🍁🍁🍁🍁🍁🍁
പരമദിവ്യോത്തമപുരുഷനായ കൃഷ്ണന് ദിവ്യവും അതീന്ദ്രിയവുമായ മാനസികാവസ്ഥകളെക്കുറിച്ച് നന്നായി അറിയാം. ഭഗവാനുമായി തീവ്ര മമതയിൽ മുറുക്കെ ബന്ധിതരും പൂർണസമർപ്പണം ചെയ്തവരുമായ ഗോപികമാരുടെ സാന്നിധ്യത്തിൽ ഭഗവാൻ അസംഖ്യം രൂപങ്ങളായി വികസിച്ചു. രാസനൃത്തം ചെയ്യാനുള്ള ഉത്സാഹത്താൽ ഗോപികമാർ ഉന്മത്തരായി. പാടിയും ആടിയും വിലാസലോലരായി പെരുമാറിയും അവർ കൃഷ്ണന്റെ ഇന്ദ്രിയങ്ങൾക്ക് ആനന്ദം പകർന്നു. ഗോപികമാരുടെ സുമധുരനാദം ദിക്കെല്ലാം നിറഞ്ഞു.
കൃഷ്ണൻ അനേകം രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടും ഓരോ ഗോപിയും കരുതിയത് കൃഷ്ണൻ തന്റെ മാത്രം അരികിൽ നിൽക്കുന്നുവെന്നാണ്. തുടരെ ആടിയും പാടിയും ഗോപികമാർ തളർന്നു തുടങ്ങി. അരികിൽ നിൽക്കുന്ന കൃഷ്ണന്റെ തോളിൽ ഓരോ ഗോപിയും സ്വന്തം കരമണച്ചു. താമരപ്പൂവിന്റെ സുഗന്ധം പേറുന്ന ചന്ദനലേപനമണിഞ്ഞ കൃഷ്ണന്റെ കരം ഗോപികമാർ മുകരുകയും ചുംബിക്കുകയും ചെയ്തു. ചിലർ കൃഷ്ണന്റെ കരം സ്വന്തം ശരീരങ്ങളിൽ ചേർത്തു. ഇനിയും ചിലർ സ്നേഹപൂർവ്വം ആലിംഗനം ചെയ്ത് കൃഷ്ണന് ആനന്ദമേകി.
പരമവും ഏകവുമായ നിരപേക്ഷ സത്യം എന്ന നിലയ്ക്ക് കൃഷ്ണനാണ് ഏക ഭോക്താവും ഭോജ്യവും. അദ്വിതീയനായ അദ്ദേഹം ലീലാവിലാസത്തിനായി പലതായി വികസിച്ചു. സ്വന്തം പ്രതിബിംബത്തിനോടു കളിയാടുന്ന ശിശുവിനെപ്പോലെയാണ് കൃഷ്ണന്റെ രാസക്രീഡയെന്ന് മഹാപണ്ഡിതന്മാർ പറയുന്നു. ശ്രീ കൃഷ്ണൻ ആത്മരാമനാണ്. സ്വയം തൃപ്തനാണ്. അമേയമായ ദിവ്യൈശ്വര്യങ്ങളും അദ്ദേഹത്തിനുണ്ട്. കൃഷ്ണൻ രാസക്രീഡപോലുള്ള ലീലകളാവിഷ്കരിക്കുമ്പോൾ ബ്രഹ്മാവു മുതൽ വെറും പുൽക്കൊടിവരെയുള്ള ജീവജാലങ്ങൾ അദ്ഭുതപാരാവാരത്തിൽ മുങ്ങിപ്പൊങ്ങും.
ആരെയും കൂസാത്ത കാമാസക്തരും വിഷയലമ്പടന്മാരുമായ വ്യക്തികളുടെ ചെയ്തികൾപോലെ പുറമേ കാണപ്പെടുന്ന, ഭഗവാന്റെ ഗോപികമാരുമൊത്തുള്ള പ്രണയകേളികളുടെ വിവരണം കേട്ടപ്പോൾ മഹാരാജാ പരീക്ഷിത്ത് പരമഭക്തനായ ശുകമഹർഷിയോട് സംശയമുന്നയിച്ചിരുന്നു. “ശ്രീകൃഷ്ണനാണ് പരമഭോക്താവ് എന്നതിനാൽ ഈ ലീലകളിൽ യാതൊരു ന്യൂനതയും ഏശുകയില്ല. പക്ഷേ പരമപുരുഷനല്ലാതെ മറ്റാരെങ്കിലും അത്തരം ലീലകൾ ആസ്വദിക്കാൻ ശ്രമിച്ചാൽ, രുദ്രനല്ലാതെ മറ്റാരെങ്കിലും വിഷം കുടിക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന അതേ വിധി തന്നെ നേരിടേണ്ടി വരും. കൃഷ്ണഭഗവാന്റെ രാസലീല അനുകരിക്കുന്നതിനെക്കുറിച്ച് ചിന്തി ക്കുന്നവനു പോലും അതേ ദുർഭാഗ്യം സഹിക്കേണ്ടിവരും.” എന്ന് പ്രസ്താവിച്ച് ശുകമഹർഷി ആ സംശയത്തെ നിവാരണം ചെയ്തു.
പരമനിരപേക്ഷസത്യമായ ഭഗവാൻ ശ്രീ കൃഷ്ണൻ എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ സാക്ഷിയായി കുടികൊള്ളുന്നു. കരുണ മൂലം സ്വന്തം രഹസ്യലീലകൾ ഭക്തർക്കദ്ദേഹം കാണിച്ചുകൊടുക്കുമ്പോൾ അവയെ ലൗകികമായ അപൂർണതകൾകൊണ്ട് മലിനമാക്കരുത്. ഗോപിമാർക്കു കൃഷ്ണനോടു തോന്നിയ നൈസർഗികമായ പ്രേമാകർഷണത്തെക്കുറിച്ച് കേൾക്കുന്ന ഏതൊരു ജീവാത്മാവിന്റെയും ഇന്ദ്രിയസുഖാസക്തികൾ ഉന്മൂലനം ചെയ്യപ്പെടും, പരമപുരുഷനെയും ഗുരുവിനെയും ഭഗവദ് ഭക്തന്മാരെയും സേവിക്കാനുള്ള സ്വാഭാവിക പ്രവണത വളർന്നുവരികയും ചെയ്യും.
(ശ്രീമദ് ഭാഗവതം, ദശമസ്കന്ദം ,അദ്ധ്യായം 33 ന്റെ സംഗ്രഹം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .