കാണപെടുന്നു. ദയവായി എല്ലാം എന്നോട് വിവരിക്കൂ".
"ഹംസം മറുപടി പറഞ്ഞു "നന്ദി മഹാദേവാ, ഞാൻ യഥാർത്ഥത്തിൽ ബ്രഹ്മദേവന്റെ വാഹനമാണ്, ഇനി എങ്ങനെയാണ് എനിക്കീ കറുത്ത നിറം ലഭിച്ചത് എന്ന് പറയാം."
" ഞാൻ അങ്ങയ്ക്ക് സമർപ്പിച്ച ഈ ദിവ്യമായ താമര സൂറത്തിനടുത്തുള്ള ഒരു മനോഹരമായ തടാകത്തിൽ നിന്നും ലഭിച്ചതാണ്. ഒരു ദിവസം ആ തടാകത്തിന് മുകളിലൂടെ പറക്കുകയായിരുന്ന പൊടുന്നനെ എന്റെ ചിറകുകൾ മരവിച്ചുപോയി, ആ കാരണത്താൽ ഞാൻ ജലത്തിലേക്ക് പതിക്കുകയുമുണ്ടായി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിന്നീടൊരു കാര്യം ഞാൻ മനസ്സിലാക്കി. എന്റെ മഞ്ഞു പോലെ ശ്വേത വർണ്ണമാർന്ന ശരീരം കാർമേഘം പോലെ കറുത്ത് ഇരുണ്ടു പോയിരിക്കുന്നു എന്ന്."
" ഞാൻ ഞെട്ടലോടെ ചുറ്റും നോക്കിയപ്പോൾ തടാകത്തിലെ മധ്യത്തിലുണ്ടായിരുന്ന അതീവ സുന്ദരമായ താമര പൂക്കളിൽ നിന്നും ഒരു നിഗൂഢമായ ശബ്ദം പുറത്തേക്ക് വന്നു. ആ ശബ്ദം പറഞ്ഞു "ഓ ഹംസമേ ഇവിടെ വരൂ, നീ എങ്ങനെ ഇവിടെ വീണു എന്നും എങ്ങനെ നിന്റെ നിറം കറുപ്പായി മാറി എന്നും ഞാൻ പറഞ്ഞു തരാം.
"ഞാൻ ഉടനെ ആ താമര പൂക്കൾക്ക് സമീപത്തേക്ക് നീന്തി. എന്നാൽ ആ പൂക്കളെല്ലാം ഒരു സുന്ദരിയായ സ്ത്രീയായി മാറി. അവരുടെ വായിൽ നിന്നും അതീവ സുഗന്ധ പൂർണമായ സുഗന്ധ ദ്രവ്യം ബഹിർഗമിച്ചു.
സർവ്വ ദിശകളിൽ നിന്നും ആയിരക്കണക്കിന് തേനീച്ചകൾ മൂളിക്കൊണ്ട് അവൾക്കു ചുറ്റും വലം വെച്ചു പറക്കുന്ന ആ കാഴ്ച്ച പുഷ്പങ്ങളുടെ രാജ്ഞിയാണവളെന്ന പ്രതീതിയുളവാക്കി. ആ സുഗന്ധദ്രവ്യത്തിന്റെ ശക്തിയാൽ തേനീച്ചകളെല്ലാം സ്വർഗ മണ്ഡലത്തിലേക്ക് ഉയർത്തപ്പെട്ടു."
"ആ നിഗൂഢയായ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "ഓ പക്ഷികളുടെ രാജാവേ, എനിക്കുമീതെ പറന്നു എന്ന അപരാധത്താലാണ് അങ്ങ് താഴേക്ക് വീണത്. നിങ്ങളുടെ നിറം കറുപ്പായി മാറുവാനുള്ള കാരണവും അതു തന്നെ. അങ്ങയോട് കനിവ് തോന്നിയതിനാലാണ് ഞാൻ അങ്ങയെ ഇവിടെ വിളിച്ചു വരുത്തിയത്. ആ തേനീച്ചകളെ സംബന്ധിച്ചെടുത്തോളം എനിക്ക് ഇത്തരത്തിലുള്ള ശക്തി ഉണ്ടാകുവാനുള്ള കാരണം ഞാൻ പറയാം. മൂന്നു ജന്മങ്ങൾക്ക് മുൻപ് ഞാൻ സരോവജവദന എന്ന നാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു പിറന്നത്. എന്റെ പിതാവ് വളരെ നിഷ്ഠയുള്ള ഒരു ഭർത്താവിന് എന്നെ വിവാഹം ചെയ്തു നൽകി. അദ്ദേഹത്തെ വിശ്വസ്തതയോടെ ഞാൻ സേവിച്ചു. ഒരു ദിവസം ഞാൻ ഒരു ക്ഷീണിതനായ കറുത്ത പക്ഷിയെ കാണുകയും അതിനെ ശുശ്രൂഷിക്കുകയും ചെയ്യുവാനിടയായി. എന്നാൽ പിന്നീട് ആ പക്ഷി എനിക്ക് വളരെ പ്രിയപ്പെട്ടതായി മാറി. അത് എന്റെ ഭർത്താവിനായി ചെയ്തുകൊണ്ടിരുന്ന സേവനങ്ങളെ ബാധിക്കുകയും ചെയ്തു.അദ്ദേഹം വളരെയധികം നിരാശപ്പെടുകയും ക്രോധാവേശത്താൽ അടുത്ത ജന്മത്തിൽ ഒരു കറുത്ത പക്ഷിയായി ജനിക്കട്ടെ എന്ന് എന്നെ ശപിക്കുകയും ചെയ്തു. അങ്ങനെ ഒരു കറുത്ത പക്ഷിയായി ജനിക്കുകയും എന്നാൽ ഞാൻ അനുഷ്ഠിച്ച സദ്കർമങ്ങൾ കാരണം, എന്നെ ചില സാധുക്കൾ അവരുടെ ആശ്രമത്തിൽ പാർപ്പിക്കുകയും ചെയ്തു.
അവർ ദിവസവും രണ്ടുനേരം ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായം പാരായണം ചെയ്യുന്നത് ഞാൻ ശ്രദ്ധയോടെ ശ്രവിച്ചു. ഈ കാരണത്താൽ ഞാൻ അടുത്ത ജന്മം സ്വർഗ്ഗ ലോകങ്ങളിലേക്ക് ഉയർത്തപ്പെട്ടു. അവിടെ എനിക്ക് പത്മാവതി എന്ന നാമത്തിലുള്ള ഒരു അപ്സരസ്സിന്റെ രൂപം ലഭിച്ചു. ഞാനവിടെ എന്റെ ജീവിതം ആസ്വദിച്ചു. പലപ്പോഴായി എന്റെ പുഷ്പക വിമാനത്തിൽ യാത്രകൾ ചെയ്തു കൊണ്ടിരുന്നു."
" അങ്ങനെ ഒരു ദിവസം, ഞാൻ സുഗന്ധ പൂർണമായ താമരകൾ നിറഞ്ഞ ആകർഷകമായ ഒരു തടാകത്തിനു മുകളിലൂടെ പറക്കുകയുണ്ടായി. ക്ഷീണം മാറ്റുക എന്ന ആഗ്രഹത്താൽ ഞാൻ ആ ആകർഷണീയമായ തടാകത്തിൽ ഇറങ്ങുകയും ചെയ്തു. എന്റെ വസ്ത്രങ്ങൾ മാറ്റി കൊണ്ട് ജലത്തിൽ ഇറങ്ങുകയും നിറഞ്ഞ സന്തോഷത്താൽ ജല ക്രീഢകളിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ആകസ്മികമായി അതു വഴി സഞ്ചരിക്കുകയായിരുന്ന ക്ഷിപ്രകോപിയായ ദുർവാസാ മുനി എന്നെ നഗ്നയായി കാണുവാനിടയായി. ഭയാധിക്യത്താൽ ഞാൻ ഉടനെ അഞ്ചു താമരപ്പൂക്കളായി മാറി. എന്റെ കാലുകളും കൈകളും നാല് താമരകളായി മാറി, എന്റെ ശരീരവും ശിരസ്സും അഞ്ചാമത്തേതുമായി മാറി. കോപാവിഷ്ടനായ മുനിക്ക് താൻ കണ്ട കാഴ്ച്ച സഹിക്കുവാൻ സാധിച്ചില്ല. ദേഷ്യത്തോടെ അദ്ദേഹം ശപിച്ചു "ഹേ പാപിയായ സത്വമേ. നൂറ് ശരത് കാലങ്ങൾ നീ ഇതേ രൂപത്തിൽ തന്നെ നിലകൊള്ളട്ടെ." ശേഷം അദ്ദേഹം യാത്രയായി. ഭാഗ്യവശാൽ എനിക്ക് എന്റെ കറുത്ത പക്ഷിയായുള്ള പൂർവ്വജന്മം ഓർത്തെടുക്കുവാൻ സാധിച്ചു. മാത്രമല്ല ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായത്തിലെ വാക്കുകളും എനിക്ക് ഓർത്തെടുക്കുവാൻ സാധിച്ചു. ഇത് എനിക്ക് കടന്നു പോയ വർഷങ്ങളിൽ ശക്തി പകർന്നു. ഇന്ന് ആ ശാപം അവസാനിച്ചിരിക്കുന്നു, എന്ന് മാത്രമല്ല യാദൃശ്ചികമായി നീ എന്റെ മുകളിലൂടെ പറക്കുകയും ചെയ്തു. പക്ഷേ എനിക്ക് നിസ്സംശയം പറയുവാൻ സാധിക്കും, ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായം എന്നിൽനിന്നും പഠിക്കുകയാണെങ്കിൽ തീർച്ചയായും നിനക്ക് ഈ വിഷമഘട്ടത്തിൽ നിന്നും മോചനം ലഭിക്കുന്നതായിരിക്കും. ദയവായി ഇങ്ങനെ പ്രവൃത്തിച്ചാലും."
" ഞാൻ ഉടനെ സമ്മതിക്കുകയും ചെയ്തു. അവർ ഭഗവാൻ ശ്രീകൃഷ്ണനാൽ പറയപ്പെട്ട ആ വിശുദ്ധമായ ശ്ലോകങ്ങൾ എനിക്ക് പഠിപ്പിച്ചു നൽകുകയും ചെയ്തു. ശേഷം ആകാശത്തിൽ നിന്നും ഒരു രഥം വരികയും പത്മാവതിയെ വൈകുണ്ഡത്തിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു. ഞാൻ ഇപ്പോൾ ആ തടാകത്തിൽ നിന്നും ലഭിച്ച താമര അങ്ങേയ്ക്ക് സമർപ്പിക്കുവാനാണ് അവിടെ നിന്ന് വന്നത്."
മഹാദേവൻ ഉപസംഹരിച്ചു "എന്റെ ദർശനം ലഭിച്ച ശേഷം ആ കറുത്ത ഹംസം തന്റെ ശരീരം ത്യജിക്കുകയും, പിന്നീട് ഒരു ബ്രാഹ്മണ കുടുംബത്തിൽ ധീരബുദ്ധി എന്ന നാമധേയത്തോടുകൂടി ജന്മമെടുക്കുകയും ചെയ്തു. അദ്ദേഹം തന്റെ ശുദ്ധ ഹൃദയത്താൽ സദാ സമയവും ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായം പാരായണം ചെയ്യുന്നു. മദ്യപാനികളും കൊലപാതകികളുമായവർക്കു പോലും അദ്ദേഹത്തിൻറെ പാരായണത്തിന്റെ ശക്തി വിശേഷത്താൽ ശ്രീകൃഷ്ണ ഭഗവാന്റെ ദർശനം ലഭിക്കുവാനുള്ള അനുഗ്രഹം ലഭിക്കുന്നു. ഇതു തന്നെ എല്ലാവരുടെയും കാര്യത്തിൽ പറയാവുന്നതാണ്, ഏതുതരം വ്യക്തികളായാലും ആരാണോ പത്താം അദ്ധ്യായം പാരായണം ചെയ്യുന്നത് അവർക്കും ഇതേ ഫലം തന്നെ സിദ്ധിക്കുന്നു.
വാട്സ്ആപ്പ്
🔆🔆🔆🔆🔆🔆🔆🔆
https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment