ശ്ലോകം 1
ഈശ്വരഃ പരമഃ കൃഷ്ണഃ സച്ചിദാനന്ദ വിഗ്രഹഃ
അനാദിരാദിർഗോവിന്ദഃ സർവകാരണകാരണം"
വിവർത്തനം
എല്ലാ കാരണങ്ങളുടെയും കാരണഭൂതൻ ശ്രീകൃഷ്ണനാണ്, ഗോവിന്ദനാണ്. ശാശ്വതമായ സത്തയുടേയും, ജ്ഞാനത്തിന്റേയും ആനന്ദത്തിന്റേയും മൂർത്തിമദ് ഭാവമാണ് ഭഗവാൻ ശ്രീകൃഷ്ണൻ.
ശ്ലോകം 29
ചിന്താമണി പ്രകര സദ്മസു കൽപ്പവൃക്ഷ-
ലക്ഷാവൃതേഷു സുരഭീരഭിപാലയന്തം,
ലക്ഷ്മീ സഹസ്ര ശത സംഭ്രമ സേവ്യമാനം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ചിന്താമണികൾ ഒട്ടുവളരെ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ളവയും, ശതസഹസ്രക്കണക്കിന് കൽപ്പ വൃക്ഷങ്ങൾ ചുറ്റും വളർന്ന് നിൽക്കുന്നവയുമായ ഭഗവൽ വനങ്ങളിൽ അത്യന്തം സംഭ്രമത്തോടും പ്രേമഭക്തിയോടും കൂടി അനേക ശതസഹസ്രം ലക്ഷ്മീ ദേവികളാൽ സേവിക്കപ്പെട്ടുകൊണ്ടും പശുക്കളെ മേച്ചുകൊണ്ടും എല്ലാവർക്കും അഭീഷ്ടങ്ങൾ നൽകിക്കൊണ്ടും പരിലസിക്കുന്ന ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 30
വേണും ക്വണന്തമരവിന്ദ ദളായതാക്ഷം
ബർഹാവതം സമസിതാംബുദ സുന്ദരാംഗം,
കന്ദർപ്പകോടി കമനീയ വിശേഷശോഭം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ഓടക്കുഴൽ വിളിച്ചുകൊണ്ടിരിക്കുന്നവനും, താമരപ്പൂവിതളുകൾപോലെ നീണ്ടിടപ്പെട്ട കണ്ണുകളോടുകൂടിയവനും, മുടിയിൽ മയിൽപ്പീലി ചൂടിയവനും, നീലക്കാർവണ്ണമുള്ള മേനിയോടു കൂടിയവനും, ആയിരമായിരം കാമദേവന്മാരുടെ സവിശേഷ സൗന്ദര്യത്തോടു കൂടിയവനുമായ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 31
ആലോല ചന്ദ്രക ലസദ് വനമാല്യ വംശീ-
രത്നാംഗദം പ്രണയകേളികലാവിലാസം
ശ്യാമം ത്രിഭംഗ ലളിതം നിയത പ്രകാശം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ചന്ദ്രപതക്കത്താൽ അലങ്കരിച്ച പൂക്കളുടെ ഹാരം കഴുത്തിലണിഞ്ഞവനും, രത്നാഭരണങ്ങളാലും, ഓടക്കുഴലിനാലും രണ്ടുകൈകളും അലങ്കരിക്കപ്പെട്ടവനും, രാസ ലീലകളിൽ ആഹ്ളാദിക്കുന്നവനും, സുന്ദരമായ ത്രിഭംഗവും ശാശ്വതമായ ശ്യാമ സുന്ദരരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 32
അംഗാനി യസ്യ സകലേന്ദ്രിയ വൃത്തിമന്തി
പശ്യന്തി പാന്തി കലയന്തി ചിരം ജഗന്തി
ആനന്ദ ചിൻമയ സദുജ്ജ്വല വിഗ്രഹസ്യ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
സച്ചിദാനന്ദമായ ശരീരത്തോടുകൂടിയവനും, അത്യുജ്ജ്വലമായ കാന്തിയോടുകൂടിയവനുമായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു. യാതൊരുവന്റെ ശരീരത്തിലെ ഒരോ അവയവവും എല്ലാ അവയവങ്ങളുടേയും പ്രവർത്തികൾ ചെയ്യുന്നതിന് സമർത്ഥമാണോ, ആത്മീവും ഭൗതികവുമായ എല്ലാ പ്രപഞ്ചങ്ങളേയും എപ്പോഴും കാണുകയും പരിപാലിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന ആ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 33
അദ്വൈതമച്യുതമനാദിമനന്തരൂപം
ആദ്യം പുരാണ പുരുഷം നവയൗവ്വനം ച,
വേദേഷു ദുർലഭമദുർലഭ ആത്മഭക്തൗ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ഏകനും, അച്യുതനും, ആദ്യനും, അനേകരൂപിയും, പുരാണപുരുഷനും, നിത്യയൗവ്വനമൂർത്തിയുമായ ഭഗവാൻ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു. ഭഗവാന്റെ ഈ സച്ചിദാനന്ദ വിഗ്രഹം വേദപണ്ഡിതർക്ക് ദുർലഭമായേ ദൃശ്യമാകുകയുള്ളൂ. പരമ ഭക്തന്മാർക്കാകട്ടെ എന്നും ദൃശ്യമാണ്.
ശ്ലോകം 34
പാന്ഥാസ്തു കോടി ശതവത്സര സംപ്രഗമ്യോ
വായോരഥാപി മനസോ മുനിപുംഗവാനാം,
സോ£പ്യസ്തി യത് പ്രപദ സിമ്ന്യവിചിന്ത്യ തത്ത്വേ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി,
വിവർത്തനം
സമാധിയിലിരുന്ന് സ്വയം ശ്വാസോച്ഛ്വാസം കൊണ്ട് ശിരസ്സ് തുളച്ച് പ്രാണായാമം ചെയ്തു ഭഗവാന്റെ പാദാരവിന്ദങ്ങളുടെ കാൽവിരലിന്റെ തുമ്പിൽ സമീപിക്കുവാൻ കാംക്ഷിക്കുന്ന യോഗികളുടേയും അല്ലെങ്കിൽ സഹസ്ര ദശലക്ഷവർഷങ്ങളോളം നീണ്ടുനിൽക്കുന്ന മാർഗംകൊണ്ട് വേർതിരിച്ചറിയുന്ന ബ്രഹ്മം കണ്ടുപിടിക്കുന്നതിന് ശ്രമിക്കുന്ന ജ്ഞാനികളുടേയും ഭഗവാനായ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 35
ഏകോ£പ്യസൗ രചയിതും ജഗദണ്ഡകോടിം
യച്ഛക്തിരസ്തി ജഗദണ്ഡ ചയാ യദന്തഃ,
അണ്ഡാന്തരസ്ഥപരമാണു ചയാന്തരസ്ഥം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
അദ്ദേഹം വേർതിരിക്കാനാവാത്ത അസ്തിത്വമാണ്. കാരണം വീര്യത്തിനും അതിന്റെ ഉടമസ്ഥനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. അദ്ദേഹത്തിന്റെ ദശലക്ഷങ്ങളായ ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടിക്രിയയിൽ അദ്ദേഹത്തിന്റെ വീര്യം അഭേദ്യമായിരിക്കുന്നു. എല്ലാ ബ്രഹ്മാണ്ഡങ്ങളിലും അദ്ദേഹം സ്ഥിതിചെയ്യുന്നു. ഒന്നായിട്ടും ഒരേ സമയത്തും ബ്രഹ്മാണ്ഡത്തിൽ ചിന്നിച്ചിതറിക്കിടക്കുന്ന ഓരോ അണുവിലും അദ്ദേഹം പൂർണ്ണമായും പ്രത്യക്ഷമായിരിക്കുന്നു. ഈ തരത്തിലുള്ള പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 36
യദ്ഭാവ ഭാവിത ധിയോ മനുജാസ്തഥൈവ
സംപ്രാപ്യ രൂപ മഹിമാസനയാനഭൂഷാഃ,
സൂക്തൈർയ്യ്യമേവ നിഗമ പ്രഥിതൈഃ സ്തുവന്തി
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ഔചിത്യമായും സൗന്ദര്യം, മാഹാത്മ്യം, സിംഹാസനങ്ങൾ, സഞ്ചാരയാനം, ആഭരണങ്ങൾ മുതലായവ നേടിയവർ ഭക്തിയിൽ ആവേശഭരിതരായി വേദങ്ങളിൽ പറഞ്ഞിട്ടുള്ള മന്ത്രസൂക്തങ്ങളാൽ പ്രകീർത്തിക്കുന്ന ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 37
ആനന്ദ ചിൻമയ രസപ്രതിഭാവിതാഭിസ്
താഭിർയ്യ ഏവ നിജ രൂപതയാ കലാഭിഃ
ഗോലോക ഏവ നിവസത്യഖിലാത്മ ഭൂതോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
അറുപത്തിനാലു ചമൽക്കാരമുള്ള പ്രവൃത്തികളുടെ ഉടമയിലുള്ള പരമാനന്ദപ്രദമായ വീര്യത്തിന്റെ മൂർത്തിയായ ഭഗവാന്റെ സ്വയം ആത്മീയരൂപത്തോട് സാദൃശ്യമുള്ള രാധാറാണിയോടും രാധാറാണിയുടെ വിഭാഗങ്ങളായ സഖിമാരോടൊത്തും വ്യാപൃതമായതും സജീവമായതുമായ സ്വവാസസ്ഥലമായ ഗോലോകത്തിൽ അദ്ദേഹത്തിന്റെ എന്നെന്നുമുള്ള അത്യാനന്ദമായ ആത്മീയരസത്തിൽ വസിക്കുന്ന ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 38
പ്രേമാഞ്ജനച്ഛുരിത ഭക്തിവിലോചനേന
സന്തഃ സദൈവ ഹൃദയേഷു വിലോകയന്തി,
യം ശ്യാമസുന്ദരമചിന്ത്യ ഗുണസ്വരൂപം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ഭക്തന്റെ പ്രേമാഞ്ജനമെഴുതിയ കണ്ണുകൾക്ക് എപ്പോഴും ദൃശ്യനായിട്ടുള്ള ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു. ഭക്തഹൃദയത്തിനുള്ളിൽ ശാശ്വതമായ ശ്യാമസുന്ദര രൂപത്തിലാണ് അവിടുന്ന് വാഴുന്നത്.
ശ്ലോകം 39
രാമാദി മൂർത്തിഷു കലാനിയമേന തിഷ്ഠൻ
നാനാവതാരമകരോദ് ഭുവനേഷു കിന്തു,
കൃഷ്ണഃ സ്വയം സമഭവത് പരമഃ പുമാൻ യോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
രാമനായും, നരസിംഹമായും മറ്റുപല അവതാരമൂർത്തികളിലും അംശാവതാരങ്ങളിലും കുടികൊളളുകയും ശ്രീകൃഷ്ണ ഭഗവാനായി സ്വയം ആവിർഭവിക്കുകയും ചെയ്ത ആദിപുരുഷനായ ഭഗവാനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 40
യസ്യ പ്രഭാ പ്രഭവതോ ജഗദണ്ഡകോടി
കോടിഷ്വശേഷ വസുധാതി വിഭൂതി ഭിന്നം,
തദ് ബ്രഹ്മ നിഷ്കലമനന്തമശേഷഭൂതം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
പ്രപഞ്ചങ്ങൾ ദശലക്ഷക്കണക്കിനുണ്ട്. ലോകങ്ങളാണെങ്കിൽ അസംഖ്യങ്ങളാണ്. ഓരോ ലോകവും അതിന്റേതായ പ്രത്യേക ഘടനകൊണ്ട് മറ്റുള്ളവയിൽനിന്ന് ഭിന്നമാണ്. ഈ ലോകങ്ങളെല്ലാം ബ്രഹ്മജ്യോതിസ്സിന്റെ ഒരു കോണിൽ സ്ഥിതിചെയ്യുന്നു. സർവ്വേശ്വരനായ ഭഗവാന്റെ ശരീരത്തിൽനിന്നുള്ള രശ്മികളാണ് ഇവ. ആ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 41
മായാ ഹി യസ്യ ജഗദണ്ഡ ശതാനി സുതേ
ത്രൈഗുണ്യ തദ്വിഷയ വേദവിതായമാനാ
സത്ത്വാവലംബി പരസത്ത്വം വിശുദ്ധസത്ത്വം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
പരമമായ അസ്തിത്വത്തിന്റെ എല്ലാ അവസ്ഥയേയും താങ്ങുന്നത് ആരുടെ ബാഹ്യമായ ഊർജ്ജത്താലാണോ മൂന്ന് ഭൗതിക ഗുണങ്ങളായ സത്വം, രജസ്സ്, തമസ്സ് മുതലായവ രൂപം ഉൾക്കൊണ്ടതും ലൗകികമായ ഭൂമിയെ സംബന്ധിച്ച വേദജ്ഞാനം പ്രചരിപ്പിക്കുന്നതും പരമമായതും സ്ഥിരമായതുമായ അസ്തിത്വമായ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 42
ആനന്ദ ചിൻമയ രസാത്മതയാ മനഃസു
യഃ പ്രാണിനാം പ്രതിഫലൻ സ്മരതാമുപേത്യ,
ലീലായിതേന ഭുവനാനി ജയത്യജസ്രം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ലൗകികമായ ഭൂമിയിൽ ആരുടെ സ്വയം ലീലകളുടെ കീർത്തികൾ പ്രസ്താവത്തിൽ സർവ്വാതിശയമായി മുന്തി നിൽക്കുന്നുവോ ദിവ്യമായ അസ്തിത്വത്തിന്റെ എന്നെന്നും പരമാനന്ദമായതും തിരിച്ചറിയുവാൻ കഴിയുന്നതുമായ രസത്തെ മനസ്സിൽ സ്മരിക്കുന്ന ജീവാത്മാക്കളിൽ പ്രതിബിംബിക്കുന്നുവോ ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 43
ഗോലോക നാമ്നി നിജധാമ്നി തലേ ച തസ്യ
ദേവീ മഹേശ ഹരിധാമസു തേഷു തേഷു,
തേ തേ പ്രഭാവ നിചയാ വിഹിതാശ്ച യേന
ഗോവിന്ദമാദിപുരുഷം തമഹം ദജാമി
വിവർത്തനം
ഏറ്റവും താഴെ ദേവിധാമം ( ലൗകികമായ ലോകം ) അതിന് മുകളിൽ മഹേശധാമം ( മഹേശന്റെ വാസസ്ഥലം ) മഹേശധാമത്തിനു മുകളിൽ ഹരിധാമം ( ഹരിയുടെ വാസസ്ഥലം ) അതിനുമുകളിൽ ശ്രീകൃഷ്ണ ഭഗവാന്റെ സ്വയം രാജ്യമായ ഗോലോകം സ്ഥിതിചെയ്യുന്നു. ഈ ക്രമപരമായ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് അവരുടെ യഥാക്രമമായ അവകാശം അനുവദിച്ചിട്ടുള്ള പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു
ശ്ലോകം 44
സൃഷ്ടി സ്ഥിതി പ്രളയ സാധന ശക്തി രേകാ
ഛായേവ യസ്യ ഭുവനാനി ബിഭർത്തി ദുർഗ്ഗാ,
ഇച്ഛാനുരൂപമപി യസ്യ ച ചേഷ്ടതേ സാ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ഈ ഭൗതിക ലോകത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരത്തിന്റെ പ്രതിനിധിയും ഭഗവാന്റെ ചിത്ശക്തിയുടെ നിഴലും ബാഹ്യ ഊർജ്ജവുമായ 'മായ' ദുർഗ്ഗ എന്ന പേരിൽ ഏവരാലും ആരാധിക്കപ്പെടുന്നു. ദുർഗ്ഗ സ്വയം ആരുടെ ഇച്ഛ കൊണ്ടാണോ ഇപ്രകാരം പ്രവർത്തിക്കുന്നത് , ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 45
ക്ഷീരം യഥാ ദധി വികാര വിശേഷ യോഗാത്
സഞ്ജായതേ ന ഹി തതഃ പൃഥഗസ്തി ഹേതോ
യഃ ശംഭുതാമപി തഥാ സമുപൈതി കാര്യാത്
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
അമ്ലം കൊണ്ട് പാൽ തൈരായി രൂപാന്തരപ്പെടുന്നതുപോലെയും, എന്നാൽ രൂപാന്തരപ്പെട്ട തൈരിന്റെ ഗുണം അതിന്റെ പ്രഭവമായ പാലിൽ നിന്ന് ഒരേ സമയം ഒന്നായും വ്യത്യസ്തമായും അനുഭവവേദ്യമാകുന്നതു
പോലെയും ആരുടെ രൂപാന്തരമാണോ സംഹാരത്തിനായി കൊണ്ട്, ശംഭുവിന്റെ അവസ്ഥയിൽ സ്ഥിതമായിരിക്കുന്നത്, ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 46
ദീപാർചിരേവ ഹി ദശാന്തരമഭ്യുപേത്യ
ദീപായതേ വിവൃത ഹേതുസമാന ധർമ്മാ,
യസ്താദ്യഗേവ ഹി ച വിഷ്ണതയാ വിഭാതി
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ഒരു തിരിയുടെ പ്രകാശം മറ്റുതിരികൾക്ക് പകർന്ന് കൊടുക്കുമ്പോൾ അത് വെവ്വേറെ എരിയുന്നെങ്കിലും ഗുണത്തിൽ ഒന്നു പോലെയാകുന്നു . വിവിധ തരത്തിലുള്ള അദ്ദേഹത്തിൻ്റെ ആവിഷ്കൃത രൂപത്തിൽ ഇതേ ചഞ്ചലമായ സ്വഭാവത്തിൽ സ്വയം തുല്യമായ പ്രകാശിക്കുന്ന പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 47
യം കാരണാർണവ ജലേ ഭജതി സ്മ യോഗ-
നിദ്രാമനന്ദ ജഗദണ്ഡസരോമകൂപഃ,
ആധാര ശക്തിമവലംബ്യ പരാം സ്വ മൂർത്തിം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ശ്രേഷ്ഠമായതും ആത്മനിഷ്ഠമായതുമായ സ്വയം രൂപം സ്വീകരിച്ച് സർവ്വതിനേയും ഉൾക്കൊള്ളാനാകുന്ന ഊർജ്ജത്താൽ പൂർണ്ണമായി പൂരിതമായവനും 'ശേഷ' എന്ന പേര് വഹിക്കുന്നവനുമായിത്തീർന്നവനും, രോമകൂപങ്ങളിൽ അനന്തമായ ലോകങ്ങൾകൊണ്ട് കാരണഭൂതനായ കടലിൽ വിശ്രമിച്ച്, സൃഷ്ടിപരമായ നിദ്രയെ ആസ്വദിക്കുന്നതിനും ( യോഗീന്ദ്രൻ ) ആയ പരമപുരുഷനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 48
യസ്യൈക നിശ്വസിതകാലമഥാവലംബ്യ
ജീവന്തി ലോമ വിലജാ ജഗദണ്ഡ നാഥാഃ
വിഷ്ണുർമഹാൻ സ ഇഹ യസ്യ കലാവിശേഷോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
ലൗകിക ലോകത്തിലെ ബ്രഹ്മാവും മറ്റു ദൈവങ്ങളും വിഷ്ണുവിൻ്റെ രോമകൂപങ്ങളിൽ നിന്നും പ്രത്യക്ഷപ്പെടുന്നു. മഹാവിഷ്ണുവിൻ്റെ ഒരു ഉച്ഛ്വാസ കാലയളവാണ് ഇവരുടെ ജീവിത ദൈർഘ്യം. ആരുടെ അംശത്തിൻ്റെ അംശമാണോ ആത്മനിഷ്ടമായ മഹാവിഷ്ണുവിൻ്റെ വ്യക്തിത്വമായിരിക്കുന്നത്,ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം
49
ഭാസ്വാൻ യഥാശ്മ ശകലേഷു നിജേഷു തേജഃ
സ്വീയം കിയത് പ്രകടയത്യപി തദ്വദത്ര
ബ്രഹ്മായ ഏഷ ജഗദണ്ഡ വിധാന കർത്താ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
സൂര്യൻ തന്റെ പ്രകാശത്തിന്റെ ഒരംശത്തിലൂടെ സൂര്യകാന്ത മുതലായ എല്ലാ വെട്ടിത്തിളങ്ങുന്ന രത്നങ്ങളെയും പ്രകാശിപ്പിക്കുന്നതുപോലെ ലൗകികമായ ലോകത്തിൻ്റെ നിയന്ത്രണത്തിനു വേണ്ടി ആരുടെ വേർതിരിക്കപ്പെട്ട ആത്മനിഷ്ടമായ അംശമാണോ ബ്രഹ്മാവിന് ലഭിച്ചത് ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം
50
യദ്പാദ പല്ലവയുഗം വിനിധായ കുംഭ-
ദ്വന്ദ്വേ പ്രണാമ സമയേ സ ഗണാധിരാജഃ
വിഘ്നാൻ വിഹന്തുമലമസ്യ ജഗത്രയസ്യ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
മൂന്നു ലോകങ്ങളുടെയും പുരോഗമനത്തിൽ വരുന്ന തടസ്സങ്ങൾ സംഹരിക്കുവാനുള്ള ശക്തി ലഭിക്കുവാൻ വേണ്ടി ഗണേശൻ ആരുടെ പാദാരവിന്ദങ്ങളെയാണോ, ആനത്തലയിൽനിന്നും മുഴച്ചു നിൽക്കുന്ന കൊമ്പുകളാൽ എപ്പോഴും മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നത് ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 51
അഗ്നിർ മഹീ ഗഗനമംബു മരൂദ്ദിശശ്ച
കാലസ്തഥാത്മ മനസീതി ജഗത്രയാണി
യസ്മാദ് ഭവന്തി വിഭവന്തി വിശന്തി യം ച
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
മൂന്നു ലോകങ്ങളും അഗ്നി, ഭൂമി, ആകാശം, ജലം, വായു, ദിശകൾ, സമയം, ആത്മാവ്, മനസ്സ് മുതലായ ഒമ്പതു ഘടകങ്ങളാൽ നിർമ്മിതമായതാണ്. ആരാണോ ഇവരുടെയെല്ലാം ഉത്ഭവസ്ഥാനം, ആരിലാണോ ഇവയെല്ലാം കുടികൊള്ളുന്നത്, ആരിലാണോ ബ്രഹ്മാണ്ഡത്തിന്റെ പ്രളയകാലത്ത് പ്രവേശിക്കുന്നത് , ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു
ശ്ലോകം 52
യച്ചക്ഷുരേഷ സവിതാ സകല ഗ്രഹാണാം
രാജാ സമസ്ത സുരമൂർത്തിരശേഷ തേജാഃ
യസ്യാജ്ഞയാ ഭ്രമതി സംഭൃത കാലചക്രോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
സർവ്വഗ്രഹാധിപതിയും അമേയ തേജസ്വിയും പ്രഭാവശാലിയുമായി വർത്തിക്കുന്ന സൂര്യൻ ആരുടെ കണ്ണാകുന്നുവോ, ആരുടെ ആജ്ഞാനുസരണം സൂര്യൻ കാലചക്രത്തിൻെ ഭ്രമണമാകുന്ന യാത്ര നടത്തുന്നുവോ ആ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 53
ധർമ്മോ£ഥ പാപനിചയഃ ശ്രുതയസ്തപാംസി
ബ്രഹ്മാദി കീട പതഗാവധയശ്ച ജീവാഃ,
യദ്ദത്തമാത്ര വിഭവ പ്രകട പ്രഭാവാ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
എല്ലാ തപശ്ചര്യകളും, ബ്രഹ്മാവുമുതൽ ഏറ്റവും ചെറുതായ ജീവികളുടെ ജീവനും, വേദങ്ങളും, എല്ലാ അധർമ്മങ്ങളും, എല്ലാ ധർമ്മങ്ങളും ആരുടെ പ്രത്യക്ഷമായ വീര്യത്തിലാണോ നിലനിൽക്കുന്നത് ആ പരമപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 54
യസ്ത്വിന്ദ്രഗോപമഥവേന്ദ്രമഹോ സ്വകർമ
ബന്ധാനുരൂപ ഫലഭാജനമാതനോതി
കർമ്മാണി നിർദ്ദഹതി കിന്തു ച ഭക്തിഭാജാം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
പ്രവർത്തിമാർഗ്ഗത്തിൽ സഞ്ചരിയ്ക്കുന്ന ദേവന്മാരുടെ രാജാവായ ഇന്ദ്രൻ മുതൽ "ഇന്ദ്രഗോപ" എന്നു പേരുള്ള ഏറ്റവും തുച്ഛമായ പ്രാണികൾക്കുവരെ പൂർവ്വികമായ പ്രവർത്തിക്കനുസരിച്ച് വകഭേദമില്ലാതെ ആസ്വാദനം നൽകുന്നതും എന്നാൽ ഭക്തിയിൽ ഉത്തേജിതരായവരുടെ ഫലേച്ഛാകർമ്മങ്ങളുടെ വേരുകളെ നശിപ്പിക്കുന്നവനുമായ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 55
യം ക്രോധ കാമ സഹജ പ്രണയാദിഭീതി-
വാത്സല്യ മോഹ ഗുരുഗൗരവ സേവ്യഭാവൈഃ,
സംചിന്ത്യ തസ്യ സദൃശീം തനുമാപുരതേ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
വിവർത്തനം
കടുത്ത കോപം, പ്രേമശീലമായ വികാരം,സ്വാഭാവികമായ സൗഹൃദസ്നേഹം, ഭയം, വാത്സല്യം, വ്യാമോഹം, ഭക്തി,സ്വമനസ്സാലുള്ള സേവനം ഇവകൊണ്ട് ആരെ ആരാധിച്ച് അവരവരുടെ സ്വഭാവത്തിനനുയോജ്യമായ ശരീര രൂപങ്ങൾ പ്രാപിയ്ക്കുന്നുവോ ആ പുരുഷനായ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.
ശ്ലോകം 56
ശ്രിയഃ കാന്താഃ കാന്താഃ പരമപുരുഷഃ കൽപതരവോ
ദ്രുമാ ഭൂമിശ്ചിന്താമണി ഗണമയീ തോയമമൃതം,
കഥാ ഗാനം നാട്യം ഗമനമപി വംശീ പ്രിയസഖീ
ചിദാനന്ദം ജ്യോതിഃ പരമപി തദാസ്വാദ്യമപിച
സ യത്ര ക്ഷീരാബ്ധിഃ ശ്രവതി സുരഭീഭ്യശ്ച സുമഹാൻ
നിമേഷാർദ്ധാഖ്യോ വാ വ്രജതി ന ഹി യത്രാപി സമയഃ
ഭജേ ശ്വേതദീപം തമഹമിഹ ഗോലോകമിതിയം
വിദന്തസ്തേ സന്തഃ ക്ഷിതി വിരള ചാരാഃ കതിപയേ
വിവർത്തനം
കലർപ്പില്ലാത്ത ആത്മീയമായ പ്രവൃത്തിയിൽകൂടി ലക്ഷ്മീദേവികൾ സർവ്വ കാരണഭൂതനായ ശ്രീകൃഷ്ണ ഭഗവാനെ പ്രേമശീലമായ അവരവരുടെ ഒരേ ഒരു പ്രാണനാഥനായി സേവിക്കുന്നത് എവിടെയാണോ, എവിടെയാണോ എല്ലാ വൃക്ഷങ്ങളും കൽപ്പക വൃക്ഷങ്ങളായിരിക്കുന്നത്, എല്ലാം മണ്ണും രത്നങ്ങളായിരിക്കുന്നത്, എല്ലാ ജലവും അമൃതായിരിക്കുന്നത്, എല്ലാ വാക്കുകളും ഗാനമായിരിക്കുന്നത്, എല്ലാം നടത്തവും നൃത്തമായിരിക്കുന്നത്, എവിടെയാണോ പ്രിയമായ സഹചാരി ഓടക്കുഴൽ ആയിരിക്കുന്നത്, എവിടെയാണോ പരമമായ അദ്ധ്യാത്മിക വസ്തുക്കൾ ആസ്വാദ്യകരവും രുചികരമായിരിക്കുന്നത്, എവിടെയാണോ എണ്ണമറ്റ പശുക്കൾ എല്ലായിപ്പോഴും ആദ്ധ്യാത്മികമായ പാൽ നൽകിക്കൊണ്ടിരിക്കുന്നത്, എവിടെയാണോ ആദ്ധ്യാത്മിക കാലത്തിന്റെ ശാശ്വതമായ അവതാരം ഉള്ളത്, എവിടെയാണോ വർത്തമാനം, ഭൂതം, ഭാവി ഇല്ലാതെ ഒരു ക്ഷണികപോലും സമയം നഷ്ടപ്പെടുത്തുന്ന സ്വാഭാവമില്ലാത്തവർ ഉള്ളത് ആ "ശ്വേതദീപ" എന്ന അദ്ധ്യാത്മികമായ ഇരിപ്പിടത്തെ ഞാൻ ആരാധിക്കുന്നു. ഗോലോകം എന്നറിയപ്പെടുന്ന ഭഗവാൻ്റെ ഈ വാസസ്ഥലത്തെപ്പറ്റി ഈ ലോകത്തിൽ ആത്മസാക്ഷാത്കാരം ലഭിച്ച വളരെ കുറച്ച് വ്യക്തികൾക്ക് മാത്രമേ അറിവുള്ളൂ!!
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Jaya Radhe..Great sewa..Humble Pranams🙏
ReplyDeleteHare Krishna 🙏
ReplyDeleteHare Krishnaa
ReplyDelete