🍁🍁🍁🍁🍁🍁
ഏതൊരാൾക്കുമുണ്ടാവും പ്രത്യേകമായൊരു വിശ്വാസം. അയാളാരായാലും ശരി, അത് സാത്ത്വികമോ രാജസമോ താമസമോ എന്നത് അയാളുടെ ആർജ്ജിതസ്വഭാവത്തെ ആശ്രയിച്ചിരിക്കും. തന്റെ പ്രത്യേക വിശ്വാസമനുസരിച്ച് ആ മനുഷ്യൻ ചില വ്യക്തികളുമായി സഹവസിക്കുകയുംചെയ്യും. ഓരോ ജീവനും പതിനഞ്ചാമദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളതുപോലെ മൗലികമായി പരമപുരുഷന്റെ വിഭിന്നാംശമാണ്. അതിനാൽ നമ്മൾ മൗലികമായി ഭൗതികപ്രകൃതിഗുണങ്ങൾക്കതീതരാണ്. എന്നാൽ പരമപുരുഷനുമായുള്ള ബന്ധം മറന്ന് ഭൗതികപ്രകൃതിയോടിണങ്ങുമ്പോൾ ബദ്ധമായി, പ്രകൃതിയുടെ വൈവിദ്ധ്യങ്ങൾക്കു വഴങ്ങി തന്റേതായൊരു വ്യക്തിത്വത്തെ സ്വയം സൃഷ്ടിക്കുന്നു. തത്ഫലമായുണ്ടാവുന്ന കൃത്രിമജീവിതവും വിശ്വാസവും കേവലം ഭൗതികമാണ്. ജീവിതത്തെക്കുറിച്ചുള്ള ഏതെങ്കിലുമൊരു ആശയത്താൽ അഥവാ സിദ്ധാന്തത്താൽ നയിക്കപ്പെടുന്നുവെങ്കിലും മൗലികമായി ആത്മാവ് ഗുണാതീതനത്രേ. പരമപുരുഷനുമായുള്ള ബന്ധം വീണ്ടെടുക്കാൻ ജീവാത്മാവിന് താൻ നേടിക്കൂട്ടിയ ഭൗതികതാമാലിന്യങ്ങളിൽ നിന്ന് സ്വയം മുക്തനാവണം. നിർഭയം തിരിച്ചു പോകുവാനുള്ള വഴി ഒന്നു മാത്രം; കൃഷ്ണാവബോധം. അതിലുറച്ച വിശ്വസിക്കുന്നവർക്ക് തീർച്ചയായും പരിപൂർണ്ണതയിലേയ്ക്കുയരാം. ആത്മസാക്ഷാത്കാരത്തിനുള്ള ഈ വഴിയിൽ കാലൂന്നാത്തവർക്കാകട്ടെ ത്രിഗുണങ്ങളുടെ പ്രേരണയ്ക്ക് കീഴ്പ്പെട്ട് നീങ്ങേണ്ടി വരുന്നു.
( ഭാവാർത്ഥം/ഭഗവദ്ഗീത 17.3)