Home

Saturday, November 21, 2020

ഗോവർധന പർവ്വതത്തിന്റെശക്തികളും മഹിമകളും




 ഗോവർധന പർവ്വതത്തിന്റെശക്തികളും മഹിമകളും

 ഗർഗ്ഗ സംഹിതയിൽ നിന്ന് ഉദ്ധൃതം




 ഒരിക്കൽ വിജയൻ എന്ന പേരായ ഒരു ബ്രാഹ്മണൻ തൻറെ മുൻതലമുറക്കാരോടും മഹർഷി മാരോടുള്ള കടപ്പാട് തീർക്കുന്നതിനായി സകല പാപങ്ങളെയും അകറ്റുന്ന പുണ്യസ്ഥലമായ മധുരയിലെത്തി. അവിടെ ചെയ്യാനുള്ള അനുഷ്ഠാനങ്ങൾ എല്ലാം പൂർത്തിയാക്കിയതിനുശേഷം ഗോവർധന പർവ്വതത്തിൽ നിന്ന് ഒരു ശിലാ ഖണ്ഡത്തെ തൻറെ കൂടെ കൊണ്ടുപോന്നു. വനാന്തരങ്ങളിലൂടെ യാത്ര ചെയ്ത അദ്ദേഹം ഒടുവിൽ വ്രജ ഭൂമിയുടെ അതിർത്തിയെ പിന്നിട്ടു. അപ്പോൾ ഭീകരരൂപിയായ ഒരു രാക്ഷസൻ തൻറെ നേരെ പാഞ്ഞടടുക്കുന്നത് ആ ബ്രാഹ്മണന് കാണ്മാനായി. ആ ഭയങ്കര സത്ത്വത്തിന് 3 ശിരസ്സുകളും, 3 വക്ഷസ്സും,6 പാദങ്ങളും, 6 ഹസ്തങ്ങളും,ഭീമാകാരമായ അധരങ്ങളും, നാസികയും ഉണ്ടായിരുന്നു. അവൻറെ ഹസ്തങ്ങൾ ആകാശത്തിലേക്ക് ഉയർത്തിയിരുന്നു. ഏഴടിയോളം വലിപ്പമുള്ള നാക്ക് അങ്ങുമിങ്ങും ചുറ്റി കൊണ്ടിരുന്നു. അവൻറെ ദേഹത്തിലെ രോമങ്ങൾ കൂർത്ത മുള്ളുകൾ പോലെ ഉയർന്നുനിന്നിരുന്നു. കണ്ണുകൾ രക്തവർണ്ണമുള്ളതും ,ദംഷ്ട്രങ്ങൾ ദീർഘമായതും  വളഞ്ഞതുമായിരുന്നു. ബ്രാഹ്മണനെ ഭക്ഷിക്കാനാഗ്രഹിച്ച അവൻ പാഞ്ഞടുത്തു. ബ്രാഹ്മണൻ ആകട്ടെ കയ്യിലുള്ള ഗോവർധന ശിലയാൽ ആ രാക്ഷസനെ ശിരസ്സിൽ മർദ്ദിച്ചു. ഗോവർധന ശിലയാൽ താടനം ചെയ്യപ്പെട്ട ആ രാക്ഷസൻ തൻറെ ശരീരം വെടിഞ്ഞ് മേഘ വർണ്ണവും അതീവ സുന്ദരവുമായ രൂപത്തെ പ്രാപിച്ചു. പീതാംബരധാരിയായ അവൻറെ നയനങ്ങൾ താമരയിതൾ പോലെ മനോജ്ഞമായും വക്ഷസ്സ് വനമാലമാലയാൽ അലംകൃതമായും കാണപ്പെട്ടു. കിരീടധാരിയായി ,ഓടക്കുഴലും മാടുമേയ്ക്കുന്ന കോലും കയ്യിലേന്തി,മറ്റൊരു കാമദേവനെ പോലെ പ്രതീതമായ അവൻറെ എല്ലാ സവിശേഷതകളും ഭഗവാൻ കൃഷ്ണനോട് സദൃശ്യമായി കാണപ്പെട്ടു. കൂപ്പുകൈകളോടെ അവൻ ആ ബ്രാഹ്മണനെ വീണ്ടും വീണ്ടും പ്രണമിച്ചു. മുക്താത്മാവായി തീർന്ന ആ വ്യക്തി ഇപ്രകാരം ഉരിയാടി ."അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ  അങ്ങ് മറ്റുള്ളവരുടെ പരമഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവനാണ്. അല്ലയോ ഉദാരമതിയായ ബ്രാഹ്മണ വര്യാ, അങ്ങ് എന്നെ ഒരു രാക്ഷസന്റേതായ ജീവിതത്തിൽ നിന്ന് രക്ഷിച്ചു. ഈ മഹാ ഭാഗ്യം എനിക്ക് വന്നുചേർന്നത് ഈ ശിലയാൽ എന്നെ സ്പർശിച്ചതിനാൽ മാത്രമാണ്."


 ബ്രാഹ്മണൻ ഇപ്രകാരം പ്രതിവചിച്ചു "നിൻറെ വാക്കുകൾ കേട്ട് എനിക്ക് അത്ഭുതം തോന്നുന്നു. നിന്നെ മുക്തനാക്കാൻ വണ്ണം ശക്തി എനിക്കില്ല . അങ്ങിനെയിരിക്കെ ഈ ശിലയുടെ സ്പർശനമാത്രത്തിൽ തന്നെ ഇത് എങ്ങനെ സംഭവിച്ചു?ദയവായി വിശദീകരിച്ചാലും."


മുക്ത ആത്മാവ് പറഞ്ഞു.


" പർവ്വതങ്ങളുടെയെല്ലാം രാജാവായ മഹത്തായ ഗോവർധന പർവതം ഭഗവാൻ ശ്രീകൃഷ്ണൻ വ്യക്തി സ്വരൂപമാണ് . ഗോവർധനത്തിന്റെ ദർശന മാത്രയിൽ തന്നെ ഒരുവന് പരമ ഗതി നേടുവാൻ സാധിക്കും (10.15)


 ഗോവർദ്ധന പർവ്വതത്തെ ദർശിക്കുന്ന ഒരുവന് ഗന്ധമാദന പർവ്വതത്തിൽ തീർത്ഥാടനം നടത്തുന്നതിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മടങ്ങ് ഫലം ലഭിക്കുന്നതാണ്(10.16).


 കേദാര പർവ്വതത്തിൽ അയ്യായിരം വർഷം തപോവ്രതങ്ങൾ അനുഷ്ഠിച്ചാൽ ലഭിക്കുന്ന അതേ ഫലം ഗോവർധന പർവ്വതത്തിൽ ഒരു നിമിഷ നേരത്തിൽ നേടാൻ സാധിക്കും(10.17).


 ഗോവർധന പർവ്വതത്തിൽ ഒരു മാസം താമസിക്കുമ്പോൾ ലഭിക്കുന്ന പുണ്യഫലം മലയ പർവ്വതത്തിൽ വെച്ച് ഒരു കൂട സ്വർണം ദാനം ചെയ്യുന്നതിനേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് വലുതാണ് (10.18).


നൂറുകണക്കിന് പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഒരുവൻ മംഗള പർവ്വതത്തിൽ വെച്ച് സ്വർണം ദാനമായി നൽകിയാൽ പ്രസ്തുത വ്യക്തിക്ക് ഭഗവാൻ വിഷ്ണുവിന് സദൃശമായ ആത്മീയ ശരീരം ലഭിക്കുന്നു. എന്നാൽ ഗോവർധനത്തെ ഒരു നോക്ക് കാണുന്നതുകൊണ്ട് മാത്രം ഇതേ ഫലം ലഭിക്കുന്നു. ഗോവർധന പർവതത്തോളം പരിപാവനമായി ഒരു തീർത്ഥ സ്ഥാനവുമില്ല.

(10.19,20).


അല്ലയോ ബ്രാഹ്മണാ ഗോവർധനത്തെ സന്ദർശിക്കുന്ന ഒരുവൻ ഋഷിക,കുടക,കോലാക മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു ആയിരക്കണക്കിന് ബ്രാഹ്മണർ ബ്രാഹ്മണരെ ആരാധിച്ച് സ്വർണ്ണം കെട്ടിച്ച കൊമ്പുകളോട് കൂടിയ, 10 ദശലക്ഷം ഗോക്കളെ ദാനം ചെയ്ത ഫലത്തെ പ്രാപ്തമാക്കുന്നു.

(10.21,22).


 ഗോവർധന ത്തിലേക്ക് തീർത്ഥാടനത്തിന് പോകുന്ന വഴി ഒരുവൻ ഋശ്യ മുഖത്തിലോ ദേവഗിരിയിലോ തീർത്ഥാടനം നടത്തുമ്പോൾ ലഭിക്കുന്ന അതിനേക്കാൾ ദശലക്ഷക്കണക്കിനു മടങ്ങ് കൂടുതലാണ്. ഗോവർധനത്തിനോട് തുല്യമായ ഒരു തീർത്ഥ സ്ഥലമില്ല. ഇനി ഉണ്ടാവുകയുമില്ല.

(10.23,24)


 ശ്രീശൈലത്തിലെ വിദ്യാധര കുണ്ഡത്തിൽ പ്രതിദിനം പത്തുവർഷത്തോളം സ്നാനം ചെയ്യുന്ന ഒരുവൻ 100 യജ്ഞനങ്ങൾ ചെയ്ത പുണ്യ ഫലത്തെ പ്രാപ്തമാക്കുന്നു. എന്നാൽ ഗോവർധന പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന പുച്ഛ കുണ്ടത്തിൽ ഒരു തവണ സ്നാനം ചെയ്യുന്ന ഒരുവന് 10 ദശലക്ഷം യജ്ഞങ്ങൾ അനുഷ്ഠിച്ചത് ബലത്തെ പ്രാപ്തമാക്കാൻ സാധിക്കുന്നു ഇതിൽ സംശയമേതുമില്ല

(10.25,26).


 

അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ തീർത്ഥ നദിയിൽ സ്നാനം ചെയ്യുക, കർമ്മങ്ങൾ ചെയ്യുക, വ്രതങ്ങൾ അനുഷ്ഠിക്കുക പുണ്യ പ്രവൃത്തികൾ ചെയ്യുക തുടങ്ങിയവയെല്ലാം


1 രാമ നവമി ദിവസം ചിത്രകൂട പർവ്വതത്തിലോ

 2.വൈശാഖമാസത്തിലെ മൂന്നാം ദിവസത്തിൽ പരിയാത്രയിലോ

3.പൗർണമി ദിവസം കുകുര പർവ്വതത്തിലോ

 4.ദ്വാദശി ദിവസം നീല പർവ്വതത്തിലോ

 5.സപ്തമി ദിവസം ഇന്ദ്രകീലത്തിലോ 


ചെയ്താൽ വളരെ ശ്രേഷ്ഠമായ ഫലത്തെ പ്രാപ്തമാക്കാനാവും. ഈ പുണ്യ ഫലങ്ങളെ 10 ദശലക്ഷം തവണ ഗുണിച്ചാൽ കിട്ടുന്ന ഫലം ഭാരത വർഷത്തെ സന്ദർശിച്ചാൽ മാത്രം ലഭിക്കുന്നതാണ്. ഈ സംഖ്യയെ അപരിമിതമായ സംഖ്യ കൊണ്ട് ഗുണിച്ചാൽ ലഭിക്കുന്ന ഫലം ഗോവർധന പർവ്വതത്തെ സന്ദർശിക്കുന്നത് കൊണ്ട് മാത്രം ലഭ്യമാകുന്നതാണ് .

(10.29-31)


ഏതൊരു വ്യക്തി ഭഗവാൻ കൃഷ്ണനെ സ്മരിച്ചുകൊണ്ട് ഗോവിന്ദ കുണ്ഡത്തിൽ സ്നാനം ചെയ്യുന്നുവോ, ആ വ്യക്തിക്ക് ഭഗവാൻ കൃഷ്ണൻ ആത്മീയ ശരീരത്തിന് സദൃശമായ ദേഹം ലഭിക്കുന്നു. ഇതിൽ  സംശയമേതുമില്ല.

(10.39)



 ആയിരക്കണക്കിന്  അശ്വമേധ യജ്ഞങ്ങളും നൂറുകണക്കിന് രാജസൂയ യജ്ഞങ്ങളും ഗോവർധനത്തിലെ മാനസീ ഗംഗയെ സന്ദർശിക്കുന്നതിനു തുലനം ചെയ്യുവാനാവില്ല. (10.40)"


"അല്ലയോ ബ്രാഹ്മണാ, അങ്ങ് ഗോവർധന പർവ്വതത്തെ നേരിട്ട് കണ്ടിട്ടുള്ളതും സ്പർശിച്ചിട്ടുള്ളതുമാണ്. അങ്ങ് ഗോവർധന പർവ്വതത്തിന്റെ പുണ്യ ശീതളമായ ജലത്തിൽ സ്നാനം ചെയ്തിട്ടുള്ളതാണ്. ഈ ലോകത്തിൽ അങ്ങയേക്കാൾ ഭാഗ്യശാലികയി ആരുമില്ല.


 അങ്ങേയ്ക്ക് എൻറെ വാക്കുകളിൽ വിശ്വാസമില്ലെങ്കിൽ ഗോവർധന ശിലയുടെ സപർശന മാത്രയിൽ തന്നെ കൃഷ്ണ സദൃശ്യമായ അതീന്ദ്രിയ രൂപം നേടിയ ഈ പാപിയുടെ കഥ പരിഗണിച്ചാലും. ആ മുക്ത ആത്മാവിന്റെ വാക്കുകൾ കേട്ട ബ്രാഹ്മണൻ അത്ഭുതസതബ്ദനായി.


 അപ്പോൾ ഗോവർധന ത്തിൻറെ ശക്തിയേയും മാഹാത്മ്യത്തെയും കുറിച്ച് ജ്ഞാനമുള്ള ആ മുക്താത്മാവിനോട് ബ്രാഹ്മണൻ മറ്റൊരു ചോദ്യം ഉന്നയിച്ചു.


 ബ്രാഹ്മണൻ ഉര ചെയ്തു" കഴിഞ്ഞ ജന്മത്തിൽ അങ്ങ് ആരായിരുന്നു? എന്ത് പാപ പ്രവൃത്തിയുടെ ഫലമായാണ് അങ്ങേയ്ക്ക് രാക്ഷസ ശരീരം പ്രാപ്തമായ ത് ?അല്ലയോ ഭാഗ്യശാലിയായ മഹാത്മാവേ അങ്ങേയ്ക്ക് ഈ പറഞ്ഞതെല്ലാം ദർശിക്കുവാൻ ഉള്ള ആത്മീയ ചക്ഷു കൾ ഉള്ളതിനാൽ ദയവായി അരുളി ചെയ്താലും."


ആ മുക്ത ആത്മാവ് പ്രതിവചിച്ചു


 'എൻറെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ധനികനായ ഒരു വൈശ്യന്റെ പുത്രനായിരുന്നു .എൻറെ ബാല്യകാലത്തിലിരുന്ന് തന്നെ ഞാൻ ചൂതു കളിക്കുന്നതിൽ നിർബന്ധബുദ്ധിയുള്ള വന്നായിരുന്നു. പിന്നീട് ഞാൻ അതീവ ദുരാചാരിയും, വിഷയലമ്പടനും , മദ്യപാനിയും, വേശ്യാ സ്ത്രീകളെ പിന്തുടരുന്നവനുമായി തീർന്നു. അല്ലയോ ബ്രാഹ്മണാ, എൻറെ അച്ഛനും, അമ്മയും, ഭാര്യയും എന്നെ പലപ്രാവശ്യം താക്കീത് നൽകി ഗുണദോഷിച്ചു. അങ്ങിനെ ഒരു ദിവസം എന്റെ മാതാപിതാക്കളെ ഞാൻ വിഷംകൊടുത്തു മരണത്തിനിരയാക്കി .എൻറെ പത്നിയെ ഒരു പാതയോരത്തിൽ വച്ച് ഖഡ്ഗത്താൽ വധിച്ചു.  അവരുടേതായ എല്ലാ ധനവും സമ്പാദ്യവും എടുത്തു എൻറെ കാമിനിയായ വേശ്യയോടൊപ്പം ദക്ഷിണ ദേശത്തിലേക്ക് പോയി. അവിടെ നിർദ്ദയനായ ഒരു ചോരനായി മാറി. പിന്നീട് വേശ്യാ സ്ത്രീയെ അന്ധകാര നിബിഡമായ ഒരു പൊട്ട കിണറ്റിൽ എറിഞ്ഞു കൊന്നു.


 മോഷണത്തിനിടയിൽ നൂറുകണക്കിനാളുകളെ ഞാൻ കയറിനാൽ യമ ലോകത്തേക്ക് അയച്ചു. അല്ലയോ ബ്രാഹ്മണാ പണത്തിനുവേണ്ടി ആർത്തിപൂണ്ട് പിടിച്ചുപറിക്കാരൻ ആയ ഞാൻ നൂറുകണക്കിന് ബ്രാഹ്മണരേയും, ആയിരക്കണക്കിന് ക്ഷത്രിയരേയും വൈശ്യരേയും ശൂദ്രരേയും വധിച്ചു. ഒരുനാൾ വനാന്തരത്തിൽ മാനിനെ വേട്ടയാടവെ  ഒരു സർപ്പത്തെ ഞാൻ ചവിട്ടി. അങ്ങിനെ സർപ്പദംശത്താൽ  ഞാൻ ദേഹം വെടിഞ്ഞു. ഭയാനകരൂപികളായ യമദൂതന്മാർ അതിഭയങ്കരമായ ഗദകളാൽ എന്നെ മർദ്ദിച്ചു,അതീവ എന്നെ ബന്ധനസ്ഥനാക്കി ആയിരുന്ന എന്നെ വലിച്ചിഴച്ചു നരകത്തിലേക്ക് കൊണ്ടു പോയി .കുംഭീപാകം എന്ന പേരായ അതിഭയാനകമായ ഒരു നരകത്തിൽ ഞാൻ വീണു. അവിടെ ഒരു മന്വന്തര കാലത്തോളം കഴിഞ്ഞു.ഒരു കൽപ്പ കാലത്തോളം ചുട്ടുപഴുത്ത ഇരുമ്പിനാൽ നിർമ്മിതമായ സ്ത്രീ രൂപത്തെ ആലിംഗനം ചെയ്യാൻ ഞാൻ നിർബന്ധിതനായി. ഞാൻ വളരെയധികം യാതനകൾ അനുഭവിച്ചു.യമരാജന്റ ഇച്ഛയാൽ  80, 400,000 തരത്തിലുള്ള നരകങ്ങളിൽ ഞാൻ എറിയപ്പെട്ടു.

 

പിന്നീട് എന്റെ കർമ്മഫലങ്ങൾ എന്നെ ഭാരത ഭൂമിയിലേക്ക് കൊണ്ടുവന്നു. 10 ജന്മങ്ങൾ ഞാൻ ഒരു പന്നിയായിരുന്നു. നൂറു ജന്മങ്ങളോളം ഒരു കടുവയായിരുന്നു. ഇനിയൊരു നൂറു ജന്മം ഒട്ടകമായി.മറ്റൊരു 100 ജന്മം ഒരു പോത്ത് ആയിമാറി. ഒരായിരം ജന്മങ്ങൾ ഞാൻ സർപ്പമായി ജീവിച്ചു. ദുഷ്ടരായ മനുഷ്യർ എന്നെ വീണ്ടും വീണ്ടും വധിച്ചു. 10000 വർഷങ്ങളോളം നീണ്ടുനിന്ന ഈ പുനർ ജന്മങ്ങൾക്ക് ശേഷം, വിരൂപിയും ദുഷ്ടനുമായ ഒരു രാക്ഷസനായി, ഒരു മരുഭൂമിയിൽ ഞാൻ ജന്മമെടുത്തു.


 ഒരു നാൾ ഒരു ശൂദ്ര രൂപം ധരിച്ച് ഞാൻ വ്രജത്തിലേക്ക് പോയി ഭഗവാൻ കൃഷ്ണൻ അതീവസുന്ദരൻമാരായ കൂട്ടുകാർ അവരുടെ കയ്യിലുള്ള വടികൊണ്ട് എന്നെ മാരകമായി മർദ്ദിച്ചു.  പ്രാണഭയത്താൽ ഞാൻ അവിടെ നിന്നും ഓടിപ്പോയി. ദിവസങ്ങളോളം അന്നാഹാരമില്ലാതെ വിശന്നുവലഞ്ഞ ഞാൻ അങ്ങയെ ഭക്ഷിക്കാനായി പാഞ്ഞടുത്തു. അപ്പോൾ എന്നെ ഗോവർധന ശിലയാൽ അങ്ങ് താഡിച്ചു. ഭഗവാൻ കൃഷ്ണന്റ കാരുണ്യത്താൽ ഞാൻ മോക്ഷത്തെ പ്രാപിച്ചു.


 ആ മുക്താത്മാവ് ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കെ, സഹസ്ര സൂര്യന്മാരുടെ തേജസ്സോടുകൂടിയതും പതിനായിരം കുതിരകളാൽ വലിക്കപ്പെട്ടതുമായ ഒരു രഥം ഗോലോക വൃന്ദാവനത്തിൽ നിന്നും അവിടെ ആഗതമായി. ആ രഥത്തിന്റെ ആയിരക്കണക്കിന് ചക്രങ്ങളുടെ ഇരമ്പലിനാൽ അന്തരീക്ഷം മുഖരിതമായി. ആ രഥം നൂറായിരക്കണക്കിന് ഭഗവദ് സഹചാരികളാൽ നിറഞ്ഞിരുന്നു. വിവിധയിനം മണികളാലും കിലുക്കമുള്ള ആഭരണങ്ങളാലും തോരണങ്ങളാലും മാല്യങ്ങളായും അലംകൃതമായ മനോഹരമായ ഒരു രഥമായിരുന്നു അത് .ആ രഥത്തിൽ കാലെടുത്തുവച്ച നിമിഷത്തിൽ തന്നെ എല്ലാ ഭൗതികാസക്തിയിൽ നിന്നും മുക്തനായ  ആ ആത്മാവ് ഭഗവാൻ കൃഷ്ണന്റെ നയനാഭിരാമവുമായ  പ്രീതി പ്രദവും മനോജ്ഞവുമായ ആരാമങ്ങളാൽ നിബിഡവും എല്ലാ ആത്മീയ ലോകങ്ങളിലും വെച്ച് ഉന്നതവുമായ കൃഷ്ണ ലോകം പൂകി.


 അതിനുശേഷം ബ്രാഹ്മണൻ ഗിരിവര്യന്മാരാലാൽ ആരാധിക്കപ്പെടുന്ന ഗോവർധന പർവതത്തിലേക്ക് തിരിച്ചു പോയി. ഗോവർധത്തിൻറെ മഹിമകളെ പറ്റി പൂർണ ബോധ്യം വന്ന ബ്രാഹ്മണൻ ആ ഗിരിരാജനെവീണ്ടും വീണ്ടും പ്രണമിച്ചു . അതിനുശേഷം സ്വഗൃഹത്തിലേക്ക് തിരിച്ചുപോയി . 


ഭഗവാൻ കൃഷ്ണന്റെ നവ നവമായ അതീന്ദ്രിയ ലീലകളാൽ നിറക്കപ്പെട്ട ഗോവർധനത്തിൻറെ മഹിമകളെ ശ്രവിക്കുന്ന ഒരുവൻ ഈ ജന്മത്തിൽ ഇന്ദ്രനെ പോലെ ഭാഗ്യശാലിയും പിന്നീട് നന്ദമഹാരാജാവിനെ പോലെ സൗഭാഗ്യ ശാലിയും ആയി തീരും.(11.16)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment