Home

Saturday, November 21, 2020

ഗജേന്ദ്രന്റെ പ്രാർത്ഥനകൾ



 

ശ്രീമദ് ഭാഗവതം

സ്കന്ദം 8 / അദ്ധ്യായം 3 / ശ്ലോകം 2-29

*****************************************

ശ്ലോകം  2

ശ്രീ ഗജേന്ദ്ര ഉവാച

ഓം നമോ ഭഗവതേ തസ്മൈ യത ഏതച്ചിദാത്മകം

പുരുഷായാദിബീജായ പരേശായാഭിധീമഹി

വിവർത്തനം

ആനകളുടെ രാജാവ്, ഗജേന്ദ്രൻ പറഞ്ഞു : പരമ പുരുഷനായ വാസുദേവന്  ഞാനെന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കട്ടെ (ഓം നമോ ഭഗവതേ വാസുദേവായ ) അദ്ദേഹം മൂലമാണ് ഈ ശരീരം ആത്മാവിന്റെ സാന്നിദ്ധ്യത്തിൽ പ്രവർത്തിക്കുന്നത്. ആയതിനാൽ  അദ്ദേഹമാണ് എല്ലാവരുടെയും മൂല കാരണം. ബ്രഹ്മാവിനെയും ശിവനേയും പോലുള്ള ശ്രേഷ്ഠ വ്യക്തികൾക്കു പോലും  ആരാധ്യാർഹനായ  അദ്ദേഹം എല്ലാ ജീവികളുടെയും ഹൃദയത്തിൽ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹത്തെ ഞാൻ ധ്യാനിക്കട്ടെ.

 

ശ്ലോകം  3

യസ്മിന്നിദം യതശ്ചേദം യേനേദം യ ഇദം സ്വയം

യോfസ്മാത് പരസ്മാച്ച പരസ്തം  പ്രപദ്യേ സ്വയംഭുവം

വിവർത്തനം

പരമോന്നതനായ ഭഗവാൻ സർവ്വവും വിശ്രമം കൊള്ളുന്ന അത്യുന്നത തലമാണ് ,എല്ലാം ഉൽപ്പാദിപ്പിക്കപ്പെടുന്ന ഘടകമാണ് ,ഈ പ്രത്യക്ഷ പ്രപഞ്ചം സൃഷ്ടിച്ച വ്യക്തിയും അതിന്റെ ഏക കാരണവുമാണ്. എന്നിരുന്നാലും, അദ്ദേഹം കാരണത്തിൽ നിന്നും ഫലത്തിൽ നിന്നും വിഭിന്ന നാണ് .എല്ലാത്തിലും സ്വയംപര്യാപ്തമായ ആ പരമദിവ്യോത്തമ പുരുഷൻ ഭഗവാന് ഞാൻ എന്നെ സമർപ്പിക്കുന്നു.

 

ശ്ലോകം  4

യ: സ്വാത്മനീദം നിജമായയാർപ്പിതം

ക്വചിദ് വിഭാതം ക്വ ച തത് തിരോഹിതം

അവിദ്ധദൃക് സാക്ഷ്യുഭയം  തദീക്ഷതെ

സ ആത്മമൂലോfവതു മാം പരാത്പര:

വിവർത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ സ്വന്തം ശക്തിയുടെ വിസ്തരണത്താൽ ഈ ഭൗതിക സൃഷ്ടിയെ ദൃശ്യമാക്കുകയും ചിലപ്പോൾ അദൃശ്യമാക്കുകയും ചെയ്യുന്നു . അദ്ദേഹം എല്ലാ പരിതസ്ഥിതികളിൽ രണ്ടുമാണ് പരമമായ കാരണവും പരമമായ ഫലവും , നിരീക്ഷകനും സാക്ഷിയും. അവ്വിധത്തിൽ അദ്ദേഹം സർവ്വതിനും അതീന്ദ്രിയനാണ് ആ പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ എനിക്ക് സംരക്ഷണം നൽകട്ടെ.

ശ്ലോകം  5

കാലേന പഞ്ചത്വമിതേഷു കൃത്സ്നശോ

ലോകേഷു പാലേഷു ച സർവ്വഹേതുഷു

തമസ്തദാffസീദ്  ഗഹനം ഗഭീരം

യസ്തസ്യ പാരേf ഭിവിരാജതേ വിഭു:

വിവർത്തനം

കാലക്രമത്തിൽ ഗ്രഹങ്ങളും അവയുടെ നിയന്ത്രിതാക്കളും പാലകരും ഉൾപ്പെടെ ലോകത്തിലെ ഹേതുകവും ഫലപ്രദവുമായ എല്ലാ സൃഷ്ടികളും സംഹരിക്കപ്പെടുമ്പോൾ അന്ധകാര നിബിഡമായ ഒരു സാഹചര്യം ഉളവാകും. ഈ അന്ധകാരത്തിനുമീതെ എങ്ങനെ തന്നെയായാലും പരമദിവ്യോത്തമ പുരുഷനായ ഭഗവാനാണ് .ഞാൻ അദ്ദേഹത്തിന്റെ പാദപങ്കജങ്ങളിൽ  ശരണം പ്രാപിക്കുന്നു.

 

ശ്ലോകം  6

ന യസ്യ ദേവാ ഋഷയ: പദം വിദുർ-

ജന്തു: പുന: കോfർഹതി ഗന്തുമീരിതും

യഥാ നടസ്യാകൃതിഭിർവ്വിചേഷ്ടതോ

ദുരത്യയാനുക്രമണ: സ മാവതു.

വിവർത്തനം

ആകർഷകങ്ങളായ വേഷങ്ങൾ അണിഞ്ഞ് വേദിയിൽ വിവിധ രീതികളിൽ നടനം ചെയ്യുന്ന കലാകാരനെ അവന്റെ പ്രേക്ഷകർ തിരിച്ചറിയില്ല ; അതുപോലെ, പരമോന്നതനായ കലാകാരൻ്റെ കർമ്മങ്ങളും സവിശേഷതകളും ദേവന്മാർക്കും മഹർഷിമാർക്കും പോലും മനസ്സിലാക്കാൻ കഴിയില്ല; മൃഗങ്ങളെപ്പോലെ  ബുദ്ധിഹീനൻ ആയവർക്ക് തീർച്ചയായും കഴിയില്ല. ദേവന്മാർക്കോ , മാമുനിമാർക്കോ , ബുദ്ധിഹീനർക്കോ ഭഗവാന്റെ സവിശേഷതകൾ ഗ്രഹിക്കാനോ അദ്ദേഹത്തിന്റെ യഥാർത്ഥ പദവി വാക്കുകളാൽ പ്രകടിപ്പിക്കാനോ കഴിയില്ല. ആ പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ എനിക്ക് സംരക്ഷണം നൽകട്ടെ.

 

ശ്ലോകം  7

ദിദൃക്ഷവോ യസ്യ പദം സുമംഗളം

വിമുക്തസംഗാ മുനയ: സുസാധവ:

ചരന്ത്യലോകവ്രതമവ്രണം വനേ

ഭൂതാത്മഭൂതാ: സുഹൃദ: സ മേ ഗതി:

വിവർത്തനം

എല്ലാ ജീവികളെയും തുല്യരായി ദർശിക്കുന്ന, എല്ലാവരോടും സൗഹൃദത്തിൽ വർത്തിക്കുന്ന, വനത്തിൽ പ്രവേശിച്ചു ബ്രഹ്മചര്യം, വാനപ്രസ്ഥം, സന്ന്യാസം ഇവകളുടെ ശപഥങ്ങൾ വീഴ്ച കൂടാതെ പാലിക്കുന്ന സന്യാസിമാരും മഹാമുനിമാരും പരമദിവ്യോത്തമ പുരുഷനായ ഭഗവാന്റെ സർവ്വ മംഗള കരമായ പാദപങ്കജ ങ്ങളുടെ ദർശനം കാംക്ഷിക്കുന്നു .അതേ പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ആകട്ടെ എന്റെ ലക്ഷ്യം.

 

 

ശ്ലോകം  8-9

ന വിദ്യതേ യസ്യ ച ജന്മ കർമ വാ

ന നാമരൂപേ ഗുണദോഷ ഏവ വാ

തഥാപി ലോകാപ്യയസംഭവായ യഃ

സ്വമായയാ താന്യനുകാലമൃച്ഛതി

 

തസ്മൈ നമഃ പരേശായ ബ്രഹ്മണേfനന്തശക്തയേ

അരൂപായോരുരൂപായ നമ ആശ്ചര്യകർമണേ

വിവർത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ഭൗതിക ജന്മം , കർമ്മങ്ങൾ, നാമം, രൂപം ഗുണങ്ങൾ ,ദോഷങ്ങൾ ഇവകളൊന്നുമില്ല .ഈ ഭൗതിക ലോകം സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നതിൻ്റെ ലക്ഷ്യം നിറവേറ്റുന്നതിന് അദ്ദേഹം തന്റെ സ്വന്തം ആന്തരിക ശക്തിയാൽ രാമ ഭഗവാനെ പോലെ, അല്ലെങ്കിൽ കൃഷ്ണ ഭഗവാനെ പോലെ മനുഷ്യ രൂപത്തിൽ അവതരിക്കുന്നു. അദ്ദേഹത്തിന് അളവറ്റ ശക്തിയുണ്ട് .ഭൗതിക മാലിന്യങ്ങൾ ഇല്ലാത്ത നിരവധി രൂപങ്ങളിൽ അദ്ദേഹം അത്ഭുതകരമായി പ്രവർത്തിക്കുന്നു. ആയതിനാൽ അദ്ദേഹം പരം ബ്രഹ്മനാകുന്നു .അദ്ദേഹത്തിന് ഞാനെന്റെ ആദരങ്ങൾ അർപ്പിക്കുന്നു.

 

ശ്ലോകം  10

നമ ആത്മപ്രദീപായ സാക്ഷിണേ പരമാത്മനേ

നമോ ഗിരാം വിദൂരായ മനസശ്ചേതസാമപി

വിവർത്തനം

ഏവരുടേയും ഹൃദയത്തിൽ സാക്ഷിയായി വർത്തിക്കുന്ന, സ്വയം പ്രകാശിക്കുന്ന പരമാത്മാവും, വ്യക്തിഗതാത്മാവിനെ ബോധ ദീപ്തനാക്കുന്നവനും, മാനസിക വ്യായാമം കൊണ്ടോ, വാക്കുകൾ കൊണ്ടോ , അവബോധം കൊണ്ടോ പ്രാപിക്കാൻ കഴിയാത്തവനുമായ പരമദിവ്യോത്തമപുരുഷനായ ഭഗവാന് ഞാനെന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കട്ടെ.

 

ശ്ലോകം  11

സത്ത്വേന പ്രതിലഭ്യായ നൈഷ്കർമ്യേണ  വിപശ്ചിതാ

നമഃ കൈവല്യനാഥായ നിർവാണസുഖസംവിദേ

വിവർത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ,ഭക്തിയോഗ ത്തിന്റെ അതീന്ദ്രിയാ സ്തിത്വത്തിൽ കർമ്മം ചെയ്യുന്ന പരിശുദ്ധ ഭക്തന്മാരാൽ സാക്ഷാത്കരിക്കപ്പെടുന്നു . അദ്ദേഹം കളങ്കരഹിതമായ സുഖം നൽകുന്നവനും അതീന്ദ്രിയ ലോകത്തിന്റെ നാഥനുമാകുന്നു. അതിനാൽ ഞാൻ അദ്ദേഹത്തിന് എന്റെ ആദരങ്ങൾ അർപ്പിക്കുന്നു.

 

 

 

ശ്ലോകം  12

നമഃ ശാന്തായ ഘോരായ മൂഢായ ഗുണധർമിണേ

നിർവിശേഷായ സാമ്യായ നമോ ജ്ഞാനഘനായ ച

വിവർത്തനം

സർവ്വവ്യാപിയായ വാസുദേവ ഭഗവാനും, നരസിംഹദേവ ഭഗവാനെപ്പോലുള്ള ഭഗവാന്റെ ഭയാനക രൂപത്തിനും, ഭഗവാന്റെ മൃഗ രൂപത്തിനും (വരാഹ ദേവ ഭഗവാൻ ), അവ്യക്തിഗത വാദം പ്രബോധിപ്പിച്ച ദത്താത്രേയ ഭഗവാനും , ബുദ്ധഭഗവാനും , ഭഗവാൻ്റെ മറ്റെല്ലാ അവതാരങ്ങൾക്കും ഞാനെന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. ഭൗതിക ഗുണങ്ങൾ ഇല്ലാത്തവനും, പക്ഷേ ഈ ഭൗതികലോകത്തിനുള്ളിൽ സത്വ, രജോ, തമോ ഗുണങ്ങൾ സ്വീകരിച്ചവനുമായ ഭഗവാനായി ഞാനെന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. അവ്യക്തിഗത ബ്രഹ്മതേജസ്സിനും ഞാനെന്റെ ആദരപൂർവമായ പ്രണാമങ്ങൾ സമർപ്പിക്കുന്നു .

 

ശ്ലോകം  13

ക്ഷേത്രജ്ഞായ നമസ്തുഭ്യം സർവാദ്ധ്യക്ഷായ സാക്ഷിണേ

പുരുഷായാത്മമൂലായ മൂലപ്രകൃതയേ നമഃ

വിവർത്തനം

സംഭവിക്കുന്നതിൻ്റെയെല്ലാം സാക്ഷിയും, എല്ലാത്തിൻ്റെയും മേൽനോട്ടക്കാരനും, പരമാത്മാവുമായ അവിടുത്തേക്ക് എന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കട്ടേയെന്ന് ഞാൻ യാചിക്കുന്നു . അവിടന്ന് ഭൗതികപ്രകൃതിയുടെയും സമസ്ത ഭൗതിക ശക്തിയുടേയും മൂലമായ പരമപുരുഷനാകുന്നു. അവിടുന്ന് ഭൗതികശരീരത്തിൻ്റെ ഉടമയുമാകുന്നു. ആകയാൽ അങ്ങാണ് പരമമായ സമ്പൂർണത . അങ്ങേയ്ക്ക് ഞാനെന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു.

 

ശ്ലോകം  14

സർവേന്ദ്രിയഗുണദ്രഷ്ട്രേ സർവപ്രത്യയഹേതവേ

അസതാച്ഛായയോക്തായ സദാഭാസായ തേ നമഃ

വിവർത്തനം

എന്റെ ഭഗവാനേ, എല്ലാ ഇന്ദ്രിയ വിഷയങ്ങളുടെയും നിരീക്ഷകനാണ് അവിടന്ന് . സന്ദേഹങ്ങളുടെ പ്രശ്നങ്ങൾ അങ്ങയുടെ കാരുണ്യം കൂടാതെ പരിഹരിക്കുക അസാധ്യം തന്നെ . ഭൗതികലോകം അങ്ങയോട് സാദൃശ്യമുള്ള ഒരു നിഴലാണ്. തീർച്ചയായും, അങ്ങയുടെ അസ്തിത്വത്തിൻ്റെ ഒരു ക്ഷണപ്രഭ ഉള്ളതുകൊണ്ടാണ് ഒരുവൻ ഈ ഭൗതികലോകത്തെ വാസ്തവമായി സ്വീകരിക്കുന്നത്.

 

ശ്ലോകം  15

നമോ നമസ്തേfഖിലകാരണായ

നിഷ്കാരണായാദ്ഭുതകാരണായ.

സർവ്വാഗമാമ്നായമഹാർണ്ണവായ

നമോ f പവർഗായ പരായണായ.

 

വിവർത്തനം

എന്റെ ഭഗവാനേ, അങ്ങ് സർവകാരണങ്ങളുടെയും കാരണമാകുന്നു, പക്ഷേ അങ്ങേയ്ക്ക് ഒരു കാരണവുമില്ല .ആയതിനാൽ അങ്ങ് എല്ലാത്തിൻ്റെയും അത്ഭുതകരമായ കാരണമാകുന്നു .അങ്ങയുടെ പ്രാധിനിധ്യങ്ങളായ പഞ്ചരാത്രങ്ങളും, വേദാന്തസൂത്രം പോലുള്ള ശാസ്ത്രങ്ങളിൽ അടങ്ങിയിട്ടുള്ള വൈദികജ്ഞാനത്തിൻ്റെ ആശ്രയവും , പരമ്പരാസമ്പ്രദായത്തിൻ്റെ പ്രഭവവുമായ അങ്ങേയ്ക്ക് ഞാനെന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. മോക്ഷം നൽകാൻ കഴിവുള്ളവൻ അങ്ങാകയാൽ, എല്ലാ അതീന്ദ്രിയരുടെയും ശരണം അങ്ങു മാത്രമാണ്. അങ്ങേയ്ക്ക് ഞാനെന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കട്ടെ.

 

ശ്ലോകം  16

ഗുണാരണിച്ഛന്നചിദൂഷ്മപായ

തത്ക്ഷോഭവിസ്ഫൂർജിതമാനസായ

നൈഷ്കർമ്യഭാവേന വിവിർജിതാഗമ-

സ്വയംപ്രകാശായ നമസ്കരോമി

വിവർത്തനം

എന്റെ ഭഗവാനേ, അരണിവിറകിനുള്ളിലെ അഗ്നി മറയ്ക്കപ്പെട്ടിരിക്കുന്നതു പോലെ, അങ്ങും അങ്ങയുടെ അപരിമിതമായ ജ്ഞാനവും ഭൗതിക പ്രകൃതിയുടെ ഗുണങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും , അങ്ങയുടെ മനസ്സ് പ്രകൃതിഗുണങ്ങളുടെ പ്രവർത്തനങ്ങളിൽ തത്പരമല്ല. ആത്മജ്ഞാനത്തിൽ ഉന്നതിയാർജിച്ചവർ  വൈദികസാഹിത്യത്തിൽ നിർദ്ദേശിച്ചിട്ടുള്ള നിയാമകതത്ത്വങ്ങൾക്ക് വിഷയീഭവിക്കുന്നില്ല. അത്തരം ശ്രേഷ്ഠാത്മാക്കൾ അതീന്ദ്രിയതലത്തിൽ ആയതിനാൽ അങ്ങ് അവരുടെ നിർമലമനസ്സുകളിൽ  വ്യക്തിപരമായി ആവിർഭവിക്കുന്നു. അതിനാൽ അങ്ങേയ്ക്ക് ഞാനെന്റെ സാദരപ്രണാമങ്ങൾ സമർപ്പിക്കട്ടെ.

 

ശ്ലോകം  17

മാദൃക്പ്രപന്നപശുപാശവിമോക്ഷണായ

മുക്തായ  ഭൂരികരുണായ നമോfലയായ

സ്വാംശേന സർവതനുഭൃന്മനസി പ്രതീത-

പ്രത്യഗ്ദൃശേ ഭഗവതേ ബൃഹതേ നമസ്തേ.

വിവർത്തനം

പരമമായി സ്വതന്ത്രനായ അങ്ങേയ്ക്ക് എന്നെപ്പോലുള്ള ഒരു മൃഗം ആത്മസമർപ്പണം ചെയ്തതിനാൽ തീർച്ചയായും എന്നെ ഈ അപകടാവസ്ഥയിൽ നിന്ന് അങ്ങ് മോചിപ്പിക്കും. തീർച്ചയായും, അങ്ങ് അത്യന്തം കരുണാമയനാകയാൽ എന്നെ മോചിപ്പിക്കുന്നതിന് നിരന്തരം ശ്രമിക്കുന്നു. അങ്ങയുടെ ഭാഗികമായ പരമാത്മഭാവത്തിൽ അങ്ങ് ശരീരമുള്ള എല്ലാ ജീവികളുടെയും ഹൃദയങ്ങളിൽ സ്ഥിതി ചെയ്യുന്നു. അങ്ങ് സാക്ഷാൽ അതീന്ദ്രിയജ്ഞാനമെന്നും, അപരിമേയനെന്നും വിഖ്യാതനാണ്. പരമദിവ്യോത്തമപുരുഷനായ ഭഗവാനായ അങ്ങേയ്ക്ക് ഞാൻ എന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു.

ശ്ലോകം  18

ആത്മാത്മജാപ്തഗൃഹവിത്തജനേഷു സക്തൈർ-

ദുഷ്പ്രാപണായ ഗുണസംഗവിവർജിതായ

മുക്താത്മഭിഃ സ്വഹൃദയേ പരിഭാവിതായ

ജ്ഞാനാത്മനേ ഭഗവതേ നമ ഈശ്വരായ

വിവർത്തനം 

എന്റെ ഭഗവാനേ, ഭൗതികമാലിന്യങ്ങളിൽ നിന്ന് പൂർണമായും മുക്തരായവർ അവരുടെ ഹൃദയാന്തർഭാഗത്ത് അങ്ങയെ സദാ ധ്യാനിക്കുന്നു. എന്നെപ്പോലെ, മാനസികമായ ഊഹാപോഹങ്ങളിലും, ഭവനം, ബന്ധുമിത്രാദികൾ, സമ്പത്ത്, ഭൃത്യന്മാർ, സഹായികൾ ഇവകളിലും അമിതമായ ആസക്തിയുള്ളവർക്ക് അങ്ങ് അത്യന്തം ദുഷ്പ്രാപ്യനാണ്. അങ്ങ് ഭൗതിക പ്രകൃതിയുടെ ഗുണങ്ങളാൽ മലിനമാക്കപ്പെടാത്ത പരമദിവ്യോത്തമപുരുഷനായ ഭഗവാനാണ് . അങ്ങ്  ജ്ഞാനത്തിൻ്റെ ഖനിയും പരമനിയന്താവും ആണ് . ആയതിനാൽ അങ്ങേയ്ക്ക് ഞാനെന്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു.

 

ശ്ലോകം  19

യം ധർമകാമാർത്ഥവിമുക്തികാമാ

ഭജന്ത ഇഷ്ടാം ഗതിമാപ്നുവന്തി

കിം ചാശിഷോ രാത്യപി ദേഹമവ്യയം

കരോതു മേf ദഭ്രദയോ വിമോക്ഷണം

വിവർത്തനം

ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ തൽപരരായ വ്യക്തികൾക്ക്, പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ആരാധിക്കുന്നതിലൂടെ അവരുടെ ആഗ്രഹങ്ങൾ അദ്ദേഹത്തിൽ നിന്ന് നേടാൻ കഴിയുന്നു. മറ്റുള്ള അനുഗ്രഹങ്ങളെക്കുറിച്ച് കൂടുതലെന്തു പറയാൻ? തീർച്ചയായും, അത്തരം തീവ്രച്ഛയുള്ള ആരാധകർക്ക് ചിലപ്പോൾ ഭഗവാൻ ഒരു ആധ്യാത്മിക ശരീരം നൽകുന്നു. അളവില്ലാതെ കാരുണ്യം ചൊരിയുന്ന ആ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ, ഇപ്പോഴത്തെ അപകടാവസ്ഥയിൽ നിന്നും ഭൗതിക രീതിയിലുള്ള ജീവിതത്തിൽ നിന്നും മോചനം ലഭിക്കുവാൻ എന്നെ അനുഗ്രഹിക്കട്ടെ.

 

ശ്ലോകങ്ങൾ  20-21

ഏകാന്തിനോ യസ്യ ന  കഞ്ചനാർത്ഥം

വാഞ്ഛന്തിയേ വൈ ഭഗവത് പ്രപന്നാ:

അത്യത്ഭുതം തച്ചരിതം സുമംഗളം

ഗായന്ത ആനന്ദസമുദ്രമഗ്നാ :

 

തമക്ഷരം ബ്രഹ്മപരം  പരേശ -

മവ്യക്തമാധ്യാത്മികയോഗഗമ്യo

അതീന്ദ്രിയം സൂക്ഷ്മമിവാതി ദൂര-

മനന്തമാദ്യം പരിപൂർണമീഡേ

വിവർത്തനം

ഭഗവാനെ സേവിക്കുക എന്നതല്ലാതെ മറ്റൊരാഗ്രഹവും ഇല്ലാത്ത, കലർപ്പില്ലാത്ത ഭക്തന്മാർ പൂർണ്ണസമർപ്പണത്തോടെ, അദ്ദേഹത്തെ ആരാധിക്കുകയും, അദ്ദേഹത്തിന്റെ അതിശയകരവും മംഗളകരവുമായ കർമങ്ങൾ സദാ ശ്രവിക്കുകയും കീർത്തിക്കുകയും ചെയ്യുന്നു. അപ്രകാരം അവർ സദാ അതീന്ദ്രിയപരമാനന്ദത്തിൻ്റെ സമുദ്രത്തിൽ ലയിക്കുന്നു. അങ്ങനെയുള്ള ഭക്തന്മാർ ഭഗവാനോട് ഒരിക്കലും ഒരു അനുഗ്രഹവും ആവശ്യപ്പെടുകയില്ല . ഞാൻ , എന്നിരുന്നാലും ആപത്തിലാണ്. ആകയാൽ, ശാശ്വതമായി നിലനിൽക്കുന്നവനും,  അദൃശ്യനും ബ്രഹ്മാവിനെ പോലെയുള്ള എല്ലാ മഹത് വ്യക്തിത്വങ്ങളുടെയും ഭഗവാനും അതീന്ദ്രിയമായ ഭക്തിയോഗത്തിലൂടെ മാത്രം പ്രാപിക്കാൻ കഴിയുന്നവനുമായ ആ പരമദിവ്യോത്തമ പുരുഷനായ ഭഗവാനോട് ഞാൻ പ്രാർത്ഥിക്കുന്നു . അത്യന്തം സൂക്ഷ്മനാകയാൽ അദ്ദേഹം എന്റെ ഇന്ദ്രിയങ്ങൾക്ക് അഗോചരനും എല്ലാവിധ ബാഹ്യ സാക്ഷാത്കാരത്തിനും അതീന്ദ്രിയനുമാണ് . അദ്ദേഹം അപരിമിതനാണ്.

 

ശ്ലോകം  22-24

യസ്യ ബ്രഹ്മാദയോ ദേവാ വേദാ ലോകാശ്ചരാചരാ:

നാമരൂപ വിഭേദേന ഫല്ഗ്യാ ച കലയാ കൃതാ:

 

യഥാർച്ചി ഷോf ഗ്നേ: സവിതുർഗഭസ്തയോ

നിര്യാന്തി സംയാന്ത്യ സകൃത് സ്വരോചിഷാ:

തഥാ യതോfയം ഗുണ സംപ്രവാഹോ

ബുദ്ധിർമ്മന: ഖാനി ശരീരസർഗാ:

 

സ വൈ ന ദേവാസുരമർത്ത്യ തിര്യങ് -

ന സ്ത്രീ ന ഷണ്ഡോ ന പു മാൻ  ന ജന്തു:

നായം ഗുണ: കർമ ന സന്ന ചാസൻ

നിഷേധശേഷോ ജയ താദശേഷ:

വിവർത്തനം

പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ സൂക്ഷ്മാംശങ്ങളായ ജീവ തത്ത്വങ്ങളെയും, ബ്രഹ്മാവിൽ നിന്ന് ആരംഭിക്കുന്ന ദേവന്മാരെയും, വൈദിക വിജ്ഞാനത്തിൻ്റെ വിസ്തരങ്ങളെയും ( സാമം, ഋഗ് , അഥർവം ), മറ്റു ജീവസത്തകളുൾപ്പെടെ സർവ്വചരാചരങ്ങളെയും അവയുടെ വിഭിന്ന നാമങ്ങളോടും സവിശേഷതകളോടും കൂടി സൃഷ്ടിക്കുന്നു. അഗ്നിയിൽ നിന്ന് സ്ഫുലിംഗങ്ങൾ,  അല്ലെങ്കിൽ സൂര്യനിൽനിന്ന് കിരണങ്ങൾ ഉത്ഭവിക്കുകയും വീണ്ടും അവയിൽത്തന്നെ ലയിക്കുകയും ചെയ്യുന്നതുപോലെ മനസ്സും, ബുദ്ധിയും , ഇന്ദ്രീയങ്ങളും , സ്ഥൂലവും സൂക്ഷ്മവുമായ ഭൗതിക ശരീരങ്ങളും ,  പ്രകൃതിയുടെ ഗുണങ്ങളുടെ തുടർച്ചയായ രൂപാന്തരീകരണങ്ങളും , ഭഗവാനിൽ നിന്ന് ഉത്ഭവിക്കുകയും വീണ്ടും അദ്ദേഹത്തിൽ ലയിക്കുകയും ചെയ്യുന്നു . അദ്ദേഹം ദേവനോ അസുരനോ മനുഷ്യനോ പക്ഷിയോ മൃഗമോ അല്ല . അദ്ദേഹം പുരുഷനോ സ്ത്രീയോ നപുംസകമോ അല്ല . അദ്ദേഹം ഒരു ഭൗതിക ഗുണമല്ല . ഫലേച്ഛ കർമ്മമല്ല. വ്യക്തതയോ അവ്യക്തതയോ അല്ല." ഇതല്ല , ഇതല്ല" എന്ന വിവേചനത്തിന് അന്ത്യത്തിൽ ശേഷിക്കുന്ന അദ്ദേഹം  അപരിമിതനുമാണ് . ആ പരമദിവ്യോത്തമ പുരുഷനായ ഭഗവാന് എല്ലാ മഹത്വങ്ങളും.

 

ശ്ലോകം  25

ജിജീവിഷേ നാഹമിഹാമുയാ കി-

മന്തർബഹിശ്ചാവൃതയേഭയോന്യാ

ഇച്ഛാമി കാലേന ന യസ്യ വിപ്ലവ-

സ്തസ്യാത്മലോകാവരണസ്യ  മോക്ഷം

 

വിവർത്തനം

ഈ മുതലയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടതിനു ശേഷം, ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബാഹ്യമായും ആന്തരികമായും അജ്ഞതയാൽ ആവരണം ചെയ്യപ്പെട്ട ഒരു ആനയുടെ ശരീരംകൊണ്ട് എന്തു പ്രയോജനം? അജ്ഞതയുടെ ആവരണത്തിൽനിന്നുള്ള ശാശ്വതമായ മോചനം മാത്രം ഞാൻ ഇച്ഛിക്കുന്നു. കാലത്തിന്റെ സ്വാധീനത്താൽ ആ ആവരണം നശിക്കില്ല.

 

ശ്ലോകം  26

സോfഹം വിശ്വസൃജം വിശ്വമവിശ്വം വിശ്വവേദസം

വിശ്വാത്മാനമജം ബ്രഹ്മ പ്രണതോfസ്മി പരം പദം

വിവർത്തനം

ഇപ്പോൾ ഭൗതികജീവിതത്തിൽ നിന്നുള്ള മോചനം പൂർണമായും ആഗ്രഹിക്കുന്ന ഞാൻ,ഈ വിശ്വത്തിന്റെ സ്രഷ്ടാവായ,സ്വയം ഈ വിശ്വരൂപിയായ, എന്നിരുന്നാലും ഈ പ്രപഞ്ചത്തിന് അതീന്ദ്രിയനായ ആ പരമോന്നതനായ വ്യക്തിക്ക് എന്റെ ആദരപൂർവമായ നമസ്കാരങ്ങൾ അർപ്പിക്കുന്നു. ഈ ലോകത്തിലെ എല്ലാത്തിനെക്കുറിച്ചും പരമമായ അറിവുള്ള അദ്ദേഹം വിശ്വത്തിൻ്റെ പരമാത്മാവാണ്. ജനിച്ചിട്ടില്ലാത്തവനും, പരമോന്നതനായി സ്ഥിതി ചെയ്യുന്നവനുമായ ഭഗവാനാണദ്ദേഹം. അദ്ദേഹത്തിനായി ഞാനെന്റെ സാദരപ്രണാമങ്ങൾ  അർപ്പിക്കുന്നു.

 

ശ്ലോകം  27

യോഗരന്ധിതകർമാണോ ഹൃദി യോഗവിഭാവിതേ

യോഗിനോ യം പ്രപശ്യന്തി യോഗേശം തം നതോfസ്മ്യഹം

വിവർത്തനം

പരിപൂർണ്ണരായ യോഗികൾ പൂർണമായും പവിത്രരാവുകയും ഫലേച്ഛാകർമ്മങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ഭക്തിയോഗപരിശീലനത്താൽ സ്വതന്ത്രരാവുകയും ചെയ്യുമ്പോൾ , അവരുടെ ഹൃദയാന്തർഭാഗത്ത് ദർശിക്കാൻ കഴിയുന്ന, എല്ലാ യോഗങ്ങളുടെയും നാഥനായ പരമോന്നതന്, പരമാത്മാവിന് ഞാനെന്റെ ആദരപൂർണമായ പ്രണാമങ്ങൾ അർപ്പിക്കുന്നു.

ശ്ലോകം  28

നമോ നമസ്തുഭ്യമസഹ്യവേഗ -

ശക്തിത്രയായാഖിലധീഗുണായ

പ്രപന്നപാലായ ദുരന്തശക്തയേ

കദിന്ദ്രിയാണാമനവാപ്യവർത്മനേ

 

വിവർത്തനം

എന്റെ ഭഗവാനെ, അങ്ങ് മൂന്നുവിധത്തിലുള്ള അതീ പ്രബലമായ ശക്തികളുടെ നിയന്ത്രകൻ ആണ്. സമസ്ത ഇന്ദ്രിയാനന്ദത്തിന്റെ സംഭരണിയായും  സമർപ്പിതാത്മാവുകളുടെ സംരക്ഷകൻ ആയും അവിടുന്ന് ആവിർഭവിക്കുന്നു.അവിടന്ന് അപരിമിതമായ ശക്തിയുള്ളവനാണ്, പക്ഷെ,  ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക് അങ്ങയെ സമീപിക്കാനാവില്ല. ഞാനെന്റെ സാദര  പ്രണാമങ്ങൾ വീണ്ടും വീണ്ടും അങ്ങേക്കായി അർപ്പിക്കുന്നു.

 

ശ്ലോകം  29

നായം വേദ സ്വമാത്മാനം യച്ഛക്ത്യാഹംധിയാ ഹതം

തം ദുരത്യയമാഹാത്മ്യം ഭഗവന്തമിതോfസ്മ്യഹം

വിവർത്തനം

ഈശ്വരന്റെ  അംശവും ഭാഗവുമായ ജീവൻ,  ജീവിതത്തിന്റെ  ശാരീരിക സങ്കല്പം നിമിത്തം ആരുടെ മായാശക്തിയാൽ ആണോ അവന്റെ യഥാർത്ഥ വ്യക്തിത്വം വിസ്മരിക്കുന്നത്,  ആ പരമദിവ്യോത്തമ പുരുഷനായ ഭഗവാന്  ഞാനെന്റെ സാദര പ്രണാമങ്ങൾ  അർപ്പിക്കുന്നു. ആരുടെ മഹത്വങ്ങൾ ഗ്രഹിക്കുക ദുഷ്കരമാണോ,  ആ പരമദിവ്യോത്തമ പുരുഷൻ ഭഗവാനെ ഞാൻ ശരണം പ്രാപിക്കുന്നു.

No comments:

Post a Comment