Home

Saturday, November 21, 2020

പൃഥു മഹാരാജാവിന്റെ പ്രാർത്ഥനകൾ


 

ശ്രീമദ് ഭാഗവതം

സ്കന്ദം 4 / അദ്ധ്യായം 20 / ശ്ലോകം 23-31

*******************************************************************************************

ശ്ലോകം 23

പൃഥുരുവാച

വരാൻ വിഭോ ത്വദ് വരദേശ്വരാദ്ബുധഃ

കഥം വൃണീതേ ഗുണവിക്രിയാത്മനാം

യേ നാരകാണാമപി സന്തി ദേഹിനാം

താനീശ കൈവല്യപതേ വൃണേ ന ച

വിവർത്തനം

പൃഥു മഹാരാജാവ് പറഞ്ഞു.

"എന്റെ പ്രിയപ്പെട്ട ഭഗവാനേ, വരദായകരായ ദേവന്മാരെക്കാൾ ശ്രേഷ്ഠൻ അങ്ങാകുന്നു. ആയതിനാൽ, പ്രകൃതിയുടെ ഗുണങ്ങളാൽ സംഭ്രമചിത്തരാകുന്ന ജീവസത്തകൾക്ക് ഉദ്ദേശിക്കപ്പെട്ടിട്ടുളള വരങ്ങൾ ജ്ഞാനിയായൊരു വ്യക്തി എന്തിന് അങ്ങയോട് ചോദിക്കണം? അത്തരം അനുഗ്രഹങ്ങൾ നരകീയാവസ്ഥയിൽ ജീവിക്കുന്ന ജീവസത്തകൾക്കുപോലും യാന്ത്രികമായി ലഭ്യമാണ്. എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങേക്ക് അങ്ങയുടെ അസ്തിത്വത്തിൽ അലിഞ്ഞു ചേരാനുള്ള അനുഗ്രഹം നൽകാൻ നിശ്ചയമായും കഴിയും, പക്ഷേ അത്തരമൊരനുഗ്രഹം നേടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

 

ശ്ലോകം 24

ന കാമയേ നാഥ തദപ്യഹം ക്വചി-

ന്ന യത്ര യുഷ്മച്ചരണാംബുജാസവഃ

മഹത്തമാന്തർഹൃദയാന്മുഖച്യുതോ

വിധത്സ്വ കർണ്ണായുതമേഷ മേ വരഃ

 

വിവർത്തനം

എൻറെ പ്രിയപ്പെട്ട ഭഗവാനേ, ആയതിനാൽ അങ്ങയുടെ പാദപങ്കജങ്ങളിലെ അമൃതിന്റെ മധുരമില്ലാത്ത ഒരു വരം -  അങ്ങയുടെ അസ്ഥിത്വത്തിൽ അലിഞ്ഞുചേരുന്ന വരം -  ഞാൻ ആഗ്രഹിക്കുന്നില്ല.  എനിക്ക് കുറഞ്ഞപക്ഷം ഒരു ദശലക്ഷം കാതുകൾ ഉണ്ടാക്കാനുള്ള വരം ലഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങനെയായാൽ, അങ്ങയുടെ പരിശുദ്ധ ഭക്തന്മാരുടെ മുഖങ്ങളിൽ നിന്ന് അങ്ങയുടെ പാദാരവിന്ദങ്ങളെക്കുറിച്ച് ഉതിരുന്ന മഹത്വങ്ങൾ അത്രയും കാതുകളിലൂടെ എനിക്ക് ശ്രവിക്കാൻ കഴിയും.

 

 

 

ശ്ലോകം 25

സ ഉത്തമശ്ലോക മഹന്മുഖച്യുതോ

ഭവത്പദാംഭോജസുധാകണാനിലഃ

സ്മൃതിം പുനർവ്വിസ്മൃതതത്ത്വ വർത്മനാം

കുയോഗിനാം നോ വിതരത്യലം വരൈഃ

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനേ, മഹത് വ്യക്തികൾ തെരഞ്ഞെടുത്ത ശ്ലോകങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു. അത്തരം സ്തുതികൾ അങ്ങയുടെ പാദപങ്കജങ്ങളിലെ കുങ്കുമ പൂവിന്റെ കണികകൾ പോലെയാണ്. മഹാഭക്തന്മാരുടെ വക്ത്രങ്ങളിൽ നിന്നുളള അതീന്ദ്രിയ സ്പന്ദനങ്ങൾ അങ്ങയുടെ പാദാരവിന്ദങ്ങളിലെ കുങ്കുമ സൗരഭ്യം വഹിച്ചുകൊണ്ടു വരുമ്പോൾ, വിസ്മൃതിയിലാണ്ട ജീവസത്ത ക്രമേണ അങ്ങുമായുള്ള അവന്റെ ശാശ്വത ബന്ധത്തിന്റെ സ്മരണയിലേക്ക് ഉണരും. ഭക്തന്മാർ അപ്രകാരം ക്രമാനുഗതമായി ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ശരിയായ നിഗമനത്തിലെത്തും, എന്റെ പ്രിയപ്പെട്ട ഭഗവാനേ, എനിക്ക് അതിനാൽ, അങ്ങയുടെ ഭക്തന്മാരുടെ വക്ത്രങ്ങളിൽ നിന്ന് ശ്രവിക്കാനുളള അവസരമൊഴിച്ച് മറ്റൊരു വരവും ആവശ്യമില്ല.

 

ശ്ലോകം 26

യശഃ ശിവം സുശ്രവ! ആര്യസംഗമേ

യദൃച്ഛയാ ചോപശൃണോതി തേ സകൃത്

കഥം ഗുണജ്ഞോ വിരമേദ് വിനാ പശും

ശ്രീർയത് പ്രവവ്രേ ഗുണസംഗ്രഹേച്ഛയാ

 

വിവർത്തനം

അത്യുന്നത മഹിമയാർന്നവനായ എന്റെ പ്രിയപ്പെട്ട ഭഗവാനേ, ഒരുവൻ പരിശുദ്ധ ഭക്തരുമായുള്ള സഹവാസത്താൽ ഒരിക്കലെങ്കിലും അങ്ങയുടെ കർമങ്ങളുടെ മഹത്വങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ടെങ്കിൽ, അവൻ ഒരു മൃഗമല്ലെങ്കിൽ ഭക്തരോടുളള സംസർഗം ഉപേക്ഷിക്കില്ല, കാരണം, ബുദ്ധിയുള്ള ഒരു വ്യക്തിയും അവരോടുളള സഹവാസം തള്ളിക്കളയാൻ മാത്രം ശ്രദ്ധകെട്ടവരാകില്ല. അങ്ങയുടെ പരിമിതികളില്ലാത്ത കർമ്മങ്ങളും അതീന്ദ്രിയ മഹിമകളും കേൾക്കാൻ ആഗ്രഹിക്കുന്ന ഭാഗ്യദേവതപോലും അവിടുത്തെ മഹത്വങ്ങളുടെ കീർത്തനവും ശ്രവണവും സ്വീകരിച്ചിരുന്നു.

ശ്ലോകം 27

അഥാഭജേ ത്വാഖിലപുരുഷോത്തമം

ഗുണാലയം പദ്മകരേവ ലാലസഃ

അപ്യാവയോരേകപതിസ്പൃധോഃ കലിർ-

ന്നസ്യാത് കൃതത്വച്ചരണൈകതാനയോഃ

വിവർത്തനം

ഇപ്പോൾ പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ പാദപങ്കജങ്ങളിൽ, കൈയിലൊരു താമരപ്പൂവേന്തിയ ഭാഗ്യദേവത സേവനം ചെയ്യുന്നതുപോലെ ,  സേവനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. സർവ്വാധീശനും പരമദിവ്യോത്തമപുരുഷനുമായ ഭഗവാൻ , സർവ അതീന്ദ്രിയ ഗുണങ്ങളുടെയും സംഭരണിയാകുന്നു. ഞാനും ലക്ഷ്മീദേവിയും ഒരേ സേവനത്തിൽ അതീവ ശ്രദ്ധയോടെ മുഴുകുമ്പോൾ ഞങ്ങൾ തമ്മിൽ കലഹ മുണ്ടായേക്കുമോയെന്ന് ഞാൻ ഭയപ്പെട്ടു പോകുന്നു.

 

ശ്ലോകം 28

ജഗജ്ജനന്യാം ജഗദീശ വൈശസം

സ്യാദേവ യത്കർമ്മണി നഃ സമീഹിതം

കരോഷി ഫല്ഗ്വപ്യുരു ദീനവത്സലഃ

സ്വ ഏവ ധിഷ്ണ്യേ £ ഭിരതസ്യ കിം തയാ

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനേ, ജഗദീശ്വരാ ,  ഭാഗ്യദേവതയുമായ ലക്ഷ്മിക്ക് അങ്ങേയറ്റം പ്രിയങ്കരമായ സേവനത്തിന്റെ അതേ  തലത്തിലേക്ക് ഞാൻ നുഴഞ്ഞു കയറുന്നതിൽ എന്നോട് കോപമുണ്ടായേക്കുമെന്ന് ഞാൻ വിചാരിച്ചുപോകുന്നു. എങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായാൽപ്പോലും അങ്ങ് എന്റെ ഭാഗത്തു നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം, സാധുക്കളോട് വളരെ താൽപര്യമുളളവനും, അങ്ങക്കുവേണ്ടിയുള്ള നിരർത്ഥകങ്ങളായ സേവനങ്ങൾ പോലും മഹാമനസ്കതയോടെ സ്വീകരിക്കുന്നവനുമാണ് അവിടന്ന്. അതുകൊണ്ട്, ദേവി ദേഷ്യത്തിലായാൽപ്പോലും അങ്ങ് ദേവിയില്ലാതെ  എന്തും നിർവഹിക്കാൻ സ്വയംപര്യാപ്തനാകയാൽ അങ്ങേക്ക് ദോഷമൊന്നും ഭവിക്കില്ലെന്ന് ഞാൻ കരുതുന്നു.

 

ശ്ലോകം 29

ഭജന്ത്യഥ ത്വാമത ഏവ സാധവോ

വ്യുദസ്തമായാഗുണവിഭ്രമോദയം

ഭവത്പദാനുസ്മരണാദൃതേ സതാം-

നിമിത്തമന്യദ് ഭഗവൻ ന വിദ്മഹേ

വിവർത്തനം

സർവഥാ മുക്തരായ മഹാ വിശുദ്ധരായ വ്യക്തികൾ അങ്ങയുടെ ഭക്തിയുതസേവനം സ്വീകരിച്ചു , എന്തുകൊണ്ടെന്നാൽ ഭക്തിയുതസേവനം ഒന്നുകൊണ്ടു മാത്രമേ ഒരുവന് ഭൗതികാസ്തിത്വത്തിന്റെ മിത്ഥ്യാമോഹങ്ങളിൽ നിന്ന് മോചിതനാകാൻ കഴിയൂ. അല്ലയോ എന്റെ പ്രിയപ്പെട്ട് ഭഗവാനേ, മുക്താത്മാക്കൾ അങ്ങയുടെ പാദങ്ങളെക്കുറിച്ച് നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുന്നു എന്നതൊഴിച്ച് ,  അവർ അങ്ങയുടെ പാദാരവിന്ദങ്ങളിൽ ശരണം തേടുന്നതിന് മറ്റൊരു കാരണവുമില്ല.

 

ശ്ലോകം 30

മന്യേ ഗിരം തേ ജഗതാം വിമോഹിനീം

വരം വൃണീഷ്വേതി ഭജന്തമാത്ഥ യത്

വാചാ നു തന്ത്യാ യദി തേ ജനോ£ സിതഃ

കഥം പുനഃ കർമ്മ കരോതി മോഹിതഃ

വിവർത്തനം

എന്റെ പ്രിയപ്പെട്ട ഭഗവാനേ, അങ്ങ് അങ്ങയുടെ ഭക്തന്മാരോട് പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. വേദങ്ങളിൽ അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുളള ആകർഷണങ്ങൾ തീർച്ചയായും അവിടുത്തെ പരിശുദ്ധ ഭക്തന്മാർക്ക് യോജിച്ചവയല്ല. ജനങ്ങൾ പൊതുവെ വേദങ്ങളുടെ മധുര  വചസുകളാൽ ബന്ധിതരായി, കർമഫലങ്ങളിൽ മോഹിതരായി വീണ്ടും വീണ്ടും ഫലേച്ഛാ കർമങ്ങളിൽ മുഴുകുന്നു.

 

ശ്ലോകം 31

ത്വന്മായയാദ്ധാ ജന ഈശ! ഖണ്ഡിതോ

യദന്യദാശാസ്ത ഋതാത്മനോ£ ബുധഃ

യഥാ ചരേത് ബാലഹിതം പിതാ സ്വയം

തഥാ ത്വമേവാർഹസി നഃ സമീഹിതും

വിവർത്തനം

 ഈ ഭൗതികലോകത്തിലെ എല്ലാ ജീവസത്തകളും അങ്ങയുടെ മായാ ശക്തിമൂലം അവരുടെ  വ്യവസ്ഥാനുസൃതമായ യഥാർത്ഥ പദവി മറന്നു പോവുകയും, അജ്ഞതയാൽ എല്ലായ്പ്പോഴും സമൂഹം, സൗഹൃദം, സ്നേഹം തുടങ്ങിയ രൂപങ്ങളിൽ  ഭൗതിക സന്തോഷം  ആഗ്രഹിക്കുകയും ചെയ്യുന്നു.  ആയതിനാൽ ഏതെങ്കിലും വിധത്തിലുളള ഭൗതിക നേട്ടങ്ങൾ സ്വീകരിക്കാൻ ദയവായി എന്നോടാവശ്യപ്പെടരുതേ. അതേസമയം, ഒരു പിതാവ് തന്റെ പുത്രന് അവൻ ആവശ്യപ്പെടാതെ തന്നെ വേണ്ടതെല്ലാം നൽകുന്നതുപോലെ, എനിക്ക് ആവശ്യമെന്ന് അങ്ങേക്ക് തോന്നുന്നതെല്ലാം തന്ന് അനുഗ്രഹിക്കുകയും വേണം.

No comments:

Post a Comment