🍁🍁🍁🍁🍁🍁🍁
കൃഷ്ണൻ മദനമോഹനൻ എന്നറിയപ്പെടുന്നത്, അദ്ദേഹം കാമദേവന്റെ മനസ്സിനെ കീഴടക്കുന്നതുകൊണ്ടാണ്. വ്രജകന്യകമാരുടെ ഭക്തിയുതസേവനം സ്വീകരിക്കുകകൊണ്ടും, അവർക്ക് അനുഗ്രഹങ്ങൾ പ്രദാനം ചെയ്യുന്നത് കൊണ്ടും അദ്ദേഹത്തിനു മദനമോഹനൻ, എന്ന പേരുണ്ടായി. കാമദേവന്റെ ഗർവം ശമിപ്പിച്ചശേഷം ഭഗവാൻ നവമദനനായി രാസനൃത്തമാടുന്നു. തന്റെ അഞ്ചുശരങ്ങളാൽ, രൂപം രസം, ഗന്ധം, ശബ്ദം, സ്പർശം എന്നിവ. സ്ത്രീചിത്തങ്ങളെ കീഴടക്കുവാനുള്ള തന്റെ കഴിവ് നിമിത്തവും അദ്ദേഹം മദനമോഹനൻ എന്നു വിളിക്കപ്പെടുന്നു. കൃഷ്ണന്റെ കഴുത്തിൽ തൂങ്ങുന്ന മുത്തുകൾ ഹംസത്തെപോലെ വെണ്മയാർന്നതാണ്, അദ്ദേഹത്തിന്റെ ശിരസ്സിനെ അലങ്കരിക്കുന്ന മയിൽപീലി മഴവില്ലിന്റെ നിറമുള്ളതും, അദ്ദേഹത്തിന്റെ പീതവസനം ആകാശത്തെ മിന്നൽ പോലെയും കൃഷ്ണൻ സ്വയം നവാംബുദം പോലെയുമാകുന്നു. ഗോപികമാർ അദ്ദേഹത്തിന്റെ കാലിലെ ചിലങ്കകൾ പോലെയാണ്. മേഘം വയലിലെ ധാന്യങ്ങളിൽ മഴ ചൊരിയുമ്പോൾ കൃഷ്ണൻ തന്റെ കൃപയാകുന്ന ലീലാവർഷത്തെ താഴേക്കു വിളിച്ചിറക്കി ഗോപസ്ത്രീകളുടെ ഹൃദയങ്ങളെ സംപുഷ്ടമാക്കുകയാണെന്നു തോന്നും. വാസ്തവത്തിൽ മഴക്കാലത്ത് ഹംസങ്ങൾ ആകാശത്തു പറക്കുന്നു. ആകാശത്ത് മഴവില്ലുകൾ കാണാൻ കഴിയും. കൃഷ്ണൻ വൃന്ദാവനത്തിൽ കൂട്ടുകാരുടെയിടയിൽ ഒരു ഗോപബാലനായി സ്വച്ഛന്ദം സഞ്ചരിക്കുന്നു. അദ്ദേഹം തന്റെ ഓടക്കുഴലൂതുമ്പോൾ ജംഗമങ്ങളും സ്ഥാവരങ്ങളുമായ എല്ലാ ജീവജാലങ്ങളും ഹർഷോന്മാദത്താൽ മതിമറക്കുന്നു. അവർ വിറകൊള്ളുകയും അവരുടെ കണ്ണുകളിൽ നിന്ന് അശ്രുക്കൾ പ്രവഹിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ നാനാവിഭൂതികളിൽ വച്ച് അദ്ദേഹത്തിന്റെ മധുരപ്രേമം സർവോന്നതമെത്രെ. അദ്ദേഹം എല്ലാ സമ്പത്തുകളുടെയും, എല്ലാ ശക്തികളുടേയും, എല്ലാ കീർത്തികളുടെയും, എല്ലാ സൗന്ദര്യത്തിന്റെയും, എല്ലാ അറിവുകളുടെയും, എല്ലാ പരിത്യാഗങ്ങളുടെയും നായകനാകുന്നു. ഇവയിൽ വച്ച് അദ്ദേഹത്തിന്റെ അന്യൂനസൗന്ദര്യം അദ്ദേഹത്തിന്റെ മധുരാകർഷണമത്രെ. കൃഷ്ണന്റെ രൂപം, ആ മധുരാകർഷണം, കൃഷ്ണനിൽ മാത്രം ശാശ്വതമായി കുടികൊള്ളുന്നതാണ്. അദ്ദേഹത്തിന്റെ മറ്റു വിഭൂതികളാകട്ടെ, അദ്ദേഹത്തിന്റെ നാരായണരൂപത്തിലുള്ളതുമാണ്.
യുവത്വത്തിന്റെ അനശ്വരസൗന്ദര്യസാഗരമായ കൃഷ്ണന്റെ തിരുവുടൽ സൗന്ദര്യതരംഗങ്ങളിൽ ഇളകുന്നതായി കാണാം, അദ്ദേഹത്തിന്റെ മുരളീനാദമുയരുമ്പോൾ ഒരു ചുഴലിക്കാറ്റുണ്ടാകുന്നു. ആ തരംഗങ്ങളും ആ ചക്രവാതവും ഗോപികമാരുടെ ഹൃദയത്തെ വൃക്ഷങ്ങളിലെ ഉണക്കയിലകളെ പോലെ ചലിപ്പിക്കുന്നു. ആ ഇലകൾ കൃഷ്ണന്റെ പാദാരവിന്ദങ്ങളിൽ വീണ് കഴിഞ്ഞാൽ അവയ്ക്കു പിന്നീടൊരിക്കലും ഉദ്ഗമിക്കുവാൻ കഴിയുകയില്ല. കൃഷ്ണന്റേതുമായി താരതമ്യപ്പെടുത്താവുന്ന സൗന്ദര്യം വേറൊന്നുമില്ല. എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന്റേതിനു തുല്യമോ, അതിലധികമോ, ആ സൗന്ദര്യമുള്ളവർ ആരും തന്നെയില്ല. നാരായണമൂർത്തിയുൾപ്പെടെ എല്ലാ അവതാരങ്ങളുടെയും ഉറവിടം അദ്ദേഹമാകയാൽ നാരായണന്റെ നിത്യസഖിയായ ലക്ഷ്മീദേവി നാരായണനുമായുള്ള സഹവാസമുപേക്ഷിക്കുകയും കൃഷ്ണനോടൊത്തു ചേരുവാൻ വേണ്ടി തപസ്സനുഷ്ഠിക്കുകയും ചെയ്ന്നു. കൃഷ്ണന്റെ ലാവണ്യത്തിന്റെ സർവാതിശയിത്വം അത്രമാത്രം മഹത്താകുന്നു, അത് സമസ്തസൗന്ദര്യത്തിന്റെയും അനശ്വരഖനിയതെ. ആ സൗന്ദര്യത്തിൽനിന്നാണ്, എല്ലാ സുന്ദരവസ്തുക്കളും ഉദ്ഭവിക്കുന്നത്.
ഒരാൾക്കും തന്റെ തൊഴിൽപരമായ കർത്തവ്യം വേണ്ടവിധം നിർവഹിക്കുന്നതുകൊണ്ടോ തപസ്സു കൊണ്ടോ സിദ്ധയാഗംകൊണ്ടോ, ജ്ഞാനയോഗം കൊണ്ടോ പ്രാർഥനകൾ കൊണ്ടോ കൃഷ്ണന്റെ സൗന്ദര്യം ആസ്വദിക്കുവാൻ സാധിക്കുകയില്ല. ഈശ്വരപ്രേമത്തിന്റെ ആധ്യാത്മികവേദിയിൽ വർത്തിക്കുകയും പ്രേമത്താൽ ഭക്തിയുതസേവനം നിർവഹിക്കുകയും ചെയ്യുന്നവർക്കു മാത്രമേ കൃഷ്ണന്റെ ആദ്ധ്യാത്മികസൗന്ദര്യം ആസ്വദിക്കുവാൻ സാധ്യമാകൂ. അത്തരം സൗന്ദര്യം എല്ലാ വിഭൂതികളുടെയും സാരാംശമാണ്. അതു ഗോലോകവൃന്ദാവനത്തിൽ മാത്രം ആസ്വദിക്കാവുന്നതും മറ്റെങ്ങും തന്നെ ആസ്വദിക്കുവാനാവാത്തതുമാണ്. നാരായണരൂപത്തിൽ കൃപ, കീർത്തി തുടങ്ങിയവയുടെ സൗന്ദര്യങ്ങളെല്ലാം കൃഷ്ണനാൽ സ്ഥാപിതമായിട്ടുണ്ട്. എന്നാൽ കൃഷ്ണന്റെ സൗമ്യഭാവവും ഔദാര്യവും നാരായണനിലില്ല. അവ കൃഷ്ണനിൽ മാത്രമേ ദൃശ്യമാകുന്നുള്ളു.
( ചൈതന്യശിക്ഷാമൃതം/അദ്ധ്യായം 10)
No comments:
Post a Comment