Home

Sunday, November 22, 2020

അക്രൂരൻ്റെ പ്രാർത്ഥനകൾ

ശ്രീമദ് ഭാഗവതം

സ്കന്ദം 10 / അദ്ധ്യായം 40 / ശ്ലോകം 1-30

*******************************************************************************************

ശ്ലോകം 1

ശ്രീ അക്രൂര ഉവാച

നതോ£സ്മ്യഹം ത്വാഖിലഹേതുഹേതും

നാരായണം പൂരുഷമാദ്യമവ്യയം

യന്നാഭിജാതാദരവിന്ദകോശാദ്

ബ്രഹ്മാ££വിരാസീദ്യത ഏഷ ലോകഃ

വിവർത്തനം

ശ്രീ അക്രൂരൻ പറഞ്ഞു: സർവ കാരണകാരണനും ആദിപുരുഷനും നാശരഹിതനും പരമപുരുഷനുമായ നാരായണനാണ് അങ്ങ്. അങ്ങയെ ഞാൻ വണങ്ങുന്നു. അങ്ങയുടെ നാഭിയിൽ നിന്നുദ്ഭവിച്ച താമരയിൽ നിന്ന് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവ് ജാതനായി. ബ്രഹ്മാവിൽ നിന്നും ഈ വിശ്വം ആവിർഭവിച്ചു.

 

ശ്ലോകം 2

ഭൂസ്തോയമഗ്നിഃ പവനം ഖമാദിർ

മഹാനജാദിർമ്മന ഇന്ദ്രിയാണി

സർവേന്ദ്രിയാർത്ഥാ വിബുധാശ്ച സർവ്വേ

യേ ഹേതവസ്തേ ജഗതോ£ ങ്ഗഭൂതാഃ

വിവർത്തനം

ഭൂമി, ജലം, അഗ്നി, വായു, ആകാശം, ഇവയുടെ ഉറവിടമായ അഹങ്കാരം, മഹത് തത്ത്വം, അതിന്റെ കാരണമായ ഭഗവാന്റെ പുരുഷാവതാരം, മനസ്സ്, ഇന്ദ്രിയവിഷയങ്ങൾ, അവയുടെ നിയന്താക്കളായ അധിദേവന്മാർ എന്നിങ്ങനെ വിശ്വാവിഷ്കാരത്തിന്റെ കാരണങ്ങളെല്ലാം നിന്തിരുവടിയുടെ ദിവ്യശരീരത്തിൽ നിന്ന് ഉത്ഭവിച്ചവയാണ്.

 

ശ്ലോകം 3

നൈതേ സ്വരൂപം വിദുരാത്മനസ്തേ

ഹ്യജാദയോ£നാത്മതയാ ഗൃഹീതാഃ

അജോ£ നുബദ്ധഃ സ ഗുണൈരജായാ

ഗുണാത്പരം വേദ ന തേ സ്വരൂപം

 

 

വിവർത്തനം

ഭൗതികപ്രകൃതിയും, സൃഷ്ടിക്കപ്പെട്ടതായ മറ്റുമുലകങ്ങളും അങ്ങയെ യഥാരൂപം അറിയുന്നില്ല. കാരണം അവ ജഡപദാർത്ഥങ്ങളുടെ മണ്ഡലത്തിലാണ് നിലകൊള്ളുന്നത്. അങ്ങ് ത്രിഗുണങ്ങൾക്കും അതീതനാകയാൽ ഇവയാൽ ബദ്ധനായ ബ്രഹ്മാവിനുപോലും അങ്ങയുടെ യഥാർത്ഥ സ്വരൂപം എന്തെന്ന് അറിയില്ല.

 

ശ്ലോകം 4

ത്വാം യോഗിനോ യജന്ത്യദ്ധാ മഹാപുരുഷമീശ്വരം

സാധ്യാത്മം സാധിഭൂതം ച സാധിദൈവം ച സാധവഃ

വിവർത്തനം

യോഗികൾ പരമപുരുഷനായ അങ്ങയെ, ജീവസത്തകൾ, അവയുടെ ശരീരങ്ങൾക്ക് അടിസ്ഥാനമായ ഭൗതികമൂലകങ്ങൾ, ഈ ഭൗതികമൂലകങ്ങളുടെ നിയന്താക്കളായ ദേവന്മാർ എന്നിങ്ങനെ മൂന്ന് ഭാവങ്ങളിൽ ഗ്രഹിച്ച് ആരാധിക്കുന്നു.

 

ശ്ലോകം 5

ത്രയ്യാ ച വിദ്യയാ കേചിത് ത്വാം വൈ വൈതാനികാ ദ്വിജാഃ

യജന്തേ വിതതൈർയജ്ഞൈർനാനാരൂപാമരാഖ്യയ

വിവർത്തനം

ത്രിവിധ യാഗാഗ്നികളുമായി ബന്ധപ്പെട്ട ആചാരനിയമങ്ങൾ പാലിക്കുന്ന ബ്രാഹ്മണർ മൂന്ന് വേദങ്ങളിൽ നിന്നുള്ള മന്ത്രങ്ങൾ ചൊല്ലിയും പല രൂപങ്ങളും നാമങ്ങളുമുള്ള വിവിധ ദേവന്മാർക്കുള്ള വിവിധങ്ങളായ യാഗങ്ങൾ ചെയ്തും അങ്ങയെ പൂജിക്കുന്നു.

 

ശ്ലോകം 6

ഏകേ ത്വാഖിലകർമ്മാണി സന്ന്യസ്യോപശമം ഗതാഃ

ജ്ഞാനിനോ ജ്ഞാനയജ്ഞേന യജന്തി ജ്ഞാനവിഗ്രഹം

വിവർത്തനം

ആത്മീയ ജ്ഞാനം തേടുന്ന ചിലർ എല്ലാ ഭൗതികകർമങ്ങളും വെടിഞ്ഞ് ശാന്തി ഉൾക്കൊണ്ട്, ജ്ഞാനസ്വരൂപനായ അങ്ങയെ ജ്ഞാനയജ്ഞത്തിലൂടെ ആരാധിക്കുന്നു.

 

ശ്ലോകം 7

അന്യേ ച സംസ്കൃതാത്മാനോ വിധിനാഭിഹിതേന തേ

യജന്തി ത്വന്മയാസ്ത്വാം വൈ ബഹുമൂർത്ത്യേകമൂർത്തികം

വിവർത്തനം

ശുദ്ധമായ ബുദ്ധിയോടുകൂടിയവരായ ചിലർ വൈഷ്ണവഗ്രന്ഥങ്ങളിലെ നിർദ്ദേശങ്ങൾ പിന്തുടരുന്നു. അങ്ങയെ കുറിച്ചുള്ള ചിന്തകളിൽ മുഴുകിയവരായി പലരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരേ ഒരു പരമപുരുഷനായി അങ്ങയെ ഭജിക്കുന്നു.

 

ശ്ലോകം 8

ത്വാമേവാന്യേ ശിവോക്തേന മാർഗ്ഗേണ ശിവരൂപിണം

ബഹ്വാചാര്യവിഭേദേന ഭഗവന്തമുപാസതേ

വിവർത്തനം

ഇനിയും ചിലർ ശിവന്റെ രൂപത്തിൽ പരമപുരുഷനായ അങ്ങയെ ആരാധിക്കുന്നു. മഹാദേവൻ വർണിച്ചതും പല ആചാര്യന്മാർ പലവിധത്തിൽ വ്യാഖ്യാനിച്ചതുമായ മാർഗത്തിലൂടെയാണ് അവർ സഞ്ചരിക്കുന്നത്.

 

ശ്ലോകം 9

സർവ്വ ഏവ യജന്തി ത്വാം സർവ്വദേവമയേശ്വരം

യേ £ പ്യന്യദേവതാഭക്താ യദ്യപ്യന്യധിയഃ പ്രഭോ

വിവർത്തനം

ഹേ സർവദേവസ്വരൂപനായ ഭഗവാനേ, അങ്ങയിൽ നിന്ന് ശ്രദ്ധ മാറ്റി മറ്റുദേവതകളെ ഭജിക്കുന്നവരും യഥാർത്ഥത്തിൽ അങ്ങയെ തന്നെയാണ് ഭജിക്കുന്നത്.

 

ശ്ലോകം 10

യഥാദ്രിപ്രഭവോ നദ്യഃ പർജന്യാപൂരിതാഃ പ്രഭോ!

വിശന്തി സർവ്വതഃ സിന്ധും തദ്വത്ത്വാം ഗതയോ £ ന്തതഃ

വിവർത്തനം

പർവതങ്ങളിൽ നിന്ന് ഉദ്ഭവിച്ച് മഴകൊണ്ട് നിറഞ്ഞ നദികളൊക്കെയും എല്ലാ ദിക്കിൽ നിന്നും സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ ഈ മാർഗ ങ്ങളൊക്കെയും ഒടുവിൽ ഹേ പ്രഭോ അങ്ങയിൽ വന്ന് അവസാനിക്കുന്നു.

 

ശ്ലോകം 11

സത്ത്വം രജസ്തമ ഇതി ഭവതഃ പ്രകൃതേർഗുണാഃ

തേഷു ഹി പ്രാകൃതാഃ പ്രോതാഃ ആബ്രഹ്മസ്ഥാവരാദയ

വിവർത്തനം

ബ്രഹ്മാവ് മുതൽ സ്ഥാവര സൃഷ്ടികൾ വരെയുള്ള ജീവാത്മാക്കളെല്ലാം നിന്റെ ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളായ സത്വഗുണം, രജോഗുണം, തമോഗുണം എന്നിവയാൽ കെട്ടുപിണഞ്ഞവയാണ്.

 

ശ്ലോകം 21

തുഭ്യം നമസ്തേ £ ത്വവിഷക്തദൃഷ്ടയേ

സർവ്വാത്മനേ സർവ്വധിയാം ച സാക്ഷിണേ

ഗുണപ്രവാഹോ£യമവിദ്യയാ കൃതഃ

പ്രവർത്തതേ ദേവനൃതിര്യഗാത്മസു

വിവർത്തനം

ഏവരുടേയും ബോധത്തിൽ നിഷ്പക്ഷ സാക്ഷിയായി, പരമാത്മാവായി നിലകൊള്ളുന്ന നിന്തിരുവടിയെ ഞാൻ നമസ്കരിക്കുന്നു. അജ്ഞാനത്തിന്റെ ശക്തിയാൽ ഉളവാകുന്ന ത്രിഗുണങ്ങളുടെ പ്രവാഹം ദേവന്മാരായും മനുഷ്യരായും പക്ഷിമൃഗാദികളായും രൂപം പ്രാപിച്ചിരിക്കുന്ന ഏവരിലും ശകതമായി ഒഴുകുന്നു.

 

ശ്ലോകം 13-14

അഗ്നിർമ്മുഖം തേ£വനിരങ്ഘ്രിരീക്ഷണം

സൂര്യോ നഭോ നാഭിരഥോ ദിശഃ ശ്രുതിഃ

ദ്യൗഃ കം സുരേന്ദ്രാസ്തവ ബാഹവോ £ ർണവാഃ

കുക്ഷിർമ്മരുത് പ്രാണബലം പ്രകല്പിതം

രോമാണി വൃക്ഷൗഷധയഃ ശിരോരുഹാ

മേഘാഃ പരസ്യാസ്ഥിനഖാനി തേ £ ദ്രയഃ

നിമേഷണം രാത്ര്യഹനീ പ്രജാപതിർ-

മേഢ്രസ്തു വൃഷ്ടിസ്തവ വീര്യമിഷ്യതേ

വിവർത്തനം

അഗ്നി അങ്ങയുടെ വദനവും ഭൂമി അങ്ങയുടെ പാദങ്ങളും സൂര്യൻ അങ്ങയുടെ കണ്ണുകളും ആകാശം അങ്ങയുടെ നാഭിയുമാണെന്നും പറയപ്പെടുന്നു. ദിക്കുകൾ അങ്ങയുടെ ശ്രവണേന്ദ്രിയങ്ങളാണ്. മുഖ്യദേവതകൾ ആകട്ടെ അങ്ങയുടെ കരങ്ങളും, സമുദ്രങ്ങൾ അങ്ങയുടെ ഉദരവും, സ്വർഗം അങ്ങയുടെ ശിരസ്സും, കാറ്റ് അങ്ങയുടെ പ്രാണവായുവും, വൃക്ഷങ്ങളും ചെടികളും അങ്ങയുടെ ശരീരരോമങ്ങളും ആകുന്നു. പരമപുരുഷനായ അങ്ങയുടെ തലമുടിയാണ് മേഘങ്ങൾ. പർവതങ്ങൾ അങ്ങയുടെ എല്ലുകളും നഖങ്ങളും ആണ്. രാവും പകലും അങ്ങയുടെ കണ്ണുചിമ്മൽ ആണ്. മനുഷ്യവംശത്തിന

 

ശ്ലോകം 15

ത്വയ്യവ്യയാത്മൻ! പുരുഷേ പ്രകല്പപിതാ

ലോകാഃ സപാലാ ബഹുജീവസങ്കുലാഃ

യഥാ ജലേ സഞ്ജിഹതേ ജലൗകസോ-

£പ്യുദുംബരേ വാ മശകാ മനോമയേ

വിവർത്തനം

അവ്യയപുരുഷനായ അങ്ങയിൽ, എല്ലാ ലോകങ്ങളും, അവയുടെ പാലകന്മാർക്കും ബഹുജീവജാലങ്ങൾക്കും ഒപ്പം ഉൽഭവിക്കുന്നു. അത്തിപ്പഴത്തിൽ ചെറുപ്രാണികൾ എന്ന പോലെയോ വെള്ളത്തിൽ ജലജീവികൾ എന്നപോലെയോ ഈ ലോകങ്ങൾ ഇന്ദ്രിയങ്ങളുടെ ആധാരമായ അങ്ങയുടെ ഉള്ളിൽ സഞ്ചരിക്കുന്നു.

 

ശ്ലോകം 16

യാനി യാനീഹ രൂപാണി ക്രീഡനാർത്ഥം ബിഭർഷി ഹി

തൈരാമൃഷ്ടശുചോ ലോകാഃ മുദാ ഗായന്തി തേ യശഃ

വിവർത്തനം

ഈ ഭൗതികലോകത്ത് വിവിധ ലീലകൾ ആസ്വദിക്കുവാനായി അങ്ങ് വിവിധരൂപങ്ങൾ കൈക്കൊള്ളുന്നു. ഈ അവതാരങ്ങൾ, ആനന്ദപൂർവം അങ്ങയുടെ മഹിമാനങ്ങൾ സ്തുതിക്കുന്നവരുടെ ശോകങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

 

ശ്ലോകം 17-18

നമഃ കാരണമത്സ്യായ പ്രളയാബ്ധിചരായ ച

ഹയശീർഷ്ണേ നമസ്തുഭ്യം മധു കൈടഭമൃത്യവേ

അകൂപാരായ ബൃഹതേ നമോ മന്ദരധാരിണേ

ക്ഷിത്യുദ്ധാരവിഹാരായ നമഃ സൂകരമൂർത്തയേ

വിവർത്തനം

പ്രളയജലത്തിൽ മത്സ്യരൂപത്തിൽ നീന്തി സഞ്ചരിച്ച സൃഷ്ടികാരണനായ അങ്ങേയ്ക്ക് എന്റെ നമസ്കാരം.  മധുകൈടഭന്മാരെ വധിക്കാനായി വന്ന ഹയഗ്രീവനും, മന്ഥരപർവതത്തെ താങ്ങാനായി രൂപം പൂണ്ട മഹാകൂർമത്തിനും, ഭൂമിയെ ഉയർത്തുന്നത് ആസ്വദിച്ച വരാഹമൂർത്തിയ്ക്കും എന്റെ നമസ്കാരം.

 

ശ്ലോകം 19

നമസ്തേ£ദ്ഭുതസിംഹായ സാധുലോകഭയാപഹ

വാമനായ നമസ്തുഭ്യം ക്രാന്തത്രിഭുവനായ ച

വിവർത്തനം

സജ്ജനങ്ങളായ ഭക്തരുടെ ഭയത്തെ നീക്കുന്ന അദ്ഭുതകരമായ സിംഹരൂപിയായ ( നരസിംഹ പ്രഭു ) അങ്ങേയ്ക്ക് നമസ്കാരം. മൂന്നുലോകങ്ങളേയും അതിക്രമിച്ച വാമനമൂർത്തിക്കും നമസ്കാരം.

 

ശ്ലോകം 20

നമോ ഭൃഗുണാം പതയേ ദൃപ്തക്ഷത്രവനച്ഛിദേ

നമസ്തേ രഘുവര്യായ രാവണാന്തകരായ ച

വിവർത്തനം

അഹങ്കാരികളായ ക്ഷത്രിയന്മാരുടെ വംശവനത്തെ വെട്ടിനശിപ്പിച്ച ഭൃഗുവംശനായകനായ അങ്ങയ്ക്കും, രാവണനെന്ന അസുരന് അന്ത്യം വരുത്തിയ രഘുവംശനായകൻ ശ്രീരാമനായ അങ്ങേയ്ക്കും എന്റെ നമസ്കാരം.

 

ശ്ലോകം 21

നമസ്തേ വാസുദേവായ നമഃ സങ്കർഷണായ ച

പ്രദ്യുമ്നായാനിയുദ്ധായ സാത്വതാം പതയേ നമഃ

വിവർത്തനം

യാദവ നായകനായ അങ്ങേയ്ക്കും, അങ്ങയുടെ രൂപങ്ങളായ വാസുദേവൻ, സങ്കർഷണൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവർക്കും എന്റെ നമസ്ക്കാരം.

ശ്ലോകം 22

നമോ ബുദ്ധായ ശുദ്ധായ ദൈത്യദാനവമോഹിനേ

മ്ലേച്ഛപ്രായക്ഷത്രഹന്ത്രേ നമസ്തേ കല്കിരുപിണേ

വിവർത്തനം

ദൈത്യന്മാരെയും ദാനവന്മാരെയും മോഹിപ്പിക്കാനിരിക്കുന്ന വിശുദ്ധനായ ഭഗവാൻ ബുദ്ധന് എന്റെ നമസ്കാരം. രാജാക്കന്മാരായി ഭാവിക്കുന്ന മാംസഭക്ഷകരായ മ്ലേച്ഛന്മാർക്ക് അന്ത്യം വരുത്തുന്ന കൽക്കിഭഗവാനും എന്റെ പ്രണാമം.

 

ശ്ലോകം 23

ഭഗവഞ്ജീവലോകോ£യം മോഹിതസ്തവ മായയാ

അഹം മമേത്യസദ്ഗ്രാഹോ ഭ്രാമ്യതേ കർമ്മവർത്മസു

വിവർത്തനം

ഹേ പരമപുരുഷാ, ഈ ലോകത്തിലെ ജീവാത്മാക്കൾ അങ്ങയുടെ മായാശക്തിയിൽപ്പെട്ട് ഭ്രമിക്കുന്നു. ഞാനെന്നും എന്റേതെന്നുമുള്ള മിഥ്യാധാരണകളിൽ കുടുങ്ങിയിട്ട് ഫലോദ്ദിഷ്ട കർമമാർഗ്ഗങ്ങളിലൂടെ അവർ ചുറ്റിത്തിരിയുന്നു.

 

ശ്ലോകം 24

അഹം ചാത്മാത്മജാഗാരദാരാർത്ഥസ്വജനാദിഷു

ഭ്രമാമി സ്വപ്നകല്പേഷു മൂഢഃ സത്യധിയാ വിഭോ

വിവർത്തനം

ഹേ സർവശക്തനായ പ്രഭോ, ഇപ്രകാരം ഞാനും, എന്റെ ശരീരം, മക്കൾ, ഭവനം, ഭാര്യ, ധനം, സ്വജനങ്ങൾ എന്നിവ സ്വപ്നതുല്യങ്ങളാണെങ്കിലും സത്യമാണെന്ന് ഭ്രമിച്ച് ഈ വിധം മായയിൽ അകപ്പെട്ടിരിക്കുന്നു.

 

ശ്ലോകം 25

അനിത്യാനാത്മദുഃഖേഷു വിപര്യയമതിർഹ്യഹം

ദ്വന്ദ്വാരാമസ്തമോവിഷ്ടോ ന ജാനേ ത്വാ ££ത്മനഃ പ്രിയം

വിവർത്തനം

അനിത്യമായതിനെ നിത്യമായും ശരീരത്തെ ഞാനായും ശോകകാരണങ്ങളെ ആനന്ദദായകങ്ങളായും തെറ്റിദ്ധരിച്ച് ഭൗതിക ദ്വന്ദ്വങ്ങളിൽ സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ അജ്ഞാനത്താൽ മൂടപ്പെട്ട് യഥാർത്ഥമായ സ്നേഹത്തിന്റെ വസ്തുവായ അങ്ങയെ ഞാൻ തിരിച്ചറിയാതെ പോയി.

 

ശ്ലോകം 26

യഥാബുധോ ജലം ഹിത്വാ പ്രതിച്ഛന്നം തദുദ്ഭവൈഃ

അഭ്യേതി മൃഗതൃഷ്ണാം വൈ തദ്വത്ത്വാഹം പരാങ്മുഖഃ

വിവർത്തനം

പായലിനാൽ മൂടപ്പെട്ട ഒരു ജലാശയത്തിൽ ജലമുണ്ടെന്ന് തിരിച്ചറിയാതെ വിഡ്ഢിയായ ഒരു വ്യക്തി മരീചികക്ക് പിന്നാലെ പോകുന്നതുപോലെ ഞാൻ നിന്നിൽ നിന്ന് മുഖം തിരിച്ചിട്ടുണ്ട്.

