Home

Saturday, November 21, 2020

ധ്രുവ മഹാരാജാവിന്റെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 4 / അദ്ധ്യായം 9 / ശ്ലോകം 6-17

*****************************************************************************************

ശ്ലോകം 6

ധ്രുവ ഉവാച

യോ£ന്തഃ പ്രവിശ്യ മമ വിചാമിമാം പ്രസുപ്താം

സംജീവയത്യഖിലശക്തിധരഃ സ്വധാമ്ന

അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീൻ

പ്രാണാൻ നമോ ഭഗവതേ പുരുഷായ തുഭ്യം.

വിവർത്തനം

ധ്രുവമഹാരാജാവ് പറഞ്ഞു: സർവശക്തനായ അങ്ങ് എന്റെ ഉള്ളിൽ പ്രവേശിച്ച് ഉറങ്ങിക്കിടന്നിരുന്ന എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും -  കരചരണങ്ങളെയും, കാതുകളെയും, ജീവശക്തിയെയും, പ്രത്യേകിച്ച് സംസാരശേഷിയെയും -പുനരുജ്ജീവിപ്പിച്ചു. അങ്ങേയ്ക്ക് ഞാനെന്റെ സാദര  പ്രണാമങ്ങൾ അർപ്പിക്കട്ടെ.

 

ശ്ലോകം 7

ഏകസ്ത്വമേവ ഭഗവന്നിദമാത്മശക്ത്യാ

മായാഖ്യയോരുഗുണയാ മഹദാദ്യശേഷം

സൃഷ്ട്വാനുവിശ്യ പുരുഷസ്തദസദ്ഗുണേഷു

നാനേവ ദാരുഷു വിഭാവസവദ് വിഭാസി.

വിവർത്തനം

എന്റെ ഭഗവാനേ, അങ്ങ് പരമോന്നതമായ ഏകമാകുന്നു , എങ്കിലും അങ്ങയുടെ വിഭിന്ന ശക്തികളാൽ ആദ്ധ്യാത്മികവും ഭൗതികങ്ങളുമായ ലോകങ്ങളിൽ അങ്ങ് വിഭിന്നങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഭൗതിക ലോകത്തിന്റെ മുഴുവൻ ഊർജവും സ്വന്തം ബാഹ്യശക്തിയാൽ സൃഷ്ടിക്കുന്ന അങ്ങ് സൃഷ്ടിക്കുശേഷം പരമാത്മാവെന്ന നിലയിൽ ഭൗതികലോകത്തിനുളളിൽ പ്രവേശിക്കുന്നു. പരമോന്നത വ്യക്തിയായ അങ്ങ് ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളിലൂടെ നാനാതരങ്ങളിലുളള ആവിഷ്കാരങ്ങൾ നടത്തുന്നു, വിവിധ ആകൃതികളിലുളള വിറകുകളിൽ പ്രവേശിക്കുന്ന അഗ്നി, അവയെയെല്ലാം സമർത്ഥമായി ദഹിപ്പിക്കുന്നതുപോലെ.

 

ശ്ലോകം 8

ത്വദ്ദത്തയാ വയുനയേദമചഷ്ട വിശ്വം

സുപ്തപ്രബുദ്ധ ഇവ നാഥ! ഭവത്പ്രപന്നഃ

തസ്യാപവർഗ്ഗ്യശരണം തവ പാദമൂലം

വിസ്മര്യതേ കൃതവിദാ കഥമാർത്തബന്ധോ !

വിവർത്തനം

അല്ലയോ എന്റെ ഗുരുവേ , ബ്രഹ്മദേവൻ പൂർണമായും അങ്ങേക്ക് സമർപ്പിതനാണ്. ആരംഭത്തിൽ അങ്ങ് ജ്ഞാനം നൽകിയതിനാൽ അദ്ദേഹം, നിദ്രയിൽ നിന്നുണരുന്ന ഒരു വ്യക്തി പെട്ടെന്ന് തന്റെ കടമകളെല്ലാം കാണുന്നതുപോലെ, ലോകത്തെ മുഴുവൻ കാണുവാനും മനസിലാക്കുവാനും കഴിഞ്ഞു. മോചനം ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളുടെയും ഏക ആശ്രയവും, എല്ലാ ദുഃഖിതരുടെയും മിത്രവുമാണ് അവിടുന്ന്. ആയതിനാൽ, പരിപൂർണ ജ്ഞാനമുളള ഒരു പണ്ഡിതന് എങ്ങനെയാണ് അങ്ങയെ വിസ്മരിക്കാൻ കഴിയുക?

 

ശ്ലോകം 9

നൂനം വിമുഷ്ടമതയസ്തവ മായയാ തേ

യേ ത്വാം ഭവാപ്യയവിമോക്ഷണമന്യഹേതോഃ

അർച്ചന്തി കല്പകതരും കുണപോപഭോഗ്യ -

മിച്ഛന്തി യത് സ്പർശജം നിരയേ£ പി നൃണാം.

വിവർത്തനം

ഈ ശരീരമാകുന്ന തോൽസഞ്ചിയുടെ ഇന്ദ്രിയതൃപ്തിക്കുവേണ്ടി അങ്ങയെ വെറുതെ ആരാധിക്കുന്നവർ തീർച്ചയായും അങ്ങയുടെ മായാശക്തിയുടെ സ്വാധീനത്തിലാണ്. ആഗ്രഹിക്കുന്നതെന്തും നൽകുന്ന കൽപവൃക്ഷവും, ജനനമരണങ്ങളിൽ നിന്നുള്ള മോചനത്തിന് കാരണവുമായി അങ്ങ് പൂർണമായി ഉണ്ടായിട്ടും എന്നെപ്പോലുളള വിഡ്ഢികൾ, നരകീയാവസ്ഥകളിൽ ജീവിക്കുന്നവർക്കുപോലും ലഭിക്കുന്ന ഇന്ദ്രിയസംതൃപ്തിക്കുവേണ്ടി അങ്ങയുടെ അനുഗ്രഹം കാംക്ഷിക്കുന്നു.

 

ശ്ലോകം 10

യാ നിർവൃതിസ്തനുഭൃതാം തവ പാദപദ്മ-

ധ്യാനാദ് ഭവജ്ജനകഥാശ്രവണേന വാ സ്യാത്

സാ ബ്രഹ്മണി സ്വമഹിമന്യപി നാഥ മാ ഭൂത്

കിം ത്വന്തകാസിലുളിതാത് പതതാം വിമാനാത്.

വിവർത്തനം

എന്റെ ഭഗവാനേ, അങ്ങയുടെ പാദപങ്കജങ്ങളുടെ ധ്യാനത്തിൽ നിന്നും, പരിശുദ്ധ ഭക്തന്മാരിൽ നിന്നുള്ള അങ്ങയുടെ മഹത്വങ്ങളുടെ ശ്രവണത്തിൽ നിന്നും ലഭിക്കുന്ന പരിമിതരഹിതമായ അതീന്ദ്രിയ പരമാനന്ദം, ഒരുവൻ, നിർവ്യക്തിഗത ബ്രഹ്മത്തിൽ അലിഞ്ഞ് പരമോന്നതനുമായി ഏകീഭവിച്ചുവെന്ന് സ്വയം കരുതുന്ന ബ്രഹ്മാനന്ദ തലത്തെക്കാൾ വളരെ വളരെ ഉയരത്തിലാണ്. ബ്രഹ്മാനന്ദം പോലും ഭക്തിയുതസേവനത്താൽ ലഭിക്കുന്ന അതീന്ദ്രിയ പരമാനന്ദത്തിനു മുന്നിൽ പരാജിതമാകുമ്പോൾപ്പിന്നെ, സമയത്തിന്റെ വാളാൽ അറുത്തുമാറ്റപ്പെടുന്നതും തൽകാലികവുമായ സ്വർഗീയ ഗ്രഹപ്രാപ്തിയുടെ ആനന്ദത്തെപ്പറ്റി എന്തു പറയാൻ? ഒരുവൻ സ്വർഗീയഗ്രഹങ്ങളിലേക്ക് ഉയർത്തപ്പെട്ടാൽ പോലും നിശ്ചിത കാലയളവു കഴിയുമ്പോൾ താഴേക്ക് പതിക്കും.

ശ്ലോകം 11

ഭക്തിം മുഹുഃ പ്രവഹതാം ത്വയി മേ പ്രസംഗോ

ഭൂയാദനന്ത!  മഹതാമമലാശയാനാം

യേനാഞ്ജസോല്ബണമുരുവ്യസനം ഭവാബ്ധിം

നേഷ്യേ ഭവദ്ഗുണകഥാമൃതപാനമത്തഃ

വിവർത്തനം |

ധ്രുവമഹാരാജാവ് തുടർന്നുഃ അല്ലയോ അപരിമിതനായ ഭഗവാനേ, ദയവായി എന്നെ അനുഗ്രഹിച്ചാലും, അതുമൂലം എനിക്ക്, ഒരു നദിയിലെ തിരമാലകൾ ഇടമുറിയാതെ പ്രവഹിക്കുന്നതുപോലെ നിരന്തരം അങ്ങയുടെ അതീന്ദ്രിയ ഭക്തിയുതസേവനത്തിൽ മുഴുകുന്ന അവിടത്തെ മഹാഭക്തന്മാരുമായി സന്തതം സഹവസിക്കാൻ സാധിക്കും. അത്തരം അതീന്ദ്രിയ ഭക്തന്മാർ സമ്പൂർണമായും ജീവിതത്തിന്റെ മാലിന്യമുക്തമായ തലത്തിൽ സ്ഥിതി ചെയ്യുന്നവരാണ് . ഭക്തിയുതസേവന പ്രക്രിയയാൽ എനിക്ക്, തിളയ്ക്കുന്ന അഗ്നിപോലെ അപകടകരമായ തിരമാലകളുളള ഭൗതികാസ്തിത്വത്തിന്റെ അജ്ഞാന സമുദ്രം തരണം ചെയ്യാൻ കഴിയും. അങ്ങയുടെ ശാശ്വത അസ്തിത്വമുള്ള അതീന്ദ്രിയ ഗുണങ്ങളും ലീലകളും ശ്രവിക്കുവാൻ ഭ്രാന്തായിത്തീർന്നിട്ടുള്ള എനിക്കതിന് നിഷ്പ്രയാസം കഴിയും

 

ശ്ലോകം 12

തേ ന സ്മരന്ത്യതിതരാം  പ്രിയമീശ ! മർത്ത്യം

യേ ചാന്വദഃ സുതസുഹൃദ്ഗൃഹവിത്തദാരാഃ

യേ ത്വബ്ജനാഭ ! ഭവദീയപദാരവിന്ദ-

സൗഗന്ധ്യലുബ്ധ ഹൃദയേഷു കൃതപ്രസംഗാഃ.

വിവർത്തനം

അല്ലയോ പത്മനാഭനായ ഭഗവാനേ, അങ്ങയുടെ പാദാരവിന്ദങ്ങളിലും അവയുടെ സൗരഭ്യത്തിലും സദാ ഭ്രമം കൊളളുന്ന ഒരു ഭക്തനുമായി ഒരു വ്യക്തിക്ക് സഹവാസം സാധ്യമായാൽ, അവൻ ഭൗതികരായ ആളുകൾക്ക് വളരെ വളരെ പ്രിയങ്കരങ്ങളായ ഭൗതിക ശരീരം, ശരീരസംബന്ധിയായ ബന്ധങ്ങൾ, സന്താനങ്ങൾ, സുഹൃത്തുക്കൾ, ഗൃഹം, സമ്പത്ത്, ഭാര്യ തുടങ്ങിയവയിലൊന്നും തീരെ പ്രതിപത്തിയില്ലാത്തവനായിത്തീരും. തീർച്ചയായും അവൻ അതിലൊന്നും ശ്രദ്ധിക്കുകയേയില്ല.

 

ശ്ലോകം 13

തിര്യങ്നഗദ്വിജസരീസൃപദേവദൈത്യ-

മർത്ത്യാദിഭിഃ പരിചിതം സദസദ്വിശേഷം

രൂപം സ്ഥവിഷ്ഠമജ! തേ മഹദാദ്യനേകം

നാതഃ പരം പരമ! വേദ്മി ന യത്ര വാദഃ.

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനേ, ജനിച്ചിട്ടില്ലാത്തവനും പരമോന്നതനുമായവനേ, സമഗ്രമായ ഭൗതികശക്തി നിമിത്തമായി ചിലപ്പോൾ ആവിഷ്കൃതങ്ങളും ചിലപ്പോൾ അനാവിഷ്കൃതങ്ങളുമായ, മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, ഉരഗങ്ങൾ, ദേവന്മാർ, മനുഷ്യൻ തുടങ്ങി നാനാവിധങ്ങളായ ജീവസത്തകൾ ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷേ അങ്ങയെ ഇപ്പോൾ ദർശിക്കുന്നതുപോലെ പരമോന്നതനെ ഒരിക്കൽപ്പോലും പരിചയിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എല്ലാ രീതികളിലുമുള്ള സിദ്ധാന്തവൽകരണങ്ങൾക്കും അന്ത്യമായിരിക്കുന്നു.

ശ്ലോകം 14

കല്പാന്ത ഏതദഖിലിം ജഠരേണ ഗൃഹ്ണൻ

ശേതേ പുമാൻ സ്വദൃഗനന്തസഖസ്തദങ്കേ

യന്നാഭിസിന്ധുരുഹകാഞ്ചനലോകപദ്മ-

ഗർഭേ ദ്യുമാൻ ഭഗവതേ പ്രണതോളയോസ്മി  തസ്മൈ.

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനേ, ഓരോ യുഗത്തിന്റെയും അന്ത്യത്തിൽ പരമദിവ്യോത്തമപുരുഷുനായ  ഭഗവാൻ ഗർഭോദകശായി വിഷ്ണു ഈ ലോകത്തിൽ ആവിഷ്കൃതമായിട്ടുളള എല്ലാത്തിനെയും സ്വന്തം ഉദരത്തിലേക്ക് ആവാഹിക്കുന്നു.  ശേഷനാഗത്തിന്റെ മടിയിൽ ശയിക്കുന്ന അദ്ദേഹത്തിന്റെ പൊക്കിൾത്തടത്തിൽ നിന്നങ്കുരിച്ച താമരയുടെ തണ്ടിന്മേലുളള സുവർണ താമരപുഷ്പത്തിൽ നിന്നാണ് ബ്രഹ്മദേവൻ സൃഷ്ടിക്കപ്പെട്ടത്. അങ്ങ് അതേ ദിവ്യോത്തമപുരുഷനായ ഭഗവാനാണെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. ആകയാൽ അങ്ങേക്ക് ഞാനെന്റെ ആദരപ്രണാമങ്ങൾ അർപ്പിക്കുന്നു.

ശ്ലോകം 15

ത്വം നിത്യമുക്തപരിശുദ്ധവിബുദ്ധ ആത്മാ

കൂടസ്ഥ ആദിപുരുഷോ ഭഗവാംസ്ത്ര്യധീശഃ

യദ് ബുദ്ധ്യവസ്ഥിതിമഖണ്ഡിതയാ സ്വദൃഷ്ട്യാ

ദ്രഷ്ടാ സ്ഥിതാവധിമഖോ വ്യതിരിക്ത ആസ്സേ.

വിവർത്തനം

എന്റെ ഭഗവാനേ, അങ്ങയുടെ തുടർച്ചയായ കടാക്ഷത്താൽ ബുദ്ധിപരമായ പ്രവർത്തനങ്ങളുടെ എല്ലാ തലങ്ങളുടെയും പരമോന്നത സാക്ഷി അങ്ങാകുന്നു. ശാശ്വതമായി സ്വതന്ത്രനായ അങ്ങ് വിശുദ്ധ സത്വത്തിലും പരമാത്മാവിലും മാറ്റമില്ലാതെ സ്ഥിതി ചെയ്യുന്നു. ആറ് ഐശ്വര്യങ്ങളോടെയും പൂർണ്ണനായ അങ്ങ് യഥാർഥ ദിവ്യോത്തമപുരുഷനും, ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളുടെ ശാശ്വത യജമാനനുമാണ്. അപ്രകാരം  എല്ലായ്പ്പോഴും സാധാരണ ജീവസത്തകളിൽ നിന്ന് വിഭിന്നനാണങ്ങ്. ഭഗവാൻ വിഷ്ണു എന്ന നിലയിൽ അങ്ങ് എല്ലാ ലോകങ്ങളിലെയും എല്ലാത്തിന്റെയും പരിപാലകനും, അതേസമയം എല്ലാത്തിൽ നിന്നും അകന്നു നിൽക്കുന്നവനും, എല്ലാ യജ്ഞഫലങ്ങളുടെയും ആസ്വാദകനുമാകുന്നു.

 

ശ്ലോകം 16

യസ്മിൻ  വിരുദ്ധഗതയോ ഹ്യനിശം പതന്തി

വിദ്യാദയോ വിവിധശക്തയ ആനുപൂർവ്യാത്

തദ്  ബ്രഹ്മ  വിശ്വഭവമേകമനന്തമാദ്യ-

മാനന്ദമാത്രമവികാരമഹം പ്രപദ്യേ.

വിവർത്തനം

 എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങയുടെ അവ്യക്തിഗത ബ്രഹ്മാവിഷ്കാരത്തിൽ എപ്പോഴും രണ്ട് വിപരീത ഘടകങ്ങളുണ്ട് - ജ്ഞാനവും അജ്ഞാനവും. അങ്ങയുടെ ബഹുവിധ ശക്തികൾ തുടർച്ചയായി ഉണ്ടാകുന്നു, പക്ഷേ അവിഭജിതവും, യഥാർഥവും, മാറ്റമില്ലാത്തതും, അപരിമിതവും, പരമാനന്ദപൂർണവുമായ അവ്യക്തിഗത ബ്രഹ്മം ഭൗതിക സൃഷ്ടിയുടെ കാരണമാകുന്നു.  അതേ അവ്യക്തിഗത ബ്രഹ്മം അങ്ങുതന്നെ ആകയാൽ ഞാൻ അങ്ങേയ്ക്കെന്റെ പ്രണാമങ്ങൾ അർപ്പിക്കുന്നു.

ശ്ലോകം 17

സത്യാശിഷോ ഹി ഭഗവംസ്തവ പാദപദ്മ-

മാശീസ്തഥാനുഭജതഃ പുരുഷാർത്ഥമുർത്തേഃ

അപ്യേവമാര്യ! ഭഗവാൻ പരിപാതി ദീനാൻ

വാശ്രേവ വത്സകമനുഗ്രഹകാതരോ£ സ്മാൻ.

 

വിവർത്തനം

എന്റെ ഭഗവാനേ , അല്ലയോ പരമോന്നതനായ ഭഗവാനേ, അങ്ങ് സർവ അനുഗ്രഹങ്ങളുടെയും  അത്യുന്നത മൂർത്ത രൂപമാകുന്നു. അതിനാൽ, മറ്റൊരാഗ്രഹവുമില്ലാതെ അങ്ങയുടെ ഭക്തിയുതസേവനത്തിൽ എന്നും തുടരുകയും, അവിടത്തെ പാദാരവിന്ദങ്ങളെ ആരാധിക്കുകയും ചെയ്യുന്നത് ഒരുവനെ സംബന്ധിച്ച് ഒരു രാജാവായിത്തീരുകയോ, രാജ്യം ഭരിക്കുകയോ ചെയ്യുന്നതിനെക്കാൾ ശ്രേഷ്ഠമായ നേട്ടമാണ്. അതാണ് അങ്ങയുടെ പാദപത്മങ്ങളെ ആരാധിക്കുന്നതിൽ കിട്ടുന്ന അനുഗ്രഹം. എന്നെപ്പോലെ അജ്ഞരായ ഭക്തന്മാർക്ക് അങ്ങ് അകാരണമായ കാരുണ്യമുളള പരിപാലകനാണ്, പുതിയതായി ജനിച്ച സ്വന്തം കിടാവിനെ പാലും, ആക്രമണങ്ങളിൽ  നിന്ന് സംരക്ഷണവും നൽകി പരിപാലിക്കുന്ന പശുവിനെപ്പോലെ.

No comments:

Post a Comment