🍁🍁🍁🍁🍁🍁🍁
യശോദാദേവിയുടെ പുത്രൻ താനേ കമിഴ്ന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോൾ അതൊരു വൈദികച്ചടങ്ങായി ആചരിക്കപ്പെട്ടു. ആദ്യമായി കുഞ്ഞിനെ വീടിനു പുറത്തിറക്കുമ്പോൾ നടത്തുന്ന 'ഉത്ഥാന'മെന്ന ഈ ചടങ്ങിൽ കുഞ്ഞിനെ നന്നായി കുളിപ്പിക്കുന്നു. കൃഷ്ണനു മൂന്നു മാസം തികഞ്ഞപ്പോൾ അയൽ പക്കത്തെ സ്ത്രീകളോടൊപ്പം യശോദ ഈ ചടങ്ങ് കൊണ്ടാടി. അന്ന് ചന്ദ്രനും രോഹിണീനക്ഷത്രവും തമ്മിൽ ഒരു സമ്മേളനവുമുണ്ടായിരുന്നു. വൈദിക മന്ത്രോച്ചാരണവുമായി ബ്രാഹ്മണരും, വാദ്യഘോഷാദികളുമായി സംഗീതജ്ഞരും വന്നു കൂടിയ ഈ മഹോത്സവം യശോദ നന്നായി ആഘോഷിച്ചു.
കുഞ്ഞിന്റെ സ്നാന ചടങ്ങിന് ശേഷം അമ്മയായ യശോദ ബ്രാഹ്മണരെ ആദരവോടെ സ്വീകരിച്ച് പൂജിച്ചു. അവർക്കു വേണ്ടത്ര ധാന്യങ്ങളും മറ്റു ഭക്ഷ്യ പദാർത്ഥങ്ങളും വസ്ത്രങ്ങളും, അഭിലഷണീയങ്ങളായ പശുക്കളും, പൂമാലകളും നൽകി ആദരിച്ചു. ബ്രാഹ്മണർ മംഗളകർമ്മത്തിനൊത്ത വേദമന്ത്രങ്ങൾ ചൊല്ലി. എല്ലാം കഴിഞ്ഞപ്പോൾ കുഞ്ഞ് ഉറക്കം തൂങ്ങുന്നതുകണ്ട മാതാവ് യശോദ അവനുറങ്ങും വരെ ഒപ്പം കിടന്നു.അതിനു ശേഷം ബാക്കിയുള്ള ജോലികളിൽ ഏർപ്പെട്ടു. ഉത്ഥാനചടങ്ങ് ആഘോഷിക്കുന്നതിൽ മുഴുകിയിരുന്ന യശോദാമാതാവ് അതിഥികളെ സ്വീകരിച്ച്, ആദരപൂർവ്വം പൂജിച്ച്, വസ്ത്രം, പശുക്കൾ, മാലകൾ, ധാന്യങ്ങൾ എന്നിവ ദാനം ചെയ്യുന്ന തിരക്കിലായിരുന്നതിനാൽ അമ്മയുടെ സാമീപ്യത്തിനായി കുഞ്ഞ് കരയുന്നത് കേട്ടില്ല. അപ്പോൾ അമ്മയുടെ മുലപ്പാലിനു വേണ്ടി വാശിപിടിച്ച ഉണ്ണികൃഷ്ണൻ ദേഷ്യത്തോടെ ഇരുകാലുമിട്ടടിക്കാൻ തുടങ്ങി.കൃഷ്ണനെ കിടത്തിയിരുന്നത് വീട്ടാവശ്യത്തിനുള്ള ഒരു കൈവണ്ടിയുടെ കീഴിലായിരുന്നു. പക്ഷേ ഈ കൈവണ്ടി യഥാർത്ഥത്തിൽ കൃഷ്ണനെ കൊല്ലാൻ വന്ന ശകടാസുരനെന്ന രാക്ഷസൻ വേഷം മാറിയതായിരുന്നു. അമ്മയുടെ പാൽ കുടിക്കാൻ വേണ്ടി വാശിപിടിക്കുന്ന മട്ടിൽ ഈ അവസരം കൃഷ്ണൻ ആ അസുരനെ കൊല്ലാനുപയോഗിച്ചു. അവന്റെ കള്ളി വെളിച്ചത്താക്കാനായി കൃഷ്ണൻ ശകടാസുരനെ തൊഴിച്ചു. ശകടാസുരനെ കൊല്ലുകവഴി അതിഥി സത്കാരത്തിൽ മുഴുകിയ മാതാവിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി കൃഷ്ണൻ വണ്ടിയുടെ രൂപത്തിലുള്ള രാക്ഷസനെ ചവിട്ടി.ഉണ്ണികൃഷ്ണന്റെ കുഞ്ഞിളംപാദങ്ങൾ തളിരുപോലെ മൃദുലമായിരുന്നുവെങ്കിലും, അവ കൊണ്ട് ചവിട്ടിയപ്പോൾ ആ വണ്ടി മറിയുകയും ഭയങ്കരമാംവിധം തകർന്നു വീഴുകയും ചെയ്തു. ചക്രങ്ങൾ അച്ചുതണ്ടിൽ നിന്നു വേർപെട്ട്, ആരക്കാലുകളും, കീലവും ചിതറി, നുകം ഒടിഞ്ഞ്, വണ്ടി വീണപ്പോൾ, വണ്ടിയിൽ വെച്ചിരുന്ന പലതരം ലോഹപാത്രങ്ങൾ അങ്ങുമിങ്ങും ചിതറി.യശോദാമാതാവും ഉത്ഥാനോത്സവത്തിനു വന്നെത്തിയ സ്ത്രീകളും, നന്ദഗോപർ മുതലായ പുരുഷന്മാരും ആ അത്ഭുതദൃശ്യം കണ്ട് ഈ കൈവണ്ടി എങ്ങനെയാണ് തന്നെത്താൻ തകർന്നതെന്ന് ആശ്ചര്യപ്പെട്ടു.അവിടെക്കൂടിയ ഗോപന്മാരും ഗോപികമാരും ഇതെങ്ങനെ സംഭവിച്ചു ചിന്തിക്കാൻ തുടങ്ങി. "ഇതൊരു അസുരന്റെയോ ദുഷ്ടഗ്രഹത്തിന്റെയോ പണിയാണോ?' അവർ ചോദിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന കുട്ടികൾ അത് ഉണ്ണിക്കൃഷ്ണൻ ചവിട്ടിത്തകർത്തതാണെന്ന് തറപ്പിച്ചു പറഞ്ഞു. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ് വണ്ടിചക്രത്തിൽ ചവിട്ടിയതും വണ്ടി മറിഞ്ഞ് തകർന്നു.കൃഷ്ണനെപ്പോഴും അപരിമേയനാണെന്നറിയാത്ത ആ ഗോപീഗോപന്മാർക്ക് ഉണ്ണിക്കൃഷ്ണന് അത്തരം സങ്കൽപ്പാതീതമായ ശക്തിയുണ്ടെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. കുട്ടികൾ പറഞ്ഞതും അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനാൽ കുട്ടികളെന്തോ ബാലിശമായി പറയുന്നുവെന്നു കരുതി അവരതൊന്നും കണക്കിലെടുത്തില്ല.ശക്തരും ദൃഢഗാത്രരുമായ ഗോപന്മാർ വണ്ടി പഴയതുപോലെയാക്കി കുടങ്ങളും മറ്റു സാധനസാമഗ്രികളും തയ്യാറാക്കിക്കഴിഞ്ഞപ്പോൾ ബ്രാഹ്മ ണർ ഗ്രഹപ്പിഴ നീക്കാനായി അഗ്നിഹോമത്തോടു കൂടി ഒരു വൈദികാനുഷ്ഠാനം നിർവഹിച്ചു. എന്നിട്ട് അക്ഷതയും തെരും ജലവും ദർഭയും കൊണ്ട് പരമദിവ്യാത്തമപുരുഷനെ ആരാധിച്ചു.പ്രേതങ്ങൾ മനുഷ്യരെ ബാധിക്കുന്നതിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സ്ഥൂലശരീരമില്ലാത്തതിനാൽ പ്രേതം വസിക്കാനൊരു സ്ഥൂലശരീരത്തിൽ അഭയം തേടുകയും ശല്യമുണ്ടാക്കുകയും ചെയ്യും. കൈവണ്ടിയിൽ അഭയം തേടിയ ഒരു പ്രേതമായിരുന്നു ശകടാസുരൻ. കൃഷ്ണനെ ഉപദ്രവിക്കാനൊരവസരം നോക്കിയിരിക്കുകയായിരുന്നു അവൻ, കൃഷ്ണൻ മൃദുലമനോഹരമായ കുഞ്ഞുപാദങ്ങൾകൊണ്ട് വണ്ടിയെ ചവിട്ടിയപ്പോൾ ആ പ്രേതം ഭൂമിയിലേക്ക് പതിക്കുകയും അവന്റെ അഭയമായ വണ്ടി നേരത്ത വർണിച്ചതുപോലെ തകർന്നുവീഴുകയും ചെയ്തു.
ശ്രീല ഭക്തി വിനോദ് ഠാക്കൂർ തൻറെ ചൈതന്യ ശിക്ഷാമൃതം എന്ന പുസ്തകത്തിൽ ശകടാസുരനെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മങ്ങളിലുമായി സഞ്ചയിച്ചിട്ടുള്ള ചീത്ത ശീലങ്ങളുടെ കൈ വണ്ടിയെ ചുമന്നു കൊണ്ടു പോകുന്നതിനുള്ള ഒരുവന്റെ പ്രവണതയോട് ഉപമിച്ചിരിക്കുന്നു് ശകടാസുരൻ അലസതയേയും മന്ദതയേയും കുറിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment