അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
🍁🍁🍁🍁🍁🍁🍁
പുത്രദ ഏകാദശി
പൗഷ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന പുത്രദ ഏകാദശിയെക്കുറിച്ച് , ഭവിഷ്യോത്തര പുരാണത്തിൽ ഭഗവാൻ ശ്രീകൃഷ്ണനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിൽ വിവരിക്കുന്നുണ്ട്.
ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് അരുളിച്ചെയ്തു. "പ്രിയപ്പെട്ട രാജാവേ , പൗഷ മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശി , പുത്രദ ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്നത് മൂലം ഒരുവന്റെ സകല പാപപ്രതികരണങ്ങളും ഇല്ലാതാക്കപ്പെടുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്നവർ പണ്ഡിതനും പ്രശസ്തനുമായിത്തീരുന്നു. ഈ മംഗളകരമായ ഏകാദശിയുടെ മഹാത്മ്യം ദയവായി ശ്രവിച്ചാലും.
ഭാദ്രവതി എന്ന നഗരത്തിൽ സുകേതുമന എന്ന രാജാവ് രാജ്യമാണ്ടിരുന്നു. അദ്ദേഹത്തിൻറെ റാണിയായിരുന്നു സൈവ്യ. പുത്രഭാഗ്യം ഇല്ലാത്തതിനാൽ രാജാവും റാണിയും അവരുടെ ജീവിതം ദുഃഖപൂർണമായി കഴിച്ചുകൂട്ടി. അവർ തങ്ങളുടെ ഏതാണ്ട് മുഴുവൻ സമയവും ഈശ്വര ചിന്തയിലും മതപ്രകാരമുള്ള പ്രവർത്തികളിലും ചിലവഴിച്ചു. ഇപ്രകാരം രാജാവും റാണിയും പുത്രനില്ലാത്തതിൻറെ ദുഃഖത്താൽ വല്ലാതെ ബാധിക്കപ്പെട്ടിരുന്നതിനാൽ അവർ പിതൃക്കൾക്ക് അർപ്പിക്കുന്ന ജലം പോലും ചൂടുള്ളതായി മാറി. പിതൃക്കളും സുകേതുമനക്ക് ശേഷം തങ്ങൾക്ക് തർപ്പണം നൽകാൻ ആരും ഇല്ലാതാകും എന്ന് ചിന്തിച്ചു കുണ്ഠിതരായി. പിതൃക്കളുടെ ഈ ഉൾവ്യഥ മനസ്സിലാക്കിയ രാജാവ് കൂടുതൽ വ്യഥിത ഹൃദയനായി. തന്റെ സുഹൃത്തുക്കളുടെയോ, അഭ്യുദയകാംക്ഷികളുടെയോ , മന്ത്രിമാരുടെയോ സാമീപ്യം അദ്ദേഹത്തിന് ആനന്ദം നൽകിയില്ല . നിരാശയിലും വിലാപത്തിലും മുങ്ങിത്താണ രാജാവ് പുത്രൻ ഇല്ലാത്ത മനുഷ്യജീവിതം നിരർത്ഥകമാണെന്ന് കരുതി . ദേവന്മാരോടും മിത്രങ്ങളോടും മനുഷ്യരോടുമുള്ള കടപ്പാടിൽ നിന്ന് മുക്തനാകാൻ പുത്രരഹിതനായ ഒരുവന് അസാധ്യമാണ് . വിഷ്ണുഭഗവാനോടുള്ള അനന്യമായ ഭക്തിയും, പുണ്യ കർമ്മങ്ങളുടെ സഞ്ചയവുമില്ലെങ്കിൽ ഒരുവന് പുത്രനോ , ധനമോ , ജ്ഞാനമോ നേടാൻ സാധിക്കുകയില്ല. ഇപ്രകാരം നിഗമനത്തിലെത്തിയ രാജാവ് ആരുമറിയാതെ ഏകനായി ഒരു കുതിരയിലേറി വനത്തിലേക്ക് പുറപ്പെട്ടു . സുകേതുമന പക്ഷികളാലും മൃഗങ്ങളാലും നിറഞ്ഞ ഇടതൂർന്ന ഒരു വനത്തിലേക്ക് പ്രവേശിച്ചു . അവിടെ വിശ്രമിക്കാനായി ഉചിതമായ ഒരു സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നു . ആ ഇടതൂർന്ന വനത്തിൽ ആൽ , പിപ്പല , ഈന്തപ്പന , പുളി , പന , സാലവൃക്ഷം, മൗലിശിരി (ഇലഞ്ഞി) , സപ്ത പർണ്ണി (ഏഴിലംപാല ), തിലക , തമാല , സരല , ഹിങ്ങ്ഘോട , അർജുന, ലവഹേര , ബഹേദ , സാലകി , പാതാള , കടേച്ചു , പലാശ മുതലായ വൃക്ഷങ്ങളേയും വ്യാഘ്രം , സിംഹങ്ങൾ , കാട്ടാന , മാൻ , കാട്ടുപന്നി , കുരങ്ങുകൾ , സർപ്പങ്ങൾ , പുലികൾ , മുയലുകൾ മുതലായ മൃഗങ്ങളെയും രാജാവ് കണ്ടു. വിശ്രമിക്കുന്നതിനുപകരം രാജാവ് അവിടമാകെ അലഞ്ഞുതിരിഞ്ഞു . ചെന്നായ്ക്കളുടെ ഓരിയിടലുകളും മൂങ്ങകളുടെ മൂളലുകളും അദ്ദേഹത്തെ ഭയപ്പെടുത്തുകയും അതേസമയം ആശ്ചര്യപ്പെടുത്തുകയും ചെയ്തു . ഇപ്രകാരം എല്ലാ ദിശകളിലും അലഞ്ഞുതിരിഞ്ഞ രാജാവിന് അധികം താമസിയാതെ കലശലായി ദാഹിക്കുവാൻ തുടങ്ങി. അദ്ദേഹം ഇപ്രകാരം ചിന്തിക്കുവാൻ തുടങ്ങി . " ദേവകളെയെല്ലാം യജ്ഞത്താലും ആരാധനയാലും സന്തുഷ്ടനാക്കിയിട്ടും , എന്റെ രാജ്യത്തിലെ പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ചിട്ടും , ബ്രാഹ്മണരെ നല്ല ഭോജനപദാർത്ഥങ്ങൾ കൊണ്ടും ദക്ഷിണ കൊണ്ടും സംതൃപ്തരാക്കിയിട്ടും ഞാൻ ഇപ്രകാരം ക്ലേശങ്ങളെ അനുഭവിക്കേണ്ടിവരുന്നുവല്ലോ !! " ഈ ചിന്തകളിൽ മുഴുകികൊണ്ട് രാജാവ് അങ്ങുമിങ്ങും അലയാൻ തുടങ്ങി . ആകസ്മികമായി , മാനസസരോവരം പോലെ മനോഹരമായതും ഭംഗിയുള്ള താമര പൂക്കളാൽ നിറഞ്ഞതുമായ ഒരു തടാകം അദ്ദേഹത്തിൻറെ ദൃഷ്ടിയിൽപ്പെട്ടു . അരയന്നങ്ങളും ചക്രവാകങ്ങളും ചകോര പക്ഷികളും അവിടെ ക്രീഡിച്ചുകൊണ്ടിരുന്നു . ആ തടാകക്കരയിലിരുന്ന് വേദമന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്ന സാധുക്കളെ കണ്ട രാജാവ് , കുതിരപ്പുറത്തു നിന്നിറങ്ങി അവരെ ഓരോരുത്തരെയും പ്രണമിച്ചു . രാജാവിൻറെ പെരുമാറ്റത്തിൽ പ്രസന്നരായ ആ സാധുക്കൾ അദ്ദേഹത്തോട് ആരാഞ്ഞു . " അല്ലയോ രാജാവേ അങ്ങയിൽ ഞങ്ങൾ സംപ്രീതരായിരിക്കുന്നു . എന്തെങ്കിലും വരം ആവശ്യപ്പെട്ടു കൊള്ളുക . "
രാജാവ് ആരാഞ്ഞു . " ആരാണ് നിങ്ങൾ ? എവിടെ നിന്നാണ് നിങ്ങൾ വന്നിരിക്കുന്നത് ?." സാധുക്കൾ മറുപടി പറഞ്ഞു. " ഞങ്ങൾ വിശ്വദേവതകളാണ് . ഇവിടെ സ്നാനം ചെയ്യാൻ വന്നിരിക്കുന്നു . ഇന്ന് പുത്രദ ഏകാദശിയാണ്. പുത്രനെ കാംക്ഷിക്കുന്ന ഒരുവൻ ഈ ഏകാദശീ വ്രതം അനുഷ്ഠിച്ചാൽ അവന് തീർച്ചയായും പുത്രഫലപ്രാപ്തിയുണ്ടാകുന്നതാണ് . " രാജാവ് മറുപടി പറഞ്ഞു ." ഞാൻ പല വിധത്തിലുള്ള കാര്യങ്ങൾ ഇതിനുവേണ്ടി ചെയ്തിട്ടുള്ളതാണ് . എന്നാൽ ഇതുവരെ അതൊന്നും വിജയപ്രദമായില്ല . നിങ്ങൾ എല്ലാവരും എന്നിൽ പ്രസന്നരായതിനാൽ എനിക്ക് സുന്ദരനായ ഒരു പുത്രനെ തന്ന് അനുഗ്രഹിച്ചാലും. അപ്പോൾ ആ സാധുക്കൾ പറഞ്ഞു . " ഇന്ന് പുത്രദ ഏകാദശിയാണ് .
അല്ലയോ രാജാവേ , ഈ ഏകാദശി അതീവ ശ്രദ്ധയോടുകൂടി അനുഷ്ഠിക്കുക.ഭഗവാൻ വിഷ്ണുവിന്റെ കാരുണ്യത്താലും ഞങ്ങളുടെ അനുഗ്രഹത്താലും അങ്ങേയ്ക്ക് തീർച്ചയായും സൽപുത്രനെ ലഭിക്കുന്നതാണ് . "
അതിനു ശേഷം രാജാവ് മഹർഷിമാരുടെ നിർദ്ദേശപ്രകാരം മംഗളകരമായ പുത്രദ ഏകാദശി വ്രതം അനുഷ്ഠിച്ചു . അടുത്ത ദിവസം വ്രതം മുറിച്ചതിന് ശേഷം ആ സാധുക്കൾക്ക് തുടർച്ചയായി പ്രണാമങ്ങൾ അർപ്പിച്ചിട്ട് രാജാവ് തന്റെ കൊട്ടാരത്തിലേക്ക് മടങ്ങി .
കാലം കടന്നു പോകെ സൈവ്യ മഹാറാണി ഗർഭിണിയാവുകയും , പുത്രദ ഏകാദശി അനുഷ്ഠിച്ചത് മൂലം ശേഖരിക്കപ്പെട്ട പുണ്യത്തിന്റെ സ്വാധീനത്താലും സാധുക്കളുടെ അനുഗ്രഹത്തിനാലും രാജാവ് പുണ്യ ശാലിയും ബുദ്ധിശാലിയുമായ ഒരു മകനെ പ്രാപ്തമാക്കുകയും ചെയ്തു. അതിനു ശേഷം രാജാവ് സന്തോഷപൂർവ്വം തന്റെ രാജ്യം ഭരിച്ചു . അദ്ദേഹത്തിന്റെ പിതൃക്കളും സംതൃപ്തരായി .
ഭഗവാൻ ശ്രീകൃഷ്ണൻ തുടർന്നു . അല്ലയോ യുധിഷ്ഠിര മഹാരാജാവേ , ഒരുവൻ പുത്രദ ഏകാദശി വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ അവന് പുത്ര ലബ്ദിയും സ്വർഗ്ഗലോക പ്രാപ്തിയും ഉണ്ടാകും . "
ഈ ഏകാദശിയുടെ മാഹാത്മ്യം ശ്രവിക്കുകയോ കീർത്തിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അശ്വമേധ യജ്ഞം നടത്തിയതിന്റെ ഫലം ലഭിക്കുന്നതാണ്.
🍁🍁🍁🍁🍁🍁🍁🍁
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഈ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://suddhabhaktimalayalam.com
https://t.me/joinchat/SE9x_uS_gyO6uxCc
No comments:
Post a Comment