Home

Sunday, October 11, 2020

ശ്രീമദ് ഭഗവദ് ഗീത പതിനൊന്നാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭഗവദ് ഗീത പതിനൊന്നാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


മഹാദേവൻ തുടർന്നു, "പ്രിയ പാർവതീ, ഇനി ഞാൻ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായവുമായി ബന്ധപ്പെട്ട ഒരു ഉൽകൃഷ്ടമായ കഥ പറയാം. ഈ അദ്ധ്യായത്തെ കീർത്തിച്ചുകൊണ്ട് അസംഖ്യം കഥകളുണ്ടെങ്കിലും വിശേഷാൽ  ഈ കഥ കേൾക്കുന്നത് കൂടുതൽ സന്തോഷം പകരുന്നു."


 ഒരിക്കൽ പ്രണീത നദീ തീരത്ത് മേഘങ്കര എന്ന പട്ടണത്തിൽ സുനന്ദൻ എന്ന നാമത്തോടു കൂടിയ ഒരു ശുദ്ധ ബ്രാഹ്മണൻ വസിച്ചിരുന്നു. ഈ പട്ടണത്തിലെ ക്ഷേത്രത്തിലാണ് പ്രശസ്തമായ ജഗദീശ്വര മൂർത്തിയെ ആരാധിച്ചുപോന്നത്.  കൂപ്പുകൈകളോടെ ആ ബ്രാഹ്മണൻ എല്ലാ ദിവസവും ക്ഷേത്രം സന്ദർശിച്ചു. അദ്ദേഹം ക്ഷേത്രത്തിലെ ഭഗവദ് വിഗ്രഹത്തിനു മുൻപിലിരുന്നു കൊണ്ട് ഭഗവാന്റെ വിശ്വരൂപത്തിൽ ധ്യാനനിരതനായി ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പാരായണം നടത്തുന്നതിൽ വ്യാപൃതനായി. ഈ വിധത്തിൽ അദ്ദേഹം ഭഗവാന്റെ സ്മരണയിൽ പൂർണ്ണ സംതൃപ്തനായി നിലകൊണ്ടു. ഒരു ദിവസം സുനന്ദനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഗോദാവരീ നദീ തീരത്തെ എല്ലാ പുണ്യ സ്ഥലങ്ങളും സന്ദർശിക്കുവാൻ തീരുമാനിച്ചു. അവർ ഓരോ തീർത്ഥ സ്ഥലങ്ങളിലും കുളിച്ചുകൊണ്ട് അവിടെയുള്ള മൂർത്തികളുടെ ദർശനം സ്വീകരിച്ചു. എന്നാൽ വിവാഹ തീർത്ഥം എന്ന പട്ടണം എത്തുന്നതുവരെ എല്ലാം ശുഭകരമായി തന്നെ നടക്കുന്നുകൊണ്ടിരുന്നു. വിവാഹതീർത്ഥത്തിൽ ഉച്ചകഴിഞ്ഞ് വൈകിയെത്തിയ അവർ താമസിക്കുവാനായി ഒരു സ്ഥലം അന്വേഷിച്ചു, തൽഫലമായി അവർക്ക് ഒരു അതിഥി മന്ദിരം ലഭിക്കുകയും, രാത്രി അവിടെ തങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ സൂര്യൻ ഉദിച്ച ശേഷം ഉറക്കമുണർന്ന സുനന്ദനെ ആശ്ചര്യപ്പെടുത്തികൊണ്ട് അദ്ദേഹം ഒരു കാര്യം മനസ്സിലാക്കി, തന്റെ സഹയാത്രീകരായ എല്ലാവരെയും കാണാതായിരിക്കുന്നു എന്ന്. കുറേ സമയം അവരെ കുറിച്ച് അന്വേഷിച്ച ശേഷം അദ്ദേഹം ആ പട്ടണത്തിലെ മുഖ്യനെ കാണുകയും ഈ സംഭവത്തെക്കുറിച്ച് ആരായുകയും ചെയ്തു. ഗ്രാമമുഖ്യൻ ഉടനെ സുനന്ദന്റെ പാദത്തിൽ വീണു കൊണ്ട് പറഞ്ഞു, "ഓ മഹാത്മാവേ എനിക്ക് ഉചിതമായ ഒരു വിശദീകരണം നൽകുവാൻ സാധിക്കുന്നില്ല, പക്ഷെ എനിക്ക് ഒരു കാര്യം പറയുവാൻ സാധിക്കും, അങ്ങയേക്കാൾ മഹാനായ ഒരു ഭക്തൻ ഇല്ല എന്ന്. ദയവായി കുറച്ചു ദിവസത്തേക്ക് കൂടി ഇവിടെ താമസിച്ചു കൊണ്ട് ഈ പട്ടണത്തിൽ അനുഗ്രഹം ചൊരിഞ്ഞാലും. ഈ കാരുണ്യം നൽകുവാനായി ഞാനങ്ങയോട് യാചിക്കുകയാണ്."


കരുണാർദ്രമായ മനസ്സിന്റെ ഉടമയായ സുനന്ദൻ ഗ്രാമമുഖ്യന്റെ വിനയപൂർവ്വമായ അഭ്യർത്ഥന മാനിച്ചു. ഒപ്പം തന്റെ കാണാതായ സുഹൃത്തുക്കളെ കൂടി കണ്ടെത്താമെന്നും പ്രതീക്ഷിച്ചു. ഗ്രാമമുഖ്യൻ ഉടനെ അദ്ദേഹത്തിന് താമസിക്കുവാനായി സുഖപ്രദമായ ഒരു സ്ഥലം ക്രമീകരിക്കുകയും അദ്ദേഹത്തിന് രാത്രിയും പകലും ഭക്ഷണം പാകം ചെയ്യുവാനും സേവിക്കുവാനുമായി പാചകരെയും സേവകരെയും ഏർപ്പാടാക്കുകയും ചെയ്തു.


ദിവസങ്ങൾ മുൻപോട്ടു നീങ്ങി. എന്നാൽ എട്ടാം ദിവസം കണ്ണീരൊഴുക്കി കൊണ്ട് ഒരു ഗ്രാമവാസി സുനന്ദനെ സമീപിച്ചു. അദ്ദേഹം വിലപിച്ചു കൊണ്ട് സുനന്ദനോട് പറഞ്ഞു. "ഓ ശുദ്ധബ്രാഹ്മണാ കഴിഞ്ഞ രാത്രി ഒരു ദുഷ്ടനായ നരഭോജി രാക്ഷസൻ എന്റെ മകനെ ഭക്ഷിച്ചു. ദയവായി എന്നെ സഹായിക്കൂ ദയവായി എന്നെ സഹായിക്കൂ." അദ്ദേഹത്തിന്റെ തോളിൽ ആശ്വസിപ്പിക്കുവാനായി തന്റെ കൈകൾ വച്ച സുനന്ദൻ മറുപടി പറഞ്ഞു. "പ്രിയ സുഹൃത്തേ എന്താണ് സംഭവിച്ചത് എന്ന് എന്നോട് വിവരിച്ചാലും".


ആ ഗ്രാമവാസി തുടർന്നു പറഞ്ഞു, "ഈ പട്ടണത്തിൽ മനുഷ്യ മാംസം ഭക്ഷിക്കുന്ന ഭീമാകാരനും ഭയാനകനുമായ ഒരു രാക്ഷസൻ താമസിക്കുന്നുണ്ട്. ഞങ്ങൾ അവനുമായി ഒരു കരാറിൽ ഏർപ്പെടുന്നതുവരെ അവൻ ഞങ്ങൾക്കിടയിൽ നിന്നും ആളുകളെ തട്ടിയെടുത്ത് ഭക്ഷിക്കുന്നത് ഒരു പതിവായിരുന്നു. അങ്ങനെ അവന് ആവശ്യമുള്ള ഭക്ഷണം ഞങ്ങൾ  നൽകുകയാണെങ്കിൽ ഞങ്ങൾക്ക് സംരക്ഷണം നൽകാം എന്ന് ആ രാക്ഷസൻ സമ്മതിച്ചു. അതിനാൽ ഞങ്ങൾ വേഗേന ഒരു അതിഥി മന്ദിരം പണിതു. ഈ പട്ടണത്തിൽ വരുന്ന എല്ലാ യാത്രികരെയും അവിടേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി. അവർ ഉറങ്ങുമ്പോൾ ആ രാക്ഷസൻ ഭക്ഷിക്കുകയും ചെയ്യും." ഗ്രാമവാസി തുടർന്നു പറഞ്ഞു, "എന്നാൽ  ആശ്ചര്യകരമായ ഒരു സംഭവം നടന്നു. നിങ്ങളുടെ സംഘം അവിടെ താമസിച്ചപ്പോൾ താങ്കളെ ഒഴിച്ച് എല്ലാവരെയും അവൻ ഭക്ഷിച്ചു. ഞാൻ ഇങ്ങനെ സംഭവിക്കുവാനുള്ള കാരണം വിശദീകരിക്കാം, കഴിഞ്ഞ രാത്രി അവിടെ താമസിക്കുവാനായി ഒരു യുവാവായ സന്ദർശകനെ അവിടേക്ക് ഞാൻ പറഞ്ഞയച്ചു. എന്നാൽ ആ കുട്ടി എന്റെ മകന്റെ സുഹൃത്താണെന്ന് ഞാൻ മനസ്സിലാക്കിയില്ല. ഇതറിഞ്ഞ എന്റെ മകൻ തന്റെ സുഹൃത്തിനെ രക്ഷിക്കുവാനായി ഉടനെ അവിടേക്ക് തിരിച്ചു. എന്റെ മകൻ മടങ്ങി എത്താത്തതിനാൽ ഏറ്റവും മോശമായ സംഭവം നടക്കുമെന്ന ഭയത്തോടെ ഞാൻ വേഗത്തിൽ അവിടെ എത്തുകയും രാക്ഷസനെ നേർക്കുനേർ കണ്ടു കൊണ്ട് ചോദിക്കുകയും ചെയ്തു." "നീ ആ കുട്ടികളെ ഭക്ഷിച്ചുവോ." 


 "അതേ അവർ വളരെ സ്വാദിഷ്ടമായിരുന്നു." അവൻ ഭീകരമായി പല്ലിളിച്ചുകൊണ്ട് മറുപടി നൽകി. 


"പക്ഷേ അതിൽ ഒരാൾ എന്റെ മകൻ ആയിരുന്നു." ഞാൻ വിലപിച്ചു കൊണ്ട് പറഞ്ഞു. 


"ഇരുട്ടായതിനാൽ ഞാൻ എങ്ങനെ അറിയുവാനനാണ്" എന്ന് അവൻ മറുപടി പറഞ്ഞു.


 ഞാൻ അവനോടു നൈരാശ്യത്താൽ യാചിച്ചു, "എന്റെ മകന്റെ ജീവൻ തിരിച്ചു നൽകുവാൻ എന്തെങ്കിലും വഴിയുണ്ടോ." രാക്ഷസൻ മറുപടി പറഞ്ഞു "നിങ്ങൾ ഈ ചോദ്യം ചോദിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിക്കുന്നു. വാസ്തവത്തിൽ ഇതെല്ലാം ഭഗവാന്റെ ഇച്ഛയാണെന്ന് ഞാൻ കരുതുന്നു. ഇനി ഞാൻ സംസാരിക്കുന്നത് ശ്രദ്ധയോടെ കേൾക്കുക കഴിഞ്ഞ ആഴ്ച ഈ അതിഥി മന്ദിരത്തിൽ ശുദ്ധ ഹൃദയനായ ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു. ഞാൻ ഉടനെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഭക്ഷണമാക്കിയെങ്കിലും അദ്ദേഹത്തെ അതിൽ നിന്നും ഒഴിവാക്കിയിരുന്നു. കാരണം അദ്ദേഹം ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പാരായണം ചെയ്യാറുണ്ടായിരുന്നു. ആ ബ്രാഹ്മണൻ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം ഏഴു തവണ പാരായണം ചെയ്തു കൊണ്ട് എന്റെ ശിരസ്സിൽ ജലം തളിക്കുകയാണെങ്കിൽ ഞാൻ ഉറപ്പായും ശപിക്കപ്പെട്ട ഈ രാക്ഷസ ശരീരത്തിൽ നിന്നും മോചിതനാകും. അങ്ങനെ നിങ്ങളുടെ മകന്റെ ജീവൻ തിരിച്ചു കിട്ടുകയും ചെയ്യും."


"എന്റെ ഹൃദയത്തിൽ പ്രതീക്ഷകൾ നിറഞ്ഞു. ഉടനെ അങ്ങയെ കാണുവാനായി ഇവിടേക്ക് കുതിച്ചു. അവിടെ നിന്നും മടങ്ങുന്നതിനു മുൻപ് ആ രാക്ഷസന്റെ ശാപത്തെക്കുറിച്ചറിയുവാനുള്ള ഔത്സുക്യം കാരണം ഞാൻ അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിച്ചു. അവന്റെ കഥ ഇവ്വിധമാണ്."


 കുറേ കാലങ്ങൾക്ക് മുൻപ്, ഈ പട്ടണത്തിനു സമീപത്തായി ഒരു കർഷകൻ വസിച്ചിരുന്നു. വന്യജീവികളിൽ നിന്നും തന്റെ വിളകൾ സംരക്ഷിക്കുന്നതിനായി പലപ്പോഴായി എല്ലാ രാത്രികളിലും വയൽ കാക്കുവാനായി ഉറക്കമൊഴിച്ചു നിൽക്കുമായിരുന്നു അദ്ദേഹം. ഒരു പ്രഭാതത്തിൽ ഒരു യാത്രികൻ ആ കർഷകന്റെ കൃഷി സ്ഥലത്തിന്  സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അതുവഴി വിശപ്പോടെ വന്ന ഒരു വലിയ കഴുകൻ ആകാശത്തു നിന്നും കീഴോട്ടു പറന്നുകൊണ്ട് അശരണനായ ആ യാത്രികനെ മാന്തുവാനും അക്രമിക്കുവാനും തുടങ്ങി. അയാൾ സഹായത്തിനായി നിലവിളിച്ചു. അവിടെനിന്നും കുറച്ചകലെ നിന്നിരുന്ന ഒരു യോഗി വേഗത്തിൽ ഓടി വന്നു കൊണ്ട് പ്രതിരോധിക്കുവാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് അയാളെ രക്ഷിക്കുവാനായില്ല.


 ക്രോധത്താൽ ജ്വലിച്ച ആ യോഗി ആ കർഷകന്റെ നേരെ നടന്നു കൊണ്ട് ഈ രീതിയിൽ ശപിച്ചു, "ഏതൊരുവനാണോ അഗ്നി, സർപ്പങ്ങൾ , കള്ളന്മാർ, ആയുധങ്ങൾ എന്നിവയാൽ അപകടത്തിൽപ്പെടുന്ന ഒരാളെ രക്ഷിക്കുവാൻ സാധിക്കാത്തത്. അവൻ മരണത്തിന്റെ ദേവനായ യമരാജനാൽ ശിക്ഷിക്കപ്പെടുന്നു. തീർച്ചയായും അവൻ കുറേ കാലങ്ങൾ നരകത്തിലേക്ക് പോവുകയും, ശേഷം ഒരു ചെന്നായയായി പിറക്കുകയും ചെയ്യും. നേരെമറിച്ച് ആരാണോ ആവശ്യമായവർക്ക് സഹായം നൽകുന്നത് അവൻ ഭഗവാൻ വിഷ്ണുവിനെ നിശ്ചയമായും പ്രീതിപ്പെടുത്തുന്നു. ആരാണോ ഒരു ഗോവിന് വന്യജീവികളിൽ നിന്നോ, ക്രൂര മനുഷ്യരിൽ നിന്നോ, ദുഷ്ടനായ രാജാവിൽ നിന്നോ സംരക്ഷണം നൽകുന്നത്, അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ ധാമം പ്രാപിക്കും എന്ന് നിസംശയം പറയാം. എന്നാൽ നീ, ദുഷ്ടനായ കൃഷിക്കാരാ, ഇപ്പോൾ ഞാൻ ഇവ സംസാരിക്കുമ്പോൾ പോലും ക്രൂരനായ കഴുകനാൽ ഭക്ഷിക്കപെടുന്ന ആ യാത്രികനെ രക്ഷിക്കുവാനുള്ള ഒരു ശ്രമം പോലും നീ നടത്തിയില്ല. അതിനാൽ നീ ഒരു മാംസഭോജിയായ രാക്ഷസനായി പിറക്കട്ടെ എന്ന് ഞാൻ ശപിക്കുന്നു. കാരണം അതാണ് നീ അർഹിക്കുന്നത്."


ആ നിർഭാഗ്യവാനായ കർഷകൻ യോഗിയോട് മാപ്പപേക്ഷിച്ചു കൊണ്ടു പറഞ്ഞു. "സൗമ്യനായ സാധുവര്യാ, ദയവായി എന്നിൽ കാരുണ്യമുണ്ടായാലും. ഞാൻ എന്നും രാത്രി ഉണർന്നിരുന്നുകൊണ്ട് വയലിൽ കാവൽ നിൽക്കുകയായിരുന്നതിനാൽ തികച്ചും ക്ഷീണിതനായിരുന്നു. അതിനാലാണ് എനിക്ക് അദ്ദേഹത്തെ രക്ഷിക്കുവാൻ സാധിക്കാതിരുന്നത്. അല്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ അങ്ങനെ ചെയ്യുമായിരുന്നു."


ആ യോഗി മൃദുഹൃദയനായി,  കർഷകനോട് ദയ തോന്നിയ അദ്ദേഹം ഇങ്ങനെ അനുഗ്രഹിച്ചു. "ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം ദിവസവും പാരായണം ചെയ്യുന്ന ഒരു വ്യക്തി നിന്റെ ശിരസ്സിൽ ജലം തളിച്ചാൽ നിനക്ക് ഈ ശാപത്തിൽ നിന്നും മോചനം നേടാം." ഇതായിരുന്നു ആ രാക്ഷസന്റെ കഥ.


ആ ഗ്രാമവാസി തുടർന്നു, "അതിനാൽ സുനന്ദാ, അങ്ങ് ഞങ്ങൾക്കായി മഹത്തായ ഒരു സേവനം നടത്തേണ്ട സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. ദയവായി ഞങ്ങളെ സഹായിച്ചാലും."


 മറിച്ചൊന്നും പറയാതെ ഇരുവരും ആ രാക്ഷസന്റെ വാസസ്ഥലത്തേക്ക് തിരിച്ചു. അവരെ കണ്ടപ്പോൾ ആ രാക്ഷസൻ അങ്ങേയറ്റം സംപ്രീതനായി. സുനന്ദൻ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പാരായണം ചെയ്ത ശേഷം രാക്ഷസന്റെ ശിരസ്സിൽ ജലം തളിച്ചു. ഉടനെ തന്നെ അവന്റെ വിരൂപമായ ശരീരം മാറുകയും, ചതുർഭുജനായ ഭഗവാൻ വിഷ്ണുവിന് സമാനമായ ഒരു ശരീരം ലഭിക്കുകയും ചെയ്തു. ശേഷം ആ രാക്ഷസൻ ഭക്ഷിച്ച എല്ലാ മനുഷ്യരും പ്രത്യക്ഷരായി. അവരുടെ രൂപവും ഇതേ രീതിയിൽ മാറിയിരുന്നു. പുഷ്പങ്ങളാലുള്ള ദിവ്യമായ ഒരു വിമാനം പ്രത്യക്ഷമായപ്പോൾ ആ മഹത്തുക്കളുടെ സംഘം അതിനടുത്തേക്ക് നീങ്ങി കൊണ്ട് ആദ്ധ്യാത്മിക ലോകത്തിലേക്ക് മടങ്ങുവാൻ തയ്യാറായി.


 "നിൽക്കൂ നിൽക്കൂ" ഗ്രാമവാസി നിലവിളിച്ചു, എവിടെ എന്റെ മകൻ? 


മുൻപ് രാക്ഷസനായിരുന്ന വ്യക്തി പുഞ്ചിരിച്ചുകൊണ്ട് ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയെ വിളിച്ചുവരുത്തിയ ശേഷം മറുപടി പറഞ്ഞു.


" ഇതാ നിങ്ങളുടെ മകൻ."


തന്റെ പിതാവിന് ആദ്ധ്യാത്മിക ജ്ഞാനം നൽകി ബോധദീപ്തമാക്കുക എന്ന ഉദ്ദേശത്തോടെ ആ മകൻ ഇങ്ങനെ അഭിസംബോധന ചെയ്തു. "ഞാൻ കുറേ കാലങ്ങൾ അങ്ങയുടെ മകനായിരുന്നു. എന്നാൽ ഇപ്പോൾ ശുദ്ധ ഭക്തനായ സുനന്ദന്റെ അനുഗ്രഹത്താൽ ഞാൻ ഈ ജനന-മരണ ചക്രത്തിൽ നിന്നും കാരുണ്യപൂർവ്വം മോചിപ്പിക്കപ്പെട്ടിരിക്കുന്നു, മാത്രമല്ല ഞാൻ എന്റെ യഥാർത്ഥ ഗ്രഹമായ ആദ്ധ്യാത്മിക ലോകത്തിലേക്ക് മടങ്ങുകയാണ്. അതിനാൽ ഞാൻ അങ്ങയോട് വിനയത്തോടെ അഭ്യർത്ഥിക്കുകയാണ്. അങ്ങ് സുനന്ദന്റെ പാദപത്മങ്ങൾ സേവിച്ചുകൊണ്ട് അദ്ദേഹത്തിൽനിന്നും ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം പഠിക്കുക. ഈവിധം അങ്ങേയ്ക്ക് ജീവിതത്തിൻറെ പരമ ലക്ഷ്യം പ്രാപ്തമാക്കാവുന്നതാണ് എന്നതിൽ സംശയമില്ല."


മഹാദേവൻ പറഞ്ഞു,  "പ്രിയ പാർവതീ, അങ്ങനെ ആ ബാലൻ, മുക്താത്മാക്കളുടെ സംഗത്തിൽ ചേരുകയും വൈകുണ്ഠത്തിലേക്ക് മടങ്ങുകയും ചെയ്തു. അതിനുശേഷം സുനന്ദൻ ആ കുട്ടിയുടെ പിതാവിനെ ഭഗവദ് ഗീതയുടെ പതിനൊന്നാം അദ്ധ്യായം അഭ്യസിപ്പിച്ചു. അൽപ കാലങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വൈകുണ്ഠ ലോകം പ്രാപിക്കുകയും ചെയ്തു."



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

ശ്രീമദ് ഭഗവദ് ഗീത പത്താം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭഗവദ് ഗീത പത്താം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆


മഹാദേവൻ പറഞ്ഞു "പ്രിയ പാർവതീ ദയവായി ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായത്തിന്റെ മാഹാത്മ്യം ശ്രവിച്ചാലും .നീ തീർച്ചയായും ആശ്ചര്യപ്പെടുന്നതായിരിക്കും."


 "ഞാൻ നിരന്തരം ഭഗവാൻ കൃഷ്ണനിലുള്ള സ്മരണയിൽ മുഴുകിയിരിക്കുന്ന വ്യക്തിയാണെന്ന് നിനക്ക് നന്നായി അറിയാമല്ലോ. ഇതുപോലെ ആരൊക്കെ ഭഗവാനെ സ്മരിക്കുന്നുവോ അവർ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് . എന്റെ ജീവനു തുല്യരാണ്. അത്തരത്തിലൊരു ഭക്തനായിരുന്നു ധീരബുദ്ധി. ഭഗവാനെ സ്തുതിക്കുന്നതിൽ വളരെയധികം സ്ഥിരചിത്തനായിരുന്നു അദ്ദേഹം.അതിനാൽ തന്നെ അദ്ദേഹം എന്റെ മനം കവർന്നു. ഞാൻ ധീരബുദ്ധിയെ പിന്തുടർന്നുകൊണ്ട്, ഒരു സേവകനെ പോലെ അദ്ദേഹത്തിന് സംരക്ഷണവും, എല്ലാ തരത്തിലുള്ള ആവശ്യങ്ങളും നിറവേറ്റി നൽകുകയും ചെയ്തു."


ഇതൊക്കെ കണ്ടു നിൽക്കുകയായിരുന്ന എന്റെ ശാശ്വത സേവകൻ ഭ്രിംഗിരിദ്ധി, ജിജ്ഞാസാപൂർവ്വം എന്നോടു ചോദിച്ചു. "പ്രിയ പ്രഭു അങ്ങ് അങ്ങേയറ്റം സന്തോഷത്തോടെ സേവിക്കുന്ന ഈ ഭക്തന്റെ ചരിത്രവും പ്രത്യേക ഗുണങ്ങളും എനിക്ക് ദയവായി വിവരിച്ചു നൽകിയാലും.


" ഈ ചോദ്യത്തിനു മറുപടിയായി ഞാൻ പറഞ്ഞു "കുറച്ചു കാലങ്ങൾക്ക് മുൻപ് സായാഹ്ന സമയത്ത് കൈലാസത്തിലെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു ഞാൻ, ചന്ദ്രൻ നിറഞ്ഞ ശോഭയോടെ തിളങ്ങുന്നുണ്ടായിരുന്നു. വളരെ പ്രശാന്തമായിരുന്ന ആ അന്തരീക്ഷത്തിൽ പൊടുന്നനെ എവിടെ നിന്നെന്നില്ലാതെ ഒരു ശക്തമായ കൊടുങ്കാറ്റ് ഉടലെടുത്തു. വൃക്ഷങ്ങളെ ഭയാനകമാം വിധം ഉലച്ചു കൊണ്ട് ഒരു ഭീമാകാരമായ നിഴൽ തലയ്ക്കുമീതെ നീങ്ങി . ആകാശം മുഴുവൻ ഇരുട്ടിലാഴ്ത്തി. പൊടിപടലങ്ങളും ഇലകളും എൻറെ പാദങ്ങൾക്കു ചുറ്റും ചുഴികളായി കറങ്ങി കൊണ്ടിരുന്നു. മുകളിൽ നോക്കിയപ്പോൾ ഒരു ഹംസത്തെ പോലെ തോന്നിക്കുന്ന ഒരു പക്ഷി താഴേക്കിറങ്ങി വരുന്നുണ്ടായിരുന്നു. അതിന്റെ ചിറകുകളുടെ ചലനം അന്തരീക്ഷത്തിൽ കോലാഹലം സൃഷ്ടിച്ചു.

കറുത്ത വർണ്ണത്തോടു കൂടിയ ആ പക്ഷി തന്റെ ചുണ്ടിലുണ്ടായിരുന്ന മനോഹരമായ ഇളം ചുവപ്പു നിറമുള്ള താമര എനിക്ക് സമർപ്പിക്കുകയും ചെയ്തു. പിന്നീട് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പക്ഷി സംസാരിക്കുവാൻ തുടങ്ങി."


പക്ഷി പറഞ്ഞു, "അല്ലയോ  മഹാദേവാ അങ്ങ് വൈഷ്ണവരിൽ വച്ച് ഏറ്റവും ഉത്തമനാണ്.  അനന്തമായ മഹിമകൾക്കുടമയാണങ്ങ് . കൂടാതെ   അങ്ങ് , എല്ലാ ജീവജാലങ്ങൾക്കും കാരുണ്യവാനായ ഒരു സുഹൃത്ത് കൂടിയാണ് . പ്രത്യേകിച്ച് ശുദ്ധ ഭക്തന്മാരിൽ കാരുണ്യവാനുമാണ് അങ്ങ്. ദേവന്മാരുടെ ആചാര്യനായ ബൃഹസ്പതി മധുരമാർന്ന സ്തുതികളാൽ എന്നും അങ്ങയെ വാഴ്ത്തുന്നു. ആയിരം തലകളുള്ള ദിവ്യസർപ്പമായ അനന്തശേഷനു പോലും അങ്ങയുടെ മഹിമകൾ പൂർണമായും വാഴ്ത്തുവാൻ സാധിക്കാതിരിക്കുമ്പോൾ, എന്നെപ്പോലെ പരിമിതമായ ബുദ്ധിയോടു കൂടിയ ഒരു അപ്രധാനിയായ പക്ഷിയെ കുറിച്ചെന്തു പറയാൻ!


" ഹംസത്തിന്റെ വിനയാന്വിതമായ വാക്കുകളിൽ സംപ്രീതനായ ഞാൻ ചോദിച്ചു. "നീ ആരാണ് ? നീ എവിടെ നിന്നും വരുന്നു ? കാഴ്ചയിൽ ഭീമാകാരമായ ഹംസത്തെ പോലെ തോന്നിക്കുന്നുവെങ്കിലും, നിൻറെ തൂവലുകൾ എല്ലാം കാക്കയെ പോലെ നീല കലർന്ന കറുപ്പ് നിറമുള്ളതായി   കാണപെടുന്നു. ദയവായി എല്ലാം എന്നോട് വിവരിക്കൂ".


"ഹംസം മറുപടി പറഞ്ഞു "നന്ദി മഹാദേവാ, ഞാൻ യഥാർത്ഥത്തിൽ ബ്രഹ്മദേവന്റെ വാഹനമാണ്, ഇനി എങ്ങനെയാണ് എനിക്കീ കറുത്ത നിറം ലഭിച്ചത് എന്ന് പറയാം."


" ഞാൻ അങ്ങയ്ക്ക് സമർപ്പിച്ച ഈ ദിവ്യമായ താമര സൂറത്തിനടുത്തുള്ള ഒരു മനോഹരമായ തടാകത്തിൽ നിന്നും ലഭിച്ചതാണ്. ഒരു ദിവസം ആ തടാകത്തിന് മുകളിലൂടെ പറക്കുകയായിരുന്ന പൊടുന്നനെ എന്റെ ചിറകുകൾ മരവിച്ചുപോയി, ആ കാരണത്താൽ ഞാൻ ജലത്തിലേക്ക് പതിക്കുകയുമുണ്ടായി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിന്നീടൊരു കാര്യം ഞാൻ മനസ്സിലാക്കി. എന്റെ മഞ്ഞു പോലെ ശ്വേത വർണ്ണമാർന്ന ശരീരം കാർമേഘം പോലെ കറുത്ത് ഇരുണ്ടു പോയിരിക്കുന്നു എന്ന്."


" ഞാൻ ഞെട്ടലോടെ ചുറ്റും നോക്കിയപ്പോൾ തടാകത്തിലെ മധ്യത്തിലുണ്ടായിരുന്ന അതീവ സുന്ദരമായ താമര പൂക്കളിൽ നിന്നും ഒരു നിഗൂഢമായ ശബ്ദം പുറത്തേക്ക് വന്നു. ആ ശബ്ദം പറഞ്ഞു "ഓ ഹംസമേ ഇവിടെ വരൂ, നീ എങ്ങനെ ഇവിടെ വീണു എന്നും എങ്ങനെ നിന്റെ നിറം കറുപ്പായി മാറി എന്നും ഞാൻ പറഞ്ഞു തരാം. 


"ഞാൻ ഉടനെ ആ താമര പൂക്കൾക്ക് സമീപത്തേക്ക് നീന്തി. എന്നാൽ ആ പൂക്കളെല്ലാം ഒരു സുന്ദരിയായ സ്ത്രീയായി മാറി. അവരുടെ വായിൽ നിന്നും അതീവ സുഗന്ധ പൂർണമായ  സുഗന്ധ ദ്രവ്യം ബഹിർഗമിച്ചു. 

സർവ്വ ദിശകളിൽ നിന്നും ആയിരക്കണക്കിന് തേനീച്ചകൾ മൂളിക്കൊണ്ട് അവൾക്കു ചുറ്റും വലം വെച്ചു പറക്കുന്ന ആ കാഴ്ച്ച  പുഷ്പങ്ങളുടെ  രാജ്ഞിയാണവളെന്ന പ്രതീതിയുളവാക്കി. ആ സുഗന്ധദ്രവ്യത്തിന്റെ ശക്തിയാൽ തേനീച്ചകളെല്ലാം സ്വർഗ മണ്ഡലത്തിലേക്ക് ഉയർത്തപ്പെട്ടു."


 "ആ നിഗൂഢയായ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "ഓ പക്ഷികളുടെ രാജാവേ, എനിക്കുമീതെ പറന്നു എന്ന അപരാധത്താലാണ്  അങ്ങ് താഴേക്ക് വീണത്. നിങ്ങളുടെ നിറം കറുപ്പായി മാറുവാനുള്ള കാരണവും  അതു തന്നെ. അങ്ങയോട് കനിവ് തോന്നിയതിനാലാണ് ഞാൻ  അങ്ങയെ   ഇവിടെ വിളിച്ചു വരുത്തിയത്. ആ തേനീച്ചകളെ സംബന്ധിച്ചെടുത്തോളം എനിക്ക് ഇത്തരത്തിലുള്ള ശക്തി ഉണ്ടാകുവാനുള്ള കാരണം ഞാൻ പറയാം. മൂന്നു ജന്മങ്ങൾക്ക് മുൻപ് ഞാൻ സരോവജവദന എന്ന നാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു പിറന്നത്. എന്റെ പിതാവ് വളരെ നിഷ്ഠയുള്ള ഒരു ഭർത്താവിന് എന്നെ വിവാഹം ചെയ്തു നൽകി. അദ്ദേഹത്തെ വിശ്വസ്തതയോടെ ഞാൻ സേവിച്ചു. ഒരു ദിവസം ഞാൻ ഒരു ക്ഷീണിതനായ കറുത്ത പക്ഷിയെ കാണുകയും അതിനെ ശുശ്രൂഷിക്കുകയും ചെയ്യുവാനിടയായി. എന്നാൽ പിന്നീട് ആ പക്ഷി എനിക്ക് വളരെ പ്രിയപ്പെട്ടതായി മാറി. അത് എന്റെ ഭർത്താവിനായി ചെയ്തുകൊണ്ടിരുന്ന സേവനങ്ങളെ ബാധിക്കുകയും ചെയ്തു.അദ്ദേഹം വളരെയധികം നിരാശപ്പെടുകയും ക്രോധാവേശത്താൽ  അടുത്ത ജന്മത്തിൽ ഒരു കറുത്ത പക്ഷിയായി ജനിക്കട്ടെ എന്ന്  എന്നെ ശപിക്കുകയും ചെയ്തു. അങ്ങനെ ഒരു കറുത്ത പക്ഷിയായി ജനിക്കുകയും എന്നാൽ ഞാൻ അനുഷ്ഠിച്ച  സദ്കർമങ്ങൾ കാരണം, എന്നെ ചില സാധുക്കൾ അവരുടെ ആശ്രമത്തിൽ പാർപ്പിക്കുകയും ചെയ്തു.

 അവർ ദിവസവും രണ്ടുനേരം ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായം പാരായണം ചെയ്യുന്നത് ഞാൻ ശ്രദ്ധയോടെ ശ്രവിച്ചു. ഈ കാരണത്താൽ ഞാൻ അടുത്ത ജന്മം സ്വർഗ്ഗ ലോകങ്ങളിലേക്ക് ഉയർത്തപ്പെട്ടു. അവിടെ എനിക്ക് പത്മാവതി എന്ന നാമത്തിലുള്ള ഒരു അപ്സരസ്സിന്റെ രൂപം ലഭിച്ചു. ഞാനവിടെ എന്റെ ജീവിതം ആസ്വദിച്ചു. പലപ്പോഴായി എന്റെ പുഷ്പക വിമാനത്തിൽ യാത്രകൾ ചെയ്തു കൊണ്ടിരുന്നു."


" അങ്ങനെ ഒരു ദിവസം, ഞാൻ സുഗന്ധ പൂർണമായ താമരകൾ നിറഞ്ഞ ആകർഷകമായ ഒരു തടാകത്തിനു മുകളിലൂടെ പറക്കുകയുണ്ടായി. ക്ഷീണം മാറ്റുക എന്ന ആഗ്രഹത്താൽ ഞാൻ ആ ആകർഷണീയമായ തടാകത്തിൽ ഇറങ്ങുകയും ചെയ്തു. എന്റെ വസ്ത്രങ്ങൾ മാറ്റി കൊണ്ട് ജലത്തിൽ ഇറങ്ങുകയും നിറഞ്ഞ സന്തോഷത്താൽ ജല ക്രീഢകളിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ആകസ്മികമായി അതു വഴി സഞ്ചരിക്കുകയായിരുന്ന ക്ഷിപ്രകോപിയായ ദുർവാസാ മുനി എന്നെ നഗ്നയായി കാണുവാനിടയായി. ഭയാധിക്യത്താൽ ഞാൻ ഉടനെ അഞ്ചു താമരപ്പൂക്കളായി മാറി. എന്റെ കാലുകളും കൈകളും നാല് താമരകളായി മാറി, എന്റെ ശരീരവും ശിരസ്സും അഞ്ചാമത്തേതുമായി മാറി. കോപാവിഷ്ടനായ മുനിക്ക് താൻ കണ്ട കാഴ്ച്ച സഹിക്കുവാൻ സാധിച്ചില്ല. ദേഷ്യത്തോടെ അദ്ദേഹം ശപിച്ചു "ഹേ പാപിയായ സത്വമേ. നൂറ് ശരത് കാലങ്ങൾ നീ ഇതേ രൂപത്തിൽ തന്നെ നിലകൊള്ളട്ടെ." ശേഷം അദ്ദേഹം യാത്രയായി. ഭാഗ്യവശാൽ എനിക്ക് എന്റെ കറുത്ത പക്ഷിയായുള്ള പൂർവ്വജന്മം ഓർത്തെടുക്കുവാൻ സാധിച്ചു. മാത്രമല്ല ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായത്തിലെ വാക്കുകളും എനിക്ക് ഓർത്തെടുക്കുവാൻ സാധിച്ചു. ഇത് എനിക്ക് കടന്നു പോയ വർഷങ്ങളിൽ ശക്തി പകർന്നു. ഇന്ന് ആ ശാപം അവസാനിച്ചിരിക്കുന്നു, എന്ന് മാത്രമല്ല യാദൃശ്ചികമായി നീ എന്റെ മുകളിലൂടെ പറക്കുകയും ചെയ്തു. പക്ഷേ എനിക്ക് നിസ്സംശയം പറയുവാൻ സാധിക്കും, ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായം എന്നിൽനിന്നും പഠിക്കുകയാണെങ്കിൽ തീർച്ചയായും നിനക്ക് ഈ വിഷമഘട്ടത്തിൽ നിന്നും മോചനം ലഭിക്കുന്നതായിരിക്കും. ദയവായി ഇങ്ങനെ പ്രവൃത്തിച്ചാലും."


" ഞാൻ ഉടനെ സമ്മതിക്കുകയും ചെയ്തു. അവർ ഭഗവാൻ ശ്രീകൃഷ്ണനാൽ പറയപ്പെട്ട ആ വിശുദ്ധമായ ശ്ലോകങ്ങൾ എനിക്ക് പഠിപ്പിച്ചു നൽകുകയും ചെയ്തു. ശേഷം ആകാശത്തിൽ നിന്നും ഒരു രഥം വരികയും പത്മാവതിയെ വൈകുണ്ഡത്തിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു. ഞാൻ ഇപ്പോൾ ആ തടാകത്തിൽ നിന്നും ലഭിച്ച താമര അങ്ങേയ്ക്ക് സമർപ്പിക്കുവാനാണ് അവിടെ നിന്ന് വന്നത്."


മഹാദേവൻ ഉപസംഹരിച്ചു "എന്റെ ദർശനം ലഭിച്ച ശേഷം ആ കറുത്ത ഹംസം തന്റെ ശരീരം ത്യജിക്കുകയും, പിന്നീട് ഒരു ബ്രാഹ്മണ കുടുംബത്തിൽ ധീരബുദ്ധി എന്ന നാമധേയത്തോടുകൂടി ജന്മമെടുക്കുകയും ചെയ്തു. അദ്ദേഹം തന്റെ ശുദ്ധ ഹൃദയത്താൽ സദാ സമയവും ഭഗവദ് ഗീതയുടെ പത്താം അദ്ധ്യായം പാരായണം ചെയ്യുന്നു. മദ്യപാനികളും കൊലപാതകികളുമായവർക്കു പോലും അദ്ദേഹത്തിൻറെ പാരായണത്തിന്റെ ശക്തി വിശേഷത്താൽ ശ്രീകൃഷ്ണ ഭഗവാന്റെ ദർശനം ലഭിക്കുവാനുള്ള അനുഗ്രഹം ലഭിക്കുന്നു. ഇതു തന്നെ എല്ലാവരുടെയും കാര്യത്തിൽ പറയാവുന്നതാണ്, ഏതുതരം വ്യക്തികളായാലും ആരാണോ പത്താം അദ്ധ്യായം പാരായണം ചെയ്യുന്നത് അവർക്കും ഇതേ ഫലം തന്നെ സിദ്ധിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

ശ്രീമദ് ഭഗവദ് ഗീത ഒൻപതാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🔆🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭഗവദ് ഗീത ഒൻപതാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆🔆


മഹാദേവൻ തുടർന്നു," പ്രിയ പാർവ്വതീ ദേവീ, ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായത്തിന്റെ മാഹാത്മ്യം ശ്രവിച്ചാലും."


"നർമദാ നദിയുടെ തീരത്തെ മഹിഷ്‌മതി എന്ന പട്ടണത്തിൽ മാധവൻ എന്ന നാമത്തോടു കൂടിയ ഒരു ബ്രാഹ്മണൻ വസിച്ചിരുന്നു. അദ്ദേഹം വളരെ നിഷ്ഠയുള്ള ഒരു ബ്രാഹ്മണനായിരുന്നു, കൂടാതെ പാണ്ഡിത്യവും യാഗങ്ങൾ നടത്തുന്നതിൽ നൈപുണ്യവുമുള്ള വ്യക്തിയായിരുന്നു, അതിനാൽ തന്നെ അയാളുടെ ധനികരായ ആശ്രിതരിൽ നിന്നും ധാരാളം ഉപഹാരങ്ങൾ ദാനമായി ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച ധാരാളം ധനത്താൽ ചിലവേറിയ ഒരു അഗ്നിഹോത്രം നടത്തുവാൻ അയാൾ തീരുമാനിച്ചു. ഈ യജ്ഞം ആരംഭിക്കുന്നത് ഒരു ആടിനെ ബലി നൽകിക്കൊണ്ടാണ്. യാഗാഗ്നിയിൽ ആർപ്പിക്കുന്നതിനു മുൻപേ ആ മൃഗത്തെ നന്നായി വൃത്തിയാക്കുവാൻ തന്റെ അനുയായികൾക്ക് അയാൾ ഉപദേശവും നൽകി.


എന്നാൽ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു മനുഷ്യനെ പോലെ ഉച്ചത്തിൽ അട്ടഹസിച്ച ശേഷം ആ ആട്, യാഗം നിർവ്വഹിക്കുവാൻ പോകുന്ന മാധവനോടായി പറഞ്ഞു. "ഹേ വിഡ്ഡീ, നീ പാണ്ഡിത്യമുള്ള വ്യക്തിയാണെന്ന് കരുതിയിരുന്നു. പക്ഷെ ജനന മരണമാകുന്ന ചക്രത്തിൽ ബന്ധിക്കുന്ന ഇത്തരം യാഗങ്ങൾ കൊണ്ട് യഥാർത്ഥമായി എന്ത് ഗുണമാണ് നിനക്കു ലഭിക്കുന്നത്."


ഈ വാക്കുകൾ ഒരു ആടിൽ നിന്നും കേൾക്കേണ്ടി വന്ന അവിടെ കൂടിയ ആളുകളെല്ലാം ആശ്ചര്യഭരിതരായി.മാധവൻ വിനയത്തോടെ മറുപടി പറഞ്ഞു. "നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ആശ്ചര്യം ജനിപ്പിക്കുന്നവയാണ്, ദയവായി അങ്ങയുടെ പൂർവ്വജന്മം ഞങ്ങൾക്ക് വിശദീകരിച്ചു നൽകിയാലും? എന്തായിരുന്നു അങ്ങയുടെ ധർമ്മം? എന്ത് പ്രവൃത്തിയുടെ ഫലമായാണ് ഈ ആടായി മാറിയത്."


ആ ആട് മറുപടി പറഞ്ഞു. "നിങ്ങളെ പോലെ തന്നെ ഞാനും പുണ്യാത്മാക്കളുടെ കുടുംബത്തിലായിരുന്നു ജനിച്ചത്. മാത്രമല്ല ഒരു നല്ല ജീവിതത്തിനായി നിഷ്കർഷിച്ചിട്ടുള്ള എല്ലാ വൈദിക ആചാരങ്ങളും ഞാൻ കർത്തവ്യബോധത്തോടെ നിർവ്വഹിച്ചുപോന്നിരുന്നു. എന്നാൽ എന്റെ മകന് മാരകമായ അസുഖം ബാധിക്കുകയും, അവന്റെ രോഗമുക്തിക്കായി എന്റെ ഭാര്യ ഒരു ആടിനെ ദുർഗാ ദേവിക്ക് ബലി അർപ്പിക്കുവാൻ എന്നെ പ്രേരിപ്പിച്ചു". 


ഞങ്ങൾ ആ ആടിനെ ബലിയർപ്പിക്കുവാൻ പോകവേ ആ മൃഗം എന്നെ ശപിച്ചു. "ക്രൂരനും പാപിയും അധമനുമായ നിന്റെ ഈ ദുഷിച്ച പ്രവൃത്തിയാൽ നിന്റെ കുട്ടികൾ അച്ഛനില്ലാത്തവരാകട്ടെ. അതിനാൽ, നീയും എന്നെ പോലെ ഒരു ആടായി മാറട്ടെ എന്ന് ഞാൻ ശപിക്കുന്നു. ഹേ മാധവാ അങ്ങനെയാണ് ഞാൻ ഒരു ആടായി മാറിയത്." ഒരു ആടിൽ നിന്നും ഇത്തരമൊരു കഥ ശ്രവിക്കേണ്ടി വന്ന ആ ബ്രാഹ്മണൻ ആശ്ചര്യഭരിതനായി. ആ ആട് തുടർന്നു പറഞ്ഞു  "നിങ്ങൾക്ക് ഇത് വിസ്മയകരമായി തോന്നിയെങ്കിൽ ഈ കഥ കൂടി കേട്ടു നോക്കൂ".


"പരിപാവനമായ കുരുക്ഷേത്ര ഭൂമിയിൽ ചന്ദ്രശർമ്മൻ എന്ന ഒരു രാജാവ് ജീവിച്ചിരുന്നു. അദ്ദേഹം സൂര്യഗ്രഹണം എന്ന ശുഭ മുഹൂർത്തത്തിൽ സൂര്യവംശത്തിൽ ഭൂജാതനായി. ആ രാജാവ് ഒരു യോഗ്യനായ ബ്രാഹ്മണന് എല്ലാ തരത്തിലുമുള്ള ദാനങ്ങളും നൽകുവാൻ തീരുമാനിച്ചു. ആദ്യം അദ്ദേഹം ഒരു പവിത്രമായ തടാകത്തിൽ കുളിച്ചു. ശേഷം അദ്ദേഹം ശുദ്ധമായ ശ്വേത വർണമാർന്ന വസ്ത്രം ധരിക്കുകയും ദേഹമാസകലം ചന്ദനം പൂശുകയും ചെയ്തു. അദ്ദേഹം തന്റെ പുരോഹിതന്റെ കൂടെ ബഹുമാന്യനായ ഒരു ബ്രാഹ്മണനെ സമീപിച്ചു. അദ്ദേഹം ബ്രാഹ്മണന് സമർപ്പിച്ച ഉപഹാരങ്ങളിൽ ഒന്ന് ഒരു സേവകനായിരുന്നു. ആ സേവകന്റെ ശരീരം പൂർണമായും കറുപ്പായിരുന്നു. ആ സേവകൻ ബ്രാഹ്മണന്റെ അടുക്കൽ പോയപ്പോൾ വളരെ വിചിത്രമായ ഒരു സംഭവം നടന്നു. ആ ഭൃത്യന്റെ നെഞ്ചിൽ നിന്നും പട്ടിമാംസം ഭക്ഷിക്കുന്ന ചണ്ഡാളനും ഭാര്യയും പുറത്തുവന്നു. ഈ രൂപങ്ങൾ ഉടനെ ബ്രാഹ്മണന്റെ ശരീരത്തിൽ പ്രവേശിച്ചു. ആ ബ്രാഹ്മണൻ തന്റെ ഇന്ദ്രിയങ്ങളും മനസ്സും പൂർണമായി നിയന്ത്രിച്ചുകൊണ്ട് ഭഗവാൻ ഗോവിന്ദന്റെ പാദാരവിന്ദങ്ങളിൽ ധ്യാനിച്ചുകൊണ്ട് ശാന്തമായി ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായം പാരായണം ചെയ്തു."


"ആ മാത്രയിൽ തന്നെ വിഷ്ണു ദൂതന്മാർ സംഭവ സ്ഥലത്ത് എത്തുകയും, ആ രണ്ടു പാപികളായ ചണ്ഡാളന്മാരെയും ബ്രാഹ്മണന്റെ ശരീരത്തിൽ നിന്നും വലിച്ചു പുറത്തിട്ടുകൊണ്ട് ദൂരസ്ഥലത്തേക്ക് ഓടിച്ചു. അപ്പോഴും മനസ്സിളകാതെയിരുന്ന ബ്രാഹ്മണൻ പാരായണം തുടർന്നു കൊണ്ടേയിരുന്നു."


"ഇതേസമയം ഇതൊക്കെ കണ്ട് നിശ്ചലനായ രാജാവ് ആകാംക്ഷയോടെ  ചോദിച്ചു. "ഓ ബ്രാഹ്മണ ശ്രേഷ്ഠാ ആരായിരുന്നു ആ രണ്ടുപേർ? എന്ത് മന്ത്രമാണ് നിങ്ങൾ ജപിക്കുന്നത്? അങ്ങ് ധ്യാനിക്കുന്നത് എന്താണെന്ന് ദയവായി എന്നോട് പറഞ്ഞാലും. കാരണം ഇത്രയും അസാധാരണമായ ഒരു കാര്യം മുൻപെങ്ങും ഞാൻ കണ്ടിട്ടില്ല."


ബ്രാഹ്മണൻ മറുപടി പറഞ്ഞു "ഓ രാജാവേ, ആ ചണ്ഡാളൻ പാപത്തിന്റെ മൂർത്തീഭാവവും, അവന്റെ ദുഷിച്ച ഭാര്യ അപരാധത്തിന്റെ മൂർത്തീഭാവവുമായിരുന്നു.  അതിനാൽ സംരക്ഷണത്തിനായി ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായത്തിലെ ദിവ്യമായ പദങ്ങൾ ഞാൻ പാരായണം ചെയ്തു. ആ പരിശുദ്ധമായ വാക്കുകൾ ഭഗവാൻ ഗോവിന്ദന്റെ ദിവ്യമായ വായിൽ നിന്നും വന്നതാകയാൽ, ഏറ്റവും വലിയ അപകടത്തിൽ നിന്നു പോലും ഒരുവന് സംരക്ഷണം നൽകുന്നു. ഞാൻ അദ്ദേഹത്തിന്റെ പാദപത്മങ്ങളിൽ ധ്യാനിച്ചുകൊണ്ട് ഈ ശ്ലോകങ്ങൾ സ്മരിക്കുന്നതു വഴി ഭയരഹിതനായി മാറി."


"ഈ അറിവ് ലഭിച്ച രാജാവ് വളരെയധികം പ്രചോദിതനാവുകയും, അദ്ദേഹം ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായം ഹൃദിസ്ഥമാക്കിക്കൊണ്ട് ഭഗവാൻ ഗോവിന്ദന്റെ പാദാരവിന്ദങ്ങൾ സ്മരിക്കുകയും ചെയ്യുക വഴി തന്റെ ജീവിതത്തിന്റെ പരിപൂർണത നേടി." അങ്ങനെ ആ ആട് തന്റെ സംസാരം ഉപസംഹരിച്ചു.


 ആ രാജാവിന്റെ നല്ല ഉദാഹരണം കണ്ടു മനസ്സിലാക്കി ആചരിക്കുവാൻ തയ്യാറായ മാധവനും ഭഗവദ് ഗീതയുടെ ഒൻപതാം അദ്ധ്യായം പഠിക്കുകയും ജീവിതം പരിപൂർണതയിൽ എത്തിക്കുകയും ചെയ്തു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com