Home

Sunday, October 18, 2020

ശ്രീമദ് ഭഗവദ് ഗീത പതിനാറാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം


(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ശ്രീമദ് ഭഗവദ് ഗീത പതിനാറാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


മഹാദേവൻ പറഞ്ഞു, "പ്രിയ പാർവതീ, ഭഗവദ് ഗീതയുടെ പതിനാറാം അധ്യായത്തിന്റെ അസംഖ്യം മഹിമകളിലൊന്ന് ദയവായി ശ്രവിച്ചാലും".


കുറേ കാലങ്ങൾക്കു മുൻപ്, പ്രസിദ്ധവും ഐശ്വര്യപൂർണ്ണവുമായ രാജ്യമായ സൂറത്ത് ഭരിച്ചിരുന്ന രാജാവായിരുന്നു ഖഡ്ഗബാഹു. അദ്ദേഹത്തിന്റെ ആനകളിൽ ഒരുവനായിരുന്നു അങ്ങേയറ്റം അഹങ്കാരിയും തീക്ഷ്ണ സ്വഭാവിയും ആരാലും സമീപിക്കുവാനും സാധിക്കാത്തവനുമായ അരിമർദ്ധനൻ എന്ന ആന. ഒരു ദിവസം അഹങ്കാരത്താലും, നിരാശയാലും, ദേഷ്യത്താലും, അരിമർദ്ധനൻ തന്റെ ചങ്ങല പൊട്ടിക്കുകയും പട്ടണത്തിലേക്ക് ഓടിക്കൊണ്ട് അവന്റെ മുൻപിൽ കണ്ട സകല വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു. ഭയചകിതരായ ജനങ്ങൾ അവന്റെ ക്രോധത്തിൽ നിന്നും രക്ഷനേടാനായി സകല ദിക്കിലേക്കും ഓടി രക്ഷപ്പെട്ടു. ആന പാപ്പാന്മാർ ഉടനെ തന്നെ ഖഡ്ഗബാഹു രാജാവിനെ ഈ സംഭവം അറിയിച്ചു. ഈ പരിഭ്രമിപ്പിക്കുന്ന അന്തരീക്ഷത്തിൽ എന്താണ് ചെയ്യുവാൻ സാധിക്കുക എന്ന് നോക്കുവാനായി രാജാവ് ഉടനെ തന്നെ അവിടെ എത്തി. കാര്യങ്ങൾ നല്ല രീതിയിൽ പോകുന്നതായി കാണുന്നില്ല!


അതേസമയം ദൂരെ വളരെ ശാന്തനായി നിൽക്കുന്ന ഒരു ബ്രാഹ്മണനുമേൽ ഖഡ്ഗബാഹു രാജാവിന്റെ ദൃഷ്ടി പതിച്ചു. ജനങ്ങൾ മുൻപിലുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തുവെങ്കിലും ആ ബ്രാഹ്മണൻ യാതൊരുവിധത്തിലും സംഭ്രമിച്ചില്ല. ബ്രാഹ്മണൻ പതുക്കെ ഭഗവദ്‌ ഗീതയുടെ പതിനാറാം അധ്യായത്തിലെ ആദ്യത്തെ മൂന്നു ശ്ലോകങ്ങൾ പാരായണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവ "അഭയം" അതായത് നിർഭയത്വം എന്ന് അർത്ഥമാക്കുന്ന വാക്ക് കൊണ്ടായിരുന്നു തുടങ്ങുന്നത്. ശേഷം അദ്ദേഹം ശാന്തമായി നടന്നുകൊണ്ട് ആ ഭയങ്കരനായ ആനയ്ക്ക് മെല്ലെ ഒരു ഇടി കൊടുത്തു.


ആ പരിശുദ്ധ ബ്രാഹ്മണന്റെ സ്പർശനത്താൽ ആ ആന പൂർണ ശാന്തനായി നിലത്തിരുന്നു. ബ്രാഹ്മണൻ അനുകമ്പയോടെ ആ ആനയെ തലോടുകയും യാത്രയാവുകയും ചെയ്തു. രാജാവും പ്രജകളും അങ്ങേയറ്റം ആശ്ചര്യഭരിതരായി എന്ന് പറയേണ്ട കാര്യമില്ലല്ലോ. അവർ കണ്ട കാഴ്ച്ചയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ സ്വന്തം കണ്ണുകളെ അവർക്ക് വിശ്വസിക്കുവാൻ സാധിക്കാത്ത നിലയിലായിരുന്നു. ബ്രാഹ്മണൻ മടങ്ങുന്നതിനു മുൻപ് രാജാവ് ഉടനെ തന്നെ അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹത്തിന്റെ പാദത്തിൽ വീണു കൊണ്ട് അപേക്ഷിക്കുകയും ചെയ്തു. "അങ്ങ് എങ്ങനെയാണ് ഇത്രയും അത്ഭുതകരമായ ശക്തികൾ നേടിയത്, ദയവായി വിശദീകരിച്ചു നൽകിയാലും."


ബ്രാഹ്മണൻ മറുപടി പറഞ്ഞു, "ഞാൻ ദിവസവും ഭഗവദ് ഗീതയുടെ പതിനാറാം അദ്ധ്യായത്തിലെ ചില ശ്ലോകങ്ങൾ പാരായണം ചെയ്യാറുണ്ട്."


" പ്രിയ ബ്രാഹ്മണാ", രാജാവ് അഭ്യർത്ഥിച്ചു, "ദയവായി രാജകൊട്ടാരത്തിൽ ആഗതനായി ആ ശ്ലോകങ്ങൾ എനിക്ക് പഠിപ്പിച്ചു നൽകൂ. അത് എനിക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും."


ആ മഹാമനസ്കനായ ബ്രാഹ്മണൻ രാജാവിന്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തിന് ശിക്ഷണം നൽകുകയും ചെയ്തു. പാരിതോഷികമായി രാജാവിൽ നിന്ന് നൂറു സ്വർണ നാണയങ്ങൾ സ്വീകരിക്കുകയും ചെയ്തു.


രാജാവ് ആ ശ്ലോകങ്ങൾ ദിവസംതോറും പാരായണം ചെയ്യുവാൻ തുടങ്ങി . അങ്ങനെ അദ്ദേഹം പൂർണമായി നിർഭയത്വം നേടി എന്ന് ഉറപ്പു വരുത്തിയ ശേഷം, തന്റെ ഭടന്മാരെ വിളിച്ചുകൊണ്ട് അപകടകാരിയായ ആ ആനയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോയി. "അവനെ തുറന്നുവിടൂ" അദ്ദേഹം ആന പാപ്പാന്മാരോട് ആജ്ഞാപിച്ചു. പ്രജകൾ മുൻപ് സംഭവിച്ചതു പോലെ വരാൻ പോകുന്ന വിനാശത്തെ കുറിച്ച് ആലോചിച്ചു നിലവിളിക്കുവാൻ തുടങ്ങി. പക്ഷേ അത് സംഭവിക്കുന്നതിനു മുൻപേ, രാജാവ് ആ തുറന്നുവിട്ട ആനയെ സമീപിക്കുകയും അവനെ മൃദുലമായി ഒന്ന് തൊടുകയും ചെയ്തു. ആ ആന മുൻപ് ബ്രാഹ്മണനു മുൻപിൽ ഇരുന്നതു പോലെ തന്നെ രാജാവിനു മുൻപിലും ഇരുന്നു. മുൻപത്തെ പോലെ തന്നെ എല്ലാവരും ഇത് കണ്ട് അത്ഭുതസ്തബ്ദരായി.


ഇതിൽ സംതൃപ്തനായ രാജാവ്, തന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തി, രാജകുമാരനെ തന്റെ പിൻഗാമിയായി വാഴിക്കുകയും ചെയ്തു. ശേഷം എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും വിരമിച്ചു കൊണ്ട് ഖഡ്ഗബാഹു രാജാവ് വനത്തിലേക്ക് പോവുകയും അവിടെ, ഭഗവദ് ഗീതയിലെ പതിനാറാം അദ്ധ്യായത്തിലെ ശ്ലോകങ്ങൾ പാരായണം ചെയ്യുന്നതിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഈ വിധത്തിൽ അദ്ദേഹം തന്റെ മനുഷ്യ ജന്മം പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ തൃപ്തിപ്പെടുത്തി കൊണ്ട് പരിപൂർണ്ണമാക്കി മാറ്റി.


ഏതൊരു വ്യക്തിയാണോ ആത്മാർത്ഥമായി ഭഗവദ് ഗീതയുടെ പതിനാറാം അദ്ധ്യായം പാരായണം ചെയ്യുന്നത്, അദ്ദേഹം ഏതു വിധത്തിലുള്ള പാപങ്ങൾ മുൻകാലങ്ങളിൽ പ്രവർത്തിച്ചവരായാലും, നിശ്ചയമായും അദ്ദേഹത്തിന് ഖഡ്ഗബാഹു രാജാവ് നേടിയ അതേ ഫലം തന്നെ ലഭിക്കുന്നു - ശ്രീ കൃഷ്ണ ഭഗവാന്റെ പാദകമലങ്ങൾ.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

No comments:

Post a Comment