 

ശ്ലോകം 27

നോത്സഹേ£ ഹം കൃപണധീഃ കാമകർമ്മഹതം മനഃ

രോദ്ധും പ്രമാഥിഭിശ്ചാക്ഷൈർഹ്രിയമാണമിതസ്തതഃ .

വിവർത്തനം

ഭൗതികമോഹങ്ങളാലും പ്രവർത്തികളാലും അസ്വസ്ഥനായും അതിശക്തങ്ങളായ ഇന്ദ്രിയങ്ങൾ അങ്ങുമിങ്ങും വലിച്ചിഴക്കുന്നവനായും തീർന്ന ഞാൻ വികലമായ ബുദ്ധികാരണം മനസ്സിനെ നിയന്ത്രിക്കാൻ കഴിവില്ലാത്തവനാണ്.

 

ശ്ലോകം 28

സോ£ ഹം തവാങ്ഘ്ര്യുപഗതോ£സ്മ്യ സതാം ദുരാപം

തച്ചാപ്യഹം ഭവദനുഗ്രഹ ഈശ! മന്യേ

പുംസോ ഭവേദ്യർഹി സംസരണാപവർഗ-

സ്ത്വയ്യബ്ജനാഭ! സദുപാസനയാ മതിഃ സ്യാത്

വിവർത്തനം

ഇങ്ങനെ പതിതനായ ഞാൻ അങ്ങയുടെ പാദാരവിന്ദങ്ങളെ അഭയത്തിനായി സമീപിക്കുന്നു. ദുർജനങ്ങൾക്ക് ഒരിക്കലും പ്രാപിക്കാനാവാത്തവയാണ് അവ എങ്കിലും അങ്ങയുടെ കരുണയുണ്ടെങ്കിൽ ഒന്നും അസാധ്യമാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഹേ അരവിന്ദനാഭനായ ഭഗവാനേ, സംസാരചക്രത്തിന്റെ കറക്കം അവസാനിക്കുമ്പോൾ മാത്രമേ ഒരുവന് അങ്ങയുടെ ശുദ്ധഭക്തരെ സേവിച്ച് അങ്ങയെ കുറിച്ചുള്ള അവബോധം വളർത്താനാവൂ.

 

ശ്ലോകം 29

നമോ വിജ്ഞാനമാത്രായ

സർവപ്രത്യയഹേതവേ

പുരുഷേശപ്രധാനായ

ബ്രഹ്മണേ£ നന്തശക്തയേ

വിവർത്തനം

അമേയമായ ശക്തിയോടുകൂടിയ നിരപേക്ഷസത്യത്തെ ഞാൻ പ്രണമിക്കുന്നു. ശുദ്ധവും ദിവ്യവുമായ ജ്ഞാനത്തിന്റെ സ്വരൂപമാണ് അവൻ. എല്ലാ ബോധത്തിന്റെയും ഉറവിടവും, ജീവാത്മാവിനെ ഭരിക്കുന്ന എല്ലാ പ്രപഞ്ചശക്തികളുടേയും വിധാതാവും അവിടുന്ന് തന്നെ.

 

 

 

ശ്ലോകം 30

നമസ്തേ വാസുദേവായ സർവ്വഭൂതക്ഷയായ ച

ഹൃഷീകേശ നമസ്തുഭ്യം പ്രപന്നം പാഹി മാം പ്രഭോ

വിവർത്തനം

ഹേ വാസുദേവാ, എല്ലാ ജീവജാലങ്ങൾക്കും ആവാസകേന്ദ്രമായ അങ്ങയെ ഞാൻ നമിക്കുന്നു. സർവേന്ദ്രിയങ്ങളുടേയും മനസ്സിന്റേയും നിയന്താവായ അങ്ങയെ ഞാൻ വീണ്ടും പ്രണമിക്കുന്നു. ഹേ പ്രഭോ, അങ്ങയിൽ അഭയം പ്രാപിച്ച എന്നെ ദയവായി കാത്തുകൊള്ളണേ.

 

No comments:

Post a Comment