Home

Saturday, November 21, 2020

ഭീഷ്മദേവന്റെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 1 / അദ്ധ്യായം 9 / ശ്ലോകം 32-42

*******************************************************************************************

 

ശ്ലോകം 32

ശ്രീ ഭീഷ്മ ഉവാച

ഇതി മതിരുപകല്പിതാ വിതൃഷ്ണാ

ഭഗവതി സാത്വതപുംഗവേ വിഭൂമ്നി

സ്വസുഖമുപഗതേ ക്വചിദ്വിഹർതും

പ്രകൃതിമുപേയുഷി യദ്ഭാവപ്രവാഹഃ

വിവർത്തനം

ഭീഷ്മദേവൻ പറഞ്ഞു: ദീർഘകാലം, വിവിധ വിഷയങ്ങളിലും, ധർമ കർമങ്ങളിലും വ്യാപരിച്ചിരുന്ന എന്റെ വികാരങ്ങളെയും വിചാരങ്ങളെയും ആഗ്രഹങ്ങളെയും, സർവശക്തനായ ശ്രീകൃഷ്ണ ഭഗവാനിൽ പ്രതിഷ്ഠാപനം ചെയ്യാൻ എന്നെ ഇപ്പോൾ അനുവദിച്ചാലും! അദ്ദേഹം സദാ ആത്മസംതൃപ്തനാകുന്നു. എന്നാൽ, ഭക്തന്മാരുടെ സ്വാമിയാകയാൽ, ചിലപ്പോഴൊക്കെ ഭൗതിക ലോകം അദ്ദേഹത്തിന്റെതന്നെ സൃഷ്ടിയാണെങ്കിലും, ഇവിടെ അവതരിച്ച് അതീന്ദ്രിയാനന്ദം അനുഭവിക്കുന്നു. 

 

ശ്ലോകം 33

ത്രിഭുവനകമനം തമാലവർണം രവികരഗൗരവരാംബരം ദധാനേ

വപുരളകകുലാവൃതാനനാബ്ജം വിജയസഖേ രതിരസ്തു മേ£ നവദ്യാ

വിവർത്തനം

ശ്രീകൃഷ്ണൻ, അർജുനന്റെ ഉറ്റ തോഴനാകുന്നു. തന്റെ അതീന്ദ്രിയ സ്വരൂപത്തോടുകൂടിയാണ് അദ്ദേഹം ഈ ഭൂമിയിൽ അവതരിച്ചിട്ടുളളത്. അദ്ദേഹത്തിന്റെ ആനന്ദപൂർണമായ സർവാകർഷക ശരീരം നീല വർണത്തോടുകൂടിയതും, തമാലവൃക്ഷത്തോടു സാദൃശ്യമുള്ളതുമാകുന്നു. ഉച്ച, നീച, മധ്യ തുടങ്ങിയ മൂന്നു ലോകങ്ങളിലെ ഏവരെയും അദ്ദേഹത്തിന്റെ ശരീരം ആകർഷിക്കുന്നു. അദ്ദേഹത്തിന്റെ തിളങ്ങുന്ന പീത നിറമാർന്ന ഉടയാടകളും, ചന്ദനലേപനം ചെയ്ത വദനാംബുജവും എന്നെ ആകർഷിക്കുന്ന വിഷയങ്ങളായി ഭവിക്കട്ടെ! ഞാൻ ഉദ്ദിഷ്ട ഫലകാംക്ഷയില്ലാത്തവനായിത്തീരട്ടെ!

 

 

 

 

ശ്ലോകം 34

യുധി തുരഗരജോവിധൂമ്രവിഷ്വക്

 കചലുളിതശ്രമവാര്യലംകൃതാസ്യേ

മമ നിശിതശരൈർവിഭിദ്യമാന-

ത്വചി വിലസത്കവചേ £ സ്തു കൃഷ്ണ ആത്മാ

വിവർത്തനം

രണാങ്കണത്തിൽ ( ശ്രീകൃഷ്ണൻ, മിത്രമായ അർജുനനെ, മൈത്രിയുടെ പേരിൽ, അതീവ ശ്രദ്ധ നൽകി സംരക്ഷിച്ചുപോന്നു ). അശ്വങ്ങളുടെ കുളമ്പടിയാൽ ഉയർന്ന പൊടിപടലങ്ങളാൽ ശ്രീകൃഷ്ണ ഭഗവാന്റെ പാറിപ്പറക്കുന്ന തലമുടി ചാരനിറമായി മാറി. സാരഥിയായി കർമം നിർവഹിക്കയാൽ, അദ്ദേഹത്തിന്റെ വദനാംബുജം വിയർപ്പുതുള്ളികളാൽ നനഞ്ഞു കുതിർന്നു. ഈ സർവവിധ അലങ്കാരങ്ങളും, എന്റെ മൂർച്ചയേറിയ ശരങ്ങളാൽ ഞാൻ ഏൽപ്പിച്ച തീവ്രമായ ക്ഷതങ്ങളുമൊക്കെ അദ്ദേഹം സന്തോഷപൂർവം ആസ്വദിച്ചു. അപ്രകാരം എന്റെ മനസ്സ് ശ്രീകൃഷ്ണനിൽ എത്തിച്ചേരാൻ അനുവദിച്ചാലും. 

 

ശ്ലോകം 35

സപദി സഖിവചോ നിശമ്യ മധ്യേ

നിജപരയോർബലയോ രഥം നിവേശ്യ

സ്ഥിതവതി പരസൈനികായുരക്ഷ്ണാ

ഹൃതവതി പാർഥസഖേ രതിർമമാസ്തു

വിവർത്തനം

ശ്രീകൃഷ്ണ ഭഗവാൻ, തന്റെ മിത്രത്തിന്റെ ആജ്ഞ അനുസരിച്ച്, രഥം കുരുക്ഷേത്ര യുദ്ധഭൂമിയിൽ, അർജുനന്റെയും ദുര്യോധനന്റെയും സേനാവ്യൂഹങ്ങൾക്ക് മദ്ധ്യേ നിർത്തുകയും, പ്രതിയോഗികളുടെ ആയുസ്സ്, കൃപാപുരസ്സരമായ കടാക്ഷത്താൽ ലഘൂകരിക്കുകയും ചെയ്തു. ആ കൃഷ്ണനിൽ എന്റെ മനസ്സ് ഏകാഗ്രമായിരിക്കട്ടെ.

 

ശ്ലോകം 36

വ്യവഹിതപൃതനാമുഖം നിരീക്ഷ്യ

സ്വജനവധാദ്വിമുഖസ്യ ദോഷബുദ്ധ്യാ

കുമതിമഹരദാത്മവിദ്യയാ യ-

ശ്ചരണരതിഃ പരമസ്യ തസ്യ മേ £ സ്തു

 വിവർത്തനം

അർജുനൻ, തന്റെ മുന്നിലുള്ള സേനാംഗങ്ങളെയും സൈന്യാധിപന്മാരെയും വീക്ഷിച്ച്, അജ്ഞാനത്താൽ കലങ്ങിയ മനസ്സുമായി നിന്നപ്പോൾ, ഭഗവാൻ അതീന്ദ്രിയജ്ഞാനം ഉപദേശിച്ച്, ആ അജ്ഞാനത്തെ പൂർണമായും നശിപ്പിച്ചു. അദ്ദേഹത്തിന്റെ ( ഭഗവാന്റെ ) പാദാംബുജരതിയിൽ സദാ ആകൃഷ്ടനായി ഞാൻ നിലകൊളളുമാറാകട്ടെ!

 

ശ്ലോകം 37

സ്വനിഗമമപഹായ മത്പ്രതിജ്ഞാ-

 മൃതമധികർതുമവപ്ലുതോ രഥസ്ഥഃ

ധൃതരഥചരണോ ഭ്യയാച്ചലദ്ഗുർ

ഹരിരിവഹന്തുമിഭം ഗതോത്തരീയഃ

വിവർത്തനം

എന്റെ ( ഭീഷ്മർ ) ആഗ്രഹം നിറവേറ്റാനായി അദ്ദേഹം ( ഭഗവാൻ ) സ്വന്തം ശപഥം പരിത്യജിച്ചുകൊണ്ട് രഥത്തിൽനിന്നിറങ്ങി രഥചക്രമെടുത്തുകൊണ്ട്, ഉത്തരീയം നിലത്തു വീണതുപോലുമറിയാതെ, ദ്രുതഗതിയിൽ എന്റെ നേരെ, സിംഹം, ആനയെ കൊല്ലാനെന്നപോലെ പാഞ്ഞടുത്തു.

ശ്ലോകം 38

ശിതവിശിഖഹതോ വിശീർണദംശഃ

ക്ഷതജപരിപ്ലുത ആതതായിനോ മേ

പ്രസഭമഭിസസാര മദ്വധാർഥം

സ ഭവതു മേ ഭഗവാൻ ഗതിർമുകുന്ദ

വിവർത്തനം

മോക്ഷദായകനായ പരമദിവ്യോത്തമപുരുഷൻ ശ്രീകൃഷ്ണ ഭഗവാൻ, എന്റെ പരമ ആത്യന്തികമായ പ്രാപ്യസ്ഥാനമായിത്തീരട്ടെ. യുദ്ധഭൂമിയിൽ മൂർച്ചയേറിയ ശരങ്ങളാൽ ഞാൻ ഏൽപ്പിച്ച മുറിവുകൾ നിമിത്തം, ക്രോധത്താലെന്നപോലെ, അദ്ദേഹം എന്റെ നേരെ പാഞ്ഞടുത്തു. അദ്ദേഹ ത്തിന്റെ കവചം ഛിന്നഭിന്നമാകുകയും, മുറിവുകളാൽ അദ്ദേഹത്തിന്റെ ശരീരം രക്തപൂരിതമാകുകയും ചെയ്തു.

 

ശ്ലോകം 39

വിജയരഥകുടുംബ ആത്തതോത്രേ

ധൃതഹയരശ്മിനി തച്ഛ്രിയേക്ഷണീയേ

ഭഗവതി രതിരസ്തു മേ മൂമൂർഷോർ

യം ഇഹ നിരീക്ഷ്യ ഹതാ ഗതാഃ സ്വരൂപം 

വിവർത്തനം

മരണവേളയിൽ എന്റെ പരമമായ ആകർഷണം പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണ ഭഗവാനാകട്ടെ. വലത് കരത്തിൽ ചാട്ടവാറും, ഇടത് തൃകൈയിൽ കടിഞ്ഞാണുമേന്തി, എല്ലാ തരത്തിലും അർജുനന്റെ രഥത്തെ അതീവ ശ്രദ്ധയോടെ സംരക്ഷിച്ച പാർത്ഥസാരഥിയിൽ ഞാൻ എന്റെ മനസ്സ് ഏകാഗ്രമാക്കുകയാണ്. കുരുക്ഷേത്ര യുദ്ധക്കളത്തിൽ അദ്ദേഹത്തിന്റെ ദർശനം നേടിയവർ മരണശേഷം തങ്ങളുടെ മൗലിക രൂപം പ്രാപിച്ചു.

 

 

ശ്ലോകം 40

 ലളിതഗതിവിലാസവൽഗുഹാസ-

 പ്രണയനിരീക്ഷണകൽപിതോരുമാനാഃ

കൃതമനുകൃതവത്യ ഉന്മദാന്ധാഃ

പ്രകൃതിമഗൻ കില യസ്യ ഗോപവധ്വഃ

വിവർത്തനം

എന്റെ മനസ്സ്, ഭഗവാൻ കൃഷ്ണനിൽത്തന്നെ ഉറച്ചുനിൽക്കേണമേ! അദ്ദേഹത്തിന്റെ ചലനങ്ങളും, പ്രേമപൂർവമായ മന്ദഹാസവും വ്രജഭൂമിയിലെ കന്യകമാരെ മോഹിപ്പിച്ച് ആനന്ദപരവശരാക്കി. വ്രജകന്യകമാർ ഭഗവാന്റെ സവിശേഷമായ ചലനങ്ങളെ അനുകരിച്ചു. ( രാസനൃത്തത്തിൽ നിന്നും ഭഗവാൻ അപ്രത്യക്ഷമായപ്പോൾ )

ശ്ലോകം 41

മുനിഗണനൃപവര്യസംകുലേ £ന്തഃ-

സദസി യുധിഷ്ഠിരരാജസൂയ ഏഷാം

അർഹണമുപപേദ ഈക്ഷണീയോ

മമ ദൃശിഗോചര ഏഷ ആവിരാത്മാ

വിവർത്തനം

മഹാരാജാവ് യുധിഷ്ഠിരനാൽ അനുഷ്ഠിക്കപ്പെട്ട രാജസൂയ യജ്ഞത്തിൽ ലോകത്തിലെ എല്ലാ വിശിഷ്ട വ്യക്തികളും, ആഢ്യരും, രാജാക്കന്മാരും, പണ്ഡിതരും സമ്മേളിച്ചു. ആ മഹാസദസ്സിൽ ശ്രീകൃഷ്ണ ഭഗവാനെ അത്യുദാത്തനായ പരമദിവ്യോത്തമപുരുഷനായി ഏവരും ആരാധിച്ചു. ഇപ്രകാരം ആരാധിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. അങ്ങനെ, ഭഗവാനിൽ എന്റെ മനസ്സിനെ സ്ഥിതമാക്കുവാൻ ഞാൻ ഈ സംഭവത്തെ സ്മരിച്ചു.

 

ശ്ലോകം 42

തമിമമഹമജം ശരീരഭാജാം

ഹൃദി ഹൃദി ധിഷ്ഠിതമാത്മകൽപിതാനാം

പ്രതിദൃശമിവ നൈകധാർകമേകം

സമധിഗതോ £ സ്മി വിധൂതഭേദമോഹഃ

 വിവർത്തനം

            ഇപ്പോൾ എന്റെ മുന്നിൽ അവതരിച്ചിരിക്കുന്ന ഏകാവലംബവും ഏകാശ്രയവുമായ ആ ഏക ഭഗവാനായ ശ്രീകൃഷ്ണ ഭഗവാനെ എനിക്ക് പൂർണ ഏകാഗ്രതയോടുകൂടി ആരാധിക്കാൻ കഴിയുന്നു. തന്നിമിത്തം ഇപ്പോൾ ഏവരുടെയും ഹൃദയത്തിൽ, മാനസിക വിചക്ഷകന്മാരുടെ പോലും ഹൃദയത്തിൽ അചിന്ത്യവൈഭവനായി കുടികൊള്ളുന്ന ഭഗവാന്റെ സാന്നിധ്യത്തെ സംബന്ധിച്ച  'ദ്വൈത'മെന്ന മിഥ്യാ സങ്കൽപത്തെ ഞാൻ അധഃകരിച്ചിരിക്കുന്നു. അദ്ദേഹം ഏവരുടെയും ഹൃദയത്തിൽ കുടികൊള്ളുന്നു. സൂര്യനെ വ്യത്യസ്തമായി ദർശിക്കുന്നുവെങ്കിൽത്തന്നെയും, സൂര്യൻ ഏകമാകുന്നു.

No comments:

Post a Comment