Home

Saturday, November 21, 2020

21. ഗോപികമാരുടെ പ്രാർത്ഥനകൾ



ശ്രീമദ് ഭാഗവതം

ഗോപികാ ഗീതം

സ്കന്ദം 10 / അദ്ധ്യായം 31 / ശ്ലോകം 1-19

***************************************

ശ്ലോകം 1

ഗോപ്യ ഊചുഃ

ജയതി തേ£ ധികം ജന്മനാ വ്രജഃ

ശ്രയത ഇന്ദിരാ ശശ്വദത്ര ഹി

ദയിത ദൃശ്യതാം ദിക്ഷു താവകാസ്

ത്വയി ധൃതാസവസ്ത്വാം വിചിന്വതേ

വിവർത്തനം

ഗോപികമാർ പറഞ്ഞു: അങ്ങ് ജന്മമെടുത്തതുമൂലം വ്രജഭൂമി വളരെ മഹനീയമായിത്തീർന്നിരിക്കുന്നു. അതിനാൽ ഐശ്വര്യദേവതയായ ലക്ഷ്മീദേവി എപ്പോഴും ഇവിടെ വസിക്കുന്നു. അങ്ങേക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ ജീവൻ നിലനിർത്തുന്നത്. ഞങ്ങൾ അങ്ങയെ എല്ലായിടത്തും അന്വേഷിക്കുകയാണ്. ദയവായി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാലും.

 

ശ്ലോകം 2

ശരദുദാശയേ സാധുജാതസത്-

സരസിജോദരശ്രീമുഷാ ദൃശാ

സുരതനാഥ!തേ£ശുല്കദാസികാ

വരദ! നിഘ്നതോ നേഹ കിം വധഃ

വിവർത്തനം

ഹേ പ്രാണനാഥാ, അങ്ങയുടെ നോട്ടം ശരത്കാല ജലാശയത്തിലെ അതിമനോഹരമായ താമരപ്പൂവിന്റെ ഉൾക്കാമ്പിനെപ്പോലും വെല്ലുന്നതാണ്. വരദായകാ, അങ്ങേക്കായി യാതൊരു വിലയും വാങ്ങാതെ വെറുതേ അർപ്പിച്ച ഈ ദാസികളെ അങ്ങ് വധിക്കുകയാണ്. ഇത് വധമല്ലാതെ പിന്നെന്താണ്?

 

ശ്ലോകം 3

വിഷജലാപ്യയാദ് വ്യാളരാക്ഷസാദ്

വർഷമാരുതാദ്വൈദ്യുതാനലാത്

വൃഷമയാത്മജാദ്വിശ്വതോ ഭയാദ്

ഋഷഭ! തേ വയം രക്ഷിതാ മുഹുഃ

വിവർത്തനം

ഹേ മഹാശ്രേഷ്ഠാ, എല്ലാവിധ അപകടകരമായ അവസ്ഥകളിൽ നിന്നും അങ്ങ് ഞങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട് - വിഷലിപ്തമായ ജലത്തിൽ നിന്ന്, ഭീകരരാക്ഷസനായ അഘാസുരനിൽനിന്ന്, മഹാമാരിയിൽ നിന്ന്, കൊടുംകാറ്റ് രൂപത്തിൽ വന്ന അസുരനിൽ നിന്ന്, ഇന്ദ്രന്റെ വജ്രായുധത്തിൽ നിന്ന്, വത്സാസുരനിൽ നിന്ന്, മയദാനവന്റെ പുത്രനിൽ നിന്ന്.

 

ശ്ലോകം 4

ന ഖലു ഗോപികാനന്ദനോ ഭവാൻ

അഖിലദേഹിനാമന്തരാത്മദൃക്

വിഖനസാർത്ഥിതോ വിശ്വഗുപ്തയേ

സഖ ഉദേയിവാൻ സാത്വതാം കുലേ

വിവർത്തനം

ഹേ സഖാ, യഥാർത്ഥത്തിൽ അങ്ങ് യശോദയുടെ പുത്രനല്ല. എല്ലാ ശരീരികളുടേയും ഉളളിൽ സ്ഥിതിചെയ്യുന്ന സാക്ഷിയായ പരമാത്മാവാണ് അവിടുന്ന്. പ്രപഞ്ചസംരക്ഷണം ആവശ്യപ്പെട്ട് ബ്രഹ്മാവ് പ്രാർത്ഥിച്ചതുകൊണ്ടാണ് അങ്ങ് സാത്വതകുലത്തിൽ വന്ന് അവതരിച്ചിരിക്കുന്നത്.

 

ശ്ലോകം 5

വിരചിതാഭയം വൃഷ്ണിധുര്യ!തേ

ചരണമീയുഷാം സംസൃതേർഭയാത്

കരസരോരുഹം കാന്ത! കാമദം

ശിരസി ധേഹി നഃ ശ്രീകരഗ്രഹം

വിവർത്തനം

ഹേ വൃഷ്ണികുലശ്രേഷ്ഠാ, അങ്ങയുടെ കരകമലം, ഭൗതികാസ്തിത്വത്തെ ഭയന്ന് അങ്ങയുടെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവർക്ക് അഭയം നൽകുന്നു. അതേ കൈകൾ ലക്ഷ്മീദേവിയുടെ കരം ഗ്രഹിച്ചവയാണല്ലോ. സർവ്വാഭീഷ്ഠങ്ങളും സാധിച്ചുതരുന്ന ആ കരകമലം ഞങ്ങളുടെ ശിരസ്സിലും വച്ചാലും.

 

ശ്ലോകം 6

വ്രജജനാർത്തിഹൻ! വീര! യോഷിതാം

നിജജനനസ്മയധ്വംസനസ്മിത!

ഭജ സഖേ! ഭവത്കിങ്കരീഃ സ്മ നോ

ജലരുഹാനനം ചാരു ദർശയ

 

 

വിവർത്തനം

ഹേ വ്രജവാസികളുടെ ദുരിതങ്ങളെ നശിപ്പിക്കുന്നവനേ! സ്ത്രീജനങ്ങൾക്ക് നായകനായവനേ! അങ്ങയുടെ മനോഹരമായ മന്ദഹാസം ഭക്തന്മാരുടെ ഗർവ്വത്തെ തകർത്തുകളയുന്നു. പ്രിയസഖേ, അങ്ങയുടെ ദാസികളായി ഞങ്ങളെ സ്വീകരിച്ച് അങ്ങയുടെ ചാരുതയാർന്ന മുഖകമലം ഞങ്ങൾക്കു കാണിച്ചുതന്നാലും.

 

ശ്ലോകം 7

പ്രണതദേഹിനാം പാപകർഷണം

തൃണചരാനുഗം ശ്രീനികേതനം

ഫണിഫണാർപ്പിതം തേ പദാംബുജം

കൃണു കുചേഷു നഃ കൃന്ധി ഹൃച്ഛയം

വിവർത്തനം

അങ്ങയുടെ പാദാരവിന്ദങ്ങൾ, അഭയം പ്രാപിക്കുന്ന ശരീരബദ്ധരായ ആത്മാക്കളുടെ എല്ലാ പൂർവ്വപാപങ്ങളും നശിപ്പിക്കുന്നവയാണ്. പശുക്കളെ മേച്ച് നടക്കുന്ന ആ പാദങ്ങൾ ഐശ്വര്യദേവതയുടെ ശാശ്വതമായ വാസസ്ഥലമത്രേ. മഹാസർപ്പമായ കാളിയന്റെ ഫണങ്ങളിൽ നൃത്തം ചവിട്ടിയ ആ പാദങ്ങൾ ഞങ്ങളുടെ സ്തനങ്ങളിൽ വച്ച്, ഞങ്ങളുടെ ഹൃദയങ്ങളിലെ കാമവികാരങ്ങളെ തകർത്ത് കളഞ്ഞാലും.

 

ശ്ലോകം 8

മധുരയാ ഗിരാ വല്ഗുവാക്യയാ

ബുധമനോജ്ഞയാ പുഷ്കരേക്ഷണ!

വിധികരീരിമാ വീര! മുഹ്യതീ-

രധരസീധുനാ££ പ്യായയസ്വ നഃ

വിവർത്തനം

ഹേ രാജീവലോചനാ, അങ്ങയുടെ മധുരമായ ശബ്ദവും, ആരേയും മയക്കുന്ന വാക്കുകളും വിവേകശാലികളുടെ മനസ്സിനെപ്പോലും ആകർഷിക്കാൻ കഴിവുള്ളവയാണ്. അത് ഞങ്ങളെ കൂടുതൽ അന്ധാളിപ്പിക്കുന്നു. ഞങ്ങളുടെ വീരനായകാ, അങ്ങയുടെ ചുണ്ടുകളിലെ അമൃതം കൊണ്ട് അങ്ങയുടെ ഈ ദാസികളെ പുനരുജ്ജീവിപ്പിച്ചാലും.

 

ശ്ലോകം 9

തവ കഥാമൃതം തപ്തജീവനം

കവിഭിരീഡിതം കല്മഷാപഹം

ശ്രവണമംഗളം ശ്രീമദാതതം

ഭുവി ഗൃണന്തി യേ ഭൂരിദാ ജനാഃ

വിവർത്തനം

അങ്ങയുടെ വാക്കുകളാകുന്ന അമൃതവും, അങ്ങയുടെ ലീലകളുടെ വിവരണങ്ങളും ഭൗതികലോകത്തിൽപ്പെട്ട് ഉഴലുന്നവർക്ക് ജീവനം നൽകുന്നവയാണ്. പണ്ഡിതരും, ചിന്തകരും വർണിക്കുന്ന ഈ ചരിതങ്ങൾ കേൾക്കുന്നവരുടെ പാപങ്ങൾ നശിപ്പിച്ച് അവർക്ക് സർവമംഗളങ്ങളും പ്രദാനം ചെയ്യുന്നു. ആത്മീയശക്തി നിറഞ്ഞ ഈ കഥകൾ ലോകമെങ്ങും പരക്കുന്നു. അങ്ങനെ ഭഗവദ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ ഏറ്റവും ഉദാരമതികളാണ്.

 

ശ്ലോകം 10

പ്രഹസിതം പ്രിയ!പ്രേമവീക്ഷണം

വിഹരണം ച തേ ധ്യാനമംഗളം

രഹസി സംവിദോ യാ ഹൃദിസ്പൃശഃ

കുഹക! നോ മനഃ ക്ഷോഭയന്തി ഹി

വിവർത്തനം

അങ്ങയുടെ പുഞ്ചിരിയും, പ്രേമത്തോടുകൂടിയ മധുരമായ നോട്ടങ്ങളും, അടുപ്പത്തോടുകൂടിയ നേരമ്പോക്കുകളും, ഞങ്ങൾ ആസ്വദിച്ച രഹസ്യസല്ലാപങ്ങളും ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചിരിക്കുന്നു. ധ്യാനത്തിന് വളരെ മംഗളകരവുമാണ് അവയെല്ലാം. എന്നാൽ അതേസമയം ഹേ വഞ്ചകാ, അവ ഞങ്ങളുടെ മനസ്സുകളെ വിക്ഷുബ്ധമാക്കുന്നു.

 

ശ്ലോകം 11

ചലസി യദ് വ്രജാച്ചാരയൻ പശൂൻ

നളിനസുന്ദരം നാഥ! തേ പദം

ശിലതൃണാങ്കുരൈഃ സീദതീതിനഃ

കലിലതാം മനഃ കാന്ത! ഗച്ഛതി

വിവർത്തനം

ഹേ നാഥാ, പശുക്കളെ മേയ്ക്കാൻ അങ്ങ് ഗോകുലം വിട്ട് പോകുമ്പോൾ, താമരപ്പൂവിനേക്കാൾ മനോഹരമായ അങ്ങയുടെ പാദങ്ങൾ കല്ലു കൊണ്ടോ, പരുപരുത്ത പുല്ലുകൾ കൊണ്ടോ, മുറിവേൽക്കുമോ എന്ന ഭയം ഞങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നു.

 

ശ്ലോകം 12

ദിനപരിക്ഷയേ നീലകുന്തളൈർ-

വനരുഹാനനം ബിഭ്രദാവൃതം

ഘനരജസ്വലം ദർശയൻമുഹുർ-

മനസി നഃ സ്മരം വീര! യച്ഛസി

 

വിവർത്തനം

ദിനാന്ത്യത്തിൽ കടുംനീലനിറത്തിലുള്ള ചുരുണ്ട തലമുടികളാൽ ആവൃതമായ, കട്ടിയായി പൊടിപുരണ്ട ആ മുഖാരവിന്ദം അങ്ങ് വീണ്ടും വീണ്ടും ഞങ്ങളെ കാണിക്കുന്നു. ഹേ വീരനായകാ, അങ്ങ് ഞങ്ങളുടെ മനസ്സിൽ കാമവികാരങ്ങൾ ഉണർത്തുന്നു.

 

ശ്ലോകം 13

പ്രണതകാമദം പദ്മജാർച്ചിതം

ധരണിമണ്ഡനം ധ്യേയമാപദി

ചരണപങ്കജം ശന്തമം ച തേ

രമണ! നഃ സ്തനേഷ്വർപ്പയാധിഹൻ!

വിവർത്തനം

ബ്രഹ്മാവിനാൽ പൂജിക്കപ്പെടുന്ന അങ്ങയുടെ പാദാരവിന്ദങ്ങൾ പ്രണമിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുന്നു. അവ ഭൂമിക്ക് ആഭരണമാണ്, ഏറ്റവും വലിയ സംതൃപ്തി പ്രദാനം ചെയ്യുന്നവയാണ്. ആപൽഘട്ടങ്ങളിൽ ധ്യാനിക്കാൻ ഏറ്റവും അനുയോജ്യമായതുമാണ്. ഹേ പ്രാണനാഥാ, ആദിയില്ലാതാക്കുന്നവനേ, ദയവായി ആ പാദാരവിന്ദങ്ങൾ ഞങ്ങളുടെ സ്തനങ്ങളിൽ പതിപ്പിച്ചാലും.

 

ശ്ലോകം 14

സുരതവർദ്ധനം ശോകനാശനം

സ്വരിതവേണുനാ സുഷ്ഠു ചുംബിതം

ഇതരരാഗവിസ്മാരണം നൃണാം

വിതര വീര! നസ്തേ £ ധരാമൃതം

വിവർത്തനം

ഹേ വീരനായകാ, യുഗളപ്രേമാനന്ദം വർദ്ധിപ്പിക്കുന്നതും, ദുഃഖങ്ങളെ അകറ്റുന്നതുമായ അങ്ങയുടെ അധരങ്ങളിലെ അമൃത് ഞങ്ങൾക്കും പകർന്നുതന്നാലും. അങ്ങയുടെ വേണുഗാനം പൊഴിക്കുന്ന പുല്ലാങ്കുഴൽ അത് വേണ്ടുവോളം ആസ്വദിക്കുന്നുണ്ടല്ലോ, അതുമൂലം ഇതര മമതകളെല്ലാം വിസ്മരിക്കപ്പെടുന്നു.

 

ശ്ലോകം 15

അടതി യദ്ഭാവാനഹ്നി കാനനം

ത്രുടിയുഗായതേ ത്വാമപശ്യതാം

കുടിലകുന്തളം ശ്രീമുഖം ച തേ

ജഡ ഉദീക്ഷതാം പക്ഷ്മകൃദ് ദൃശാം

 

വിവർത്തനം

രാവിലെ അങ്ങ് വനത്തിൽപ്പോയിക്കഴിയുമ്പോൾ ഞങ്ങൾക്ക് അങ്ങയെ കാണാൻ കഴിയാത്തതുമൂലം ഒരു നിമിഷത്തിന്റെ ചെറിയൊരംശം പോലും ഒരു യുഗം പോലെ തോന്നുന്നു.  കുറുനിരകളാൽ അലങ്കരിക്കപ്പെട്ട മുടിച്ചുരുളുകളോടുകൂടിയ അതിസുന്ദരമായ അങ്ങയുടെ മുഖകമലം അത്യാശയോടെ ഞങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ വിഡ്ഢിയായ സൃഷ്ടികർത്താവിനാൽ രൂപകല്പന ചെയ്യപ്പെട്ട ഈ കൺപോളകൾ ഇടയ്ക്ക് ആ ആനന്ദത്തിന് തടസ്സമായിഭവിക്കുന്നു.

 

ശ്ലോകം 16

പതിസുതാന്വയഭ്രാതൃബാന്ധവാൻ

അതിവിലങ്ഘ്യതേ£ ന്ത്യച്യുതാഗതാഃ

ഗതിവിദസ്തവോദ്ഗീതമോഹിതാഃ

കിതവ! യോഷിതഃ കസ്ത്യജേന്നിശി

വിവർത്തനം

പ്രിയപ്പെട്ട അച്യുതാ, ഞങ്ങളെന്തിനാണ് ഇവിടെ വന്നതെന്ന് അങ്ങേക്ക് നന്നായി അറിയാമല്ലോ? അങ്ങയുടെ ഉച്ചത്തിലുള്ള വേണുഗാനം കേട്ടുവന്ന യുവതികളായ ഞങ്ങളെ ഈ പാതിരാത്രിക്ക് വനത്തിലുപേക്ഷിച്ച് പോകാൻ അങ്ങയെപ്പോലുള്ള ഒരു വഞ്ചകനല്ലാതെ മറ്റാർക്കാണ് സാധിക്കുക? ഞങ്ങൾ ഭർത്താക്കന്മാരേയും, കുട്ടികളേയും, മുതിർന്നവരേയും, സഹോദരങ്ങളേയും, മറ്റുബന്ധുക്കളേയും അവഗണിച്ച് ഇവിടെ എത്തിയത് അങ്ങയെ ഒരു നോക്ക് കാണാൻ മാത്രമാണ്.

 

ശ്ലോകം 17

രഹസി സംവിദം ഹൃച്ഛയോദയം

പ്രഹസിതാനനം പ്രേമവീക്ഷണം

ബൃഹദുരഃ ശ്രിയോ വീക്ഷ്യ ധാമ തേ

മുഹുരതിസ്പൃഹാ മുഹ്യതേ മനഃ

വിവർത്തനം

രഹസ്യമായി നമ്മൾ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഹൃദയത്തിലെ കാമം കൂടിവരുന്നതായി തോന്നുന്നു. അങ്ങയുടെ പുഞ്ചിരിതൂകുന്ന മുഖവും, പ്രേമത്തോടെയുള്ള നോട്ടങ്ങളും, ലക്ഷ്മീദേവിയുടെ വാസസ്ഥാനമായ അങ്ങയുടെ വിശാലമായ മാറിടവും ഞങ്ങളെ വീണ്ടും വീണ്ടും ഭ്രമിപ്പിക്കുന്നു. ഇപ്രകാരം ഞങ്ങൾ കഠിനമായ വിരഹവേദന അനുഭവിക്കുന്നു.

 

ശ്ലോകം 18

വ്രജവനൗകസാം വ്യക്തിരംഗ! തേ

വൃജിനഹന്ത്ര്യലം വിശ്വമംഗളം

ത്യജ മനാക്ച നസ്ത്വത്സ്പൃഹാത്മനാം

സ്വജനഹൃദ്രുജാം യന്നിഷൂദനം

വിവർത്തനം

ഹേ പ്രിയനേ, അങ്ങയുടെ സർവ്വമംഗളകരമായ സാന്നിധ്യം വ്രജവന വാസികളുടെ എല്ലാ ക്ലേശങ്ങളും അകറ്റുന്നു. അങ്ങയോടൊത്തു ചേരാൻ ഞങ്ങളുടെ മനസ്സുകൾ അതിയായി കൊതിക്കുന്നു. ഭക്തന്മാരുടെ ഹൃദയ രോഗങ്ങളെ ശമിപ്പിക്കുന്ന ആ ഔഷധം അല്പമെങ്കിലും തന്നാലും.

 

ശ്ലോകം 19

യത്തേ സുജാതചരണാംബുരുഹം സ്തനേഷു

ഭീതാഃ ശനൈഃ പ്രിയ! ദധീമഹി കർക്കശേഷു

തേനാടവീമടസി തദ്വ്യഥതേ ന കിംസ്വിത്

കൂർപ്പാദിഭിർഭ്രമതി ധീർഭവദായുഷാം നഃ

 

വിവർത്തനം

ഹേ പ്രാണനാഥാ! അങ്ങയുടെ പാദാരവിന്ദങ്ങൾ വളരെ മൃദുലമായ തുകൊണ്ട്, അവ വേദനിച്ചാലോ എന്ന് കരുതി വളരെ പതുക്കെ മാത്രമേ അവയെ ഞങ്ങളുടെ സ്തനങ്ങളിൽപ്പോലും വെയ്ക്കാറുള്ളൂ. ഞങ്ങളുടെ ജീവന് നിദാനമായിട്ടുള്ളത് അങ്ങ് മാത്രമാണ്. അതുകൊണ്ട് അങ്ങ് വനത്തിൽ അലയുമ്പോൾ ആ ലോലപാദങ്ങളിൽ ചെറിയ കല്ലോ മറ്റോ കൊണ്ട് മുറിവേൽക്കുമോ എന്ന ഭീതിയിൽ ഞങ്ങളുടെ മനസ്സ് എപ്പോഴും ആശങ്കാകുലമാണ്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




No comments:

Post a Comment