Home

Saturday, November 21, 2020

പാശാങ്കുശ ഏകാദശി


 പാശാങ്കുശ ഏകാദശി


🍁🍁🍁🍁🍁🍁🍁

യുധിഷ്ഠിര മഹാരാജാവ് ചോദിച്ചു, "അല്ലയോ മധുസൂധനാ, അശ്വിന മാസത്തിലെ (സെപ്റ്റംബർ - ഒക്ടോബർ ) ശുക്ല പക്ഷത്തിൽ വരുന്ന ഏകാദശിയുടെ പേരെന്താണ്?ദയവു ചെയ്ത് എന്നോട് കാരുണ്യമുണ്ടായി  വിവരിച്ചാലും. "


പരമ ദിവ്യോത്തമപുരുഷൻ  ഭഗവാൻ ശ്രീകൃഷ്ണൻ മറുപടി പറഞ്ഞു, "അല്ലയോ രാജാവേ, സർവ പാപങ്ങളേയും നീക്കുന്ന ഈ പാശാങ്കുശ  ഏകാദശിയുടെ മഹത്വങ്ങൾ ഞാൻ വിവരിക്കാം. ശ്രദ്ധയോടെ കേട്ടാലും. അർച്ചനാവിധി പ്രകാരം ഈ ദിവസത്തിൽ പങ്കജനാഭനായ പദ്മനാഭന്റെ വിഗ്രഹമാണ് ആരാധിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ ഒരാൾക്കു ഈ ലോകത്തിലുള്ള സ്വർഗീയ സുഖങ്ങൾ അനുഭവിക്കാനും, അവസാനം മുക്തി പ്രാപിക്കാനും കഴിയുന്നു.

ഭഗവാൻ വിഷ്ണുവിന് എളിയ പ്രണാമങ്ങൾ അർപ്പിക്കുന്നതിലൂടെ ഒരുവന് ദീർഘനാൾ കൊണ്ടുള്ള തപസിലൂടെയും, ഇന്ദ്രിയനിയന്ത്രണങ്ങളിലൂടെയും ലഭിച്ച നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു. ഒരാൾ വളരെയധികം പാപങ്ങൾ ചെയ്തു കൂട്ടിയിട്ടുള്ള വ്യക്തിയാണെങ്കിലും, പാപവിമോചകൻ ഭഗവാൻ ശ്രീഹരിയുടെ നാമം ജപിക്കുകയാണെങ്കിൽ, നരകശിക്ഷയിൽ നിന്നും രക്ഷപെടാൻ സാധിക്കുന്നു. ഈ ഭൂമിയിലെ പുണ്യസ്ഥലങ്ങളിലും, തീർത്ഥങ്ങളിലും പോയി നേടുന്ന ഗുണങ്ങൾ ഭഗവാൻ ഹരിയുടെ നാമജപത്താൽ നേടാൻ സാധിക്കുന്നു.രാമന്റെയും വിഷ്ണുവിന്റെയും, ജനാർദ്ദനന്റെ അല്ലെങ്കിൽ കൃഷ്ണന്റെ നാമം ജപിക്കുന്ന ഒരാൾക്കു യമരാജന്റെ പരീക്ഷണങ്ങൾ നേരിടേണ്ടി വരികയില്ല.


ഈ ഏകാദശിയിൽ ഉപവസിക്കുന്നവൻ എനിക്ക് ഏറെ പ്രിയപെട്ടവനുമാകുന്നു. മഹാദേവനെ നിന്ദിക്കുന്ന വൈഷ്ണവനും, ഭഗവാൻ വിഷ്ണുവിനെ നിന്ദിക്കുന്ന ശൈവനും നരകത്തിൽ പോകുന്നതാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഒരാൾക്ക് കിട്ടുന്ന പുണ്യത്തിന്റെ പതിനാറിൽ ഒരു അംശം പോലും, നൂറ് അശ്വമേധയാഗമോ, രാജസൂയമോ ചെയ്താൽ പോലും ലഭിക്കുന്നില്ല.അല്ലയോ രാജാവേ, ഒരാൾ  പാശാങ്കുശ എകാദശി ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുന്നില്ലെങ്കിൽ, അയാൾ പാപിയായി തുടരുന്നതും, അയാളുടെ  പൂർവകാല പാപപ്രവൃത്തികൾ അയാളെ വിടാതെ പിന്തുടരുന്നതുമായിരിക്കും. ഈ ഏകാദശി വ്രതം  നോൽക്കുന്നതിലൂടെ ഒരുവന് ലഭിക്കുന്ന പുണ്യം ത്രിലോകങ്ങളിൽ വേറെ ലഭിക്കുകയില്ല.


അല്ലയോ യുധിഷ്ഠിര മഹാരാജൻ, പകൽ സമയം ഏകാദശി അനുഷ്ഠിച്ച ശേഷം, ഭക്തർ, രാത്രി മുഴുവൻ നാമജപത്തിലും, നാമശ്രവണത്തിലും, ഭഗവദ് സേവനത്തിലും മുഴുകി ഉണർന്നിരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്തർക്ക് ഭഗവദ് സന്നിധിയിൽ വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നു. മാത്രമല്ല ഈ ഏകാദശി നോക്കുന്ന ഒരുവന്റെ മാതൃ - പിതൃ - പത്നീ പരമ്പരകളിലുള്ള പത്തു പൂർവിക തലമുറകൾക്ക് മോക്ഷം ലഭിക്കുന്നു.അല്ലയോ രാജശ്രേഷ്ഠാ, പാശാങ്കുശ  ഏകാദശി അനുഷ്ഠിക്കുന്ന ഒരുവൻ, ബാലനോ  യുവാവോ, വൃദ്ധനോ ആയിക്കൊള്ളട്ടെ, അവർ എല്ലാ പാപത്തിൽ നിന്നും മോചിതരായി ഭഗവാന്റെ പരമപദം പ്രാപിക്കുന്നതായിരിക്കും.


ഏകാദശി ദിനത്തിൽ സ്വർണം, എള്ള്, ഫലഭൂയിഷ്ടമായ സ്ഥലം, ധാന്യം, പശുക്കൾ ദാഹജലം, കുട, ചെരുപ്പ്  ഇവ ദാനം ചെയ്യുന്നവർ യമരാജന്റെ സന്നിധിയിൽ ഒരിക്കലും  പോകേണ്ടതായി വരുന്നില്ല."


ഭഗവാൻ ശ്രീകൃഷ്ണൻ ഇങ്ങനെ ഉപസംഹരിക്കുന്നു, "അല്ലയോ യുധിഷ്ഠിരരാജൻ, ഞാൻ അങ്ങേയ്ക്കു മംഗളകരമായ പാശാങ്കുശ ഏകാദശിയുടെ  മഹത്വങ്ങൾ ഇപ്രകാരം വിവരിച്ചിരിക്കുന്നു."


ബ്രഹ്മവൈവർത്ത പുരാണത്തിൽ പ്രതിപാദിച്ചിരിക്കുന്ന,  പാശാങ്കുശ  എകാദശി അല്ലെങ്കിൽ അശ്വിന - ശുക്ല എകാദശിയുടെ വിവരണം ഇപ്രകാരം അവസാനിച്ചിരിക്കുന്നു.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment