Home

Saturday, November 21, 2020

സത്യവ്രതമഹാരാജാവിന്റെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 8 / അദ്ധ്യായം 24 / ശ്ലോകം 46-53

*******************************************************************************************

 

ശ്ലോകം 46

ശ്രീരാജോവാച

അനാദ്യവിദ്യോപഹതാത്മസംവിദ-

സ്തന്മൂലസംസാരപരിശ്രമാതുരാ:

യദൃച്ഛയോപസൃതാ യമാപ്നുയുർ-

വിമുക്തിദോ ന: പരമോ ഗുരുർഭവാൻ

വിവർത്തനം

രാജാവ് പറഞ്ഞു :ഭഗവാന്റെ കാരുണ്യത്താൽ സ്മരണാതീതകാലം മുതലേ ആത്മജ്ഞാനം നഷ്ടപ്പെട്ടവർക്കും, ഈ  അജ്ഞത  മൂലം ദുഃഖപൂർണമായ ഭൗതിക ബദ്ധജീവിതത്തിൽ മുഴുകുന്നവർക്കും ഭഗവദ്ഭക്തൻമാരെ സന്ധിക്കാൻ ഒരവസരം കൈവരുന്നു. ആ പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ഞാൻ പരമോന്നതനായ ആദ്ധ്യാത്മികഗുരുവായി സ്വീകരിക്കുന്നു.

 

ശ്ലോകം 47

സുഖേച്ഛയാ കർമ സമീഹതേfസുഖം

യത്സേവയാ താം വിധുനോത്യസന്മതിം

ഗ്രന്ഥിം സ ഭിന്ദ്യാദ് ധൃദയം സ നോ ഗുരു:

വിവർത്തനം

       ഭൗതികലോകത്തിൽ സന്തോഷം പ്രതീക്ഷിച്ച് വിഡ്ഢിയായ ബദ്ധാത്മാവ് ക്ലേശഫലങ്ങൾ മാത്രം നൽകുന്ന ഫലേച്ഛാകർമങ്ങൾ നിർവഹിക്കുന്നു. പക്ഷേ പരമദിവ്യോത്തമപുരുഷൻ ഭഗവാന് സേവനം ചെയ്യുന്നതിലൂടെ, സുഖത്തിനു വേണ്ടിയുള്ള അത്തരം മിഥ്യാഭിലാഷങ്ങളിൽ നിന്ന് ഒരുവൻ മുക്തനാകുന്നു. എന്റെ ഹൃദയാന്തർഭാഗത്തുള്ള മിഥ്യാഭിലാഷങ്ങളുടെ കടുംകെട്ട് എന്റെ പരമോന്നതമായ ആദ്ധ്യാത്മികഗുരു ഛേദിക്കട്ടെ.

 

ശ്ലോകം 48

യത്സേവയാഗ്നേരിവ രുദ്രരോദനം

പൂമാൻ വിജഹ്യാന്മലമാത്മനസ്തമ :

ഭജതേ വർണം നിജമേഷ സോfവ്യയോ

ഭൂയാത് സ ഈശ:  പരമോ ഗുരോർഗുരു:

വിവർത്തനം

  ഭൗതിക ബന്ധനത്തിൽ നിന്ന് മുക്തനാക്കാൻ ആഗ്രഹിക്കുന്ന ഒരുവൻ പുണ്യാപുണ്യ കർമങ്ങൾ ഉൾപ്പെടുന്ന അജ്ഞതയുടെ കളങ്കം കളഞ്ഞ് പരമദിവ്യോത്തമപുരുഷനായ ഭഗവാനു വേണ്ടി സേവനം അനുഷ്ഠിക്കണം. അപ്രകാരം ഒരുവന് അവന്റെ യഥാർത്ഥ വ്യക്തിത്വം വീണ്ടെടുക്കാൻ കഴിയുന്നു. സ്വർണത്തിന്റേയോ വെള്ളിയുടെയോ ഒരു കട്ടയിൽ അഗ്നി പ്രവർത്തിക്കുമ്പോൾ അത് മാലിന്യങ്ങൾ നീങ്ങി പരിശുദ്ധമാകുന്നതു പോലെ, അക്ഷയനായ ആ പരമദിവ്യോത്തമ്മപുരുഷൻ ഭഗവാൻ ഞങ്ങളുടെ ആദ്ധ്യാത്മികഗുരു ആയിത്തീരട്ടെ. കാരണം, അദ്ദേഹം എല്ലാ ആദ്ധ്യാത്മിക ഗുരുക്കൻമാരുടെയും യഥാർത്ഥ ആദ്ധ്യാത്മികഗുരുവാണ്.

 

ശ്ലോകം  49

ന യത് പ്രസാദായുതഭാഗലേശ-

മന്യേ ച ദേവാ ഗുരവോ ജനാ: സ്വയം

കർത്തും സമേതാ: പ്രഭവന്തി പുംസ-

സ്തമീശ്വരം ത്വാ൦ ശരണം പ്രപദ്യേ

വിവർത്തനം

    സകല ദേവന്മാരും, ഗുരുക്കൻമാരെന്ന് പറയപ്പെടുന്നവരും, മുഴുവൻ ജനങ്ങളും, ഒരുമിച്ചോ ഒറ്റയ്ക്കോ കാരുണ്യം നൽകിയാലും അത് അങ്ങയുടെ കാരുണ്യത്തിന്റെ പതിനായിരത്തിൽ  ഒരംശം പോലുമാകില്ല. ആകയാൽ അങ്ങയുടെ പാദപങ്കജങ്ങളിൽ ശരണം പ്രാപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

 

ശ്ലോകം 50

അചക്ഷുരന്ധസ്യ യഥാഗ്രണീ: കൃത –

സ്തഥാ ജനസ്യാവിദുഷോfബുധോ ഗുരു:

ത്വമർക്കദൃക് സർവദൃശാം സമീക്ഷണോ

വൃതോ ഗുരുർന: സ്വഗതിം  ബുഭുത്സതാം

വിവർത്തനം

        അന്ധനായ ഒരു മനുഷ്യൻ കാണാൻ കഴിയാതെ മറ്റൊരന്ധനെ തന്റെ നേതാവായി സ്വീകരിക്കുന്നത് പോലെ, ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് അറിവില്ലാത്ത ജനങ്ങൾ വിഡ്ഢിയും മൂഢനുമായ ഒരുവനെ ഗുരുവായി സ്വീകരിക്കുന്നു. പക്ഷേ ഞങ്ങൾ ആത്മസാക്ഷാത്കാരത്തിൽ താല്പര്യപ്പെടുന്നു. അതുകൊണ്ട് ഞങ്ങൾ പരമദിവ്യോത്തമപുരുഷ ഭഗവാനായ അങ്ങയെ ഞങ്ങളുടെ ആദ്ധ്യാത്മികഗുരുവായി സ്വീകരിക്കുന്നു. കാരണം അങ്ങ് സർവദിക്കുകളും കാണാൻ കഴിയുന്നവനും സൂര്യനെപ്പോലെ സർവജ്ഞനുമാണ്.

 

ശ്ലോകം 51

ജനോ ജനസ്യാദിശതേfസതീം ഗതിം

യയാ പ്രപദ്യേത  ദുരത്യയം തമ:

ത്വം ത്വവ്യയം ജ്ഞാനമമോഘമഞ്ജസാ

പ്രപദ്യതേ യേന ജനോ നിജം പദം

 

വിവർത്തനം

      ഗുരുവെന്ന് പറയപ്പെടുന്ന ഭൗതികവാദിയായ ഒരുവൻ അവന്റെ ഭൗതികവാദികളായ ശിഷ്യന്മിർക്ക് അർഥത്തെക്കുറിച്ചും കാമത്തെക്കുറിച്ചും ഉപദേശങ്ങൾ നൽകുന്നു. അത്തരം ഉപദേശങ്ങൾ മൂലം മൂഢൻമാരായ ശിഷ്യൻമാർ ഭൗതികാസ്തിത്വത്തിന്റെ തമസ്സിൽ തുടരുന്നു. പക്ഷേ അങ്ങ് ശാശ്വതമായ ജ്ഞാനം നൽകുന്നു. അത്തരം ജ്ഞാനം സ്വീകരിക്കുന്ന ബുദ്ധിമാനായ വ്യക്തി തൽക്ഷണം അവന്റെ വ്യവസ്ഥാപിതമായ പദവിയിൽ സ്ഥിതനാകുന്നു.

 

ശ്ലോകം 52

ത്വം സർവലോകസ്യ സുഹൃത് പ്രിയേശ്വരോ

ഹ്യാത്മാ ഗുരുർജ്ഞാന മഭീഷ്ടസിദ്ധി:

തഥാപി ലോകോ ന ഭവന്തമന്ധധീർ-

ജാനാതി സന്തം ഹൃദി ബദ്ധകാമ:

വിവർത്തനം

       എന്റെ ഭഗവാനേ, അവിടുന്ന് എല്ലാവരുടെയും പരമോന്നത ക്ഷേമകാംക്ഷിയായ മിത്രം, ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, നിയന്ത്രകൻ, പരമാത്മാവ്, പരമോന്നതനായ ഉപദേഷ്ടാവ്, പരമമായ ജ്ഞാനം നൽകുന്നവൻ, എല്ലാ അഭിലാഷങ്ങളുടേയും പൂർത്തീകരണം, അങ്ങനെ എല്ലാമാണ്. അങ്ങ് ഹൃദയത്തിലുണ്ടെങ്കിലും, ഹൃദയത്തിലെ കാമാസക്തി മൂലം ഒരു വിഡ്ഢിക്ക് അങ്ങയെ മനസ്സിലാക്കാൻ കഴിയില്ല.

 

ശ്ലോകം 53

ത്വം ത്വാമഹം ദേവവരം വരേണ്യം

പ്രപദ്യ ഈശം പ്രതിബോധനായ

ഛിന്ധ്യർഥദീപൈർഭഗവൻ വചോഭിർ -

ഗ്രന്ഥീൻ ഹൃദയ്യാൻ വിവൃണു സ്വമോക:

വിവർത്തനം

      അല്ലയോ പരമോന്നതനായ ഭഗവാനേ, എല്ലാത്തിന്റേയും പരമനിയന്താവായി ദേവന്മാരാൽ ആരാധിക്കപ്പെടുന്ന, അങ്ങയെ ആത്മസാക്ഷാത്കാരത്തിനായി ഞാൻ ശരണം പ്രാപിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യം വെളിവാക്കുന്ന അങ്ങയുടെ ഉപദേശങ്ങളാൽ എന്റെ ഹൃദയാന്തർഭാഗത്തെ കെട്ടുപൊട്ടിച്ച് ദയവായി എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്ന് എന്നെ അറിയിക്കണേ.

No comments:

Post a Comment