ശ്രീമദ്
ഭാഗവതം
സ്കന്ദം 7 / അദ്ധ്യായം
9 / ശ്ലോകം 8-50
*******************************************************************************************
ശ്ലോകം 8
ശ്രീ പ്രഹ്ളാദ
ഉവാച
ബ്രഹ്മാദയ:
സുരഗണാ മുനയോfഥ
സത്വകതാനമതയോ
വചസാം പ്രവാഹൈ:
നാരാധിതും പുരുഗുണൈരാധുനാപി
പിപ്രു:
കിം തോഷ്ടുമർഹതി
സ മേ ഹരിരുഗ്രജാതേ:
വിവർത്തനം
പ്രഹ്ലാദ മഹാരാജാവ് പ്രാർത്ഥിച്ചു: അസുരന്മാരുടെ കുടുംബത്തിൽ
ജനിച്ച എനിക്ക് ഭഗവാനെ സംതൃപ്തനാക്കുന്നത് ഉചിതമായ പ്രാർത്ഥനകൾ സമർപ്പിക്കാൻ എങ്ങനെയാണ്
കഴിയുക? ബ്രഹ്മദേവന്റെ നേതൃത്വത്തിലുള്ള ദേവന്മാരും, അതുപോലുള്ള വിശുദ്ധവ്യക്തികളും സത്ത്വഗുണികളും ഉന്നത യോഗ്യതകൾ
ഉള്ളവരുമായിട്ടും, ശ്രേഷ്ഠങ്ങളായ വാക്കുകളുടെ പ്രവാഹത്തിലൂടെ ഭഗവാനെ പ്രസാദിപ്പിക്കാൻ
ഇതുവരെ അവർക്കു പോലും കഴിഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് എന്റെ കാര്യം എന്തു പറയാൻ? ഞാൻ
ഒട്ടും യോഗ്യനല്ല.
ശ്ലോകം 9
മന്യേ ധനാഭിജനരൂപതപ:
ശ്രുതൗജ-
സ്തേജ: പ്രഭാവബലപൗരുഷ
ബുദ്ധിയോഗാ:
നാരാധനായ ഹി ഭവന്തി പരസ്യ പുംസോ
ഭക്ത്യാ തുതോഷ
ഭഗവാൻ ഗജയൂഥപായ
വിവർത്തനം
പ്രഹ്ലാദ മഹാരാജാവ് തുടർന്നു ഒരുവന് സമ്പത്ത്, കുലീന കുടുംബം, സൗന്ദര്യം, തപസ്സ് വിദ്യാഭ്യാസം , ഇന്ദ്രിയ വൈദഗ്ധ്യം, തേജസ്സ്,
സ്വാധീനം, കായിക ശക്തി, ശുഷ്കാന്തി, ബുദ്ധി, നിഗൂഢയോഗ ശക്തി എന്നിവകളെല്ലാമുണ്ടായേക്കാം,
പക്ഷെ ഈ യോഗ്യതകൾ കൊണ്ടൊന്നും പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സംതൃപ്തനാക്കാൻ കഴിയുകയില്ലെന്ന്
ഞാൻ കരുതുന്നു. എന്നിരുന്നാലും ഒരുവന് ഭക്തിയുതസേവനത്തിലൂടെ ഭഗവാനെ സംതൃപ്തനാക്കാൻ
കഴിയും. ഗജേന്ദ്രൻ ഇതു ചെയ്തു, അതിനാൽ ഭഗവാൻ അവനിൽ സംപ്രീതനായി.
ശ്ലോകം 10
വിപ്രാദ് ദ്വിഷഡ്ഗുണയുതാദരവിന്ദനാഭ-
പാദാരവിന്ദവിമുഖാച്ഛപചം
വരിഷ്ഠം
മന്യേ തദർപ്പിതമനോവചനേഹിതാർത്ഥ-
പ്രാണം പുനാതി സ കുലം ന തു ഭൂരിമാന:
വിവർത്തനം
ഒരു
ബ്രഹ്മണന് പന്ത്രണ്ട് വിധത്തിലുള്ള ബ്രാഹ്മണീയ
യോഗ്യതകളും ഉണ്ടായാലും
(സനത്സുജാതം
എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതു പോലെ), ഭഗവാന്റെ
പാദപങ്കജങ്ങൾക്ക് വിമുഖനും അഭക്തനുമാകുന്ന പക്ഷം അവൻ നിശ്ചയമായും, ശ്വാനമാംസം ഭക്ഷിക്കുന്നവനെങ്കിലും
എല്ലാം - മനസ്സും വാക്കുകളും, കർമങ്ങളും, സമ്പത്തും,
ജീവനും - പരമോന്നതനായ ഭഗവാന് സമർപ്പിക്കുന്ന
ഭക്തനെക്കാൾ താഴെയാണ്. അവ്വിധത്തിലുള്ളൊരു ഭക്തൻ അത്തരത്തിലുള്ള ഒരു ബ്രാഹ്മണനെക്കാൾ
ഉത്തമനാണ്, കാരണം ഭക്തന് അവന്റെ കുടുംബത്തെ
മുഴുവൻ ശുദ്ധീകരിക്കാൻ കഴിയുമ്പോൾ, മിഥ്യാഹങ്കാരത്തിന്റെ പദവിയിൽ കഴിയുന്ന, ബ്രാഹ്മണൻ എന്നു വിളിക്കപ്പെടുന്നന് അവനവന്റെ കുടുംബത്തെയെന്നല്ല , അവനെ പോലും ശുദ്ധീകരിക്കാൻ
കഴിയുന്നില്ല.
ശ്ലോകം 11
നൈവാത്മന: പ്രഭുരയം നിജലാഭപൂർണോ
മാനം ജനാദ്
അവിദുഷ: കരുണോ വൃണീതേ
യദ് യജ്ജനോ
ഭഗവതേ വിദധീത മാനം
തച്ചാത്മനേ
പ്രതിമുഖസ്യ യഥാ മുഖശ്രീ:
വിവർത്തനം
പരമദിവ്യോത്തമപുരുഷനായ ഭഗവാൻ എല്ലായ്പ്പോഴും സ്വയം സംതൃപ്തനാണ്.
ആയതിനാൽ, എപ്പോഴെങ്കിലും ഏന്തെങ്കിലും ഭഗവാന്
സമർപ്പിക്കപ്പെട്ടാൽ ആ സമർപ്പണം ഭഗവാന്റെ കാരുണ്യത്താൽ ഭക്തന്റെ പ്രയോജനത്തിനാണ്, കാരണം,
ഭഗവാന് ആരിൽ നിന്നും സേവനം ആവശ്യമില്ല.
ഉദാഹരണത്തിന്, ഒരുവന്റെ മുഖം അലങ്കരിക്കപ്പെടുന്ന
പക്ഷം കണ്ണാടിയിൽ തെളിയുന്ന അവന്റെ മുഖത്തിന്റെ പ്രതിബിംബവും അലങ്കരിക്കപ്പെട്ടതായി
കാണപ്പെടും.
ശ്ലോകം 12
തസ്മാദഹം വിഗതവിക്ലവ
ഈശ്വരസ്യ
സർവാത്മനാ മഹി
ഗൃണമി യഥാമനീഷം
നീചോfജയാ ഗുണവിസർഗ്ഗമനുപ്രവിഷ്ട:
പൂയേതാ യേന
ഹി പുമാനനുവർണ്ണിതേന
വിവർത്തനം
ആയതിനാൽ, ഞാൻ ഒരു അസുര കുടുംബത്തിലാണ് ജനിച്ചതെങ്കിലും,
എന്റെ ബുദ്ധി അനുവദിക്കുന്നിടത്തോളം, പൂർണമായി
പരിശ്രമിച്ച , ഒരു സംശയവും കൂടാതെ ഭഗവാന് പ്രാർത്ഥനകൾ അർപ്പിക്കാൻ എനിക്ക് കഴിയട്ടെ. അജ്ഞതമൂലം ഭൗതിക ലോകത്തിൽ പ്രവേശിക്കാൻ നിർബന്ധിതനായ
ഏതൊരുവനും ഭഗവാന് പ്രാർത്ഥനകൾ അർപ്പിക്കുകയും,
ഭഗവത് മഹിമകൾ ശ്രവിക്കുകയും ചെയ്താൽ ഭൗതികജീവിതം ശുദ്ധീകരിക്കാം.
ശ്ലോകം 13
സർവ്വേഹ്യമീ
വിധികരാസ്തവ സത്ത്വധാമ്നോ
ബ്രഹ്മാദയോ
വയമിവേശ ന ചോദ്വിജന്തഃ
ക്ഷേമായ ഭൂതയ
ഉതാത്മസുഖായ ചാസ്യ
വിക്രീഡിതം
ഭഗവതോ രുചിരാവതാരൈ
വിവർത്തനം
അല്ലയോ ഭഗവാനേ , അതീന്ദ്രിയാവസ്ഥയിൽ പ്രതിഷ്ഠിതമായ ബ്രഹ്മദേവന്റെ
നേതൃത്വത്തിലുള്ള ദേവന്മാരെല്ലാം അങ്ങയുടെ ഭഗവദ്പദത്തിന്റെ ആത്മാർത്ഥതയുള്ള സേവകരാണ്
. ആകയാൽ അവർ ഞങ്ങളെ പോലെയല്ല. ( പ്രഹ്ലാദനും ,
പിതാവ് ഹിരണ്യകശിപുവും ) . അങ്ങയുടെ ഘോര രൂപത്തിലുള്ള ഈ ആവിഷ്കാരം സ്വസന്തോഷത്തിനു
വേണ്ടി യുള്ള അങ്ങയുടെ ലീലയാണ് . ഇത്തരം ഒരു അവതാരം എല്ലായിപ്പോഴും ലോകത്തിൻറെ സംരക്ഷണത്തിനും
പുരോഗതിക്കും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്
ശ്ലോകം 14
തദ് യച്ഛ മന്യുമസുരശ്ച ഹതസ്ത്വയാദ്യ
മോദേതാ സാധുരപി വൃശ്ചികസർപ്പഹത്യാ
ലോകാശ്ച നിർവൃതിമിതാ: പ്രതിയന്തി സർവ്വെ
രൂപം നൃസിംഹ! വിഭയായ ജനാ: സ്മരന്തി
വിവർത്തനം
എന്റെ നരസിംഹദേവ,
ആകയാൽ, എന്റെ പിതാവ് മഹാ അസുരനായ ഹിരണ്യകശിപു വധിക്കപ്പെട്ടതിനാൽ അങ്ങ് ദയവായി
അങ്ങയുടെ കോപം അവസാനിപ്പിച്ചാലും ഒരു തേളിനെയോ പാമ്പിനെയോ കൊല്ലുന്നതിൽ മഹാ വിശുദ്ധരായ വ്യക്തികൾ പോലും സന്തോഷിക്കാറുണ്ട്.
ഇപ്പോൾ ഈ അസുരൻ നിഗ്രഹിക്കപ്പെട്ടതിനാൽ സമസ്ത
ലോകങ്ങളും സന്തോഷിക്കുന്നു. ഇപ്പോൾ അവർക്ക് അവരുടെ സന്തോഷത്തിൽ ആത്മവിശ്വാസമുണ്ട്.ഭയത്തിൽ
നിന്ന് വിമുക്തരാകുന്നതിന്ന് അവരെപ്പോഴും അവിടുത്തെ മംഗളകരമായ അവതാരത്തെ സ്മരിക്കുകയും ചെയ്യും.
ശ്ലോകം 15
നാഹം ബിഭേമ്യജിത!
തേfതിഭയാനകാസ്യ-
ജിഹ്വാർക്കനേത്രഭ്രുകുടിരഭ
സോഗ്രദംഷ്ട്രാത്
അന്ത്രസ്രജ:
ക്ഷതജകേശരങ്കുകർണാ-
ന്നിർഹ്രാദഭീതദിഗിഭാദരിന്നഖാ
ഗ്രാത്
വിവർത്തനം
ആരാലും കീഴടക്കാനാകാത്ത ഭഗവാനെ, അങ്ങയുടെ ഉഗ്രമായ വായും, നാക്കും, സൂര്യനും തുല്യം പ്രകാശിക്കുന്ന കണ്ണുകളും, ചുളിഞ്ഞ പുരികങ്ങളും തീർച്ചയായും എന്നെ ഒട്ടും തന്നെ
ഭയപ്പെടുത്തുന്നില്ല. അങ്ങയുടെ കൂർത്ത് മൂർച്ചയേറിയ
ദംഷ്ട്രങ്ങളും, അങ്ങ് ചൂടിയിട്ടുള്ള കുടൽമാലകളും, അങ്ങയുടെ രക്താഭിഷിക്തമായ സടയും, ലോഹം പോലുള്ള ഉയർന്ന കർണങ്ങളും എന്നെ ഭയപ്പെടുത്തുന്നില്ല.
കൂറ്റൻ ആനകളെ പോലും നാനാ ദിക്കുകളിലേക്ക് പലായനം ചെയ്യിച്ച അവിടുത്തെ ഘോരഗർജ്ജനമോ ശത്രുവധത്തിനുള്ള
അവിടുത്തെ നഖങ്ങളോ എന്നെ സംഭ്രാന്തനാക്കുന്നില്ല.
ശ്ലോകം 16
ത്രസ്തോfസ്മ്യഹം
കൃപണാവത്സല! ദുഃസഹോഗ്ര-
സംസാരചക്രകദനാദ്
ഗ്രസതാം പ്രണീത:
ബദ്ധ: സ്വകർമ്മഭിരുശത്തമ!
തേfങ്ക്രിമൂലം
പ്രീതോfപവർഗ്ഗശരണം
ഹ്വയസേ കദാ നു
വിവർത്തനം
അല്ലയോ അത്യന്തം ശക്തനായ, ആർക്കും അതിലംഘിക്കാൻ കഴിയാത്ത, പതിതാത്മാക്കളോട് കാരുണ്യമുള്ള ഭഗവാനേ, എന്റെ കർമങ്ങളുടെ ഫലം എന്ന നിലയിൽ ഞാൻ അസുരൻമാരുടെ
സഹവാസത്തിൽ തള്ളപ്പെട്ടു, അതിനാൽ ഈ ഭൗതികലോകത്തിലെ
എന്റെ ജീവിതാവസ്ഥയിൽ എനിക്ക് വളരെയധികം ഭയം ഉണ്ട്. ബദ്ധജീവിതത്തിൽ നിന്നുള്ള മോചനത്തിനുള്ള
അത്യന്തിക ലക്ഷ്യമായ അങ്ങയുടെ പാദപങ്കജങ്ങളിലേക്ക് അങ്ങ് എന്നെ വിളിക്കുന്ന ആ നിമിഷം
എന്നു വന്നുചേരും?
ശ്ലോകം 17
യസ്മാത് പ്രിയാപ്രിയവിയോഗസയോഗ
ജന്മ-
ശോകാഗ്നിനാ
സകലയോനിഷു ദഹ്യമാന:
ദുഃഖൗഷധം തദപി
ദുഃഖമതദ്ധിയാഹം
ഭൂമൻ! ഭ്രമാമി
വദ മേ തവ ദാസ്യയോഗം
വിവർത്തനം
അല്ലയോ മഹാനുഭാവാ,
പരമോന്നതനായ ഭഗവാനേ, സന്തുഷ്ടവും പ്രിയാപ്രിയങ്ങളുടെ
സംയോജനവിയോജനങ്ങൾ മൂലം ഒരുവൻ, സ്വർഗീയമോ നരകീയമോ
ആയ ലോകങ്ങളിൽ ദുഃഖാഗ്നിയിൽ ദഹിക്കുന്നത് പോലെ അത്യന്തം ഖേദിക്കേണ്ടുന്ന അവസ്ഥയിൽ സ്ഥാപിക്കപ്പെടുന്നു. ദുഃഖകരമായ ജീവിതത്തിൽ
നിന്ന് പുറത്തുകടക്കാൻ പല പരിഹാരങ്ങളും ഉണ്ടെങ്കിലും, ഭൗതിക ലോകത്തിലെ അത്തരം പരിഹാരങ്ങളെല്ലാം ദുഃഖങ്ങളെക്കാൾ
തന്നെ ദുഷ്കരങ്ങളാണ്. ആകയാൽ അങ്ങയുടെ സേവനങ്ങളിൽ മുഴുകുകയാണ് ഏക പരിഹാരം എന്ന് ഞാൻ കരുതുന്നു. ദയവായി അത്തരം സേവനങ്ങളെക്കുറിച്ച്
എനിക്ക് ഉപദേശം നൽകിയാലും.
ശ്ലോകം 18
സോfഹം പ്രിയസ്യ സുഹൃദ: പരദേവതായാ
ലീലകഥാസ്തവ നൃസിംഹ! വിരിശ്ചഗീതാ:
അഞ്ചസ്തിതർമ്മ്യനുഗൃണൻ ഗുണവിപ്രമുക്തോ
ദുർഗ്ഗാണി തേ പദയുഗാലയഹംസസംഗ:
വിവർത്തനം
അല്ലയോ പ്രിയപ്പെട്ട നരസിംഹ ദേവ, ഞാൻ മുക്താത്മാക്കളുടെ (ഹംസങ്ങൾ) സഹവാസ ത്തിൽ അങ്ങയുടെ അതീന്ദ്രിയ പ്രേമ
സേവനത്തിൽ മഗ്നനായി, ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളുടെ
സമ്പർക്കത്താൽ ഉണ്ടാവുന്ന സർവ്വ മാലിന്യങ്ങളിൽ നിന്നും മോചിതനായി, എനിക്ക് പ്രിയങ്കരനായ അങ്ങയുടെ മഹിമകൾ കീർത്തിക്കാൻ പ്രാപ്തനായി തീരും. ഞാൻ ബ്രഹ്മദേവന്റെ കാലടികൾ ശരിക്കും പിന്തുടർന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വത്തിൽ അങ്ങയുടെ മഹിമകൾ കീർത്തനം ചെയ്യും. ഈ രീതിയിൽ എനിക്ക് നിസ്സംശയം അജ്ഞതയുടെ
സമുദ്രം തരണം ചെയ്യാൻ കഴിയും.
ശ്ലോകം 19
ബാലസ്യ നേഹ
ശരണം പിതരൗ നൃസിംഹ!
നർത്തസ്യ ചാഗദ
മുദ ന്വ തി മജ്ജ തോ നൗ :
തപ്ത സ്യ തത്
പ്രതി വിധിർ യ ഇഹാഞ്ജസേഷ്ട-
സ്താ വദ് വിഭോ
!തനു ഭൃതാം ത്വ ദു പേക്ഷി താനാം
വിവർത്തനം
അല്ലയോ നരസിംഹ ദേവാ,
പരമോന്നതാ, ശരീര സങ്കല്പം മൂലം അങ്ങയാൽ
അവഗണിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ശരീരസ്തരായ ആത്മാവുകൾക്ക്
അവരുടെ നന്മയ്ക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല. അവർ എന്തെല്ലാം പരിഹാരങ്ങൾ സ്വീകരിച്ചാലും, ഒരുപക്ഷേ അവ താൽക്കാലികമായി പ്രയോജനപ്പെട്ടേക്കാം
എങ്കിലും തീർച്ചയായും അസ്ഥിരങ്ങളാണ്. ഉദാഹരണത്തിന്,
ഒരു പിതാവിനും മാതാവിനും അവരുടെ കുട്ടിയെ സ്ഥിരമായി സംരക്ഷിക്കാനാവില്ല, ഒരു വൈദ്യനും
ഔഷധത്തിനും രോഗാതുരനായ ഒരുവനെ ശാശ്വതമായ മോചിപ്പിക്കാൻ ആവില്ല, അതേപോലെ, സമുദ്രത്തിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ഒരുവനെ
ഒരു വഞ്ചിക്ക് രക്ഷപ്പെടുത്താനാവില്ല.
ശ്ലോകം 20
യസ്മിൻ യതോ
യർഹി യേന ച യസ്യ യസ്മാദ്
യസ്മൈ യഥാ യദുത
യസ്ത്വപരഃ പരോ വാ
ഭാവഃ കരോതി
വികരോതി പൃഥക്സ്വഭാവഃ
സഞ്ചോദിതസ്തദഖിലം
ഭവതഃ സ്വരൂപം
വിവർത്തനം
പ്രിയപ്പെട്ട ഭഗവാനേ, ഈ ഭൗതിക ലോകത്തിലെ എല്ലാവരും ഭൗതിക പ്രകൃതിയുടെ
ത്രിഗുണങ്ങൾ ആയ സത്വരജോസ്തമോ ഗുണങ്ങളുടെ സ്വാധീനത്തിന് കീഴിലാണ്. എല്ലാവരും- ഏറ്റവും
ശ്രേഷ്ഠനായ ബ്രഹ്മാവു മുതൽ താഴെയുള്ള ചെറിയ
ഉറുമ്പ് വരെ - ഈ ഗുണങ്ങളുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നു. അതിനാൽ ഭൗതികലോകത്തിലെ
എല്ലാവരും അങ്ങയുടെ ശക്തിയാൽ പ്രേരിതരാകുന്നു. അവർ പ്രവർത്തിക്കുന്നതിനുള്ള കാരണം, പ്രവർത്തിക്കുന്ന സ്ഥലം, പ്രവർത്തിക്കുന്ന കാലം,
പ്രവർത്തിക്കുന്നത് ഏതിലാണോ അതിനുള്ള കാരണം, പരിഗണിച്ചിട്ടുള്ള അന്തിമ ജീവിതലക്ഷ്യം, ഈ ലക്ഷ്യം നേടുന്നതിനുള്ള പ്രക്രിയ - എല്ലാം അങ്ങയുടെ
ശക്തിയുടെ ആവിഷ്കാരം അല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും, ശക്തനും ശക്തിയും അഭിന്നം
ആകയാൽ, ഇവയെല്ലാം അങ്ങയുടെ ആവിഷ്കാരങ്ങൾ അല്ലാതെ
മറ്റൊന്നുമല്ല.
ശ്ലോകം 21
മായാ മന: സൃജതി
കർമമയം ബലീയ:
കാലേന ചോദിതഗുണാനു
മതേന പുംസ:
ഛന്ദോമയം യദജയാർപ്പിതഷോഡശാരം
സംസാരചക്രമജ!
കോf തിതരേത് ത്വദന്യ:
വിവർത്തനം
അല്ലയോ നിത്യനായ പരമപുരുഷ, അങ്ങ് അവിടത്തെ സമഗ്ര വിസ്തരണത്താൽ, കാലത്താൽ ഇളക്കിമറിക്കപ്പെടുന്ന അങ്ങയുടെ ബാഹ്യശക്തിയുടെ
പ്രാതിനിധ്യങ്ങളിലൂടെ ജീവസത്തകളുടെ സൂക്ഷ്മ ശരീരങ്ങൾ സൃഷ്ടിച്ചു. അപ്രകാരം മനസ്സ് ജീവസത്തയെ,
കർമ്മ കാണ്ഡത്തിന്റെ വൈദിക നിർദ്ദേശങ്ങളാലും
(ഫലേച്ഛ കർമ്മങ്ങൾ ), 16ഘടകങ്ങളാലും പൂർത്തീകരിക്കപ്പെടേണ്ട പരിമിതികളില്ലാത്ത നാനാവിധ ആഗ്രഹങ്ങളുടെ ബന്ധനത്തിൽ
ആകുന്നു. അങ്ങയുടെ പാദപങ്കജങ്ങളുടെ ആശ്രയം തേടാത്ത ആർക്കാണ് ഈ ബന്ധത്തിൽ നിന്ന് പുറത്തുകടക്കാൻ
കഴിയുക?
ശ്ലോകം 22
സ ത്വം ഹി നിത്യവിജിതാത്മഗുണ:
സ്വധാമ്നാ
കാലോ വശീകൃതവിസൃജ്യവിസർഗ്ഗശക്തി:
ചക്രേ വിസൃഷ്ടമജയേശ്വര!
ഷോഡശാരേ
നിഷ്പീഡ്യമാനമുപകർഷ
വിഭോ! പ്രപന്നം
വിവർത്തനം
എന്റെ പരമ ശ്രേഷ്ഠനായ ഭഗവാനേ, പതിനാറ് മൂല പദാർത്ഥങ്ങളായ ഈ ഭൗതിക ലോകം സൃഷ്ടിച്ച അവിടുന്ന് അവയുടെ ഭൗതികഗുണങ്ങൾക്ക്
അതീന്ദ്രിയനായി നിലകൊള്ളുന്നു. മറ്റുവാക്കുകളിൽ,
ഈ ഭൗതികഗുണങ്ങളെല്ലാം അവിടത്തെ നിയന്ത്രണത്തിലാണ്, അവിടുന്ന് ഒരിക്കലും അവയാൽ കീഴടക്കപ്പെടുനില്ല അതുകൊണ്ട് കാലഘടകം അങ്ങയുടെ പ്രതിനിധിയാണ് . ഭഗവാനേ, അല്ലയോ പരമോന്നതാ,
അങ്ങയെ പരാജയപ്പെടുത്താൻ ആരാലും ആവില്ല. എന്നെ സംബന്ധിച്ച്, ഞാൻ കാലചക്രത്താൽ തവിടുപൊടി ആക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, ആകയാൽ ഞാൻ പൂർണ്ണമായും അങ്ങയെ ശരണം പ്രാപിക്കുന്നു.
ദയവായി അങ്ങയുടെ പാദപങ്കജങ്ങളിൽ എനിക്ക് സംരക്ഷണം നൽകേണമേ.
ശ്ലോകം 23
ദൃഷ്ടാ മയാ
ദിവി വിഭോfഖിലധിഷ്ണ്യപാനാ -
മായു: ശ്രിയോ
വിഭവ ഇച്ഛതി യാൻ ജനോfയം
യേfസ്മത്പിതു:
കുപിതഹാസവിജൃംഭിതഭ്രൂ
വിസ്ഫൂർജ്ജിതേന
ലുളിതാ: സ തു തേ നിരസ്ത:
വിവർത്തനം
പ്രിയപ്പെട്ട ഭഗവാനേ, ജനങ്ങൾ പൊതുവേ ദീർഘായുസ്സിനും, ഐശ്വര്യത്തിനും, ആസ്വാദനത്തിനും വേണ്ടി ഉന്നത ലോകങ്ങളിലേക്ക് ഉയർത്തപ്പെടാൻ
ആഗ്രഹിക്കുന്നു, പക്ഷേ ഇവയെല്ലാം എന്റെ പിതാവിന്റെ പ്രവർത്തനങ്ങളിലൂടെ ഞാൻ കണ്ടു. എന്റെ
പിതാവ് ക്രുദ്ധനാകുമ്പോൾ ദേവന്മാർക്ക് നേരെ
പരിഹാസത്തോടെ അട്ടഹസിക്കുമായിരുന്നു. പിതാവിന്റെ കൺപുരികങ്ങളുടെ ചലനങ്ങൾ കാണുമ്പോഴേ
ദേവന്മാർ പരാജിതരായി പിൻവാങ്ങും. എന്നിട്ടും അതിശക്തനായിരുന്നിട്ടും, എന്റെ പിതാവ് അങ്ങയാൽ ഒറ്റ നിമിഷം കൊണ്ട് പരാജയപ്പെടുത്തപ്പെട്ടു.
ശ്ലോകം 24
തസ്മാദമൂസ്തനുഭ്രിതാമഹമാശിഷോfജ്ഞ
ആയു: ശ്രിയം
വിഭവമൈന്ദ്രിയമാവിരിഞ്ചാത്
നേച്ഛമി തേ
വിലുളിതാനുരുവിക്രമേണ
കാലാത്മനോപനയ
മാം നിജഭൃത്യപാർശ്വം
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, ഇപ്പോൾ എനിക്ക് ബ്രഹ്മാവു മുതൽ താഴേക്ക് ഏറ്റവും നിസ്സാരമായ ഉറുമ്പ് വരെയുള്ള
ജീവസത്തകൾ ആസ്വദിക്കുന്ന ലൗകികൈശ്വര്യങ്ങൾ , നിഗൂഢശക്തി, ദീർഘായുസ്സ് തുടങ്ങിയ ഭൗതിക സന്തോഷങ്ങൾ സമ്പൂർണമായി
പരിചിതമാണ്. ശക്തമായ കാലത്തിന്റെ രൂപത്തിൽ അങ്ങ് അവയെയെല്ലാം നശിപ്പിക്കുന്നു. ആകയാൽ
എന്റെ അനുഭവത്തിൽ അവയൊന്നും സ്വന്തമാക്കാൻ ഞാൻ കാംക്ഷിക്കുന്നില്ല. ഭഗവാനേ, അങ്ങയുടെ
പരിശുദ്ധ ഭക്തനുമായി സമ്പർക്കത്തിലാകുവാനും, അദ്ദേഹത്തിന്റെ ആത്മാർത്ഥതയുള്ള ദാസനാകുവാനും എന്നെ അനുവദിച്ചാലും.
ശ്ലോകം 25
കുത്രാശിഷ:
ശ്രുതിസുഖാ മൃഗതൃഷ്ണിരുപാ:
ക്വേദം കളേബരമശേഷരുജാം
വിരോഹ:
നിർവിദ്യതേ
ന തു ജനോ യദപീതി വിദ്വാൻ
കാമാനാലം മധുലവൈ:
ശമയൻ ദുരാപൈ:
വിവർത്തനം
ഈ ഭൗതിക ലോകത്തിൽ എല്ലാവരും വെറുമൊരു മരീചിക പോലുള്ള ഭാവിസുഖം
കാംക്ഷിക്കുന്നു. മരുഭൂമിയിൽ എവിടെയാണ് ജലം ഉള്ളത്? അല്ലെങ്കിൽ, ഭൗതികലോകത്തിൽ എവിടെയാണ് സുഖമുള്ളത് ? ഈ ശരീരത്തിന് എന്ത് മൂല്യം ആണുള്ളത് ? ഇത് വെറും
ഒരു കൂട്ടം രോഗങ്ങളുടെ സ്രോതസ്സ് മാത്രമാണ്.
തത്വചിന്തകരെന്നും, ശാസ്ത്രജ്ഞരെന്നും, രാഷ്ട്രീയക്കാരെന്നും വിളിക്കപ്പെടുന്നവർക്ക് ഇത്
ശരിക്കും അറിവുണ്ട്, എന്നിട്ടും അവർ താത്കാലിക സുഖം ആഗ്രഹിക്കുന്നു. സുഖവും സന്തോഷവും
നേടുക വളരെ ദുഷ്കരമാണ്, പക്ഷെ ഇന്ദ്രിയ സംയമനം
പാലിക്കാൻ കഴിവില്ലാത്തതിനാൽ അവർ, ഒരിക്കലും
ശരിയായ ഒരു നിർണയത്തിൽ എത്താതെ, ഭൗതികലോകത്തിലെ സുഖം എന്നും സന്തോഷം എന്നും പറയപ്പെടുന്നവയുടെ പിന്നാലെ
പരക്കം പായുന്നു.
ശ്ലോകം 26
ക്വാഹം രജ:പ്രഭവ ഈശ! തമോ f ധികേ f സ്മിൻ
ജാത: സുരേതരകുലേ
ക്വ തവാനുകമ്പാ
ന ബ്രഹ്മണോ
ന തു ഭവസ്യ ന വൈ രമായ
യൻമേ f ർപ്പിത
: ശിരസി പദ്മകര : പ്രസാദ :
വിവർത്തനം
അല്ലയോ പരമപുരുഷനായ
ഭഗവാനേ, ഞാൻ നരകീയമായ രജസ്തമോഗുണങ്ങൾ നിറഞ്ഞ കുടുംബത്തിൽ ജനിച്ചവനാകയാൽ എന്റെ
അവസ്ഥ എന്താണ്? അങ്ങ് ബ്രഹ്മദേവനും, മഹാദേവനും, ഭാഗ്യദേവതയായ ലക്ഷ്മിക്കു പോലും നൽകാത്ത
അങ്ങയുടെ അകാരണമായ കാരുണ്യത്തെ പറ്റി എന്തു പറയാൻ? അവിടുന്ന് ഒരിക്കലും അവിടുത്തെ കരപങ്കജം
അവരുടെ ശിരസ്സിന്മേൽ വച്ചിട്ടില്ല, പക്ഷെ അങ്ങത് എന്റെ ശിരസ്സിൽ വച്ചു.
ശ്ലോകം 27
നൈഷാ പരാവരമതിർഭവതോ
നനു സ്യാ -
ജ്ജന്തോർയഥിff
ത്മസുഹൃദോ ജഗതസ്തഥാപി
സംസേവയാ സുരതരോരിവ
തേ പ്രസാദ :
സേവാനുരൂപമുദയോ
ന പരാവരത്വo.
വിവർത്തനം
പ്രിയപ്പെട്ട ഭഗവാനേ, അങ്ങേയ്ക്ക് ഉയരുന്നതെന്നോ താഴ്ന്നതെന്നോ
ഉള്ള ഭേദ സങ്കല്പം ഇല്ലാത്തതിനാൽ, അങ്ങ് ഒരു സാധാരണ ജീവസത്തയെ പോലെ മിത്രം എന്നോ ശത്രുവെന്നോ, ഹിതം എന്നോ അഹിതം എന്നോ ആരെയും ഒന്നിനെയും
വ്യവഛേദിക്കുന്നില്ല.എന്നിരുന്നാലും അങ്ങ് ഒരുവന്റെ സേവനത്തിനനുസരിച്ച് അവന് അനുഗ്രഹങ്ങൾ
നൽകുന്നു,ഒരു കല്പ വൃക്ഷം ഉയർന്നവനെന്നോ താഴ്ന്നവനെന്നോ നോക്കാതെ ആഗ്രഹത്തിനനുസരിച്ച്
ഫലങ്ങൾ നൽകുന്നത് പോലെ.
ശ്ലോകം 28
ഏവം ജനം നിപതിതം
പ്രഭവാഹികൂപേ
കാമാഭികാമമനു
യ: പ്രപതൻ പ്രസംഗാത്
കൃത്വാ ff ത്മസാത്
സുരർഷിണാ ഭഗവൻ! ഗൃഹീത :
സോ f ഹം കഥo
നു വിസൃജേ തവ ഭൃത്യസേവാം .
വിവർത്തനം
അല്ലയോ ഭഗവാനേ ,
ഒന്നിനു പിന്നാലെ ഒന്നായി ഭൗതിക അഭിലാഷങ്ങളുമായുള്ള എന്റെ സമ്പർക്കം മൂലം സാധാരണ
ജനങ്ങളെ പിന്തുടർന്ന് ഞാനും സർപ്പങ്ങൾ നിറഞ്ഞ ഒരു പൊട്ടക്കിണറിലേക്ക് ക്രമേണ നിപതിക്കുകയുമായിരുന്നു.പക്ഷെ അങ്ങയുടെ ദാസനായ
നാരദമുനി സദയം എന്നെ ശിഷ്യനായി സ്വീകരിക്കുകയും
ഈ അതീന്ദ്രിയ സ്ഥിതി പ്രാപിക്കേണ്ടത് എങ്ങനെയെന്ന് ഉപദേശിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹത്തെ
സേവിക്കുകയെന്നതാണ് എൻറെ പ്രഥമ കർത്തവ്യം അദ്ദേഹത്തിനുള്ള സേവനം ഞാനെങ്ങിനെ ഉപേക്ഷിക്കും?
ശ്ലോകം
29
മത് പ്രാണരക്ഷണമനന്ത!
പിതുർവധശ്ച
മന്യേ സ്വഭൃത്യഋഷിവാക്യമൃതം
വിധാതും
ഖഡ്ഗം പ്രഗൃഹ്യ
യദവോചദസദ്വിധിത്സു -
സ്ത്വാമീശ്വരോ
മദപരോ f വതു കം ഹരാമി.
വിവർത്തനം
അളവറ്റ അതിന്ദ്രിയ
ഗുണങ്ങളുടെ സംഭരണിയായ അല്ലയോ ഭഗവാനേ, അങ്ങ് എന്റെ പിതാവ് ഹിരണ്യകശിപുവിനെ വധിക്കുകയും
അദ്ദേഹത്തിന്റെ വാളിൽ നിന്ന് എന്നെ രക്ഷിക്കുകയും ചെയ്തു. അദ്ദേഹം അങ്ങേയറ്റം ക്രൂദ്ധനായി
ഇങ്ങനെ ആക്രോശിച്ചു, "ഞാനല്ലാതെ ഒരു പാരമനിയന്താവുണ്ടെങ്കിൽ അദ്ദേഹം നിന്നെ രക്ഷിക്കട്ടെ.
ഞാനിപ്പോൾ നിന്റെ ഉടലിൽ നിന്ന് നിന്റെ ശിരസ്സ് വേർപെടുത്തും." അതിനാൽ എന്നെ രക്ഷിച്ചതിലൂടെയും
എന്റെ പിതാവിനെ വധിച്ചതിലൂടെയും അങ്ങ് അങ്ങയുടെ ഭക്തന്റെ വാക്കുകൾ സത്യമാക്കുന്നതിന്
വേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇതിന് മറ്റൊരു കാരണവും ഞാൻ കാണുന്നില്ല.
ശ്ലോകം 30
ഏകസ്ത്വമേവ ജഗദേതമുഷ്യ
യത് ത്വ-
മാദ്യന്തയോ:
പൃഥഗവസ്യസി മധ്യതശ്ച
സൃഷ്ട്വാ ഗുണവ്യതികരം
നിജമായയേദം
നാനേവ തൈരവസിതസ്തദനുപ്രവിഷ്ട:
വിവർത്തനം
പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് സ്വയം സമഗ്ര ഭൗതികപ്രപഞ്ചമായി ആവിഷ്കരിച്ചു. സൃഷ്ടിക്ക് മുമ്പേ നിലനിന്നിരുന്ന അങ്ങ് സംഹാരത്തിനു ശേഷവും
നിലനിൽക്കുന്നു. ആരംഭത്തിനും അന്ത്യത്തിനും
മധ്യേയുള്ള സംരക്ഷകനും അങ്ങാണ്. അങ്ങയുടെ ബാഹ്യശക്തി ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളുടെ
പ്രവർത്തന പ്രതി പ്രവർത്തനങ്ങളിലൂടെയാണ് ഇവയെല്ലാം നിർവഹിക്കുന്നത്. അതിനാൽ ബാഹ്യമായും
ആന്തരികമായും എന്തെല്ലാം നില നിൽക്കുന്നുവോ,
അവയെല്ലാം അങ്ങ് മാത്രമാണ്.
ശ്ലോകം 31
ത്വം വാ ഇദം
സദസദീശ! ഭവാം സ്തതോfന്യോ
മായാ യദാത്മപരബുദ്ധിരിയം
ഹ്യപാർത്ഥ
യദ് യസ്യ ജന്മ
നിധനം സ്തിതിരീക്ഷണം ച
തദ് വൈ തദേവ
വസുകാലവദഷ്ടിതർവോ:
വിവർത്തനം
അല്ലയോ ഭഗവാനേ സമസ്ത വിശ്വാവിഷ്കാരത്തിന്റെയും കാരണം അങ്ങും,
ഭൗതികാവിഷ്കാരം അങ്ങയുടെ ശക്തിയുടെ
ഫലവും ആകുന്നു. സമസ്ത വിശ്വപ്രപഞ്ചവും അങ്ങ് അല്ലാതെ മറ്റൊന്നും അല്ലെങ്കിലും, അങ്ങ് സ്വയം അതിൽ നിന്ന് അകന്നുനിൽക്കുന്നു. എല്ലാ
ഉത്ഭവങ്ങളും അങ്ങയിൽ നിന്ന് ആകയാലും, അതുമൂലം അങ്ങിൽ നിന്ന് അഭിന്നമാകയാലും, "എന്റെതെന്നും നിൻറെതെന്നും" ഉള്ള സങ്കല്പം തീർച്ചയായും ഒരുതരം വ്യാമോഹം (മായ)മാണ്.
തീർച്ചയായും ഭൗതികപ്രപഞ്ചം അങ്ങയിൽ നിന്ന് അഭിന്നമാണ്, സംഹാരത്തിന് ഹേതുവും അങ്ങാകുന്നു. അവിടത്തെ ഭഗവദ് പദവും വിശ്വ പ്രപഞ്ചവും തമ്മിലുള്ള
ഈ ബന്ധം,
വിത്തിന്റെയും വൃക്ഷത്തിന്റേയും അഥവാ സൂക്ഷ്മമായ കാരണത്തിന്റേയും സ്ഥൂലമായ സൃഷ്ടിയുടെയും
ഉദാഹരണത്തിലൂടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ശ്ലോകം
32
ന്യസ്യേദമാത്മനി
ജഗദ്വിലയാംബുമധ്യേ
ശേഷേffത്മനാ
നിജസുഖാനുഭവോ നിരീഹ:
യോഗേന മീലിതദൃഗാത്മനിപീതനിദ്ര-
സ്തുര്യേ സ്ഥിതോ
ന തു തമോ ന ഗുണാംശ്ച യുങ് ക്ഷേ
വിവർത്തനം
അല്ലയോ ഭഗവാനേ,
സംഹാരത്തിന് ശേഷം സൃഷ്ടി ശക്തി, മിഴികൾ പാതി അടച്ച് യോഗനിദ്രയിൽ ശയിക്കുന്ന അങ്ങയിൽ വിശ്രമിക്കുന്നു. വാസ്തവത്തിൽ, അങ്ങ് എല്ലായ്പ്പോഴും
ഭൗതിക സൃഷ്ടിക്ക് അതീതമായ ആധ്യാത്മിക പരമാനന്ദ അവസ്ഥയിൽ ആയതിനാൽ ഒരു സാധാരണ മനുഷ്യ ജീവിയെ പോലെ
ഉറങ്ങുകയില്ല. കാരനോതക ശായി വിഷ്ണു എന്ന നിലയിൽ
അവിടന്ന് അപ്രകാരം ഭൗതിക വസ്തുക്കളെ സ്പർശിക്കാതെ
അവിടത്തെ അതീന്ദ്രിയ സ്ഥിതിയിൽ നിലകൊള്ളുന്നു. അങ്ങ് ഉറങ്ങുന്നത് പോലെ കാണപ്പെടുന്നുവെങ്കിലും
ആ ഉറക്കം തമോഗുണത്തിലുള്ള ഉറക്കത്തിൽ നിന്ന് വ്യത്യസ്തമാണ്.
ശ്ലോകം 33
തസ്യൈവ തേ വപുരിദം
നിജകാലശക്ത്യാ
സഞ്ചോദിതപ്രകൃതിധർമ്മണ
ആത്മഗൂഢം
അംഭസ്യനന്തശയനാദ്
വിരമത്സമാധേർ-
ന്നാഭേരഭൂത്
സ്വകണികാവടവന്മഹാബ്ജം
വിവർത്തനം
ഈ വിശ്വാ വിഷ്കാരവും - ഭൗതികലോകം- അങ്ങയുടെ ശരീരമാണ്. പദാർഥങ്ങളുടെ ഈ സമഗ്ര
സഞ്ചയം കാലശക്തി എന്നറിയപ്പെടുന്ന അങ്ങയുടെ ശക്തിയാൽ പ്രക്ഷുബ്ധമാക്കപ്പെടുമ്പോൾ ഭൗതിക
പ്രകൃതിയുടെ ത്രിഗുണങ്ങൾ ആവിഷ്കൃതമാകുന്നു. അങ്ങ് ശേഷന്റെ, അനന്തന്റെ ശയ്യയിൽ നിന്ന്
ഉണരുകയും, അങ്ങയുടെ നാഭിയിൽ നിന്ന് ഒരു ചെറിയ അതീന്ദ്രിയ ബീജം ഉൽപാദിതമാവുകയും ചെയ്യുന്നു.ഈ
വിത്തിൽ നിന്നാണ് അതിബൃഹത്തായ വിശ്വ പ്രപഞ്ചത്തിന്റെ താമര പ്രത്യക്ഷമാകുന്നത്,
ശരിക്കും ചെറിയൊരുവിത്തിൽ നിന്ന് വലിയ വടവൃക്ഷം പോലെ (ആൽമരം) വളരുന്നത് പോലെ.
ശ്ലോകം 34
തത്സംഭവ: കവിരതോfന്യദപശ്യമാന-
സ്ത്വാം ബീജമാത്മനി തതം സ്വബഹിർവിചിന്ത്യ
നാവിന്ദദബ്ദശതമപ്സു നിമജ്ജമാനോ
ജാതേf രേ കഥമു ഹോപലഭേത ബീജം
വിവർത്തനം
ആ മഹത്തായ താമരപ്പൂവിൽ നിന്ന് ബ്രഹ്മാവ് ഉത്ഭവിച്ചു, പക്ഷേ ബ്രഹ്മാവിന് ആ താമരപ്പൂവൊഴിച്ച് മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.അതിനാൽ
അങ്ങ് പുറത്തായിരിക്കുമെന്ന ചിന്തയാൽ ബ്രഹ്മദേവൻ
താമരയുടെ ഉത്ഭവസ്ഥാനം അന്വേഷിച്ച് നൂറുവർഷം ജലത്തിൽ ഊളിയിട്ട് നടന്നു.എന്നിട്ടും അദ്ദേഹത്തിന് അങ്ങയുടെ ഒരടയാളവും
കണ്ടെത്താൻ കഴിഞ്ഞില്ല, കാരണം, ഒരു ബീജം വളർന്നു കഴിഞ്ഞാൽ യഥാർത്ഥ ബീജം കാണാൻ കഴിയുകയില്ല. *ദേവന്മാരുടെ ഒരു ദിവസം നമ്മുടെ ആറുമാസത്തിന്
തുല്യമാണ്
ശ്ലോകം 35
സ ത്വാത്മയോനിരതിവിസ്മിത
ആശ്രിതോfബ്ജം
കാലേന തീവ്രതപസാ
പരിശുദ്ധ ഭാവ:
ത്വാമാത്മനീശ!
ഭൂവി ഗന്ധമിവാതിസൂക്ഷ്മം
ഭൂതേന്ദ്രിയാശയമയേ
വിതതം ദദർശ
വിവർത്തനം
ആത്മ യോനി അഥവാ ഒരു മാതാവ് ഇല്ലാതെ ജനിച്ചവൻ എന്ന് ഖ്യാതനായ
ബ്രഹ്മദേവൻ അത്ഭുതസ്തബ്ധനായിരുന്നു. അപ്രകാരം താമരപ്പൂവിനെ ശരണം പ്രാപിച്ച ബ്രഹ്മാവ്
അനേകായിരം സംവത്സരങ്ങളിലെ കഠിന തപസ്സുകൾക് ഒടുവിൽ പരിശുദ്ധീകരിക്കപ്പെട്ടപ്പോൾ, എല്ലാ കാരണങ്ങൾക്കും കാരണമായ ഭഗവാൻ, സ്വന്തം ശരീരത്തിലും ഇന്ദ്രിയങ്ങളിലും നിറഞ്ഞു നിൽക്കുന്നതായി ബ്രഹ്മാവിന് കാണാൻ കഴിഞ്ഞു, ഗന്ധം അതിസൂക്ഷ്മ മാണെങ്കിലും ഭൂമിയിൽ ഗ്രഹിക്കാൻ
കഴിയുന്നത് പോലെ.
ശ്ലോകം 36
ഏവം സഹസ്രവദനാങ്
ഘ്രിശിരഃകാരോരു-
നാസാസ്യകർണനയനാഭരണായുധാഢ്യം
മായാമയം സദുപലക്ഷിതസന്നിവേശം
ദൃഷ്ട്വാ മഹാപുരുഷമാപ
മുദ വിരിഞ്ച :
വിവർത്താനം
ബ്രഹ്മദേവനപ്പോൾ അങ്ങയെ ആയിരം ആയിരം മുഖങ്ങളോടും, പാദങ്ങളോടും, ശിരസ്സുകളോടും, കരങ്ങളോടും,
തുടകളോടും, നാസികകളോടും, കർണ്ണങ്ങളോടും, കണ്ണുകളോടും കൂടി കാണാൻ കഴിഞ്ഞു. അതിമനോഹരമായി വസ്ത്രധാരണം
ചെയ്തിരുന്ന അങ്ങ് പലവിധ ആഭരണങ്ങളാലും ആയുധങ്ങളാലും അലങ്കരിക്കപ്പെട്ടിരുന്നു. വിഷ്ണുഭഗവാന്റെ അതീന്ദ്രിയ രൂപത്തോടും ലക്ഷണങ്ങളോടും കൂടി അധോലോകങ്ങളിൽ
നിന്നും നീണ്ടു നിന്നിരുന്ന അങ്ങയുടെ പാദ പത്മങ്ങൾ ദർശിച്ച ബ്രഹ്മാവ് അതീന്ദ്രിയ നിർവൃതി
നേടി.
ശ്ലോകം 37
തസ്മൈ ഭവാൻ
ഹയശിരസ്തനുവം ച ബിഭ്രദ്
വേദദ്രുഹാവതിബലൗ
മധുകൈടഭാഖ്യൗ
ഹത്വാffനയച്ഛ്രുതിഗണാംസ്തു രജസ്തമശ്ച
സത്ത്വം തവ
പ്രിയതമാം തനുമാമനന്തി
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് കുതിരയുടെ ശിരസ്സോടു കൂടിയ ഹയഗ്രീവനായി അവതരിച്ചപ്പോൾ, രജസ്തമോ
ഗുണങ്ങളിലായിരുന്ന മധു, കൈടഭൻ എന്നീ അസുരന്മാരെ വധിച്ച് വേദങ്ങൾ വീണ്ടെടുത്ത് ബ്രഹ്മാവിന് നൽകി. ഇക്കാരണത്താൽ മഹാമുനിമാർ അങ്ങയുടെ രൂപങ്ങളെ
ത്രിഗുണങ്ങളുടെ ലാഞ്ചന പോലുമില്ലാത്ത അതീന്ദ്രിയ രൂപമായി സ്വീകരിച്ചു.
ശ്ലോകം 38
ഇത്ഥം നൃതിര്യഗൃഷിദേവഝഷാവതാരൈർ
-
ലോകാൻ വിഭാവയസി
ഹംസി ജഗത്പ്രതീപാൻ
ധർമ്മം മഹാപുരുഷ
! പാസി യുഗാനുവൃത്തം
ഛന്ന : കലൗ
യദഭവസ്ത്രിയു ഗോfഥ സ ത്വം
വിവർത്തനം
എന്റെ ഭഗവാനേ, അങ്ങ് ഈ രീതിയിൽ മനുഷ്യനായും, മൃഗമായും,
മഹർഷി യായും, ദേവനായും, മത്സ്യമോ കൂർമ്മമോ ആയും, വിവിധ
അവതാരങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട് വിവിധ ഗ്രഹ വ്യൂഹങ്ങളിലെ സമഗ്ര സൃഷ്ടിയേയും സംരക്ഷിക്കുകയും ആസൂരീയ തത്വങ്ങളെ ഹനിക്കുകയും ചെയ്തു. ഓരോ യുഗത്തിലും അങ്ങ്
ധാർമികതത്വങ്ങൾ സംരക്ഷിച്ചു. എന്നാൽ കലിയുഗത്തിൽ,
അങ്ങ് ഭഗവാനായി സ്വയം പ്രത്യക്ഷപ്പെടുന്നില്ല.
ആകയാൽ അങ്ങ് ത്രിയുഗം, മൂന്ന് യുഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഭഗവാൻ എന്നറിയപ്പെടുന്നു.
ശ്ലോകം 39
നൈതന്മനസ്തവ
കഥാസു വി കുണ്ഠനാഥ!
സംമ്പ്രീയതേ ദുരിതദുഷ്ടമസാധു തീവ്രം
കാമാതുരം ഹർഷശോകഭയൈഷണാർത്തം
തസ്മിൻ കഥം
ഗതിം വിമൃശാമി ദീന :
വിവർത്തനം
യാതൊരുവിധ ഉത്ക്കണ്ഠയുമില്ലാത്ത വൈകുണ്ഡ ലോകങ്ങളുടെ ഭഗവാനെ, എന്റെ മനസ്സ് ചിലപ്പോൾ സന്തോഷമെന്നും ചിലപ്പോൾ ദുഃഖമെന്നും
വിളിക്കപ്പെടുന്നതിൽ മുഴുകുന്നു. അത്യന്തം പാപവും, കാമാർത്തിയും,
ദുഖവും, ഭയവും നിറഞ്ഞ അത് എല്ലായ്പ്പോഴും അധികമധികം ധനം കാംക്ഷിക്കുന്നു.അവ്വിധത്തിൽ അങ്ങേയറ്റം കളങ്കപ്പെട്ടതിനാൽ അത് ഒരിക്കലും അങ്ങയെ
കുറിച്ചുള്ള വിഷയങ്ങളിൽ സംതൃപ്തി നേടുന്നില്ല. ആകയാൽ ഞാൻ അങ്ങേയറ്റം പതിതനും ദരിദ്രനുമായിരിക്കുന്നു.
ജീവിതത്തിന്റെ ഈ അവസ്ഥയിൽ അങ്ങയുടെ കർമ്മങ്ങളെ
കുറിച്ച് സംവാ ദിക്കാൻ എനിക്ക് എങ്ങനെ സാധിക്കും?
ശ്ലോകം 40
ജിഹൈകതോfച്യുത!
വികർഷതി മാവിതൃപ്താ
ശിശ്നോfന്യതസ്ത്വഗുദരം
ശ്രവണം കുതശ്ചിത്
ഘ്രാണോf ന്യതശ്ചപലദൃക് ക്വ ച കർമ്മശക്തിർ-
ബഹ്വ: സപത്ന്യ
ഇവ ഗേഹപതിം ലുനന്തി
വിവർത്തനം
ഒരിക്കലും ച്യുതി
സംഭവിക്കുകയില്ലാത്ത ഭഗവാനെ, അനവധി
പത്നിമാരുള്ളവനും, ഭർത്താവിനെ ആകർഷിക്കാൻ
അവരെല്ലാം അവരുടേതായ രീതികളിൽ നടത്തുന്ന ശ്രമങ്ങളുടെ വലയിൽ അകപ്പെട്ടവനുമായ ഒരുവന്റെ
അവസ്ഥയിലാണ് ഞാനിപ്പോൾ. ഉദാഹരണത്തിന്, നാക്ക്
രുചികരമായ ആഹാരപദാർത്ഥങ്ങളാലും ജനനേന്ദ്രിയം
ആകർഷകമായ സ്ത്രീയോടൊത്തുള്ള ലൈംഗീക മോഹത്താലും,
സ്പർശേന്ദ്രിയം മാർദവമുള്ള വസ്തുക്കളുടെ സമ്പർക്ക ത്താലും ആകർഷിക്കപ്പെടുന്നു. ഉദരം, നിറയെ ഭക്ഷിച്ചു കഴിഞ്ഞാലും, ആഹാരം ആഗ്രഹിക്കുന്നു, കാതുകൾ അങ്ങയെ ശ്രവിക്കാൻ ശ്രമിക്കാതെ ലൗകിക വിഷയങ്ങളുടെ
ശ്രവണത്തിൽ ആകർഷിക്കപ്പെടുന്നു. ഗന്ധം അറിയുന്നതിനുള്ള
ശ്വസനേന്ദ്രിയവ്യൂഹം ഇതര കാര്യങ്ങളാൽ ആകർഷിക്കപ്പെടുന്നു. അസ്വസ്ഥമായ കണ്ണുകൾ ഇന്ദ്രിയ
സുഖത്തിനുള്ള കാഴ്ചകളാൽ ആകർഷിക്കപ്പെടുന്നു കർമ്മേന്ദ്രിയങ്ങളും മറ്റുള്ളവയാൽ ആകർഷിക്കപ്പെടുന്നു
ഈ വിധത്തിൽ ഞാൻ തീർച്ചയായും അതിയായ വിഷമം സ്ഥിതിയിലാണ്
ശ്ലോകം 41
ഏവം സ്വകർമ്മപതിതം
ഭവവൈതരണ്യാ-
മന്യോന്യജന്മമരണാശനഭീതഭീതം
പശ്യൻ ജനം സ്വപരവിഗ്രഹ
വൈരമൈത്രം
ഹന്തേതി പാരചര!
പീപൃഹി മൂഢമദ്യ
വിവർത്തനം
എന്റെ പ്രിയപ്പെട്ട ഭഗവാനെ, അങ്ങ് സദാ മരണ നദിയുടെ (വൈതരണി) മറുകരയിൽ അതീന്ദ്രിയതയിൽ
സ്ഥിതി ചെയ്യുന്നു., പക്ഷേ ഞങ്ങൾ ഞങ്ങളുടെ കർമ്മങ്ങളുടെ പ്രതിപ്രവർത്തനങ്ങൾ നിമിത്തം
ഇക്കരെ ക്ലേശിക്കുന്നു. തീർച്ചയായും ഞങ്ങൾ
ഈ നദിയിൽ വീണ് ജനന മരണങ്ങളുടെ വേദനകൾ ആവർത്തിച്ച് സഹിക്കുകയും ഭയാനക ങ്ങളായ വസ്തുക്കൾ
ഭക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോൾ ദയവായി ഞങ്ങളെ വീക്ഷിക്കുകയും - എന്നെ മാത്രമല്ല
ക്ലേശിക്കുന്ന എല്ലാവരെയും - അങ്ങയുടെ അഹൈതുകമായ
കാരുണ്യത്താൽ മോചിപ്പിച്ച് സംരക്ഷിക്കുകയും ചെയ്താലും.
ശ്ലോകം 42
കോ ന്വത്ര തേfഖിലഗുരോ
! ഭഗവൻ !പ്രയാസ
ഉത്താരണേf സ്യ ഭവസംഭവ ലോപ ഹേതോ :
മൂഢേഷു വൈ മദനുഗ്രഹ
ആർത്തബന്ധോ!
കിം തേന തേ
പ്രിയജനാന നു സേവതാം ന :
വിവർത്തനം
അല്ലയോ ഭഗവാനേ, സർവ്വ ലോകങ്ങളുടെയും യഥാർത്ഥ ആധ്യാത്മിക
ഗുരുവേ, പ്രപഞ്ച ഭരണം നിർവഹിക്കുന്ന അങ്ങേയ്ക്ക്
അങ്ങയുടെ ഭക്തിയുത സേവനത്തിൽ മുഴുകി യിട്ടുള്ള പതിതാത്മാക്കളെ മോചിപ്പിക്കുന്നതിന് എന്താണ് വിഷമം? ക്ലേശിക്കുന്ന
മനുഷ്യ രാശിയുടെ മിത്രമാണ വിടുന്ന്, വിഡ്ഢി കളോട്
കരുണ കാട്ടേണ്ടത് മഹദ്വക്തികളുടെ ധർമ്മവും ആണ്. അതുകൊണ്ട് അങ്ങയുടെ സേവനങ്ങളിൽ
മു ഴുകിക്കഴിയുന്ന ഞങ്ങളെപ്പോലുള്ള വ്യക്തികളോട്
അവിടുന്ന് അവിടത്തെ അഹൈതു കമായ കാരുണ്യം പ്രകടിപ്പിക്കും എന്ന് ഞാൻ കരുതുന്നു.
ശ്ലോകം 43
നൈവോ ദ്വിജോ
പര! ദുരത്യ യവൈതരണ്യാ -
സ്ത്വദ്വീര്യ
ഗായനമഹാ മൃത മഗ്ന ചിത്ത :
ശോചേ തതോ വിമുഖ
ചേതസാ ഇന്ദ്രിയാർത്ഥ -
മായാസുഖായ ഭരമുദ്വ
ഹതോ വിമൂഢൻ
വിവർത്തനം
അല്ലയോ മഹദ്വക്തികളിൽ ശ്രേഷ്ഠനായവനെ, ഞാൻ ഭൗതികാസ്ഥിത്വത്തെ ഒട്ടും ഭയപ്പെടുന്നില്ല, എന്തുകൊണ്ടെന്നാൽ, ഞാൻ എവിടെയാണെങ്കിലും അങ്ങയുടെ മഹി മാനങ്ങളെയും
കർമ്മങ്ങളെയും കുറിച്ചുള്ള ചിന്തകളിൽ ലീനനായിരിക്കും. തങ്ങളുടെ കുടുംബങ്ങളെയും, സമുദായങ്ങളെയും, രാജ്യങ്ങളെയും സംരക്ഷിക്കുന്നതിന് വിപുലമായ പദ്ധതികൾ
ആസൂത്രണം ചെയ്യുന്ന വിഡ്ഢികളെയും കൊള്ളരുതാ ത്തവരെയും കുറിച്ച് മാത്രമേ എനിക്ക് ഉൽക്കണ്ഠ
ഉള്ളൂ. അവരോടുള്ള സ്നേഹം കൊണ്ട് മാത്രം ഞാൻ
ഉത്കണ്ഠാകുലനാണ് .
ശ്ലോകം 44
പ്രായേണ ദേവ! മുനയ: സ്വ വിമുക്തി കാമാ
മൗനം ചരന്തി വിജനേ ന
പരാർ ത്ഥ നിഷ്ഠാ:
നൈതാൻ വിഹായ
കൃപണാ ൻ വിമുമുക്ഷ ഏകോ
നാന്യം ത്വദസ്യ
ശരണം ഭ്രമതോf നുപശ്യേ
വിവർത്തനം
അല്ലയോ നരസിംഹ ദേവാ,
ഞാൻ മഹാവിശുദ്ധരായ ധാരാളം മഹർഷിമാരെ കണ്ടിട്ടുണ്ട്, പക്ഷെ അവരെല്ലാം അവരുടെ
മാത്രം മോചനത്തിൽ താൽപര്യമുള്ളവരാണ്. അവർ നഗരങ്ങളെയോ, പട്ടണങ്ങളെയോ
ശ്രദ്ധിക്കാതെ മൗനവ്രതത്തോടെ ധ്യാനിക്കുന്നതിന് ഹിമാലയത്തിലേക്കോ വനങ്ങളിലേക്കോ
പോകുന്നു. മറ്റുള്ളവരെ മോചിപ്പിക്കുന്നതിൽ തത് പരരല്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, ഈ പാവം വിഡ്ഢികളെയും തെമ്മാടികളെയും ഒരു വശത്ത്
ഉപേക്ഷിച്ചിട്ട് എന്റെ മാത്രം മോചനം ഞാൻ കാംക്ഷിക്കുന്നില്ല. അങ്ങയുടെ പാദപങ്കജ ങ്ങളിൽ ശരണം പ്രാപിക്കാതെ ഒരുവന് സന്തുഷ്ടനാ
കാൻ കഴിയില്ല എന്ന് എനിക്കറിയാം. ആകയാൽ
അവരെ അങ്ങയുടെ പാദപങ്കജങ്ങളുടെ ശരണത്തിൻ കീഴിൽ തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു
ശ്ലോകം 45
യൻ മൈഥുനാദി ഗൃഹമേധി സുഖം
ഹി തുച്ഛം
കണ്ഡുയനേന കരയോരിവ ദു:ഖ ദുഃഖം
തൃപ്യന്തി നേഹ
കൃപണാ ബഹുദുഃഖ ഭാജ:
കണ്ഡുതിവന്മന
സിജം വിഷ ഹേത ധീര:
വിവർത്തനം
ലൈംഗികജീവിതത്തെ,
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറ്റാൻ ഇരുകൈകൾകൊണ്ടും ചൊറിയുന്നതിനോട് താരതമ്യം
ചെയ്തിരിക്കുന്നു. ഇങ്ങനെ ചൊറിയുമ്പോൾ ലഭിക്കുന്ന സുഖമാണ് സുഖത്തിന്റെഏറ്റവും ഉയർന്ന
തലമെന്ന് ആദ്ധ്യാത്മിക ജ്ഞാനമില്ലാത്ത ഗൃഹസ്ഥരെന്ന്
വിളിക്കപ്പെടുന്ന ഗ്രഹമേധികൾ കരുതുന്നു, വാസ്തവത്തിൽ ദുഃഖത്തിൻറെ ഉറവിടം ആണെങ്കിലും. കൃപണൻമാർ
(ബ്രാഹ്മണർക്ക് വിപരീതമായ), ആവർത്തിച്ചുള്ള
ഇന്ദ്രിയാസ്വാദനം കൊണ്ടും സംതൃപ്തരാകുന്നില്ല,
എന്നാൽ ഈ ചൊറിച്ചിൽ സഹിക്കാൻ കഴിയുന്ന വിവേകികളായ ധീരന്മാർ കൃപ ണന്മാർ അനുഭവിക്കുന്ന
ക്ലേശങ്ങൾക്ക് വിഷയീഭവിക്കുന്നില്ല.
ശ്ലോകം 46
മൗനവ്രതശ്രുതതപോ
f ധ്യ യനസ്വധർമ്മ -
വ്യാഖ്യരഹോജപസമാധയ
ആപവർഗ്യാ :
പ്രായ : പരം
പുരുഷ! തേ ത്വജിതേന്ദ്രിയാണം
വാർത്ത ഭവന്ധ്യ്ത
ന വാത്ര തു ദംഭികാനാം.
വിവർത്തനം
അല്ലയോ ഭഗവാനേ, മോക്ഷത്തിന്റെ പാതയിൽ അനുഷ്ടിക്കേണ്ട പത്തു
നിർദ്ധിഷ്ട്ട ചിട്ടകളുണ്ട് -മൗനം പാലിക്കുക, ആരോടും ഉരിയിടാതിരിക്കുക, വ്രതങ്ങൾ അനുഷ്ടിക്കുക,
എല്ലാ വൈദികജ്ഞാനങ്ങളും ശേഖരിക്കുക, തപസ്സനുഷ്ടിക്കുക, വേദങ്ങളും ഇതര വൈദിക സാഹിത്യങ്ങളും
പഠിക്കുക, വർണ്ണാശ്രമ ധർമ്മം പാലിക്കുക, ശാസ്ത്രങ്ങൾ വിശകലനം ചെയ്യുക, ഏകാന്തതയിൽ വസിക്കുക,
മന്ത്രങ്ങൾ നിശബ്ദം ഉരുവിടുക, ധ്യാനത്തിൽ നിമഗ്നനാവുക. ഇന്ദ്രിയങ്ങളെ കീഴടക്കാത്തവർക്ക്
ഈ മോക്ഷമാർഗ്ഗങ്ങളെല്ലാം ജീവിതപാധിക്കുള്ള തൊഴിൽ പരമായ പരിശീലനങ്ങൾ മാത്രമാണ്. അത്തരം
വ്യക്തികൾ മിഥ്യാഹങ്കാരികളാകുമെന്നതിനാൽ ഈ പ്രക്രിയകൾ വിജയിക്കാനിടമില്ല.
ശ്ലോകം 47
രൂപേ ഇമേ സദസതി
തവ വേദസൃഷ്ടേ
ബിജാങ്കുരാവിവ
ന ചാന്യദരൂപകസ്യ
യുക്താ : സമക്ഷമുഭയത്ര
വിചക്ഷന്തേ ത്വാo
യോഗേന വഹ്നിമിവ
ദാരുഷു നാന്യത : സ്യാത്.
വിവർത്തനം
വിശ്വാവിഷ്കാരം ഭഗവത് ശക്തിവിശേഷമാകയാൽ, വിശ്വാവിഷ്കാരത്തിലെ
കാരണവും ഫലവും ഭഗവാന്റെത് തന്നെയായെന്ന് ആധികാരിക വൈദികജ്ഞാനത്തിലൂടെ ഒരുവന് കാണാൻ
കഴിയും. കാരണവും ഫലവും ഭഗവാന്റെ ശക്തിയല്ലാതെ മറ്റൊന്നുമല്ല. അതിനാൽ അല്ലയോ ഭഗവാ നെ,
വിറകിൽ അഗ്നി വ്യാപിച്ചിരിക്കുന്നത് എങ്ങനെഎന്ന് വിവേകിയായ ഒരു മനുഷ്യൻ മനസ്സിലാക്കുന്നത്
പോലെ , അങ്ങ് എങ്ങനെയാണ് കാരണവും ഫലവുമാകുന്നതെന്ന് ഭക്തിയുതസേവനത്തിൽ മുഴുകുന്നവർ
മനസിലാക്കുന്നു.
ശ്ലോകം 48
ത്വo വായുരാഗ്നിർനിർവിയദംബുമാത്രാ:
പ്രാണേന്ദ്രിയാണി
ഹൃദയം ചിദനുഗ്രഹശ്ച
സർവ്വം ത്വമേവ
സഗുണോ വിഗുണശ്ച ഭൂമൻ!
നാന്യത് ത്വദസ്ത്യപി
മനോവചസാ നിരുക്ത.
വിവർത്തനം
അല്ലയോ ഭഗവാനേ, അവിടുന്ന് വാസ്തവത്തിൽ വായുവും, ഭൂമിയും,
അഗ്നിയും, ആകാശവും, ജലവുമാകുന്നു. ഇന്ദ്രിയ സംവേദന വസ്തുക്കളും, ജീവവായുക്കളും, പഞ്ചേന്ദ്രിയങ്ങളും,
മനസ്സും, അവബോധവും, മിഥ്യാഹങ്കാരവും അങ്ങാകുന്നു. സ്ഥൂലവും സൂക്ഷ്മവുമായ സർവവും അങ്ങുതന്നെയാകുന്നു.
ഭൗതിക ഘടകങ്ങളും മനസ്സുകൊണ്ടും വാക്കുക്കൊണ്ടും ആവിഷ്കരിക്കാൻ കഴിയുന്നതെല്ലാം അവിടന്നല്ലാതെ
മറ്റൊന്നുമല്ല.
ശ്ലോകം 49
നൈതേ ഗുണ ന
ഗുണിനോ മഹദാദയോ യേ
സർവേ മന : പ്രഭൃതയ:
സഹദേവമർത്ത്യാ :
ആദ്യന്തവന്ത
ഉരുഗായ! വിദന്തി ഹി ത്വാ -
മേവം വിമൃശ്യ
സുധിയോ വിരമന്തി ശബ്ദാത്
വിവർത്തനം
ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങൾക്കോ (സത്വം, രജസ്സ്, തമസ്സ്
)ത്രിഗുണങ്ങളെ നിയന്ത്രിക്കുന്ന അധിദേവന്മാർക്കോ, പഞ്ചഭൂതങ്ങൾക്കോ, മനസ്സിനോ, ദേവന്മാർക്കോ,
മനുഷ്യർക്കോ അങ്ങയുടെ ഭഗവത്പദം മനസ്സിലാക്കാൻ കഴിയുകയില്ല, എന്തുകൊണ്ടെന്നാൽ അവരെല്ലാം
ജനനത്തിനും നാശത്തിനും വിഷയിഭവിക്കുന്നവരാണ്. ഇത് പരിഗണിച്ച് അദ്ധ്യാത്മികമായി പുരോഗതി
ആർജിച്ചവർ ഭക്തിയുതസേവനം സ്വീകരിക്കുന്നു. അത്തരം വിവേകികളായവർ വൈദിക പഠനത്തിന് വേണ്ടി
ക്ലേശിക്കാറില്ല, പകരം അവർ പ്രായോഗികമായി ഭക്തിയുതസേവനത്തിൽ വ്യാപൃതരാകുന്നു.
ശ്ലോകം 50
തത് തേ f ർഹത്തമ!
നമ :സ്തുതികർമപുജാ :
കർമ സ്മൃതിശ്ചരണയോ
: ശ്രവണം കഥയാം
സംസേവയാ ത്വയി
വിനേതി ഷഡംഗയാ കിം
ഭക്തീo ജന
: പരമഹംസഗതൗ ലഭേത
വിവർത്തനം
സ്തുതിക്കപ്പെടേണ്ടവരിൽ ഉത്തമനായ അല്ലയോ ഭഗവാനേ, അങ്ങേയ്ക്ക്
ഞാനെന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ, അങ്ങേയ്ക്ക് ആറു വിധത്തിലുള്ള
ഭക്തിയുതസേവനങ്ങൾ -പ്രാർത്ഥനകൾ അർപ്പിക്കുക, സർവ കർമങ്ങളുടെയും ഫലങ്ങൾ സമർപ്പിക്കുക,
അങ്ങയെ ആരാധിക്കുക, അങ്ങേയ്ക്ക് വേണ്ടി പ്രവർത്തിക്കുക, എല്ലായിപ്പോഴും അങ്ങയുടെ പാദപങ്കജങ്ങൾ
സ്മരിക്കുക, അങ്ങയുടെ മഹിമാനങ്ങൾ ശ്രവിക്കുക - അനുഷ്ടിക്കാതെ പരമഹംസന്മാർക്ക് വേണ്ടി
ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്തോ അത് ആർക്കാണ് നേടാൻ കഴിയുക?
No comments:
Post a Comment