🍁🍁🍁🍁🍁🍁🍁
കംസൻ ഗോകുലത്തിലേയ്ക്ക് പൂതന എന്നു പേരായ ഒരു രാക്ഷസിയെ അയയ്ക്കുകയും അവൾ അങ്ങുമിങ്ങും നടന്ന് നവജാതശിശുക്കളെ കൊന്നൊടുക്കുകയും ചെയ്തു. ഒരു ദിവസം ബഹിരാകാശത്തു നിന്ന് നന്ദമഹാരാജാവിന്റെ വാസസ്ഥലമായ ഗോകുലത്തിലെത്തിയ പൂതന തന്റെ മായാശക്തികൊണ്ട് അതിസുന്ദരിയായ ഒരു യുവതിയുടെ വേഷം സ്വീകരിച്ചു. ധൈര്യം സംഭരിച്ച് ആരോടും അനുവാദം ചോദിക്കാതെ അവൾ കൃഷ്ണൻ കിടക്കുന്ന മുറിയിൽകടന്നു. കൃഷ്ണന്റെ അനുഗ്രഹത്താൽ അവൾ വീട്ടിലോ മുറിയിലോ കടക്കുന്നത് ആരും തടഞ്ഞില്ല. കാരണം, അതായിരുന്നു കൃഷ്ണന്റെ ആഗ്രഹം. ചാരം മൂടിയ അഗ്നിപോലെ കാണപ്പെട്ട ഉണ്ണികൃഷ്ണൻ കണ്ണുകളുയർത്തി പൂതനയെ നോക്കിക്കൊണ്ട് 'ഈ സുന്ദരിയായ സ്ത്രീയെ, രാക്ഷസിയെ താൻ കൊല്ലേണ്ടി വരുമല്ലോ' എന്നു ചിന്തിച്ചു. യോഗമായയുടെയും ഭഗവാന്റേയും സ്വാധീനശക്തി മൂലം വശീകരിക്കപ്പെട്ട പൂതന കൃഷ്ണനെ മടിയിലെടുത്തപ്പോൾ രോഹിണിയോ യശോദയോ അവളെ തടഞ്ഞില്ല. മാറിടത്തിൽ വിഷം പുരട്ടിവന്ന പൂതന കൃഷ്ണനു മുലകൊടുത്തു.ഉണ്ണികൃഷ്ണൻ അതിശക്തമായി വലിച്ചുറ്റിക്കുടിക്കാൻ തുടങ്ങുകയും അസഹ്യമായ വേദന മൂലം അവൾ സ്വന്തം രൂപം സ്വീകരിച്ച് നിലം പതിക്കുകയും ചെയ്തു. ഭഗവാന്റെ കാരുണ്യം അഹൈതുകവും അത്യപൂർവവും ആയതിനാൽ കൊല്ലാൻ വന്ന പൂതനയ്ക്കും അവിടുന്നു മോക്ഷം നൽകി. അതും ആത്മീയ ലോകത്തിൽ തന്റെ ധാത്രിയുടെ സ്ഥാനമാണ് ഭഗവാൻ പൂതനയ്ക്ക് സമ്മാനിച്ചത്.
ശ്രീല ഭക്തി വിനോദ ഠാക്കൂർ പൂതനയെ കപട ഗുരുവിനോട് ഉപമിച്ചിരിക്കുന്നു. കപട ഗുരു ഒരു വ്യക്തിയാകാം. ഒരുവന്റെ അപക്വമായ മനസ്സും ആകാം. ഇന്ദ്രിയാസ്വാദനവും കൈവല്യമോക്ഷവും പഠിപ്പിക്കുന്ന ഗുരു പൂതനയ്ക്കു സമാനനാണ്. ഉപരിപ്ലവമായി നോക്കുമ്പോൾ പൂതന ഭഗവാന്റെ അഭ്യുദയകാംക്ഷിയായി തോന്നിയേക്കാം. കാരണം അവർ ഭഗവാന് പാലൂട്ടുകയായിരുന്നല്ലോ. പക്ഷേ അത് വിഷം കലർന്നതായിരുന്നു . അതുപോലെതന്നെ കപട ഗുരു അഭ്യുദയകാംക്ഷിയാണെന്ന് തോന്നുമെങ്കിലും അയാൾ നൽകുന്ന ശിക്ഷണത്തിൽ ശുദ്ധ ഭക്തി മാത്രമല്ല, ഭൗതികതയുടെ വിഷവും കലർന്നിരിക്കും.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment