Home

Saturday, November 21, 2020

ഗോപാഷ്ടമി




 ഗോപാഷ്ടമി

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🍁🍁🍁🍁🍁🍁


കൃഷ്ണൻ പൂർണ്ണമായും നിപുണനായ ഗോപാലൻ ആയി മാറിയ ദിവസമാണ് ഗോപാഷ്ടമി എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനുമുൻപ് ഭഗവാൻ പശുക്കുട്ടികളെയാണ് പരിപാലിച്ചിരുന്നത് കാർത്തികമാസത്തിലെ അഷ്ടമി ദിവസമാണ് ഗോപാഷ്ടമി ദിവസമെന്ന് ബന്ധപ്പെട്ട പ്രാമാണികർ കണക്കാക്കുന്നു. ബാലകർ തങ്ങളുടെ ആറാം വയസ്സിലേക്ക് പ്രവേശിക്കുമ്പോൾ പൗഗണ്ഡർ എന്നറിയപ്പെടുന്നു. ഇതേസമയം തന്നെയാണ് പശുക്കളെ പരിപാലിക്കുന്ന അതിനുള്ള ഉത്തരവാദിത്വം അവർക്ക് നൽകുന്നത്. നന്ദ മഹാരാജാവ് തൻറെ പുത്രന്മാരായ കൃഷ്ണനെയും ബലരാമനും പശുക്കളെ പരിപാലിക്കുന്നതിനായി ആദ്യമായി അയച്ച ദിവസമാണിത്.

 


പുരുഷ ജനങ്ങളും ബാലന്മാരും മാത്രം പങ്കെടുക്കുന്ന ഒരു ഉത്സവമായിരുന്നു അത് . ശ്രീമതി രാധാറാണിക്കും മറ്റ് ഗോപികമാർക്കും ഈ ഉത്സവം ആസ്വദിക്കണം എന്നുണ്ടായിരുന്നു. മുഖഛായയിൽ കൃഷ്ണന്റെ സുഹൃത്തായിരുന്ന സുബലനോട് സാദൃശ്യം ഉണ്ടായിരുന്നതിനാൽ രാധാറാണി ഒരു ഗോപാലന്റെ വേഷം ധരിച്ച് ഈ ഉത്സവത്തിൽ പങ്കുചേർന്നു. മറ്റ് ഗോപികമാരും അതുപോലെ ഈ ഉത്സവത്തിൽ പങ്കുകൊണ്ടു.  ഭക്തന്മാർ ഗോപാഷ്ടമി ദിവസം മധുരമായ ഈ ലീലകൾ സ്മരിക്കുന്നു. 



ആ ദിവസം മുതൽ കൃഷ്ണനും ബലരാമനും പാദരക്ഷകൾ ധരിക്കാതെ യെ വൃന്ദാവനം മുഴുവനും സഞ്ചരിച്ചു   കൊണ്ട് തങ്ങളുടെ പാദമുദ്രകൾ കൊണ്ട് വൃന്ദാവന ഭൂമി പവിത്രമാക്കിത്തീർത്തു.പത്മപുരാണത്തിൽ കാർത്തിക മാസത്തെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ഇതിനെപ്പറ്റി പറയുന്നുണ്ട്.


ശുക്ലാഷ്ടമി കാർത്തികേ തു

സ്മൃതഗോപിഷ്ടമീ ബുദ്ധൈതാദ്

ദിനാദ് വാസുദേവോഭൂത്

ഗോപഃ പൂർവ്വം തു വത്സപഃ

 

ശ്രീകൃഷ്ണൻ നഗ്നപാദനായി നടക്കുന്നതിലൂടെ  ഭൂമി അനുഗ്രഹീതയായി മാറി. പരമ പുരുഷനായ ഭഗവാൻ ഈ ഭൂമിയെ തൻറെ കാൽപാദങ്ങൾ പരിപൂതമാക്കി . എന്നാൽ  താമരപ്പൂ പോലെ മൃദുലമായ ആ പാദങ്ങളിൽ കല്ലോ , മുള്ളോ മുറിവേൽപ്പിക്കുമോ എന്ന ചിന്ത വൃന്ദാവനത്തിലെ പെൺകിടാങ്ങളുടെ മനസ്സുകളെ ഉത്കണ്ഠാകുലരാക്കിക്കൊണ്ടിരുന്നു.


 

പശുക്കൾ ആരാധിക്കപ്പെടേണ്ടവയും സംരക്ഷിക്കപ്പെടേണ്ടവയുമാണെതാണെന്ന് കൃഷ്ണന്റെ ഈ ലീലകളിലൂടെ നമുക്കു മനസിലാകുന്നു.കൃഷ്ണൻറെ കാലടികൾ പിന്തുടരുന്നവർ  പശുക്കളെ ആരാധിക്കുകയും സംരക്ഷിക്കുകയും വേണം .ഭഗവാൻ കൃഷ്ണൻ ഗോപാഷ്ടമി , ഗോവർധന പൂജ മുതലായ ദിനങ്ങളിൽ പശുക്കളെ ആരാധിച്ചിരുന്നു. അതുപോലെ നമ്മളും പശുക്കളെ ആരാധിക്കുകയും സംരക്ഷിക്കുകയും വേണഗോപാഷ്ടമി.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ഗോപാഷ്ടമി


 

രമാ ഏകാദശിയുടെ മാഹാത്മ്യം



 രമാ ഏകാദശിയുടെ മാഹാത്മ്യം

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



ബ്രഹ്മവൈവൃതപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംവാദത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

യുധിഷ്ഠിര മഹാരാജാവ് ചോദിച്ചു, "ഹേ ജനാർദ്ദനാ കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണ്? ദയവായി അതേക്കുറിച്ച് വ്യക്തമാക്കിയാലും."

ശ്രീകൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, "ഹേ രാജശ്രേഷ്ഠാ, ഈ ഏകാദശിയുടെ നാമമാണ് രമാ ഏകാദശി. ഒരുവന്റെ സകലപാപങ്ങളും നശിപ്പിക്കുന്ന ഈ ഏകാദശിയുടെ മഹത്വം ദയവായി ശ്രവിച്ചാലും".

വളരെ കാലങ്ങൾക്ക് മുൻപ്‌, മുചുകുന്ദൻഎന്ന നാമത്തോടു കൂടിയ പ്രസിദ്ധനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം സ്വർഗരാജാവായ ഇന്ദ്രനോടും, യമരാജാവിനോടും, വരുണ , വിഭീഷണനുമായും (അസുര രാജാവായ രാവണന്റെ അനുജൻ) നല്ല സുഹൃദ് ബന്ധം പുലർത്തിയിരുന്നു. സത്യസന്ധമായ ഭരണം കാഴ്ചവെക്കുന്നതിലും ഈശ്വര ഭക്തിയിലും മുചകുന്ദൻ എപ്പോഴും ആത്മാർഥത കാണിച്ചിരുന്നു. ഉചിതമായ രീതിയിൽ അദേഹം തന്റെ രാജ്യം ഭരിക്കുകയും ചെയ്തു.

"കാല ക്രമത്തിൽ മുചുകുന്ദ രാജാവിന് ഒരു മകൾ ജനിച്ചു. ശ്രേഷ്ഠമായ ചന്ദ്രഭാഗാ എന്ന നദിയുടെ നാമം അവൾക്കു നൽകി. യഥാസമയം, ചന്ദ്രസേന രാജാവിന്റെ മകൻ ശോഭനനുമായി അവളുടെ വിവാഹം വേദവിധിപ്രകാരം നടത്തി. ഒരു ദിവസം ശോഭനൻ ഭാര്യാ പിതാവിന്റെ കൊട്ടാരത്തിൽ ഏകാദശി ദിവസം എത്തിച്ചേർന്നു. ശോഭനൻ ഏകാദശി വ്രതo നോൽക്കുന്നതിൽ ഭാര്യ ചന്ദ്രഭാഗ ഉത്കണ്ഠാകുലയായിരുന്നു. കാരണം അദ്ദേഹം ശാരീരികമായി വളരെ ക്ഷിണിതനായിരുന്നു. അവൾ ചിന്തിച്ചു, "എന്റെ ഭഗവാനേ, ഇനി എന്തു സംഭവിക്കും? എന്റെ ഭർത്താവ് അശക്തനാണ്, അദ്ദേഹത്തിന് വിശപ്പു സഹിക്കുവാൻ കഴിയില്ല. മാത്രമല്ല എന്റെ പിതാവ് ഏകാദശി ആചരിക്കുന്നതിൽ വളരെ കൃത്യനിഷ്ഠയുള്ള വ്യക്തിയുമാണ്. ഏകാദശിയുടെ ഒരു ദിവസം മുൻപേ തന്നെ ഏകാദശി ദിനത്തിൽ ആരും ഭക്ഷണം കഴിക്കരുത് എന്ന് പിതാവ് വിളംബരം ചെയ്യുന്നതും പതിവാണ്."

"ഇത് കേട്ട ശോഭനൻ ഭാര്യയോട് പറഞ്ഞു. "ഓ പ്രിയതമേ, എന്റെ ജീവൻ രക്ഷിക്കുവാനും, നിന്റെ പിതാവിന്റെ ആജ്ഞ ലംഘിക്കാതിരിക്കുവാനും ഞാൻ എന്തു ചെയ്യും. ചന്ദ്രഭാഗാ മറുപടി പറഞ്ഞു, "പ്രീയപ്പെട്ട നാഥാ, മനുഷ്യരെ കുറിച്ച് എന്ത് പറയുവാൻ, എന്റെ പിതാവിന്റെ രാജ്യത്തിലെ ആനയക്കോ, കുതിരക്കോ പോലും ഏകാദശി ദിവസം ഭക്ഷണം കഴിക്കുവാനുള്ള സമ്മതമില്ല. ഓ നാഥാ പിന്നെ എങ്ങനെ മനുഷ്യർക്ക് ഭക്ഷിക്കുവാൻ സാധിക്കും. അങ്ങേയ്ക്ക് ഇന്ന് ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അങ്ങ് സ്വഗൃഹത്തിലേക്ക് മടങ്ങി പോകേണ്ടി വരും. അതിനാൽ അങ്ങ് ഈ കാര്യം മനസ്സിലാക്കി ഒരു തീരുമാനം കൈക്കൊള്ളുക.

"ഭാര്യയുടെ വാക്കുകൾ കേട്ട ശോഭനൻ പറഞ്ഞു. നീ പറഞ്ഞത് തീർച്ചയായും ശരിയാണ്, എങ്കിലും ഞാൻ ഈ ഏകാദശി ദിവസം വ്രതം ആചരിക്കുവാൻ തീരുമാനിച്ചു. എന്താണോ എനിക്ക് വിധിച്ചത് അത് തീർച്ചയായും സംഭവിച്ചിരിക്കും.

അങ്ങിനെ കരുതി ശോഭനൻ ഏകാദശി വ്രതം പാലിച്ചു. പക്ഷെ വിശപ്പും ദാഹവും കാരണം അസ്വസ്ഥനായിരുന്നു അദ്ദേഹം. സൂര്യൻ അസ്തമിച്ചതിനു ശേഷം വൈഷ്ണവരും മറ്റു പുണ്യാത്മാക്കളും സന്തോഷവാന്മാരായി. ഹേ രാജശ്രേഷ്ഠാ, അവർ എല്ലാവരും പരമദിവ്യോത്തമ പുരുഷനെ ആരാധിക്കുകയും കീർത്തിക്കുകയും ചെയ്തു. എന്നാൽ ശോഭനന് ആ രാത്രി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം സൂര്യോദയത്തിനു മുൻപേ തന്നെ മരണമടഞ്ഞു. രാജാ മുചുകുന്ദൻ ശോഭനന്റെ അന്ത്യക്രിയകൾ രാജകീയമായി തന്നെ നടത്തി. ചന്ദന തടിയിൽ അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിച്ചു. പിതാവിന്റെ ആജ്ഞ പ്രകാരം, ചന്ദ്രഭാഗ അഗ്നിയിൽ പ്രവേശിച്ചില്ല. തന്റെ ഭർത്താവിന്റെ ശ്രാദ്ധ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ചന്ദ്രഭാഗ തന്റെ പിതാവിന്റെ ഗൃഹത്തിൽ തന്നെ തുടർന്നു.

"ഓ രാജൻ! അതിനിടയിൽ രമാ ഏകാദശി പാലനത്തിന്റെ ഫലമായി ശോഭനൻ, മന്ദര പർവതത്തിൽ സ്ഥിതി ചെയ്യുന്ന ദേവപുര എന്ന സുന്ദരമായ നഗരത്തിന്റെ രാജാവായി മാറി. അദ്ദേഹം സ്വർണത്താലും, രത്നങ്ങളാലും അലങ്കരിക്കപ്പെട്ട തൂണുകൾ നിറഞ്ഞതും, രത്നങ്ങൾ പതിച്ച ചുമരുകളുള്ളതുമായ കൊട്ടാരത്തിൽ വസിച്ചു. അദ്ദേഹത്തിന്റെ ശിരസ്സിലെ കിരീടം സ്വർണത്താലും രത്നങ്ങളാലും അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാതുകളിൽ കുണ്ഡലങ്ങൾ അണിഞ്ഞിരുന്നു, അദ്ദേഹത്തിന്റെ കഴുത്തിലും കൈകളിലും ആഭരണങ്ങൾ അണിഞ്ഞിരുന്നു. ഈ വിധത്തിൽ അലങ്കരിപ്പെട്ട ശോഭനൻ സിംഹാസനത്തിൽ ഇരുന്നുകൊണ്ട് സ്വർഗ രാജാവായ ഇന്ദ്രനെ പോലെ പ്രശോഭിച്ചു. അദ്ദേഹത്തെ ഗന്ധർവന്മാരും അപ്സരസുകളും സ്വീകരിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം മുചുകുന്ദപുരത്തെ സോമശർമൻ എന്ന ബ്രാഹ്മണൻ തീർത്ഥയാത്രയുടെ ഭാഗമായി ശോഭനന്റെ രാജ്യത്തിൽ എത്തി. മുചുകുന്ദ രാജാവിന്റെ മരുമകൻ എന്ന ധാരണയോടെ അദ്ദേഹം ശോഭനനെ സമീപിച്ചു. രാജാവ് അദ്ദേഹത്തെ കണ്ട ഉടനെ തന്നെ കൂപ്പുകൈകളോടെ പ്രണാമങ്ങൾ അർപ്പിച്ചു. ശേഷം അദ്ദേഹം ബ്രാഹ്മണനോട് തന്റെ ഭാര്യ ചന്ദ്രഭാഗയുടെയും, ഭാര്യാ പിതാവായ മുചുകുന്ദന്റെയും, അവിടത്തെ പ്രജകളുടെയും സുഖ വിവരങ്ങൾ അന്വേഷിച്ചു. എല്ലാവരും സമാധാനത്തോടെയും ഐക്യത്തോടെ ജീവിക്കുന്നു എന്ന് ബ്രാഹ്മണൻ അറിയിച്ചു. ശേഷം ബ്രാഹ്മണൻ ചോദിച്ചു, "ഓ രാജൻ ഞാൻ ഒരിക്കലും ഇത്രയും മനോഹരമായ ഒരു നഗരം കണ്ടിട്ടില്ല, എങ്ങനെയാണ് ഇത്രയും മനോഹരമായ നഗരം അങ്ങേയ്ക്ക് ലഭിച്ചതെന്ന് ദയവായി പറഞ്ഞാലും."

"രാജാവ് മറുപടി പറഞ്ഞു, കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന രമാ ഏകാദശി പാലിച്ചതിന്റെ ഫലമായാണ് എനിക്ക് ഈ അശാശ്വതമായ രാജ്യം ലഭിച്ചത്. ഹേ ബ്രാഹ്മണ ശ്രേഷ്ഠാ എന്റെ രാജ്യം എങ്ങനെ ശാശ്വതമായി നിലനിർത്താമെന്ന് ഉപദേശിച്ചു തന്നാലും. ഞാൻ പൂർണ്ണവിശ്വാസമില്ലാതെ ഏകാദശി വ്രതം പാലിച്ചതിന്റെ ഫലമായാണ് ഈ സ്ഥിരതയില്ലാത്ത രാജ്യം എനിക്ക് ലഭിച്ചത് എന്ന് തോന്നുന്നു. ഈ കാര്യങ്ങൾ മുചുകുന്ദ രാജാവിന്റെ മകളായ ചന്ദ്രഭാഗയ്ക്ക് വിശദീകരിച്ചു നൽകിയാലും. ഈ രാജ്യം സ്ഥിരതയുള്ളതാക്കി മാറ്റുവാൻ അവർക്ക് കഴിയും എന്ന് എനിക്ക് തോന്നുന്നു."

രാജാ ശോഭനന്റെ വാക്കുകൾ ശ്രവിച്ച ബ്രാഹ്മണൻ മുചുകുന്ദപുരത്തിലേക്ക് പോയശേഷം ചന്ദ്രഭാഗയ്ക്ക് എല്ലാം വിശദീകരിച്ചു നൽകി. ഈ സംഭവങ്ങൾ എല്ലാം കേട്ട ചന്ദ്രഭാഗ അതിയായ സന്തോഷത്തോടെ ബ്രാഹ്മണനോട് പറഞ്ഞു. 'അങ്ങയുടെ വാക്കുകൾ സ്വപ്നം പോലെ എനിക്ക് തോന്നുന്നു'! ശേഷം ബ്രാഹ്മണൻ മറുപടി പറഞ്ഞു, "ഓ പുത്രീ! ഞാൻ നിന്റെ ഭർത്താവിനെ ദേവപുര എന്ന രാജ്യത്തിൽ വച്ച് നേരിട്ട് കണ്ടിരുന്നു. സൂര്യനെ പോലെ ശോഭയുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാജ്യം. പക്ഷേ തന്റെ രാജ്യം സ്ഥിരതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ നീ ആ രാജ്യത്തെ സ്ഥിരതയുള്ള രാജ്യമാക്കി മാറ്റുവാൻ പ്രവർത്തിക്കണം." ചന്ദ്രഭാഗ മറുപടി പറഞ്ഞു, "ഓ ബഹുമാന്യനായ ബ്രാഹ്മണാ അങ്ങ് എന്നെ ആ രാജ്യത്തിൽ എത്തിച്ചു നൽകണം. എന്റെ ഭർത്താവിനെ ദർശിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഞാൻ എന്റെ പുണ്യത്തിന്റെ ബലത്താൽ അദ്ദേഹത്തിന്റെ രാജ്യത്തെ സ്ഥിരതയുള്ളതാക്കി മാറ്റുന്നതായിരിക്കും. 'ഓ ശ്രേഷ്ഠ ബ്രാഹ്മണാ, എനിക്ക് അദ്ദേഹത്തെ കണ്ടുമുട്ടുവാനുള്ള അവസരം നൽകിയാലും. ഇങ്ങനെ വേർപെട്ടവരെ കണ്ടുമുട്ടുവാൻ സഹായിക്കുന്നതുവഴി ഒരുവൻ പുണ്യം നേടുന്നു.

"ശേഷം സോമശർമ്മൻ മന്ദര പർവ്വതത്തിനടുത്തുള്ള വാമദേവ മുനിയുടെ ആശ്രമത്തിൽ ചന്ദ്രഭാഗയെ കൂട്ടിക്കൊണ്ടുപോയി. ചന്ദ്രഭാഗയിൽ നിന്നും മുഴുവൻ കഥയും ശ്രവിച്ച വാമദേവൻ അവൾക്ക് വൈദിക മന്ത്രങ്ങളാൽ ദീക്ഷ നൽകി. വാമദേവ മുനിയിൽ നിന്നും ലഭിച്ച മന്ത്രങ്ങളും ഏകാദശി ആചരിച്ചതിന്റെ ഫലമായും ലഭിച്ച പുണ്യത്താൽ ചന്ദ്രഭാഗയ്ക്ക് ആധ്യാത്മിക ശരീരം ലഭിച്ചു. ശേഷം ചന്ദ്രഭാഗ സന്തോഷപൂർവ്വം തന്റെ ഭർത്താവിന്റെ മുൻപിൽ പോയി. സ്വന്തം ഭാര്യയെ കണ്ട ശോഭനൻ അങ്ങേയറ്റം സന്തുഷ്ടനും സംതൃപ്തനുമായി. ചന്ദ്രഭാഗ പറഞ്ഞു "ഓ ബഹുമാന്യനായ പതീ, എന്റെ ഈ വാക്കുകൾ ദയവായി ശ്രവിക്കുക. ഞാൻ എന്റെ എട്ടാമത്തെ വയസ്സുമുതൽ തന്നെ ഏകാദശിവ്രതം നിഷ്കർഷമായി ആചരിക്കുവാൻ തുടങ്ങിയിരുന്നു. എനിക്ക് അതുവഴി ലഭിച്ച പുണ്യത്തിന്റെ ബലത്തിൽ അങ്ങയുടെ രാജ്യം, പ്രളയം വരെ സ്ഥിരതയുള്ളതുമായി അഭിവൃദ്ധിയുള്ളതുമായി മാറട്ടെ. അങ്ങനെ ആഭരണങ്ങളാൽ അലങ്കരിച്ച ദിവ്യ ശരീരം ലഭിച്ച അവൾ തന്റെ ഭർത്താവിന്റെ കൂടെ ആസ്വദിക്കുവാൻ തുടങ്ങി. രമാ ഏകാദശിയുടെ സ്വാധീനത്താൽ ശോഭനനും ദിവ്യ ശരീരം ലഭിക്കുകയും തന്റെ ഭാര്യയോടൊപ്പം മന്ദരപർവ്വതത്തിന്റെ മുകളിൽ ആസ്വദിക്കുകയും ചെയ്തു.
അതിനാൽ ഓ രാജൻ ഈ രമാധ ഏകാദശി ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന കാമധേനുവിനെയും ചിന്താമണി കല്ലു പോലെയുമാകുന്നു."

ശ്രീ കൃഷ്ണൻ ഭഗവാൻ തുടർന്നു, "ഓ രാജൻ, ഞാൻ മംഗളകരമായ രമാ ഏകാദശിയുടെ മഹത്വം അങ്ങേയ്ക്ക് വിശദീകരിച്ചു നൽകിയിരിക്കുന്നു. ഈ ഏകാദശി കർക്കശമായി പാലിക്കുന്ന ഒരു വ്യക്തി ബ്രഹ്മഹത്യാ പാപത്തിൽ നിന്നു പോലും മോചിപ്പിക്കപ്പെടുന്നു. വെളുത്ത ഗോക്കളും കറുത്ത ഗോക്കളും വെളുത്ത പാൽ തന്നെ നൽകുന്നതുപോലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയും ശുക്ലപക്ഷത്തിലെ ഏകാദശിയും, അത് പാലിക്കുന്നവർക്ക് മുക്തി പ്രധാനം ചെയ്യുന്നു. ആരൊക്കെയാണോ ഈ ഏകാദശിയുടെ മഹിമകൾ ശ്രവിക്കുന്നത് അവർ എല്ലാ പാപകർമ്മങ്ങളിൽ നിന്നും മുക്തരായി ഭഗവാൻ വിഷ്ണുവിന്റെ ധാമത്തിൽ പ്രവേശിക്കുന്നു."




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



പാശാങ്കുശ ഏകാദശി


 പാശാങ്കുശ ഏകാദശി


🍁🍁🍁🍁🍁🍁🍁

യുധിഷ്ഠിര മഹാരാജാവ് ചോദിച്ചു, "അല്ലയോ മധുസൂധനാ, അശ്വിന മാസത്തിലെ (സെപ്റ്റംബർ - ഒക്ടോബർ ) ശുക്ല പക്ഷത്തിൽ വരുന്ന ഏകാദശിയുടെ പേരെന്താണ്?ദയവു ചെയ്ത് എന്നോട് കാരുണ്യമുണ്ടായി  വിവരിച്ചാലും. "


പരമ ദിവ്യോത്തമപുരുഷൻ  ഭഗവാൻ ശ്രീകൃഷ്ണൻ മറുപടി പറഞ്ഞു, "അല്ലയോ രാജാവേ, സർവ പാപങ്ങളേയും നീക്കുന്ന ഈ പാശാങ്കുശ  ഏകാദശിയുടെ മഹത്വങ്ങൾ ഞാൻ വിവരിക്കാം. ശ്രദ്ധയോടെ കേട്ടാലും. അർച്ചനാവിധി പ്രകാരം ഈ ദിവസത്തിൽ പങ്കജനാഭനായ പദ്മനാഭന്റെ വിഗ്രഹമാണ് ആരാധിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതിലൂടെ ഒരാൾക്കു ഈ ലോകത്തിലുള്ള സ്വർഗീയ സുഖങ്ങൾ അനുഭവിക്കാനും, അവസാനം മുക്തി പ്രാപിക്കാനും കഴിയുന്നു.

ഭഗവാൻ വിഷ്ണുവിന് എളിയ പ്രണാമങ്ങൾ അർപ്പിക്കുന്നതിലൂടെ ഒരുവന് ദീർഘനാൾ കൊണ്ടുള്ള തപസിലൂടെയും, ഇന്ദ്രിയനിയന്ത്രണങ്ങളിലൂടെയും ലഭിച്ച നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിക്കുന്നു. ഒരാൾ വളരെയധികം പാപങ്ങൾ ചെയ്തു കൂട്ടിയിട്ടുള്ള വ്യക്തിയാണെങ്കിലും, പാപവിമോചകൻ ഭഗവാൻ ശ്രീഹരിയുടെ നാമം ജപിക്കുകയാണെങ്കിൽ, നരകശിക്ഷയിൽ നിന്നും രക്ഷപെടാൻ സാധിക്കുന്നു. ഈ ഭൂമിയിലെ പുണ്യസ്ഥലങ്ങളിലും, തീർത്ഥങ്ങളിലും പോയി നേടുന്ന ഗുണങ്ങൾ ഭഗവാൻ ഹരിയുടെ നാമജപത്താൽ നേടാൻ സാധിക്കുന്നു.രാമന്റെയും വിഷ്ണുവിന്റെയും, ജനാർദ്ദനന്റെ അല്ലെങ്കിൽ കൃഷ്ണന്റെ നാമം ജപിക്കുന്ന ഒരാൾക്കു യമരാജന്റെ പരീക്ഷണങ്ങൾ നേരിടേണ്ടി വരികയില്ല.


ഈ ഏകാദശിയിൽ ഉപവസിക്കുന്നവൻ എനിക്ക് ഏറെ പ്രിയപെട്ടവനുമാകുന്നു. മഹാദേവനെ നിന്ദിക്കുന്ന വൈഷ്ണവനും, ഭഗവാൻ വിഷ്ണുവിനെ നിന്ദിക്കുന്ന ശൈവനും നരകത്തിൽ പോകുന്നതാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഒരാൾക്ക് കിട്ടുന്ന പുണ്യത്തിന്റെ പതിനാറിൽ ഒരു അംശം പോലും, നൂറ് അശ്വമേധയാഗമോ, രാജസൂയമോ ചെയ്താൽ പോലും ലഭിക്കുന്നില്ല.അല്ലയോ രാജാവേ, ഒരാൾ  പാശാങ്കുശ എകാദശി ദിനത്തിൽ ഉപവാസം അനുഷ്ഠിക്കുന്നില്ലെങ്കിൽ, അയാൾ പാപിയായി തുടരുന്നതും, അയാളുടെ  പൂർവകാല പാപപ്രവൃത്തികൾ അയാളെ വിടാതെ പിന്തുടരുന്നതുമായിരിക്കും. ഈ ഏകാദശി വ്രതം  നോൽക്കുന്നതിലൂടെ ഒരുവന് ലഭിക്കുന്ന പുണ്യം ത്രിലോകങ്ങളിൽ വേറെ ലഭിക്കുകയില്ല.


അല്ലയോ യുധിഷ്ഠിര മഹാരാജൻ, പകൽ സമയം ഏകാദശി അനുഷ്ഠിച്ച ശേഷം, ഭക്തർ, രാത്രി മുഴുവൻ നാമജപത്തിലും, നാമശ്രവണത്തിലും, ഭഗവദ് സേവനത്തിലും മുഴുകി ഉണർന്നിരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്തർക്ക് ഭഗവദ് സന്നിധിയിൽ വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നു. മാത്രമല്ല ഈ ഏകാദശി നോക്കുന്ന ഒരുവന്റെ മാതൃ - പിതൃ - പത്നീ പരമ്പരകളിലുള്ള പത്തു പൂർവിക തലമുറകൾക്ക് മോക്ഷം ലഭിക്കുന്നു.അല്ലയോ രാജശ്രേഷ്ഠാ, പാശാങ്കുശ  ഏകാദശി അനുഷ്ഠിക്കുന്ന ഒരുവൻ, ബാലനോ  യുവാവോ, വൃദ്ധനോ ആയിക്കൊള്ളട്ടെ, അവർ എല്ലാ പാപത്തിൽ നിന്നും മോചിതരായി ഭഗവാന്റെ പരമപദം പ്രാപിക്കുന്നതായിരിക്കും.


ഏകാദശി ദിനത്തിൽ സ്വർണം, എള്ള്, ഫലഭൂയിഷ്ടമായ സ്ഥലം, ധാന്യം, പശുക്കൾ ദാഹജലം, കുട, ചെരുപ്പ്  ഇവ ദാനം ചെയ്യുന്നവർ യമരാജന്റെ സന്നിധിയിൽ ഒരിക്കലും  പോകേണ്ടതായി വരുന്നില്ല."


ഭഗവാൻ ശ്രീകൃഷ്ണൻ ഇങ്ങനെ ഉപസംഹരിക്കുന്നു, "അല്ലയോ യുധിഷ്ഠിരരാജൻ, ഞാൻ അങ്ങേയ്ക്കു മംഗളകരമായ പാശാങ്കുശ ഏകാദശിയുടെ  മഹത്വങ്ങൾ ഇപ്രകാരം വിവരിച്ചിരിക്കുന്നു."


ബ്രഹ്മവൈവർത്ത പുരാണത്തിൽ പ്രതിപാദിച്ചിരിക്കുന്ന,  പാശാങ്കുശ  എകാദശി അല്ലെങ്കിൽ അശ്വിന - ശുക്ല എകാദശിയുടെ വിവരണം ഇപ്രകാരം അവസാനിച്ചിരിക്കുന്നു.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

21. ഗോപികമാരുടെ പ്രാർത്ഥനകൾ



ശ്രീമദ് ഭാഗവതം

ഗോപികാ ഗീതം

സ്കന്ദം 10 / അദ്ധ്യായം 31 / ശ്ലോകം 1-19

***************************************

ശ്ലോകം 1

ഗോപ്യ ഊചുഃ

ജയതി തേ£ ധികം ജന്മനാ വ്രജഃ

ശ്രയത ഇന്ദിരാ ശശ്വദത്ര ഹി

ദയിത ദൃശ്യതാം ദിക്ഷു താവകാസ്

ത്വയി ധൃതാസവസ്ത്വാം വിചിന്വതേ

വിവർത്തനം

ഗോപികമാർ പറഞ്ഞു: അങ്ങ് ജന്മമെടുത്തതുമൂലം വ്രജഭൂമി വളരെ മഹനീയമായിത്തീർന്നിരിക്കുന്നു. അതിനാൽ ഐശ്വര്യദേവതയായ ലക്ഷ്മീദേവി എപ്പോഴും ഇവിടെ വസിക്കുന്നു. അങ്ങേക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ ജീവൻ നിലനിർത്തുന്നത്. ഞങ്ങൾ അങ്ങയെ എല്ലായിടത്തും അന്വേഷിക്കുകയാണ്. ദയവായി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാലും.

 

ശ്ലോകം 2

ശരദുദാശയേ സാധുജാതസത്-

സരസിജോദരശ്രീമുഷാ ദൃശാ

സുരതനാഥ!തേ£ശുല്കദാസികാ

വരദ! നിഘ്നതോ നേഹ കിം വധഃ

വിവർത്തനം

ഹേ പ്രാണനാഥാ, അങ്ങയുടെ നോട്ടം ശരത്കാല ജലാശയത്തിലെ അതിമനോഹരമായ താമരപ്പൂവിന്റെ ഉൾക്കാമ്പിനെപ്പോലും വെല്ലുന്നതാണ്. വരദായകാ, അങ്ങേക്കായി യാതൊരു വിലയും വാങ്ങാതെ വെറുതേ അർപ്പിച്ച ഈ ദാസികളെ അങ്ങ് വധിക്കുകയാണ്. ഇത് വധമല്ലാതെ പിന്നെന്താണ്?

 

ശ്ലോകം 3

വിഷജലാപ്യയാദ് വ്യാളരാക്ഷസാദ്

വർഷമാരുതാദ്വൈദ്യുതാനലാത്

വൃഷമയാത്മജാദ്വിശ്വതോ ഭയാദ്

ഋഷഭ! തേ വയം രക്ഷിതാ മുഹുഃ

വിവർത്തനം

ഹേ മഹാശ്രേഷ്ഠാ, എല്ലാവിധ അപകടകരമായ അവസ്ഥകളിൽ നിന്നും അങ്ങ് ഞങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട് - വിഷലിപ്തമായ ജലത്തിൽ നിന്ന്, ഭീകരരാക്ഷസനായ അഘാസുരനിൽനിന്ന്, മഹാമാരിയിൽ നിന്ന്, കൊടുംകാറ്റ് രൂപത്തിൽ വന്ന അസുരനിൽ നിന്ന്, ഇന്ദ്രന്റെ വജ്രായുധത്തിൽ നിന്ന്, വത്സാസുരനിൽ നിന്ന്, മയദാനവന്റെ പുത്രനിൽ നിന്ന്.

 

ശ്ലോകം 4

ന ഖലു ഗോപികാനന്ദനോ ഭവാൻ

അഖിലദേഹിനാമന്തരാത്മദൃക്

വിഖനസാർത്ഥിതോ വിശ്വഗുപ്തയേ

സഖ ഉദേയിവാൻ സാത്വതാം കുലേ

വിവർത്തനം

ഹേ സഖാ, യഥാർത്ഥത്തിൽ അങ്ങ് യശോദയുടെ പുത്രനല്ല. എല്ലാ ശരീരികളുടേയും ഉളളിൽ സ്ഥിതിചെയ്യുന്ന സാക്ഷിയായ പരമാത്മാവാണ് അവിടുന്ന്. പ്രപഞ്ചസംരക്ഷണം ആവശ്യപ്പെട്ട് ബ്രഹ്മാവ് പ്രാർത്ഥിച്ചതുകൊണ്ടാണ് അങ്ങ് സാത്വതകുലത്തിൽ വന്ന് അവതരിച്ചിരിക്കുന്നത്.

 

ശ്ലോകം 5

വിരചിതാഭയം വൃഷ്ണിധുര്യ!തേ

ചരണമീയുഷാം സംസൃതേർഭയാത്

കരസരോരുഹം കാന്ത! കാമദം

ശിരസി ധേഹി നഃ ശ്രീകരഗ്രഹം

വിവർത്തനം

ഹേ വൃഷ്ണികുലശ്രേഷ്ഠാ, അങ്ങയുടെ കരകമലം, ഭൗതികാസ്തിത്വത്തെ ഭയന്ന് അങ്ങയുടെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവർക്ക് അഭയം നൽകുന്നു. അതേ കൈകൾ ലക്ഷ്മീദേവിയുടെ കരം ഗ്രഹിച്ചവയാണല്ലോ. സർവ്വാഭീഷ്ഠങ്ങളും സാധിച്ചുതരുന്ന ആ കരകമലം ഞങ്ങളുടെ ശിരസ്സിലും വച്ചാലും.

 

ശ്ലോകം 6

വ്രജജനാർത്തിഹൻ! വീര! യോഷിതാം

നിജജനനസ്മയധ്വംസനസ്മിത!

ഭജ സഖേ! ഭവത്കിങ്കരീഃ സ്മ നോ

ജലരുഹാനനം ചാരു ദർശയ

 

 

വിവർത്തനം

ഹേ വ്രജവാസികളുടെ ദുരിതങ്ങളെ നശിപ്പിക്കുന്നവനേ! സ്ത്രീജനങ്ങൾക്ക് നായകനായവനേ! അങ്ങയുടെ മനോഹരമായ മന്ദഹാസം ഭക്തന്മാരുടെ ഗർവ്വത്തെ തകർത്തുകളയുന്നു. പ്രിയസഖേ, അങ്ങയുടെ ദാസികളായി ഞങ്ങളെ സ്വീകരിച്ച് അങ്ങയുടെ ചാരുതയാർന്ന മുഖകമലം ഞങ്ങൾക്കു കാണിച്ചുതന്നാലും.

 

ശ്ലോകം 7

പ്രണതദേഹിനാം പാപകർഷണം

തൃണചരാനുഗം ശ്രീനികേതനം

ഫണിഫണാർപ്പിതം തേ പദാംബുജം

കൃണു കുചേഷു നഃ കൃന്ധി ഹൃച്ഛയം

വിവർത്തനം

അങ്ങയുടെ പാദാരവിന്ദങ്ങൾ, അഭയം പ്രാപിക്കുന്ന ശരീരബദ്ധരായ ആത്മാക്കളുടെ എല്ലാ പൂർവ്വപാപങ്ങളും നശിപ്പിക്കുന്നവയാണ്. പശുക്കളെ മേച്ച് നടക്കുന്ന ആ പാദങ്ങൾ ഐശ്വര്യദേവതയുടെ ശാശ്വതമായ വാസസ്ഥലമത്രേ. മഹാസർപ്പമായ കാളിയന്റെ ഫണങ്ങളിൽ നൃത്തം ചവിട്ടിയ ആ പാദങ്ങൾ ഞങ്ങളുടെ സ്തനങ്ങളിൽ വച്ച്, ഞങ്ങളുടെ ഹൃദയങ്ങളിലെ കാമവികാരങ്ങളെ തകർത്ത് കളഞ്ഞാലും.

 

ശ്ലോകം 8

മധുരയാ ഗിരാ വല്ഗുവാക്യയാ

ബുധമനോജ്ഞയാ പുഷ്കരേക്ഷണ!

വിധികരീരിമാ വീര! മുഹ്യതീ-

രധരസീധുനാ££ പ്യായയസ്വ നഃ

വിവർത്തനം

ഹേ രാജീവലോചനാ, അങ്ങയുടെ മധുരമായ ശബ്ദവും, ആരേയും മയക്കുന്ന വാക്കുകളും വിവേകശാലികളുടെ മനസ്സിനെപ്പോലും ആകർഷിക്കാൻ കഴിവുള്ളവയാണ്. അത് ഞങ്ങളെ കൂടുതൽ അന്ധാളിപ്പിക്കുന്നു. ഞങ്ങളുടെ വീരനായകാ, അങ്ങയുടെ ചുണ്ടുകളിലെ അമൃതം കൊണ്ട് അങ്ങയുടെ ഈ ദാസികളെ പുനരുജ്ജീവിപ്പിച്ചാലും.

 

ശ്ലോകം 9

തവ കഥാമൃതം തപ്തജീവനം

കവിഭിരീഡിതം കല്മഷാപഹം

ശ്രവണമംഗളം ശ്രീമദാതതം

ഭുവി ഗൃണന്തി യേ ഭൂരിദാ ജനാഃ

വിവർത്തനം

അങ്ങയുടെ വാക്കുകളാകുന്ന അമൃതവും, അങ്ങയുടെ ലീലകളുടെ വിവരണങ്ങളും ഭൗതികലോകത്തിൽപ്പെട്ട് ഉഴലുന്നവർക്ക് ജീവനം നൽകുന്നവയാണ്. പണ്ഡിതരും, ചിന്തകരും വർണിക്കുന്ന ഈ ചരിതങ്ങൾ കേൾക്കുന്നവരുടെ പാപങ്ങൾ നശിപ്പിച്ച് അവർക്ക് സർവമംഗളങ്ങളും പ്രദാനം ചെയ്യുന്നു. ആത്മീയശക്തി നിറഞ്ഞ ഈ കഥകൾ ലോകമെങ്ങും പരക്കുന്നു. അങ്ങനെ ഭഗവദ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ ഏറ്റവും ഉദാരമതികളാണ്.

 

ശ്ലോകം 10

പ്രഹസിതം പ്രിയ!പ്രേമവീക്ഷണം

വിഹരണം ച തേ ധ്യാനമംഗളം

രഹസി സംവിദോ യാ ഹൃദിസ്പൃശഃ

കുഹക! നോ മനഃ ക്ഷോഭയന്തി ഹി

വിവർത്തനം

അങ്ങയുടെ പുഞ്ചിരിയും, പ്രേമത്തോടുകൂടിയ മധുരമായ നോട്ടങ്ങളും, അടുപ്പത്തോടുകൂടിയ നേരമ്പോക്കുകളും, ഞങ്ങൾ ആസ്വദിച്ച രഹസ്യസല്ലാപങ്ങളും ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചിരിക്കുന്നു. ധ്യാനത്തിന് വളരെ മംഗളകരവുമാണ് അവയെല്ലാം. എന്നാൽ അതേസമയം ഹേ വഞ്ചകാ, അവ ഞങ്ങളുടെ മനസ്സുകളെ വിക്ഷുബ്ധമാക്കുന്നു.

 

ശ്ലോകം 11

ചലസി യദ് വ്രജാച്ചാരയൻ പശൂൻ

നളിനസുന്ദരം നാഥ! തേ പദം

ശിലതൃണാങ്കുരൈഃ സീദതീതിനഃ

കലിലതാം മനഃ കാന്ത! ഗച്ഛതി

വിവർത്തനം

ഹേ നാഥാ, പശുക്കളെ മേയ്ക്കാൻ അങ്ങ് ഗോകുലം വിട്ട് പോകുമ്പോൾ, താമരപ്പൂവിനേക്കാൾ മനോഹരമായ അങ്ങയുടെ പാദങ്ങൾ കല്ലു കൊണ്ടോ, പരുപരുത്ത പുല്ലുകൾ കൊണ്ടോ, മുറിവേൽക്കുമോ എന്ന ഭയം ഞങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നു.

 

ശ്ലോകം 12

ദിനപരിക്ഷയേ നീലകുന്തളൈർ-

വനരുഹാനനം ബിഭ്രദാവൃതം

ഘനരജസ്വലം ദർശയൻമുഹുർ-

മനസി നഃ സ്മരം വീര! യച്ഛസി

 

വിവർത്തനം

ദിനാന്ത്യത്തിൽ കടുംനീലനിറത്തിലുള്ള ചുരുണ്ട തലമുടികളാൽ ആവൃതമായ, കട്ടിയായി പൊടിപുരണ്ട ആ മുഖാരവിന്ദം അങ്ങ് വീണ്ടും വീണ്ടും ഞങ്ങളെ കാണിക്കുന്നു. ഹേ വീരനായകാ, അങ്ങ് ഞങ്ങളുടെ മനസ്സിൽ കാമവികാരങ്ങൾ ഉണർത്തുന്നു.

 

ശ്ലോകം 13

പ്രണതകാമദം പദ്മജാർച്ചിതം

ധരണിമണ്ഡനം ധ്യേയമാപദി

ചരണപങ്കജം ശന്തമം ച തേ

രമണ! നഃ സ്തനേഷ്വർപ്പയാധിഹൻ!

വിവർത്തനം

ബ്രഹ്മാവിനാൽ പൂജിക്കപ്പെടുന്ന അങ്ങയുടെ പാദാരവിന്ദങ്ങൾ പ്രണമിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുന്നു. അവ ഭൂമിക്ക് ആഭരണമാണ്, ഏറ്റവും വലിയ സംതൃപ്തി പ്രദാനം ചെയ്യുന്നവയാണ്. ആപൽഘട്ടങ്ങളിൽ ധ്യാനിക്കാൻ ഏറ്റവും അനുയോജ്യമായതുമാണ്. ഹേ പ്രാണനാഥാ, ആദിയില്ലാതാക്കുന്നവനേ, ദയവായി ആ പാദാരവിന്ദങ്ങൾ ഞങ്ങളുടെ സ്തനങ്ങളിൽ പതിപ്പിച്ചാലും.

 

ശ്ലോകം 14

സുരതവർദ്ധനം ശോകനാശനം

സ്വരിതവേണുനാ സുഷ്ഠു ചുംബിതം

ഇതരരാഗവിസ്മാരണം നൃണാം

വിതര വീര! നസ്തേ £ ധരാമൃതം

വിവർത്തനം

ഹേ വീരനായകാ, യുഗളപ്രേമാനന്ദം വർദ്ധിപ്പിക്കുന്നതും, ദുഃഖങ്ങളെ അകറ്റുന്നതുമായ അങ്ങയുടെ അധരങ്ങളിലെ അമൃത് ഞങ്ങൾക്കും പകർന്നുതന്നാലും. അങ്ങയുടെ വേണുഗാനം പൊഴിക്കുന്ന പുല്ലാങ്കുഴൽ അത് വേണ്ടുവോളം ആസ്വദിക്കുന്നുണ്ടല്ലോ, അതുമൂലം ഇതര മമതകളെല്ലാം വിസ്മരിക്കപ്പെടുന്നു.

 

ശ്ലോകം 15

അടതി യദ്ഭാവാനഹ്നി കാനനം

ത്രുടിയുഗായതേ ത്വാമപശ്യതാം

കുടിലകുന്തളം ശ്രീമുഖം ച തേ

ജഡ ഉദീക്ഷതാം പക്ഷ്മകൃദ് ദൃശാം

 

വിവർത്തനം

രാവിലെ അങ്ങ് വനത്തിൽപ്പോയിക്കഴിയുമ്പോൾ ഞങ്ങൾക്ക് അങ്ങയെ കാണാൻ കഴിയാത്തതുമൂലം ഒരു നിമിഷത്തിന്റെ ചെറിയൊരംശം പോലും ഒരു യുഗം പോലെ തോന്നുന്നു.  കുറുനിരകളാൽ അലങ്കരിക്കപ്പെട്ട മുടിച്ചുരുളുകളോടുകൂടിയ അതിസുന്ദരമായ അങ്ങയുടെ മുഖകമലം അത്യാശയോടെ ഞങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ വിഡ്ഢിയായ സൃഷ്ടികർത്താവിനാൽ രൂപകല്പന ചെയ്യപ്പെട്ട ഈ കൺപോളകൾ ഇടയ്ക്ക് ആ ആനന്ദത്തിന് തടസ്സമായിഭവിക്കുന്നു.

 

ശ്ലോകം 16

പതിസുതാന്വയഭ്രാതൃബാന്ധവാൻ

അതിവിലങ്ഘ്യതേ£ ന്ത്യച്യുതാഗതാഃ

ഗതിവിദസ്തവോദ്ഗീതമോഹിതാഃ

കിതവ! യോഷിതഃ കസ്ത്യജേന്നിശി

വിവർത്തനം

പ്രിയപ്പെട്ട അച്യുതാ, ഞങ്ങളെന്തിനാണ് ഇവിടെ വന്നതെന്ന് അങ്ങേക്ക് നന്നായി അറിയാമല്ലോ? അങ്ങയുടെ ഉച്ചത്തിലുള്ള വേണുഗാനം കേട്ടുവന്ന യുവതികളായ ഞങ്ങളെ ഈ പാതിരാത്രിക്ക് വനത്തിലുപേക്ഷിച്ച് പോകാൻ അങ്ങയെപ്പോലുള്ള ഒരു വഞ്ചകനല്ലാതെ മറ്റാർക്കാണ് സാധിക്കുക? ഞങ്ങൾ ഭർത്താക്കന്മാരേയും, കുട്ടികളേയും, മുതിർന്നവരേയും, സഹോദരങ്ങളേയും, മറ്റുബന്ധുക്കളേയും അവഗണിച്ച് ഇവിടെ എത്തിയത് അങ്ങയെ ഒരു നോക്ക് കാണാൻ മാത്രമാണ്.

 

ശ്ലോകം 17

രഹസി സംവിദം ഹൃച്ഛയോദയം

പ്രഹസിതാനനം പ്രേമവീക്ഷണം

ബൃഹദുരഃ ശ്രിയോ വീക്ഷ്യ ധാമ തേ

മുഹുരതിസ്പൃഹാ മുഹ്യതേ മനഃ

വിവർത്തനം

രഹസ്യമായി നമ്മൾ നടത്തിയ സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഹൃദയത്തിലെ കാമം കൂടിവരുന്നതായി തോന്നുന്നു. അങ്ങയുടെ പുഞ്ചിരിതൂകുന്ന മുഖവും, പ്രേമത്തോടെയുള്ള നോട്ടങ്ങളും, ലക്ഷ്മീദേവിയുടെ വാസസ്ഥാനമായ അങ്ങയുടെ വിശാലമായ മാറിടവും ഞങ്ങളെ വീണ്ടും വീണ്ടും ഭ്രമിപ്പിക്കുന്നു. ഇപ്രകാരം ഞങ്ങൾ കഠിനമായ വിരഹവേദന അനുഭവിക്കുന്നു.

 

ശ്ലോകം 18

വ്രജവനൗകസാം വ്യക്തിരംഗ! തേ

വൃജിനഹന്ത്ര്യലം വിശ്വമംഗളം

ത്യജ മനാക്ച നസ്ത്വത്സ്പൃഹാത്മനാം

സ്വജനഹൃദ്രുജാം യന്നിഷൂദനം

വിവർത്തനം

ഹേ പ്രിയനേ, അങ്ങയുടെ സർവ്വമംഗളകരമായ സാന്നിധ്യം വ്രജവന വാസികളുടെ എല്ലാ ക്ലേശങ്ങളും അകറ്റുന്നു. അങ്ങയോടൊത്തു ചേരാൻ ഞങ്ങളുടെ മനസ്സുകൾ അതിയായി കൊതിക്കുന്നു. ഭക്തന്മാരുടെ ഹൃദയ രോഗങ്ങളെ ശമിപ്പിക്കുന്ന ആ ഔഷധം അല്പമെങ്കിലും തന്നാലും.

 

ശ്ലോകം 19

യത്തേ സുജാതചരണാംബുരുഹം സ്തനേഷു

ഭീതാഃ ശനൈഃ പ്രിയ! ദധീമഹി കർക്കശേഷു

തേനാടവീമടസി തദ്വ്യഥതേ ന കിംസ്വിത്

കൂർപ്പാദിഭിർഭ്രമതി ധീർഭവദായുഷാം നഃ

 

വിവർത്തനം

ഹേ പ്രാണനാഥാ! അങ്ങയുടെ പാദാരവിന്ദങ്ങൾ വളരെ മൃദുലമായ തുകൊണ്ട്, അവ വേദനിച്ചാലോ എന്ന് കരുതി വളരെ പതുക്കെ മാത്രമേ അവയെ ഞങ്ങളുടെ സ്തനങ്ങളിൽപ്പോലും വെയ്ക്കാറുള്ളൂ. ഞങ്ങളുടെ ജീവന് നിദാനമായിട്ടുള്ളത് അങ്ങ് മാത്രമാണ്. അതുകൊണ്ട് അങ്ങ് വനത്തിൽ അലയുമ്പോൾ ആ ലോലപാദങ്ങളിൽ ചെറിയ കല്ലോ മറ്റോ കൊണ്ട് മുറിവേൽക്കുമോ എന്ന ഭീതിയിൽ ഞങ്ങളുടെ മനസ്സ് എപ്പോഴും ആശങ്കാകുലമാണ്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




20. ഇന്ദ്രൻ്റെ പ്രാർത്ഥന


 

ശ്രീമദ് ഭാഗവതം

സ്കന്ദം 10 / അദ്ധ്യായം 27 / ശ്ലോകം 4-13

*******************************************************************************************

ശ്ലോകം 4

ഇന്ദ്ര ഉവാച

വിശുദ്ധസത്ത്വം തവ ധാമ ശാന്തം

തപോമയം ധ്വസ്തരജസ്തമസ്കം

മായാമയോ£യം ഗുണസംപ്രവാഹോ

ന വിദ്യതേ തേ£ ഗ്രഹണാനുബന്ധഃ

വിവർത്തനം

 ഇന്ദ്രൻ പറഞ്ഞു: ശുദ്ധസത്ത്വത്തിന്റെ സ്വരൂപമായ ഭഗവാന്റെ അതീന്ദ്രിയ രൂപം മാറ്റങ്ങൾക്കു വിധേയമല്ലാത്തതും ജ്ഞാനത്താൽ വിളങ്ങുന്നതും രജസ്തമസ്സുകൾ തീണ്ടാത്തതുമാണ്. മായയിലും അജ്ഞാനത്തിലും നിന്നുറവെടുക്കുന്ന ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളാകുന്ന മഹാപ്രവാഹങ്ങൾ അങ്ങയിൽ ഉണ്ടാവുകയില്ല.

 

ശ്ലോകം 5

കൃതോ നു തദ്ധേതവ ഈശ തത്കൃതാ

ലോഭാദയോ യേ£ ബുധലിംഗഭാവാഃ

തഥാപി ദണ്ഡം ഭഗവാൻ ബിഭർത്തി

ധർമ്മസ്യ ഗുപ്ത്യൈ ഖലനിഗ്രഹായ

വിവർത്തനം

പിന്നെങ്ങനെയാണ് അങ്ങയിൽ ഭൗതികശരീരവുമായുള്ള ബന്ധംകൊണ്ട് അജ്ഞാനികൾക്കുണ്ടാകുന്ന ലോഭവും മോഹവും കോപവും മാത്സര്യവുമൊക്കെ ഉണ്ടാവുക? അവ മനുഷ്യനെ പിന്നെയും പിന്നെയും ഭൗതികതയിൽ കുടുക്കിയിടുന്ന അജ്ഞാനലക്ഷണങ്ങളാണല്ലോ. എന്നാലും പരമപുരുഷനെന്ന നിലയ്ക്ക് അങ്ങ് ധർമ്മതത്ത്വങ്ങളെ രക്ഷിക്കാനും ദുഷ്ടന്മാരെ ശിക്ഷിക്കാനുമായി ശിക്ഷകൾ വിധിക്കുന്നു.

 

ശ്ലോകം 6

പിതാ ഗുരുസ്ത്വം ജഗതാമധീശോ

ദുരത്യയഃ കാല ഉപാത്തദണ്ഡഃ

ഹിതായചേച്ഛാതനുഭിഃ സമീഹസേ

മാനം വിധുന്വൻ ജഗദീശമാനിനാം

 

 

വിവർത്തനം

ഈ പ്രപഞ്ചത്തിനു മുഴുവൻ പിതാവും ആത്മീയഗുരുവും പരമനിയന്താവും അങ്ങു തന്നെയാകുന്നു. പാപികൾക്ക് നന്മയ്ക്കായി ശിക്ഷനൽകുന്ന, കീഴടക്കാനാകാത്ത കാലവും അങ്ങു തന്നെ. സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന അവതാരങ്ങളിലൂടെ ലോകേശരെന്നു വൃഥാ നടിക്കുന്നവരുടെ ദുരഹങ്കാരം നീക്കുവാൻ അങ്ങ് സ്വന്തം തീരുമാനപ്രകാരം പ്രവർത്തിക്കുന്നു.

 

ശ്ലോകം 7

യേ മദ്വിധാജ്ഞാ ജഗധീശമാനിനസ്

ത്വാം വീക്ഷ്യ കാലേ£ഭയമാശു തൻമദം

ഹിത്വാ£ര്യ മാർഗം പ്രഭജന്ത്യപസ്മയാ

ഈഹാ ഖലാനാമപി തേ£നുശാസനം

 

വിവർത്തനം

തങ്ങളാണ് പ്രപഞ്ചനായകന്മാർ എന്ന് അഹങ്കരിച്ചിരിക്കുന്ന എന്നെപ്പോലുള്ള വിഡ്ഢികൾപോലും കാലത്തിന്റെ മുമ്പിൽ ഭയരഹിതനായിരിക്കുന്ന അങ്ങയെക്കാണുമ്പോൾ ഗർവ്വമുപേക്ഷിച്ചിട്ട് ആത്മീയമാർഗത്തിൽ മുന്നേറുന്ന സജ്ജനങ്ങളുടെ പാതയിൽ ചേക്കേറും. ഇങ്ങനെ ദുഷ്ടന്മാരെപ്പോലും, ശാസിച്ചു നന്നാക്കാനായി മാത്രമാണ് അങ്ങു ശിക്ഷിക്കുന്നത്.

ശ്ലോകം 8

സ ത്വം മമൈശ്വര്യമദപ്ലുതസ്യ

കൃതാഗസസ്തേ£വിദുഷഃ പ്രഭാവം

ക്ഷന്തും പ്രഭോ£ഥാർഹസി മൂഢചേതസോ

മൈവം പുനർഭൂൻമതിരീശ മേ£സതീ

വിവർത്തനം

എന്റെ പദവിയെയും ഐശ്വര്യത്തെയും കുറിച്ചുള്ള അഹങ്കാരത്തിൽ മുങ്ങിയിട്ട്, അങ്ങയുടെ വൈഭവത്തെക്കുറിച്ചറിയാതെ ഞാൻ ഭവാനോട് അപരാധം ചെയ്തു. ഭഗവാനേ, എനിക്കു മാപ്പു നൽകീയാലും. എന്റെ ബുദ്ധി കുഴങ്ങിപ്പോയി, പക്ഷേ എന്റെ ബോധം ഇനിയൊരിക്കലും ദുഷിക്കാനിട വരുത്തരുതേ.

 

ശ്ലോകം 9

തവാവതാരോ£ യമധോക്ഷജേഹ

ഭുവോഭരാണാമുരുഭാരജൻമനാം

ചമൂപതീനാമഭവായ ദേവ!

ഭവായ യുഷ്മച്ചരണാനുവർത്തിനാം

വിവർത്തനം

ഹേ അതീന്ദ്രിയനായ ഭഗവാനേ, ഭൂമിക്കു ഭാരമായി ഭവിക്കുന്നവരും ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നവരുമായ സേനാനായകരുടെ നാശത്തിനായി അങ്ങീ ഭൂമിയിൽ അവതരിക്കുന്നു. അതേ സമയം അങ്ങയുടെ പാദാരവിന്ദങ്ങളെ സേവിക്കുന്നവരുടെ അഭ്യുദയത്തിനായും അങ്ങ് പ്രവർത്തിക്കുന്നു.

ശ്ലോകം 10

നമസ്തുഭ്യം ഭഗവതേ പുരുഷായ മഹാത്മനേ

വാസുദേവായ കൃഷ്ണായ സാത്വതാം പതയേ നമഃ

വിവർത്തനം

പരമദിവ്യോത്തമപുരുഷനും മഹാത്മാവും ഏവരുടെയും ഉള്ളിൽ കുടികൊള്ളുന്നവനുമായ അങ്ങേയ്ക്കു നമസ്ക്കാരം. യദുവംശനാഥനായ അല്ലയോ കൃഷ്ണാ, അങ്ങയെ ഞാൻ പ്രണമിക്കുന്നു.

 

ശ്ലോകം 11

സ്വച്ഛന്ദോപാത്തദേഹായ വിശുദ്ധജ്ഞാനമൂർത്തയേ

സർവ്വസ്മൈ സർവ്വബീജായ സർവ്വഭൂതാത്മനേ നമഃ

വിവർത്തനം

ഭക്തന്മാരുടെ ഇഷ്ടത്തിനനുസരിച്ച് അതീന്ദ്രിയദേഹങ്ങൾ സ്വീകരിക്കുന്നവനും, പരിശുദ്ധജ്ഞാനസ്വരൂപനായിരിക്കുന്നവനും, സർവ്വവുമായവനും, സകലതിനും വിത്തായവനും, സർവ്വഭൂതങ്ങൾക്കും ആത്മാവുമായ അങ്ങയെ ഞാൻ നമിക്കുന്നു.

 

ശ്ലോകം 12

മയേദം ഭഗവൻ ഗോഷ്ഠനാശായാസാരവായുഭിഃ

ചേഷ്ടിതം വിഹതേ യജ്ഞേ മാനിനാ തീവ്രമന്യുനാ

വിവർത്തനം

പ്രിയപ്പെട്ട ഭഗവാനേ, എനിക്കുള്ള യാഗം തടസ്സപ്പെട്ടപ്പോൾ ദുരഹങ്കാരം മൂലം ഞാൻ കടുത്ത കോപത്തിനു വശംഗതനായി. അങ്ങനെ കൊടും മഴയും കാറ്റും കൊണ്ട് അങ്ങയുടെ ഗോകുലത്തെ അഥവാ ഗോപസമൂഹത്തെ നശിപ്പിക്കാൻ ഞാൻ ശ്രമിച്ചു.

 

ശ്ലോകം 13

ത്വയേശാനുഗൃഹീതോ£സ്മി ധ്വസ്തസ്തംഭോ വൃഥോദ്യമഃ

ഈശ്വരം ഗുരുമാത്മാനം ത്വാമഹം ശരണം ഗതിഃ

വിവർത്തനം

ഹേ ഈശ്വരാ, എന്റെ ദുർമ്മദം നശിപ്പിക്കുകയും ( വൃന്ദാവനത്തെ തകർക്കാനുള്ള ) എന്റെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്ത് എന്നോട് അങ്ങു കരുണ കാണിച്ചു. ഈശ്വരനും ഗുരുവും പരമാത്മാവുമായ അങ്ങയെ ഞാനിതാ അഭയം പ്രാപിക്കുന്നു.