കൊലാവേചാ ശ്രീധരൻ
********
കൃഷ്ണാവബോധത്തോടെ നടത്തുന്ന ഭക്തിയുത സേവനത്തിൽ നിന്നു ലഭിക്കുന്ന സുഖം അതീന്ദ്രിയവും, അളവറ്റതുമാണ്. ഇതുപോലെയുള്ള ദിവ്യാനന്ദം മറ്റൊന്നിൽനിന്നും കിട്ടുകയില്ല. അതുകൊണ്ടുതന്നെ, യഥാർത്ഥ ഭക്തൻ മറ്റു സിദ്ധികൾ ഒന്നും ആഗ്രഹിക്കുന്നുമില്ല. മറ്റു പ്രവൃത്തികളിൽനിന്നു ലഭിക്കുന്ന അനുഭൂതികളുടെ പാരാവാരം കൃഷ്ണാവബോധത്തിൽനിന്നു സിദ്ധിക്കുന്ന ഒരു തുള്ളി ആനന്ദത്തിലും എത്രയോ താഴെയാണ്. ഇവ തമ്മിൽ താരതമ്യപ്പെടുത്താൻ തന്നെ കഴിയുകയില്ല. അതിനാലാണ്, അല്പമെങ്കിലും ഭക്തിയുതസേവനം നടത്തുന്നയാൾക്ക്, മതബോധം, സാമ്പത്തിക പുരോഗതി, ഐന്ദ്രിയ സംതൃപ്തി, എന്തിനേറെ, മോക്ഷംപോലും പകർന്നു തരുന്ന മറ്റു സിദ്ധികളെ ചവിട്ടിത്തെറിപ്പിക്കാൻ കഴിയുന്നത്.
ചൈതന്യ മഹാപ്രഭുവിന് കൊലാവേചാ ശ്രീധരൻ എന്നു പേരായ ഒരു മഹാഭക്തൻ ഉണ്ടായിരുന്നു. തീരെ ദരിദ്രൻ. വാഴയിലകൊണ്ടു കുമ്പിൾ കുത്തി വിൽക്കുകയായിരുന്നു ജോലി. കാര്യമായ വരുമാനമൊന്നുമില്ല. എന്നിട്ടും, വരുമാനത്തിന്റെ പകുതിയും ഗംഗാപൂജയ്ക്ക് ചെലവഴിച്ചിരുന്നു. എത്ര സമ്പത്ത് വേണമെങ്കിലും കൊടുക്കാമെന്ന് ഒരിക്കൽ ചൈതന്യ മഹാപ്രഭു ഈ ശിഷ്യനോട് പറഞ്ഞതാണ്. എന്നാൽ, ഭൗതിക സമ്പത്ത് ആവശ്യമില്ലെന്നു പറഞ്ഞ് ശ്രീധരൻ തിരസ്കരിച്ചതേയുള്ളൂ. ഇന്നത്തെ സ്ഥിതിയിൽ സംതൃപ്തനാണെന്നും, ചൈതന്യ മഹാപ്രഭുവിന്റെ പാദാരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തി മാത്രമേ തനിക്കു വേണ്ടൂ എന്നും ആയിരുന്നു ശ്രീധരന്റെ മറുപടി. അതാണ് യഥാർത്ഥ ഭക്തന്റെ മനോഭാവം. ഇരുപത്തിനാലു മണിക്കൂറിലും ഭക്തിയുത സേവനത്തിൽ മുഴുകാൻ കഴിഞ്ഞാൽ, അതിലധികം അവർക്ക് ഒന്നും ആഗ്രഹമില്ല. ഈശ്വരനിൽ ലയിച്ചുള്ള മുക്തി പോലും അവർക്കു വേണ്ട. ഭക്തി മാത്രം മതി. നാരദ പഞ്ചരാത്രം ഇപ്രകാരം പറയുന്നു:-- ഭക്തിയുത സേവനത്തിൽ അല്പമെങ്കിലും പുരോഗതി കൈവരിച്ചയാൾ, മതാനുശാസനങ്ങളിൽനിന്നോ, സാമ്പത്തിക പുരോഗതിയിൽ നിന്നോ, ഐന്ദ്രിയ സംതൃപ്തനത്തിൽനിന്നോ, അഞ്ചു തരം മുക്തികളിൽനിന്നോ ലഭിക്കുന്ന സുഖം ആഗ്രഹിക്കുകയില്ല. അത്തരത്തിലുള്ള സുഖങ്ങളൊന്നും അവരുടെ മനസ്സിൽ കടന്നുകൂടാൻ ധൈര്യപ്പെടുകയില്ല. മഹാരാജ്ഞിയുടെ സേവകരും, പരിചാരകരും വിനയപൂർവ്വം ഓച്ചാനിച്ചുകൊണ്ട് രാജ്ഞിയുടെ പിമ്പേ നടക്കുന്നതുപോലെ, ഇപ്പറഞ്ഞവയിൽനിന്നു കിട്ടുന്ന സുഖങ്ങളെല്ലാം ഈശ്വരനിൽ നടത്തുന്ന ഭക്തിയുത സേവനത്തിന്റെ പിമ്പേ പാഞ്ഞെത്തുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, യഥാർത്ഥ ഭക്തന് ഒരുവക സുഖത്തിന്റേയും കുറവുണ്ടായിരിക്കുകയില്ല. കൃഷ്ണനെ ഭക്തിപൂർവ്വം സേവിക്കുക എന്നതിൽ കവിഞ്ഞ മറ്റൊന്നും അയാൾക്കു വേണ്ട, അഥവാ മറ്റെന്തെങ്കിലും ആഗ്രഹം ഉണ്ടായാൽ, അയാളാവശ്യപ്പെടാതെതന്നെ ഭഗവാൻ ആ ആഗ്രഹം നിറവേറ്റുകയും ചെയ്യും.
( ഭക്തിരസാമൃത സിന്ധു / അദ്ധ്യായം 1)
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment