🍁🍁🍁🍁🍁🍁🍁
യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർചിതുമിച്ഛതി
തസ്യ തസ്യാചലം ശ്രദ്ധാം താമേവ വിദധാമ്യഹം
വിവർത്തനം
🍁🍁🍁🍁🍁🍁🍁
ഞാൻ പരമാത്മരൂപേണ സർവ്വഹൃദയങ്ങളിലും കുടികൊള്ളുന്നു. ഏതു ദേവതയെ ആരാധിക്കാനാഗ്രഹിക്കുന്നുവോ ആ പ്രത്യേക മൂർത്തിയിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കത്തക്കവിധം ഒരാളുടെ വിശ്വാസം ഉറപ്പിക്കുന്നത് ഞാനാണ്.
ഭാവാർത്ഥം
🍁🍁🍁🍁🍁🍁
ഈശ്വരൻ എല്ലാവർക്കും സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതുകൊണ്ട് ഭൗതികസുഖേച്ഛുവായ ഒരാൾ തന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ ഉതകുന്ന വിഭവങ്ങൾക്കായി ദേവന്മാരെ സമീപിക്കാൻ ഉള്ളഴിഞ്ഞ് ആഗ്രഹിക്കുമ്പോൾ ഭഗവാൻ സർവ്വഹൃദയസ്ഥനായ പരമാത്മാവെന്ന നിലയിൽ അതറിയുകയും അതിനുവേണ്ടുന്ന സൗകര്യങ്ങൾ നൽകുകയുംചെയ്യും. സർവ്വജീവജാലങ്ങളുടേയും പരമപിതാവായ അദ്ദേഹം അവയുടെ സ്വാതന്ത്ര്യത്തിൽ കൈവെയ്ക്കുകയില്ലെന്നു മാത്രമല്ല, എല്ലാ ഭൗതികാഭിലാഷങ്ങളും നിറവേറ്റാൻ സൗകര്യങ്ങൾ നൽകുകയുംചെയ്യുന്നു. സർവ്വശക്തനായ ഭഗവാൻ എന്തിനാണ് ജീവാത്മാക്കൾക്ക് ഭൗതികസുഖാനുഭവത്തിനു വേണ്ടി വിഭവങ്ങളൊരുക്കിക്കൊടുക്കുന്നതന്നും അങ്ങനെ അവരെ മായാവലയത്തിൽ പതിക്കുവാൻ അനുവദിക്കുന്നതെന്തിനെന്നും ചിലർ ചോദിച്ചേയ്ക്കാം. ഭഗവാൻ അത്തരം സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിനർത്ഥമില്ലെന്നു തന്നെയാണ് ആ ചോദ്യത്തിന് യുക്തമായ മറുപടി. അതെ, ഏവർക്കും പൂർണ്ണ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്. പക്ഷേ ഭഗവാന്റെ ആത്യന്തിക നിർദ്ദേശം ഭഗവദ്ഗീതയിലൂടെ നമുക്ക് മനസ്സിലാക്കാം. അതനുസരിച്ച മറ്റെന്തും ത്യജിക്കുകയും കൃഷ്ണനെ ശരണംപ്രാപിക്കുകയുമാണ് കർത്തവ്യം. അത് മാത്രമേ മനുഷ്യനെ സംതൃപ്തനാക്കുകയുള്ള.
ജീവാത്മാക്കളും ദേവന്മാരും ഭഗവദിച്ഛയ്ക്ക് വിധേയരാണ്. തന്മൂലം ജീവാത്മാവിന് സേച്ഛാനുസൃതം ഒരു ദേവനെ ആരാധിക്കാനോ ആ ദേവന് തന്നിഷ്ടപ്രകാരം അനുഗ്രഹങ്ങൾ നൽകാനോ കഴിവില്ല. ഭഗവദിച്ഛയ്ക്കനുസരിച്ചല്ലാതെ ഒരു പുൽക്കൊടിപ്പോലും അനങ്ങുകയില്ലെന്ന് പറയപ്പെടുന്നു. സാധാരണയായി ഭൗതികലോകത്തിൽ കഷ്ടപ്പാടുകളനുഭവിക്കുന്നവർ വൈദികസാഹിത്യം നിർദ്ദേശിക്കുന്ന വിധത്തിൽ ദേവന്മാരെ ആരാധിക്കുന്നു. ഓരോ പ്രത്യേക കാര്യസിദ്ധിക്കും വ്യത്യസ്ത ദേവന്മാരെയാണ് പൂജിക്കുക. രോഗശാന്തിക്ക് സൂര്യനേയും വിദ്യാഭ്യാസവിജയത്തിന് സരസ്വതിയേയും, പത്നീലാഭത്തിന് ശിവ പ്രിയയേയും (ഉമാദേവിയേയും) ആരാധിക്കുകയാണ് പതിവ്. ഓരോ ദേവതയ്ക്കും സവിശേഷ പൂജാക്രമങ്ങളും ശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്. ഒരാൾ തനിക്ക് ചില പ്രത്യേക സുഖസൗകര്യങ്ങൾ ലഭിക്കണമെന്നാശിക്കുമ്പോൾ ആ വിഭവങ്ങളുടെ അധിദേവതയെ ആരാധിക്കാനുള്ള താത്പര്യത്തെ അയാളിൽ ഭഗവാൻ ഉളവാക്കും. ആ സേവനത്താൽ നിശ്ചിതഫലം കൈവന്ന അയാൾ അനുഗ്രഹീതനാവുകയും ചെയ്യും. ഒരു ജീവാത്മാവിന് ഒരു പ്രത്യേക ദേവതയോട് ഭക്തിഭാവനയുണ്ടാകുന്നതും ഭഗവാന്റെ നിശ്ചയപ്രകാരമാണ്. അങ്ങനെയൊരു പ്രേമഭാവം ജീവാത്മാവിലുണർത്താൻ ദേവന്മാർക്ക് കഴിയില്ല. പരമപുരുഷനും സർവ്വ ഭൂതങ്ങളുടേയും ഹൃദയത്തിൽ വാഴുന്നവനുമായ കൃഷ്ണനാണ് മനുഷ്യരിൽ ഓരോ ദേവതമാരോടുള്ള സവിശേഷ ഭക്തിയുണ്ടാക്കുന്നത്. വാസ്തവത്തിൽ കൃഷ്ണന്റെ വിശ്വരൂപത്തിലെ വ്യത്യസ്താവയവങ്ങളത്രേ ഈ ദേവന്മാർ, അതുകൊണ്ട് അവർ സ്വതന്ത്രരല്ല. വൈദികസാഹിത്യം ഘോഷിക്കുന്നു : ‘പരമാത്മസ്വരൂപിയായ ഭഗവാൻ ദേവന്മാരിലും കുടികൊള്ളുന്നുണ്ട്. ആ ദേവതയിലൂടെ ജീവാത്മാവിന്റെ ആഗ്രഹം നിറവേറ്റുന്നത് അദ്ദേഹം തന്നെ. ജീവാത്മാവും ദേവതയും ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങുന്നു എന്നേയുള്ള, അവർ സ്വതന്ത്രരല്ല.'
(ഭഗവദ് ഗീതാ യഥാരൂപം / 7. 21)
No comments:
Post a Comment