Home

Tuesday, November 24, 2020

മുചുകുന്ദ മഹാരാജാവിന്റ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 10 / അദ്ധ്യായം 63 / ശ്ലോകം 45-57

*******************************************************************************************

ശ്ലോകം 45

ശ്രീ മുചുകുന്ദ ഉവാച

വിമോഹിതോ£ യം  ജന ഈശ! മായയാ

ത്വദീയയാ ത്വാം ന ഭജത്യനർത്ഥദൃക്

സുഖായ ദുഃഖപ്രഭവേഷു സജ്ജതേ

ഗൃഹേഷു യോഷിത് പുരുഷശ്ച വഞ്ചിതഃ

വിവർത്തനം

ശ്രീ മുചുകുന്ദൻ പറഞ്ഞു: ഹേ ഭഗവൻ, ഈ ഭൂമിയിലെ സ്ത്രീപുരുഷന്മാരുൾപ്പെടുന്ന എല്ലാ ജനങ്ങളും അങ്ങയുടെ മായാശക്തിയാൽ വിമോഹിതരാണ്. എന്താണ് യഥാർത്ഥ ശ്രയസ്സെന്ന് തിരിച്ചറിയാത്തതിനാൽ അങ്ങയെ ഭജിക്കാതെ അവർ കുടുംബവ്യവഹാരങ്ങളിൽ കുരുങ്ങി ആനന്ദമന്വേഷിച്ച് വഞ്ചിതരാകുന്നു. അവയാകട്ടെ യഥാർത്ഥത്തിൽ ദുഃഖത്തിന്റെ പ്രഭവങ്ങളാകുന്നു.

 

ശ്ലോകം 46

ലബ്ധ്വാ ജനോ ദുർല്ലഭമത്ര മാനുഷം

കഥഞ്ചിദവ്യംഗമയത്നതോ £ നഘ!

പാദാരവിന്ദം ന ഭജത്യസന്മതിർ-

ഗൃഹാന്ധകൂപേ പതിതോ യഥാ പശുഃ

വിവർത്തനം

ദുർലഭമായ മനുഷ്യജന്മം ലഭിച്ചിട്ടും അങ്ങയെ ഭജിക്കാത്ത ഒരുവൻ മലിനമായ മനോബുദ്ധിയുള്ളവനാണ്. അന്ധകൂപത്തിലകപ്പെട്ട ഒരു മൃഗത്തെപ്പോലെ അയാൾ ഗൃഹമാകുന്ന അന്ധകൂപത്തിൽ പതിച്ചിരിക്കുന്നു.

 

ശ്ലോകം 47

മമൈഷ കാലോ£ജിത! നിഷ്ഫലോ ഗതോ

രാജ്യശ്രിയോന്നദ്ധമദസ്യ ഭൂപതേഃ

മർത്ത്യാത്മബുദ്ധേഃ സുതദാരകോശഭൂ-

ഷ്വാസജ്ജമാനസ്യ ദുരന്തചിന്തയാ

 

 

വിവർത്തനം

ഹേ, അജയ്യനായ ഭഗവാനേ, ഒരു രാജാവെന്ന നിലയിൽ എനിക്കുള്ള അധികാരവും സമ്പത്തും കാരണം കൂടുതൽ കൂടുതൽ മത്തനായി ഞാൻ കാലം മുഴുവൻ പാഴാക്കി. ഈ നശ്വരദേഹം ഞാനാണെന്നു തെറ്റിദ്ധരിച്ച് മക്കൾ, ഭാര്യമാർ, ഖജനാവ്, ഭൂമി എന്നിവയിൽ മമതയേറിയിട്ട് ഞാൻ അവസാനമില്ലാത്ത ഉത്കണ്ഠയനുഭവിച്ചു.

 

ശ്ലോകം 48

കളേബരേ£ സ്മിൻ ഘടകുഡ്യസന്നിഭേ

നിരൂഢമാനോ നരദേവ ഇത്യഹം

വൃതോ രഥേഭാശ്വപദാത്യനീകപൈർ-

ഗാം പര്യടംസ്ത്വാഗണയൻസുദുർമ്മദഃ

 

വിവർത്തനം

ഒരു കുടമോ ചുമരോ പോലുള്ള ഒരു ഭൗതികവസ്തു മാത്രമായ ഈ ശരീരമാണ് താനെന്ന് അഹങ്കാരത്തോടെ ഞാൻ കരുതി. മനുഷ്യർക്കിടയിലെ ദേവനാണു ഞാനെന്നു ചിന്തിച്ചുകൊണ്ട്, തേരും കുതിരയും ആനയും കാലാൾപ്പടയും സേനാധിപന്മാരുമൊത്ത് എന്റെ ഗർവ്വ് കൊണ്ടുണ്ടായ മതി ഭ്രമത്താൽ അങ്ങയെ അവഗണിച്ചുകൊണ്ട് ഞാൻ ലോകം ചുറ്റി.

 

ശ്ലോകം 49

പ്രമത്തമുച്ചൈരിതികൃത്യചിന്തയാ

പ്രവൃദ്ധലോഭം വിഷയേഷു ലാലസം

ത്വമപ്രമത്തഃ സഹസാഭിപദ്യസേ

ക്ഷുല്ലേലിഹാനോ£ ഹിരിവാഖുമന്തകഃ

വിവർത്തനം

ഇനിയെന്താണു ചെയ്യേണ്ടതെന്നുള്ള ചിന്തയാൽ മത്തു പിടിച്ച് ഇന്ദ്രിയസുഖങ്ങളിൽ ആനന്ദം കണ്ടെത്തി നടന്ന ഒരു വ്യക്തി പെട്ടെന്ന് അങ്ങയെ അഭിമുഖീകരിക്കുന്നു. അങ്ങ് സദാജാഗരൂകനാണ്. വിശപ്പിനാൽ വിഷപ്പല്ലു നക്കി നടക്കുന്ന പാമ്പ് എലിയുടെ മുന്നിലെന്നപോലെ ആ പുരുഷന്റെ മുന്നിൽ കാലനായി അങ്ങ് പ്രത്യക്ഷപ്പെടുന്നു.

 

ശ്ലോകം 50

പുരാ രഥൈർഹേമപരിഷ്കൃതൈശ്ചരൻ

മതംഗജൈർവാ നരദേവസംജ്ഞിതഃ

സ ഏവ കാലേന ദുരത്യയേന തേ

കളേവരോ വിട്കൃമിഭസ്മസംജ്ഞിതഃ

വിവർത്തനം

പണ്ട് മത്തഗജങ്ങളുടെ പുറത്തും സ്വർണ്ണരഥങ്ങളിലും സഞ്ചരിച്ച “രാജാവ് എന്ന് അറിയപ്പെട്ട ആ ശരീരം തന്നെ അങ്ങയുടെ പ്രതിരോധിക്കാനാവാത്ത കാലത്തിന്റെ ശക്തിയാൽ “മലം", “കൃമി, “ഭസ്മം എന്നൊക്കെ വിളിക്കപ്പെടുന്നു.

 

ശ്ലോകം 51

നിർജ്ജിത്യ ദിക്ചക്രമഭൂതവിഗ്രഹോ

വരാസനസ്ഥഃ സമരാജവന്ദിതഃ

ഗൃഹേഷു മൈഥുന്യസുഖേഷു യോഷിതാം

ക്രീഡാമൃഗഃ  പൂരുഷ ഈശ! നീയതേ

വിവർത്തനം

എല്ലാ ദിക്കുകളെയും ജയിച്ച് എതിരാളികൾ ഇല്ലാതെ, പണ്ട് സമന്മാരായിരുന്ന രാജാക്കന്മാരാൽ വാഴ്ത്തപ്പെട്ട് ശ്രേഷ്ഠമായ രാജസിംഹാസനത്തിൽ ഇരിക്കുന്നവനും രതിസുഖം  ച്ചലഭിക്കുന്ന സ്ത്രീകളുടെ കിടപ്പറയിൽ കയറിയാൽ അവരുടെ വളർത്തുമൃഗത്തെപ്പോലെയായിത്തീരുന്നു.

 

ശ്ലോകം 52

കരോതി കർമ്മാണി തപസ്സുനിഷ്ഠിതോ

നിവൃത്തഭോഗസ്തദപേക്ഷയാ ദദത്

പുനശ്ച ഭൂയാസയമഹം സ്വരാഡിതി

പ്രവൃദ്ധതർഷോ ന സുഖായ കല്പതേ

വിവർത്തനം

ഇപ്പോഴനുഭവിക്കുന്നതിനെക്കാൾ കൂടുതൽ ശക്തിയും അധികാരവും ലഭിക്കണമെന്ന ആഗ്രഹത്താൽ രാജാക്കന്മാർ വ്രതങ്ങളനുഷ്ഠിച്ചും ഭോഗങ്ങളെ ഉപേക്ഷിച്ചും വളരെ കർശനമായി തങ്ങളുടെ കടമകൾ നിർവഹിക്കുന്നു. “ഞാൻ സ്വതന്ത്രനും പരമാധികാരിയുമാണ് എന്നു ചിന്തിക്കുന്ന അവരുടെ ആഗ്രഹങ്ങൾ വളരെ അനിയന്ത്രിതമാകയാൽ അവർക്കൊരിക്കലും സന്തോഷം ലഭിക്കുന്നില്ല.

 

ശ്ലോകം 53

ഭവാപവർഗ്ഗോ ഭ്രമതോ യദാ ഭവേജ്-

ജനസ്യ തർഹ്യച്യുത! സത്സമാഗമഃ

സത്സംഗമോ യർഹി തദൈവ സദ്ഗതൗ

പരാവരേശേ ത്വയി ജായതേ മതിഃ

 

 

വിവർത്തനം

ഇങ്ങനെ അലഞ്ഞ് നടക്കുന്ന ഒരാത്മാവിന്റെ ഭൗതികജന്മം അവസാനിക്കുമ്പോൾ ഹേ അച്യുതാ, അയാൾക്ക് അങ്ങയുടെ ഭക്തരുമായി സംഗമുണ്ടായേക്കാം. അവരുമായി സംസർഗ്ഗത്തിലേർപ്പെടുമ്പോൾ അവന് ഭക്തന്മാരുടെ പരമലക്ഷ്യവും സർവ്വത്തിന്റെയും കാരണവും ഫലവും ആയ അങ്ങയിൽ ഭക്തി ഉണരുന്നു.

ശ്ലോകം 54

മന്യേ മമാനുഗ്രഹ ഈശ! തേ കൃതോ

രാജ്യാനുബന്ധാപഗമോ യദൃച്ഛയാ

യഃ പ്രാർത്ഥ്യതേ സാധുഭിരേകചര്യയാ

വനം വിവിക്ഷദ്ഭിരഖണ്ഡഭൂമിപൈഃ

വിവർത്തനം

പ്രഭോ, എനിക്ക് രാജ്യത്തോടുള്ള മമത സ്വാഭാവികമായി ഇല്ലാതായത് അങ്ങയുടെ കരുണ കൊണ്ടാണെന്ന് ഞാൻ കരുതുന്നു. വൻ സാമാജ്യങ്ങളുടെ ശ്രേഷ്ഠരായ ഭരണാധിപന്മാർ ഏകാന്തജീവിതം നയിക്കാൻ വനം പൂകാനാഗ്രഹിക്കുന്ന വേളയിൽ പ്രാർത്ഥിക്കുന്നത് ഈ സ്വാതന്ത്യത്തിനു വേണ്ടിയാണ്.

 

ശ്ലോകം 55

ന കാമയേ£ ന്യം തവ പാദസേവനാ-

ദകിഞ്ചനപ്രാർത്ഥ്യതമാദ്വരം വിഭോ!

ആരാധ്യ കസ്ത്വാം ഹ്യപവർഗ്ഗദം ഹരേ!

വൃണീത ആര്യോ വരമാത്മബന്ധനം

വിവർത്തനം

ഹേ സർവ്വശക്താ, അങ്ങയുടെ പാദാരവിന്ദങ്ങളെ സേവിക്കുന്നതൊഴികെയുള്ള ഒരു വരവും ഞാനാഗ്രഹിക്കുന്നില്ല, ഭൗതികാസക്തികൾ വെടിഞ്ഞവരൊക്കെ ആശിക്കുന്നത് അതിനു വേണ്ടിയാണല്ലോ. അല്ലയോ മോക്ഷപ്രദായകനായ ശ്രീ ഹരീ, ആത്മാവബോധം ലഭിച്ച് അങ്ങയെ ആരാധിക്കുന്ന ഏതൊരുവനാണ് ബന്ധനത്തിനു കാരണമാകുന്ന വരം ചോദിക്കുക?

 

ശ്ലോകം 56

തസ്മാദ്വിസൃജ്യാശിഷ ഈശ! സർവ്വതോ

രജസ്തമസ്സത്ത്വഗുണാനുബന്ധനാഃ

നിരഞ്ജനം നിർഗ്ഗുണമദ്വയം പരം

ത്വാം ജ്ഞാപ്തിമാത്രം പുരുഷം വ്രജാമ്യഹം

 

 

വിവർത്തനം

അതിനാൽ സത്വരജസ്തമോഗുണങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഭൗതികമോഹങ്ങളും വെടിഞ്ഞ് പരമപുരുഷനായ അങ്ങയെ ഞാൻ അഭയം പ്രാപിക്കുന്നു. നിരഞ്ജനനും നിർഗുണനും പരമനിരപേക്ഷസത്യവും ശുദ്ധജ്ഞാനസ്വരൂപനുമാണങ്ങ്.

 

ശ്ലോകം 57

ചിരമിഹ വൃജിനാർത്തസ്തപ്യമാനോ£ നുതാപൈ-

രവിതൃഷഷഡമിത്രോ£ ലബ്ധശാന്തിഃ കഥഞ്ചിത്

ശരണദ! സമുപേതസ്ത്വത്പദാബ്ജം പരാത്മ-

ന്നഭയമൃതമശോകം പാഹി മാ££ പന്നമീശ

 

വിവർത്തനം

ഏറെക്കാലമായി ഈ ലോകത്തിലെ കഷ്ടപ്പാടുകളാൽ പീഡിതനായി ഞാൻ വ്യസനിച്ചു. തൃപ്തിപ്പെടുത്താനാകാത്ത എന്റെ ആറ് ശത്രുക്കളാൽ എനിക്ക് ശാന്തി കാണാനായില്ല. അതിനാൽ ഹേ അഭയദായകാ, ഹേ പരമാത്മൻ, എന്നെ രക്ഷിച്ചാലും. ഒരുവനെ ഭയത്തിൽ നിന്നും ശോകത്തിൽ നിന്നും മോചിപ്പിക്കുന്ന സത്യമായ അങ്ങയുടെ പാദങ്ങളെ ഭാഗ്യംകൊണ്ട്, ആപത്തുകൾക്കു നടുവിലും ഞാൻ സമീപിച്ചിരിക്കുന്നു.

No comments:

Post a Comment