Home

Thursday, December 24, 2020

മോക്ഷദ ഏകാദശി


 മോക്ഷദ ഏകാദശി


 അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



🍁🍁🍁🍁🍁🍁


    മോക്ഷദ ഏകാദശി, മാർഗ്ഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിൽ സംഭവിക്കുന്നു. ഈ ഏകാദശിയുടെ മഹിമകൾ ബ്രഹ്മാണ്ഡപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംവാദത്തിൽ വ്യക്തമാക്കുന്നു.


     ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ശ്രീകൃഷ്ണ ഭഗവാനോട് ചോദിച്ചു. "പ്രിയ ഭഗവാനേ, മാർഗ്ഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണ്. ദയവായി ഈ ഏകാദശി പാലിക്കുന്നതിനുള്ള പ്രക്രിയകളെ കുറിച്ച് വിശദീകരിച്ചു നൽകിയാലും.


     ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞു, "ഹേ രാജശ്രേഷ്ഠാ, ഈ ഏകാദശി ഒരുവന്റെ എല്ലാ പാപ കർമ്മ ഫലങ്ങളും ഇല്ലാതാക്കുന്നു. ഈ ദിനത്തിൽ, തുളസീ മഞ്ജരി കൊണ്ട് ഭഗവാനെ ആരാധിക്കുന്ന വ്യക്തിയിൽ ഭഗവാൻ പൂർണ്ണ സംപ്രീതനാകുന്നു. ഈ ഏകാദശി പാലിക്കുന്ന ഒരു വ്യക്തിക്ക് വാജ്പേയ യജ്ഞം നടത്തിയ ഫലം ലഭിക്കുന്നു."


    "ചമ്പക എന്ന നഗരം ഭരിച്ചിരുന്ന രാജാവായിരുന്നു വൈകാസനൻ. സ്വന്തം പ്രജകളോട് വളരെയേറെ വാത്സല്യമുള്ള വ്യക്തിയായിരുന്നു ആ രാജാവ്. വൈദിക ജ്ഞാനത്തിൽ വിദഗ്ധരായ കുറേയേറെ ബ്രാഹ്മണർ ആ രാജ്യത്തിൽ വസിച്ചിരുന്നു. ഒരിക്കൽ ആ രാജാവ് തന്റെ പിതാവ് നരകത്തിൽ പതിച്ചു കൊണ്ട് വളരെയധികം യാതനകൾ അനുഭവിക്കുന്നതായി സ്വപ്നം കാണുവാനിടയായി. ഇതു കണ്ട് രാജാവ് ആശ്ചര്യഭരിതനായി. അടുത്ത ദിവസം തന്റെ സ്വപ്നത്തെക്കുറിച്ച് ബ്രാഹ്മണരുടെ സഭയിൽ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. തന്റെ പിതാവ്  ഈ നരകയാതനയിൽ നിന്നും ഏതു വിധേനയും മോചിപ്പിക്കണമെന്ന് തന്നോട് അഭ്യർത്ഥിച്ചതായി അദ്ദേഹം ബ്രാഹ്മണരോട് പറഞ്ഞു. ഈ സ്വപ്നത്തിനു ശേഷം പിന്നീടങ്ങോട്ട് രാജാവ് എന്നും അസ്വസ്ഥനായും, സന്തോഷം ഇല്ലാതെയും രാജഭരണത്തിൽ താൽപ്പര്യമില്ലാത്തവനായും കാണപ്പെട്ടു. അദ്ദേഹത്തിന് തന്റെ കുടുംബാംഗങ്ങളിൽ പോലും താൽപ്പര്യമില്ലാതായി. 

സ്വന്തം പിതാവിനെ നരകത്തിലെ യാതനകളിൽ നിന്നും മോചിപ്പിക്കുവാൻ സാധിക്കാത്ത ഒരുവന്,  ജീവനും, രാജ്യവും ഐശ്വര്യവും, ശക്തിയും സ്വാധീനവുമെല്ലാം ഉണ്ടെങ്കിൽ പോലും, അതെല്ലാം വ്യർത്ഥമാണെന്ന് അദ്ദേഹം കരുതി. അതിനാൽ രാജാവ് ദയനീയമായി പണ്ഡിത ബ്രാഹ്മണരോട് ആരാഞ്ഞു, "ബ്രാഹ്മണ ശ്രേഷ്ടരേ, ദയവായി എന്റെ പിതാവിനെ നരകത്തിൽ നിന്നും മോചിപ്പിക്കാനുള്ള വഴി പറഞ്ഞു തന്നാലും.


     അദ്ദേഹത്തിന്റെ അപേക്ഷ കേട്ട് ബ്രാഹ്മണർ പറഞ്ഞു, "ഹേ രാജാവേ പർവത മുനിയുടെ ആശ്രമം ഇവിടെ അടുത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. അദ്ദേഹം ഭൂത, ഭാവി വർത്തമാനകാലങ്ങളെ മനസ്സിലാക്കിയ വ്യക്തിയാണ്. താങ്കളുടെ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു നൽകിയാലും. "


    "അവരുടെ ഉപദേശം ശ്രവിച്ച വൈകാസനൻ, ബ്രാഹ്മണരുടെയും, അനുചരന്മാരുടെയും കൂടെ പർവത മുനിയുടെ ആശ്രമത്തിൽ പോയി. പർവത മുനി തന്റെ രാജ്യത്തിന്റെ ക്ഷേമത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ രാജാവ് പറഞ്ഞു, "ഓ മഹാ മുനേ, അങ്ങയുടെ കാരുണ്യത്താൽ ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു, പക്ഷേ രാജ്യമോ ഐശ്വര്യങ്ങളോ ഉണ്ടെങ്കിൽ പോലും ഞാൻ വളരെ വലിയ ഒരു പ്രശ്നം അനുഭവിക്കുകയാണ്. വാസ്തവത്തിൽ എന്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തതിനാൽ അത് നിവാരണം ചെയ്യുവാനാണ് ഞാൻ അങ്ങയുടെ പാദ പദ്മങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്."


    "എല്ലാ സംഭവങ്ങളും രാജാവിൽ നിന്നും ശ്രവിച്ച പർവ്വത മുനി പിന്നീട് ധ്യാനനിരതനായി. കുറച്ചു സമയത്തിനു ശേഷം ധ്യാനത്തിൽ നിന്നുണർന്ന അദ്ദേഹം രാജാവിനോട് പറഞ്ഞു, " പ്രിയ രാജൻ അങ്ങയുടെ പിതാവ് പൂർവ്വജന്മത്തിൽ വളരെയധികം കാമാസക്തി ബാധിച്ച വ്യക്തിയായതിനാലാണ് ഈ നിലയിലേക്ക് പതിച്ചു പോകുവാൻ കാരണം. അതിനാൽ നിങ്ങളെല്ലാവരും മാർഗ്ഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിവ്രതം പാലിക്കുക, അതുവഴി ലഭിക്കുന്ന പുണ്യം അങ്ങയുടെ പിതാവിന് ദാനം നൽകുന്നത് വഴി അദ്ദേഹത്തെ നരകയാതനകളിൽ നിന്നും മുക്തമാക്കാൻ സാധിക്കും. പർവ്വത മുനിയിൽ നിന്നും ഇത് ശ്രവിച്ച രാജാവ് തന്റെ അനുചരൻമാരോടൊപ്പം രാജകൊട്ടാരത്തിലേക്ക് മടങ്ങി. 


    "അതിനുശേഷം രാജാവും പത്നിയും, പുത്രന്മാരും, സേവകന്മാരും ഈ ഏകാദശി വ്രതം പാലിക്കുകയും അതുവഴി ലഭിച്ച പുണ്യം, യാതനകൾ അനുഭവിക്കുന്ന തന്റെ പിതാവിന് സമർപ്പിക്കുകയും ചെയ്തു. ഈ പുണ്യത്തിന്റെ ബലത്തിൽ പിതാവ് സ്വർഗ്ഗലോകം പ്രാപിക്കുകയും തന്റെ പുത്രനെ അനുഗ്രഹിക്കുകയും ചെയ്തു.


    "ഓ രാജാവേ, ആരാണോ മോക്ഷദ ഏകാദശി വ്രതം പാലിക്കുന്നത്, അവർ എല്ലാ പാപകർമ്മങ്ങളിൽ നിന്നും മോചിതരാകുന്നു."


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam

No comments:

Post a Comment