Home

Monday, December 28, 2020

പുതുവർഷത്തെ വരവേൽക്കുന്ന വിധം


 

പുതുവർഷത്തെ വരവേൽക്കുന്ന വിധം




 പുതുവർഷത്തെ വരവേൽക്കുന്ന വിധം


( അവതരിപ്പിച്ചത് :- H.G.നവകിശോരി ദേവി ദാസി )


🔆🔆🔆🔆🔆🔆🔆🔆🔆



ഓരോ പുതുവത്സരപ്പിറവിയും അത് ആംഗല പുതുവർഷം ആകട്ടെ, പ്രാദേശിക പുതുവർഷം ആകട്ടെ ജനങ്ങളുടെ സന്തോഷത്തിന് വഴിയൊരുക്കുന്നു. ആധുനിക കാലഘട്ടത്തിൽ ഇംഗ്ലീഷ് പുതുവർഷത്തിന്റെ തുടക്കത്തിൽ ഡിസംബർ 31ന് രാത്രി 12 മണിക്ക് പുതു വർഷ ആഘോഷങ്ങൾ എന്നപേരിൽ പലവിധത്തിലുള്ള ആഭാസങ്ങൾ അരങ്ങേറി വരുന്നു . ഇതാണോ പുതുവർഷം ?ആവോളം മദ്യപിച്ച് ബൈക്കുകളിൽ തോഴിമാരോടൊപ്പം ഊരുചുറ്റുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരികയാണ്. അവരുടെ ഉത്സാഹത്തെ വർദ്ധിപ്പിക്കുന്ന ക്ലബുകളും ധാരാളം വരുമാനം നേടുന്നു. മറ്റൊരു വിഭാഗം ജനങ്ങൾ സോഷ്യൽമീഡിയകളിൽ ആശംസകൾ പകർന്നും, പാതിരാവരെ ടെലിവിഷനു മുന്നിലോ സിനിമ തീയേറ്റലോ സമയം ചിലവഴിച്ചും പുതുവർഷത്തെ വരവേൽക്കുന്നു.വേറൊരു വിഭാഗം ജനങ്ങൾ ക്ഷേത്രങ്ങളിൽ പോയി പുതുവർഷം എല്ലാവിധ സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതാണോ പുതുവർഷം? ഘടികാരത്തിലെ സൂചികൾ പന്ത്രണ്ടിൽ എത്തുമ്പോൾ, ആ നിമിഷത്തിൽ എന്താണ് ഇത്ര ഉള്ളത്. വർഷം,മാസം, ദിവസം, എന്നിവ മാറുമ്പോൾ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്? .ഇതെല്ലാം നമ്മുടെ അജ്ഞാനത്തെ വെളിപ്പെടുത്തുന്നു.


ചിന്തിക്കേണ്ട വിഷയങ്ങൾ 


🍁🍁🍁🍁🍁🍁🍁🍁🍁


പുതുവർഷഘോഷങ്ങൾ നാം ചിന്തിക്കേണ്ട ഒന്നിനെ വിസ്മൃതിയിൽ ആഴ്ത്തുന്നു. ഓരോ വർഷവും കഴിഞ്ഞ് പുതുവർഷം ആരംഭിക്കുന്നു എന്നാൽ നമ്മുടെ ജീവിതം നമ്മെ വിട്ടു പോകുന്നു എന്നതാണ് അർത്ഥം. സത്യത്തിൽ ഓരോ സൂര്യാസ്തമയവും നമ്മുടെ ജീവിതത്തെ നീക്കിക്കൊണ്ടിരിക്കുകയാണ്. മരണം നമ്മെ സമീപിച്ചു കൊണ്ടിരിക്കുന്നു .നമുക്ക് നമുക്ക് വയസ്സായി കൊണ്ടിരിക്കുന്നു. വാർധക്യം അടുത്തുകൊണ്ടിരിക്കുന്നു എന്നത് നമ്മൾ മനസ്സിലാക്കണം."  ഞാൻ ആരാണ്? ഞാൻ ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? പ്രകൃതി എന്നെ കഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? ഇത്രയും കോടി മനുഷ്യർക്കും എനിക്കും തമ്മിൽ എന്താണ് ബന്ധം? വ്യത്യസ്ത തലത്തിലുള്ള ജീവിവർഗ്ഗങ്ങൾ എന്തുകൊണ്ടാണ്?" ഇതുപോലെയുള്ള ചോദ്യങ്ങൾ നാം ആരായണം. കുറഞ്ഞപക്ഷം ഓരോ വർഷവും കടന്നുപോകുമ്പോളെങ്കിലും .


ഓരോ നാളും രണ്ടുതവണ ഘടികാരത്തിലെ സൂചികൾ പന്ത്രണ്ടിൽ ഒത്തു ചേരുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ നടക്കുന്നുണ്ടോ? പുതു വർഷം പിറക്കുന്ന ആ രാത്രിയും മറ്റേത് രാത്രിയെ പോലെയും സാധാരണമായതാണ്. പ്രകൃതിക്ക് പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കുന്നില്ല. നിൽക്കാതെ ഓടിക്കൊണ്ടിരിക്കുന്ന കാലത്തിനെ കണക്കിലെടുക്കാനായി നൊടികൾ, നിമിഷങ്ങൾ, മണിക്കൂറുകൾ, നാളുകൾ, മാസങ്ങൾ, വർഷങ്ങൾ എന്നിങ്ങനെ കണക്കുകൾ നിലവിൽവന്നു. ഭാരതത്തിൻറെ പാരമ്പര്യത്തിൽ പുതുവർഷം സൂര്യോദയത്തോടെ കൂടി ആരംഭിക്കുന്നു. അതായത് നമ്മുടെ ചുറ്റുപാടും ഇരുൾ അകന്നു പ്രകാശം പിറക്കുമ്പോൾ അത് പുതിയ ദിവസമായി കണക്കാക്കപ്പെടുന്നു. പാശ്ചാത്യരുടെ കണക്കുപ്രകാരം ഒരു ദിവസം രാത്രി 12 മണിക്ക് ആരംഭിക്കുന്നു എന്നാൽ ആ സമയത്ത് പ്രകൃതിയിൽ യാതൊരുവിധ മാറ്റമോ വ്യതിയാനമോ സംഭവിക്കുന്നില്ല എന്നുള്ളപ്പോൾ , അതിനെ പുതിയ ദിവസം എന്ന് പറയുന്നത് ബുദ്ധിപരമല്ല. ഭാരതത്തിൽ സാധാരണയായി സൂര്യൻ ഒരു അയനത്തിൽൽ നിന്ന് അടുത്തതിലേക്ക് കടക്കുന്ന സമയം (ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിൽ കടക്കുന്ന സമയം) അല്ലെങ്കിൽ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം ഉണ്ടാകുന്ന വേള തുടങ്ങിയ സമയത്തെ ഒരു വർഷത്തിനിന്റെ തുടക്കമായി ജ്യോതിശാസ്ത്രത്തിൽ കണക്കാക്കപ്പെടുന്നു. ഭാരതത്തിൽ ഇതാണ് പാരമ്പര്യമായി പിന്തുടർന്നിരുന്നത്.


 ഉദാഹരണമായി ആധുനിക മലയാളം കലണ്ടർ ആയ കൊല്ലവർഷം ആരംഭിക്കുന്നതിനു മുൻപ് 825 CE യിൽ   മേടം ഒന്ന് പുതുവർഷാരംഭ ദിനമായി കണക്കാക്കപ്പെട്ടിരുന്നു. ഈ ദിനം ഭാരതത്തിലെ മറ്റു പല ഭാഗങ്ങളിലെ പുതുവർഷ ദിനവുമായി ഏകീഭവിക്കുന്നുമുണ്ട്. മേടമാസം പിറക്കുമ്പോൾ കാലാവസ്ഥയിൽ ഗണ്യമായ മാറ്റം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. എന്നാൽ ജനുവരി ഒന്നിൽ ഇതുപോലെയുള്ള എന്തെങ്കിലും മാറ്റം കാണാൻ സാധിക്കുമോ? നിശ്ചയമായും ഇല്ല .


എങ്ങിനെ നോക്കിയാലും പുതുവർഷപ്പിറവിക്ക് ഇത്ര മാത്രം പ്രാധാന്യം കൊടുക്കേണ്ടതില്ല. ജനനം ,മരണം, വ്യാധികൾ എന്നീ ദുഃഖങ്ങളിൽ മുങ്ങിയിരിക്കുന്ന നമുക്ക് ഈ പുതുവർഷം മാറ്റങ്ങൾ ഒന്നും തരാൻ പോകുന്നില്ല. ജീവിതത്തിൻറെ അർഥത്തെയും ലക്ഷ്യത്തെയും മനസ്സിലാക്കി നമ്മൾ പ്രവർത്തിച്ചാൽ നാം ജീവിക്കുന്ന ഓരോ നിമിഷവും, ഓരോ വർഷവും ഉപയോഗപ്രദമായി തീരും. അല്ലാത്തപക്ഷം നമ്മുടെ ജീവിതത്തിൽ എത്ര പുതുവർഷത്തെ കണ്ടാലും അതിനാൽ അതിനാൽ ഉപയോഗം ഇല്ല .


കൃഷ്ണ ഭക്തരാകാം. 

🍁🍁🍁🍁🍁🍁🍁


ഭൗതീകാബോധത്തിന്റെ തലത്തിൽ നിന്ന് സ്വതന്ത്രരായി ആത്മാവിനെയും പരമാത്മാവിനെയും അറിയലാണ് മനുഷ്യ ജീവിതത്തിൻറെ ലക്ഷ്യം."ആയിരക്കണക്കിനാളുകളിൽ ചിലപ്പോൾ ഒരാൾ പൂർണ്ണത നേടാനുദ്യമിച്ചേയ്ക്കാം. അങ്ങനെ പൂർണ്ണത നേടിയവരിലും ഒന്നിലേറെപ്പേർ എന്നെ തികച്ചും അറിയുന്നതുമില്ല." എന്ന് ഭഗവദ്ഗീത 7.3 ഇൽ പറഞ്ഞിരിക്കുന്നു.


കലിയുഗത്തിൽ പലതരത്തിലുള്ള ദുഃഖങ്ങളിൽപ്പെട്ട് കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഒരു സവിശേഷമായ കാരുണ്യം നൽകപ്പെട്ടിരിക്കുന്നു. ഹരി നാമ സങ്കീർത്തനം എന്ന ലളിതമായ വഴി മൂലം എല്ലാവർക്കും ഭഗവാൻ ശ്രീകൃഷ്ണനെ സേവനത്തിൽ ഏർപ്പെട്ട് ജീവിതത്തിൻറെ ലക്ഷ്യത്തെ അണയാൻ സാധിക്കും . ഈ ലളിതമായ പ്രക്രിയയെ ഉപേക്ഷിച്ച് നമ്മളെ വെറും ദേഹം മാത്രമായി കണ്ട് ജീവിതം പോക്കുന്നത് വിവേകശാലിയായ ഒരുവന് ചേർന്നതല്ല.ഓരോ പുതുവർഷവും ജന്മദിനവും നമ്മളെ മരണത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്നു എന്ന് മനസ്സിലാക്കി പുനർജന്മം ,മരണം മുതലായവയെ അറിയുന്നതിനായി കൂടുതൽ പ്രാധാന്യം കൊടുക്കുന്നതാണ് ബുദ്ധി. ഓരോതവണയും പുതുവർഷം വരുന്നതുപോലെ ഓരോ തവണയും നമ്മൾ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് മോചനം നേടണമെങ്കിൽ ഭഗവാൻ കൃഷ്ണനിൽ നമ്മൾ ശരണമടയേണ്ടതാണ്. അതിനുള്ള യഥാർത്ഥ പോംവഴി അദ്ദേഹം തന്നെ ഭവദ്ഗീതയിൽ (18.5)അരുളിച്ചെയ്തിട്ടുണ്ട്.


മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു

മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോഽസി മേ 


എപ്പോഴും എന്നെ ഓർക്കുക, എന്റെ ഭക്തനാവുക, എന്നെ ആരാധിക്കുകയും പ്രണമിക്കുകയുംചെയ്യുക; ഇങ്ങനെ ചെയ്തുപോന്നാൽ നിശ്ചയമായും നിനക്കെന്നെ പ്രാപിക്കാം . ഞാൻ തീർത്തു പറയുന്നു, എന്തെന്നാൽ എനിക്ക് പ്രിയപ്പെട്ടവനാണ് നീ.


 ജനന മരണങ്ങളുടെ മഹാ സാഗരത്തെ തരണം ചെയ്യുന്നതിനായി ഭഗവാൻ കൃഷ്ണനെ ശരണം അടയണമെന്ന ഉപദേശത്തെ ഭഗവത്ഗീത കൂടാതെ എല്ലാ ശാസ്ത്രങ്ങളും, ആചാര്യന്മാരും ഉറപ്പിച്ചുപറയുന്നു. ഉടൽ എന്നത് ആത്മാവിനെ ബന്ധിപ്പിച്ചിട്ടുള്ള കാരഗൃഹത്തിന് സമം. ഈ കാരാഗൃത്തിൽ വന്ന ദിവസത്തെ ആരെങ്കിലും ആഘോഷിക്കുമോ. ഇത്ര വർഷം കാരാഗൃഹത്തിൽ കഴിച്ചുകൂട്ടി, ഇന്നത്തോടെ ഇത്രത്തോളം വർഷം കഴിഞ്ഞു, നാളെ പുതിയ വർഷം ആരംഭിക്കുന്നു എന്ന് പറഞ്ഞ് ആരെങ്കിലും മെഴുകുതിരി കത്തിച്ച് ആഘോഷിക്കുമോ? ഇതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് പുതുവർഷത്തെ സമീപിക്കുക. ഭഗവത്ഗീത വായിച്ച് കൃഷ്ണാ അവബോധത്തിൽ മുന്നേറുക



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com